Current Date

Search
Close this search box.
Search
Close this search box.

ദുഖമേ വിട

sorrow.jpg

ദുഖമേ, ഒരിക്കലും നിനക്കെന്നെ അതിജയിക്കാനാവില്ല. ഞാനെന്റെ നാഥനിലാണ് ഭരമേല്‍പ്പിച്ചിരിക്കുന്നത്. അവന്റെ പ്രീതിയും തൃപ്തിയും ഉറപ്പാക്കാനുറച്ചാണ് എന്റെ ഓരോ കാല്‍വെപ്പും. എന്റെ പ്രവാചകന്‍ പഠിപ്പിച്ച പോലെ ഞാന്‍ നിന്നില്‍ നിന്നും അല്ലാഹുവിനോട് ശരണം തേടുന്നു. അല്ലഹുവേ, ഞാന്‍ ദു:ഖത്തില്‍ നിന്നും വിഷമത്തില്‍ നിന്നും നിന്നിലഭയം തേടുന്നു. (ബുഖാരി) പ്രവാചകനെ പോലെ ഞാനും അത് നിരന്തരം ആവര്‍ത്തിച്ചു കൊണ്ട് എന്റെ വഴിയില്‍ മുന്നേറിക്കൊണ്ടേയിരിക്കും. നീ എന്റെ ചുറ്റും സൃഷ്ടിക്കുന്ന ഇരുട്ടും  വേദനകളും നിറച്ചാലും ശരി. നീയെന്റെ മുന്നില്‍ വലിച്ചിടുന്ന മാര്‍ഗ്ഗതടസ്സങ്ങളും എന്നെ നിഷ്‌ക്രിയനാക്കി വിജയങ്ങളില്‍ നിന്ന് തടയാന്‍ നീയൊരുക്കുന്ന ശ്രമങ്ങളും ഒട്ടും ഗൗനിക്കാതെ, നിനക്കു അടിയറ വെക്കാതെ ഞാന്‍ എന്റെ പ്രയാണം തുടരുക തന്നെ ചെയ്യും.
    
എന്റെ ശക്തിക്ഷയിച്ചു. പക്ഷേ, ദൈവാനുമതിയില്ലാതെ സത്യവിശ്വാസികള്‍ക്ക് ഒരു ദോഷവും വരുത്താന്‍ നിനക്ക് സാധ്യമല്ലെന്നെനിക്കറിയാം. അവരെ വ്യാകുലചിത്തരാക്കാനുള്ള ഒരു പൈശാചിക തന്ത്രം മാത്രമാണ് നീ.  പിശാചിന്റെ കുതന്ത്രം വെറും ദുര്‍ബലം. അല്ലാഹുവിനു മാത്രമാണ് സര്‍വ ശക്തിയും. ലാ ഹൗല വലാ ഖുവ്വത്ത ഇല്ലാ ബില്ലാഹ്. (അല്ലാഹുവിനല്ലാതെ യാതൊരു കഴിവും ശക്തിയുമില്ല) ഈ വിശ്വാസം ഞാന്‍ എന്നില്‍ രൂഢമൂലമാക്കും. രാപകല്‍ പതിവായി ഈ വചനം ഉരുവിടും. ജഗനിയന്താവും സര്‍വ്വശക്തനുമായ നാഥനില്‍ അഭയം തേടി ഞാന്‍ യാത്ര തുടരും.
    
എന്റെ ജീവിതത്തില്‍ ഞാന്‍ സഹനത്തോടും സംതൃപ്തിയോടും കൂടി  നേരിടുന്ന  ഏതു വിഷമവും എനിക്ക് അല്ലാഹുവിങ്കല്‍ നിന്നുള്ള ഒരനുഗ്രഹമാണ്. അതുവഴി എനിക്ക് ദൈവത്തിന്റെ പ്രതിഫലം ലഭിക്കുന്നു. അഭിശപ്തമായ നിന്റെ സാന്നിധ്യം പോലും എന്റെ നന്മകള്‍ക്ക് വേണ്ടി മാത്രമാണ്. നബി(സ) അരുളി. ”സത്യവിശ്വാസി അനുഭവിക്കുന്ന ഏത് വിഷമവും ദു:ഖവും ഉപദ്രവും അവന് തറക്കുന്ന മുള്ളുപോലും അവിയിലെല്ലാം അവന് പ്രതിഫലമുണ്ട്. (മുസ്‌ലിം) എന്നെ വിഷമം ബാധിക്കുമ്പോള്‍ ദൈവവിധിയില്‍ എന്റെ മനസ്സ് ഒരിക്കലും അസ്വസ്ഥപ്പെടില്ല. ദൈവവിധിയില്‍ സംതൃപ്തനായി ഞാന്‍ എന്റെ വിഷമമകറ്റാന്‍  അല്ലാഹുവോട് പ്രാര്‍ഥിക്കും. പ്രാര്‍ഥനയും വിധിയും രണ്ടും ആകാശത്ത് വെച്ച് വഴിമാറും.
    
