Current Date

Search
Close this search box.
Search
Close this search box.

ദുഖത്താല്‍ നീ നിന്നെ വധിക്കരുത്!

hand.jpg

എന്റെ  ഒരു വിദ്യാര്‍ഥി(സഅ്ദ്) ക്ലാസില്‍ ഒരാഴ്ച ലീവായി. പിന്നീട് അവന്‍ വന്നപ്പോള്‍ വിവരം എന്തെല്ലാമാണെന്ന് ഞാനന്വേഷിച്ചു. പക്ഷെ ‘ഞാന്‍ അല്‍പം തിരക്കിലായിരുന്നു’ എന്ന മറുപടിയായിരുന്നു അവനെനിക്ക് തന്നത്. അത് പറയുമ്പോള്‍ അവന്റെ മുഖത്ത് ദുഖം തളംകെട്ടിയിരുന്നു. യാഥാര്‍ഥ്യമെന്താണെന്ന് ഞാന്‍ തിരക്കിയപ്പോള്‍ അവന്‍ പറഞ്ഞു. ‘എന്റെ മകന്റെ കരളിന് അസുഖം ബാധിച്ചിരിക്കുന്നു. ദിവസങ്ങള്‍ക്ക് മുമ്പ്് രക്തത്തില്‍ വിഷം കലര്‍ന്നിരുന്നു. ഇന്നലെ അത് തലച്ചോറിനെയും ബാധിച്ചിരിക്കുന്നു.’ ഉടന്‍ ഞാന്‍ പറഞ്ഞു: ലാ ഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാഹ്( അല്ലാഹുവിനല്ലാതെ ഒരു ശക്തിയും കഴിവുമില്ല). നീ സഹനമലംബിക്കുക! സുഖപ്പെടാനായി ഞാന്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കാം. അല്ലാഹു മറ്റു വല്ലതും വിധിച്ചെങ്കില്‍ പരലോകത്ത് നിനക്കവന്‍ ശുപാര്‍ശകനായി വരാന്‍ ഞാന്‍ പ്രാര്‍ഥിക്കാം. ഉടനെ അവന്‍ ചോദിച്ചു: അവന്‍ അത്ര ചെറിയ കുട്ടിയല്ലല്ലോ! പിന്നെ എങ്ങനെ ശുപാര്‍ശകനാകാനാണ്? അവന്റെ വയസ്സ് എത്രയാണെന്ന് ഞാന്‍ തിരക്കിയപ്പോള്‍ പതിനേഴ് എന്നു മറുപടി പറഞ്ഞു. അല്ലാഹു അവന് ശമനം നല്‍കട്ടെ!, അവന്റെ സഹോദരന്മാരിലൂടെ നിനക്ക് അനുഗ്രഹം ചൊരിയട്ടെ എന്ന് ഞാന്‍ പ്രാര്‍ഥിച്ചു. ഉടന്‍ തലതാഴ്ത്തിക്കൊണ്ട് ശൈഖ്, അവന്‍ എന്റെ ഏകപുത്രനാണ്, അവനാണ് ഇത് ബാധിച്ചത് എന്ന് എന്നെ അറിയിച്ചു. ഞാന്‍ അവനോട് പറഞ്ഞു. ‘സഅദ്, നീ ദുഖത്താല്‍ നിന്നെ വധിക്കരുത്. അല്ലാഹു നമുക്ക് വിധിച്ചത് മാത്രമേ വരുകയുള്ളൂ…’  പിന്നീട് അവന്റെ ദുഖം അല്‍പം ശമിച്ചതായി അനുഭവപ്പെട്ടു.

അതെ, നിന്റെ ആത്മാവിനെ ദുഖത്താല്‍ നീ വധിക്കരുത്… കാരണം ദുഖം വിപത്തുകളെ ലഘൂകരിക്കുകയില്ല.
കുറച്ച് മുമ്പ് ഞാന്‍ മദീന സന്ദര്‍ശിച്ചു. അവിടെ നിന്നും ഖാലിദിനെ ഞാന്‍ കണ്ടുമുട്ടി. ഡോ. അബ്ദുല്ലയെ സന്ദര്‍ശിക്കുന്നതിനെപറ്റി താങ്കളുടെ അഭിപ്രായം എന്താണ് എന്ന്് അദ്ദേഹം എന്നോട് ചോദിച്ചു. എന്താണ് അദ്ദേഹത്തിനെന്ന്് ഞാന്‍ അത്ഭുതത്തോടെ ചോദിച്ചു. നമുക്ക് അദ്ദേഹത്തെ ആശ്വസിപ്പിക്കാം… എന്ത് പറ്റി അദ്ദേഹത്തിന്്? -ഞാന്‍ ജിജ്ഞാസയോടെ തിരക്കി..

ഒരു വിവാഹത്തില്‍ പങ്കെടുക്കാനായി അടുത്ത പട്ടണത്തിലേക്ക് അദ്ദേഹത്തിന്റെ മൂത്ത മകനും കുടുംബവും യാത്രപോയതായിരുന്നു. ജാമിഅയിലെ ജോലിത്തിരക്ക് കാരണം അദ്ദേഹത്തിന് മദീനയില്‍ തന്നെ നില്‍ക്കേണ്ടി വന്നു. അവര്‍ തിരിച്ചുവരുമ്പോള്‍ വാഹനം അപകടത്തിലകപ്പെടുകയും പതിനൊന്ന് പേരടങ്ങുന്ന കുടുംബം ഒന്നടങ്കം മരണമടയുകയും ചെയ്തു.

