Current Date

Search
Close this search box.
Search
Close this search box.

തോല്‍ക്കാന്‍ പഠിക്കുക

444.jpg

എല്ലാവരുടെയും ലക്ഷ്യം വിജയമാണ്. വിജയം നേടാനുള്ള വിശാലമായ വഴികളും കുറുക്കു വഴികളും ഉപദേശിക്കാന്‍ പല സ്ഥാപനങ്ങളും വ്യക്തികളും മത്സരിക്കുകയാണ്. തോല്‍വിയെ എല്ലാവരും വെറുക്കുന്നു. തോറ്റവരെ സാന്ത്വനിപ്പിക്കുകയും അത് വിജയത്തിലേക്കുള്ള ചവിട്ടു പടിയാണെന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇവിടെ ഇസ്‌ലാമിന് വേറിട്ടൊരു വീക്ഷണമാണവതരിപ്പിക്കാനുള്ളത്. തോല്‍വി മഹത്തായ ഗുണമാകുന്ന ചിലരംഗങ്ങളുണ്ടെന്ന് ഖുര്‍ആനും പ്രവാചക ചര്യയും വരച്ചു കാട്ടുന്നു.

ഖുര്‍ആന്‍ നിര്‍ദ്ദേശിക്കുന്നത് നോക്കൂ. “നല്ലതും ചീത്തയും സമമാകുകയില്ല. ഏറ്റവും നല്ലത് ഏതോ അത് കൊണ്ട് നീ തിന്മയെ തടുക്കുക. അപ്പോള്‍ ഏതൊരുവനും നീയും തമ്മില്‍ ശത്രുതയുണ്ടോ അവനതാ നിന്റെ ഉറ്റ ബന്ധുവെന്നോണം ആയിത്തീരുന്നു.”(വിശുദ്ധ ഖുര്‍ആന്‍ 41: 34)

നന്മയെ കൊണ്ട് തിന്മയെ തടുക്കുന്നവന്‍ ഒരു തരം കീഴടങ്ങലാണ് നടത്തുന്നത്. തന്നെ അകാരണമായി മര്‍ദ്ദിച്ചവന്റെയും അപകീര്‍ത്തിപ്പെടുത്തിയവന്റെയും മുന്നില്‍ യാതൊരു പ്രതികാരവും ചെയ്യാതെ ക്ഷമിച്ചു നിന്നു. അതൊരു തോല്‍വിയാണ്. മാത്രമല്ല, ആ മര്‍ദ്ദകന് സഹായം ആവശ്യമായി വരുന്ന ഘട്ടം വന്നാല്‍ അവരില്‍ നിന്ന് തനിക്കുണ്ടായ അനുഭവങ്ങള്‍ ഓര്‍ത്തു കൊണ്ട് തന്നെ അവന്ന് നന്മ ചെയ്തു കൊടുക്കുക. ഒരുവന്റെ അടികൊള്ളുകയും തിരിച്ചടിക്കാതിരിക്കുകയും ചെയ്യുന്നത് തോല്‍വിയാണ്. അവന് കൂടുതല്‍ നന്മ ചെയ്തു കൊടുക്കുകയാണെങ്കില്‍ അതിനെ എങ്ങിനെ വിശേഷിപ്പിക്കണം. ഭംഗിയുള്ള തോല്‍വി എന്ന്. സൃഷ്ടികളുടെ മുമ്പിലുള്ള തോല്‍വി അല്ലാഹുവിന്റെയടുക്കല്‍ വിജയമായി മാറും.

നാം ചിന്തിക്കേണ്ടത് ഈ സൂക്തം ഉപയോഗിച്ചു കൊണ്ട് നാം എത്ര ശത്രുക്കളെ മിത്രങ്ങളാക്കി എന്നാണ്. നമ്മുടെ വാശിയെ തോല്‍പ്പിക്കുമ്പോഴേ നമുക്ക് ഈ നേട്ടം കൈവരിക്കാനാവുകയുള്ളൂ.
നബി(സ) പറഞ്ഞു: “ഒരു മുസ്‌ലിമിനും തന്റെ സഹോദരനോട് മൂന്ന് ദിവസത്തില്‍ കൂടുതല്‍ പിണങ്ങി നില്‍ക്കല്‍ അനുവദനീയമല്ല. കണ്ടുമുട്ടിയാല്‍ വിപരീത ദിശയില്‍ തിരിഞ്ഞു കളയുന്നു. അവരില്‍ ഉത്തമര്‍ ആദ്യം സലാം കൊണ്ട് (സൗഹൃദം) തുടങ്ങുന്നവനാണ്.” (ബുഖാരി, മുസ്‌ലിം)

അവനാദ്യം മിണ്ടട്ടെ, അവനല്ലേ ഈ പിണക്കത്തിന് കാരണക്കാരന്‍ എന്ന് നാം വാശി പിടിക്കുകയാണെങ്കില്‍ നാം വാശിയെ ജയിപ്പിക്കുകയാണ്. വാശിയെ തോല്‍പിച്ചെങ്കിലെ ആദ്യം സലാം പറയുന്നവനായി നമുക്ക് മാറാനുവുകയുള്ളൂ. ശക്തിയുണ്ടായിട്ടും തിരിച്ചടിക്കാതിരിക്കുക, നാം ന്യായമായ കാരണത്താല്‍ ആരോടും പിണങ്ങിയോ അവനുമായി മൂന്ന് ദിവസത്തിനുള്ളില്‍ സൗഹൃദം പുനസ്ഥാപിക്കുക എന്നത് എല്ലാവര്‍ക്കും സാധിക്കുന്ന കാര്യമല്ല. അത് സത്യവിശ്വാസത്തിന്റെ ബലം കൊണ്ടുമാത്രം തേടാവുന്ന ഒരു തോല്‍വിയാണ്. അത്തരം തോല്‍വിക്കാരെ അല്ലാഹു ആശ്വസിപ്പിക്കുന്നത്, തീര്‍ച്ചയായും ക്ഷമാലുക്കളുടെ കൂടെയാണ് എന്നാണ്.

പ്രഥമ ദൃഷ്ട്യാ തോല്‍വി എന്നു തോന്നുന്ന ഇത്തരം കാര്യങ്ങള്‍ അന്തിമമായി നോക്കുമ്പോള്‍ വിജയമാണെന്നും ബോധ്യപ്പെടും. അതിന്റെ മികച്ച ഉദാരണങ്ങള്‍ മുഹമ്മദ് നബി(സ)യുടെ ജീവിതത്തില്‍ നിന്ന് നമുക്ക് വായിച്ചറിയാന്‍ കഴിയും. അവിടുത്തെ ജീവിതം ഇത്തരം നന്മകളുടെ പുസ്തകമായിരുന്നു. നമ്മുടെ ജീവിതവും അത്തരത്തില്‍ മാറ്റാന്‍ ശ്രമിക്കണം.

 

Related Articles