ദു:ഖമേ, ഞാന്‍ നിശ്ശബ്‌നായി, പതിതനായി നിന്റെ മുമ്പില്‍ കീഴടങ്ങില്ല. നിന്നെ അകറ്റാന്‍ ഞാന്‍ മാര്‍ഗങ്ങള്‍ തേടും. സല്‍കര്‍മ്മങ്ങളിലും ആരാധനകളിലും പാപമോചനത്തിന് വേണ്ടിയുള്ള പ്രാര്‍ഥനകളിലും മുഴുകും.  പാപമോചനം തേടല്‍ പതിവാക്കിയവന് വിഷമത്തില്‍ നിന്നുള്ള രക്ഷാമാര്‍ഗ്ഗവും പ്രയാസങ്ങളില്‍ നിന്നുള്ള തുറസ്സും ഉണ്ടാവും എന്നാണല്ലോ മഹത് വചനം.
    
ഇസ്തിഗ്ഫാര്‍ ഭാരമായിത്തോന്നുന്ന നിമിഷം നാവ് അത് ശീലിക്കും വരെ ആവര്‍ത്തിച്ചുരുവിട്ടു കൊണ്ട് ഞാനെന്റെ മനസ്സിനെ പാകമാക്കും. പ്രവര്‍ത്തനങ്ങളിലും പെരുമാറ്റങ്ങളിലും ക്രിയാത്മകത – അതാണെന്റെ നിലപാട്. പ്രതീക്ഷ ഞനൊരിക്കലും കൈവെടിയില്ല. വിഷമങ്ങള്‍ എന്റെ ഉത്തരവാദിത്തങ്ങളെയും പ്രവര്‍ത്തനങ്ങളെയും ഒട്ടും ബാധിക്കുകയുമില്ല. ജോലി, ആഹാരസമ്പാദനം, ചിന്ത, പ്രവര്‍ത്തനം തുടങ്ങി എല്ലാ രംഗങ്ങളിലും സാധ്യമായ എല്ലാ രീതികളിലൂടെയും കഠിനയത്‌നം നടത്തും.
    
എന്നെ അലട്ടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ നീ എനിക്ക് ഒരു കീറാമുട്ടിയേയല്ല. പ്രശ്‌നങ്ങളില്‍ നിന്ന് ഒളിച്ചോടാതെ, ഞാനവയെ ധീരമായി നേരിടും. നിരാശവാനാവാതെ ”നിങ്ങള്‍ നമസ്‌കാരം കൊണ്ടും ക്ഷമ കൊണ്ടും സഹായമര്‍ഥിക്കുകയെന്ന ദൈവവാക്യത്തിന്റെ അടിസ്ഥാനത്തില്‍ ക്ഷമകൊണ്ടും നമസ്‌കാരം കൊണ്ടും ഞാന്‍ ദൈവസഹായമര്‍ത്ഥിക്കും. പരിഹാരമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തി അവ പ്രയോഗവല്‍ക്കരിക്കാന്‍ ഒട്ടും അമാന്തിക്കില്ല.
    
അഭിശപ്തമമായ ദു:ഖമേ, കോടിക്കണക്കിനാളുകളെ നീ പിടികൂടിയിട്ടുണ്ടെന്നും നിന്റെ മുമ്പില്‍ പരാജയം സമ്മതിച്ച് നിനക്ക് കീഴ്‌പെട്ടവരെ അവരുടെ ശക്തിയും മനക്കരുത്തും പ്രതീക്ഷയുമെല്ലാം- അവരെത്തന്നെയും- നീ നിശ്ശേഷം തകര്‍ത്ത് കളഞ്ഞുവെന്നും ഞാന്‍ മനസ്സിലാക്കുന്നുണ്ട്. എന്നാല്‍ നിന്റെ മുമ്പില്‍ അടിയറവ് പറയാതെ ദൈവത്തില്‍ സകലതും സമര്‍പ്പിച്ച് നിന്നെ സധീരം നേരിട്ടവര്‍. നിനക്ക് അവരിലേക്ക് ഒരിക്കലും തിരിച്ചു ചെല്ലാന്‍ കഴിയാത്ത വിധം അവര്‍ വിജയം കൈവരിച്ച് മാതൃകകളായി ചരിത്രത്തില്‍  തിളങ്ങി. അതിനാല്‍ ഞാന്‍ നിന്റെ മുന്നില്‍ ഒരിക്കലും കീഴടങ്ങില്ല.
    