അമ്പത് പിന്നിട്ട നല്ല ഒരു വ്യക്തിത്വമാണ് ഡോ. അബ്ദുല്ല. അദ്ദേഹവും ഒരു മനുഷ്യനാണ്. അദ്ദേഹത്തിനും വേദനിക്കുന്ന ഹൃദയവും കരയുന്ന കണ്ണുകളും സന്തോഷിക്കുകയും ദുഖിക്കുകയും ചെയ്യുന്ന ആത്മാവുമുണ്ട്. വളരെ ദയനീയമായ ഒരു വാര്‍ത്തയാണിത്. അല്ലാഹു അവരെ അനുഗ്രഹിക്കട്ടെ! അദ്ദേഹത്തിന്റെ ഇരുകരങ്ങള്‍ കൊണ്ട് അവരെയെല്ലാം അദ്ദേഹം മറമാടി… വീട്ടിലേക്ക് പരിഭ്രാന്തനായി കൊണ്ട് തിരിച്ചു. കളിപ്പാട്ടങ്ങളെല്ലാം അവിടെ ചിന്നിച്ചിതറിക്കിടക്കുന്നു. ദിവസങ്ങളായി അവയെല്ലാം നിശ്ചലമായി കിടക്കുകയാണ്. സാറയും ഖുലൂദുമായിരുന്നു അത് കൊണ്ട് കളിച്ചിരുന്നത്. ഇപ്പോള്‍ അവരിരുവരും മരിച്ചുകിടക്കുകയാണ്. വിരിപ്പിലേക്ക് ചെന്നപ്പോള്‍ അവയൊന്നും ക്രമീകരിച്ചിട്ടില്ല. ഉമ്മു സ്വാലിഹും മരിച്ചിരിക്കുന്നു. യാസിറിന്റെ സൈക്കളിന്റെയടുത്ത് കൂടി നടന്നു… അതും ചലിച്ചിട്ട് കുറച്ച് ദിവസങ്ങളായി.. അത് ഓടിച്ചിരുന്ന യാസിറും ചേതനയറ്റുകിടക്കുന്നു. വലിയ മകളുടെ മുറിയില്‍ പ്രവേശിക്കുന്നു. അവളുടെ ബാഗും വസ്ത്രങ്ങളും കട്ടിലിന്മേല്‍ പരന്നുകിടക്കുന്നു. അവളും മരിച്ചുകിടക്കുകയാണ്. അദ്ദേഹത്തിന്റെ മനസ്സിന് ക്ഷമ നല്‍കുന്നവന്‍ എത്ര പരിശുദ്ധന്‍! അദ്ദേഹത്തിന്റെ ഹൃദയത്തിന് അല്ലാഹു കരുത്ത് നല്‍കട്ടെ!

അതിഥികള്‍ വന്നുകൊണ്ടേയിരിക്കുന്നു. അദ്ദേഹത്തിന്റെയടുത്ത് സേവകരും സഹായിയുമായി ആരുമില്ല. അതല്ല അത്ഭുതകരമായിട്ടുള്ളത്. വ്യസനത്തില്‍ കഴിയുന്ന അദ്ദേഹത്തെ നീ കാണുകയാണെങ്കില്‍ ഒന്നും സംഭവിക്കാത്തത് പോലെ വന്നവരെ ആശ്വസിപ്പിക്കുന്ന ഒരാളായിട്ടാണ് അദ്ദേഹം പെരുമാറുന്നത്. നാം അല്ലാഹുവില്‍ നിന്നാണ്, അവനിലേക്ക് തന്നെയാണ് നമ്മുടെ മടക്കം. അവനാണ് നല്‍കുന്നവനും തിരിച്ചെടുക്കുന്നവനും  അവന്റെയടുത്ത് എല്ലാറ്റിനും ഒരവധിയുണ്ട് എന്ന് അദ്ദേഹം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഇത് ബുദ്ധിപരമായ ഉയര്‍ന്ന നിലപാടാണ്.  അപ്രകാരം ചെയ്തിട്ടില്ലെങ്കില്‍ ദുഖം കൊണ്ട് അദ്ദേഹം മരിക്കുമായിരുന്നു.
അല്ലയോ നിന്റെ ആയുസ്സിനെ ദുഖത്താല്‍ നീ കാര്‍ന്നു തിന്നണോ. ഭാരങ്ങളും പ്രയാസങ്ങളും വഹിക്കാന്‍ നീ തയ്യാറല്ലെങ്കില്‍ പിന്നെ ആരാണ് ഇവ നിര്‍വഹിക്കുക! നിനക്കുള്ള അനുഗ്രഹങ്ങള്‍ ഉപയോഗപ്പെടുത്തി സംതൃപ്തിയോടെ നീ ജീവിക്കുക.

വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്‌
 

Related Articles