നിന്നെ നേരിടാന്‍ കരുത്ത് നേടണമെന്ന് എന്റെ ദൈവദൂതന്‍ എന്നെ പഠിപ്പിച്ചു. ”കരുത്തനായ വിശ്വാസിയാണ് ദുര്‍ബ്ബലനായ വിശ്വസിയേക്കാള്‍ ഉത്തമന്‍. നീ അശക്തനും കഴിവുകെട്ടവനുമാവരുത്.’ (മുസ്‌ലിം) ദുഖാര്‍ത്തനും അലസനുമായി ഇരിക്കുന്നത് അങ്ങേയറ്റത്തെ കഴിവുകേടു തന്നെ. ഹൃദയത്തില്‍ നുഴഞ്ഞു കയറി അതിനെ ദുര്‍ബ്ബലമാക്കാനും, തദ്വാരാ എന്നെ നിഷ്‌ക്രിയനും നിരാശനുമാക്കാനും പിശാചിന് ഞാന്‍ എന്റെതായ വാതില്‍ തുറന്നു കൊടുക്കുന്നതും അങ്ങേയറ്റത്തെ കഴിവുകേടാണ്‌”. (മുസ്‌ലിം) ദു:ഖാര്‍ത്തനും അലസനുമായി ഇരിക്കുന്നത് അങ്ങേയറ്റത്തെ കഴിവുകേടു തന്നെ. ഹൃദയത്തില്‍ നുഴഞ്ഞു കയറി അതിനെ ദുര്‍ബ്ബലമാക്കാനും, തദ്വാരാ എന്നെ നിഷ്‌ക്രീയനും നിരാശനുമാക്കാനും പിശാചിന് ഞാന്‍ എന്റെതായ വാതില്‍ തുറന്നു കൊടുക്കുന്നതും അങ്ങേയറ്റത്തെ കഴിവുകേടാണ്. അത്തരം ദൗര്‍ബ്ബല്യങ്ങള്‍ ബാധിക്കുവാന്‍ ഒരിക്കലും ഞാന്‍ അനുവദിക്കില്ല. കരുത്തുറ്റ വിശ്വാസി ആവുക- അതിനാണെന്റെ മുഴുശ്രമം. കാരണം ഇന്ന് എന്റെ സമുദായത്തിനാവശ്യം കരുത്തരും മാതൃകയോഗ്യരും കര്‍മ്മകുശലരും പണ്ഡിതരുമായ ആളുകളെയാണ്. ദുര്‍ബ്ബലരും അനുകരണവാഞ്ചയുള്ളവരും അലസരുമായിട്ടുള്ള ആളുകളെയല്ല.
    
അതിനാല്‍ ദു:ഖമേ, ഇനി നിനക്ക് എന്റെ ജീവിതത്തില്‍ ഒരിടത്തും ഇടമില്ല. എന്റെ മനസ്സിലോ, വീട്ടിലോ, എന്റെ പേനക്കും കടലാസിനുമിടയിലോ പോലും ഞാന്‍ നിനക്ക് ഒരിടം അനുവദിക്കില്ല.
”അല്ലാഹുവേ, ദു:ഖത്തില്‍ നിന്നും വിഷമത്തില്‍ നിന്നും, അലസതയില്‍ നിന്നും ഭീരുത്വത്തില്‍ നിന്നും പിശുക്കില്‍ നിന്നും വാര്‍ദ്ധ്യക്യത്തില്‍ നിന്നും കടബാധ്യതയില്‍ നിന്നും ആളുകളുടെ സ്വേഛാധിപത്യത്തില്‍ നിന്നും നിന്നിലഭയം തേടുന്നു.” നീ മാത്രമാണഭയം! നീ മാത്രം.

വിവര്‍ത്തനം: കെ. കെ  ഫാതിമ സുഹ്‌റ

Related Articles