Current Date

Search
Close this search box.
Search
Close this search box.

തെറ്റുകളില്‍ നിന്നുള്ള മോചനം; പ്രതിസന്ധികളും അവസരങ്ങളും

release.jpg

തിന്മകളില്‍ നിന്നുള്ള മോചനത്തെക്കുറിച്ച് സംസാരിക്കുന്നതിന് മുമ്പ് തിന്മ എന്നാല്‍ എന്താണ് എന്നതിനെക്കുറിച്ച് ഒരു വ്യക്തമായ ധാരണ നമുക്കുണ്ടാവേണ്ടതുണ്ട്. ഇസ്‌ലാമിക വീക്ഷണത്തില്‍ ഒരു പ്രവൃത്തി തിന്മയാകുന്നത് ആ പ്രവൃത്തിയിലൂടെ മനപ്പൂര്‍വം നാം ദൈവത്തിന്റെ വിധിവിലക്കുകളെ ധിക്കരിക്കുമ്പോഴാണ്. മനപ്പൂര്‍വ്വമല്ലാതെയോ നിര്‍ബന്ധിതാവസ്ഥയിലോ ഒരു പ്രവൃത്തി ചെയ്ത ആളെ തെറ്റുകാരനായി പരിഗണിക്കാന്‍ നമുക്കാവില്ല. അതുപോലെത്തന്നെയാണ് അബോധാവസ്ഥയിലോ രോഗാവസ്ഥ മൂലമോ ചെയ്യുന്ന പ്രവര്‍ത്തികളും. ഇസ്‌ലാമിക സങ്കല്‍പ്പത്തില്‍ നീതിയുടെ ദൃഷ്ടിയില്‍ വളരെ പ്രാധാന്യമുള്ള ഒന്നാണ് മനുഷ്യന്റെ ഉത്തരവാദിത്തം. ഒരാളും അവര്‍ക്ക് പ്രതിരോധിക്കാനോ ഒഴിവാക്കാനോ അശക്തമായ കാര്യത്തിന്റെ ഉത്തരവാദിയാവുകയില്ല. കാരണം അല്ലാഹു ഒരാളുടെമേലും അവരുടെ കഴിവിന്നതീതമായ ഭാരമേല്‍പ്പിക്കുകയില്ല.
    
തിന്മ ചെയ്യുന്നത് വഴി ഒരാള്‍ സ്വന്തത്തോടുതന്നെയാണ് ദ്രോഹം ചെയ്യുന്നത്. ഇസ്‌ലാമിക വീക്ഷണപ്രകാരം തിന്മ ഒഴിവാക്കാന്‍ കഴിയുന്നതാണ്. അതായത്, ഒരാള്‍ക്ക് തിന്മ ചെയ്യുവാനും തിന്മയില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുവാനും സാധിക്കും. അയാളുടെ തെരഞ്ഞെടുപ്പാണ് കാര്യങ്ങളുടെ ഗതി നിയന്ത്രിക്കുന്നത്. തിന്മ ചെയ്യുകയാണെങ്കില്‍ ആ തിന്മയുടെ ഫലം പൂര്‍ണ്ണമായും അയാളൊറ്റക്ക് തന്നെ അനുഭവിക്കേണ്ടി വരും.
    
തീര്‍ച്ചയായും വിശുദ്ധ ഖുര്‍ആനിന് മറ്റൊരു മതങ്ങള്‍ക്കുമില്ലാത്ത കാഴ്ചപ്പാടാണ് തിന്മയെക്കുറിച്ചുള്ളത്. ഖുര്‍ആന്‍ പ്രകാരം ആദ്യ മനുഷ്യ ദമ്പതികളായ ആദമും ഹവ്വയും സ്വര്‍ഗത്തില്‍ സന്തോഷ ജീവിതം നയിക്കാന്‍ അനുവദിക്കപ്പെട്ടു. ഈ ജീവിതത്തിന് തടസ്സം നേരിടാതിരിക്കാന്‍ ഒരു പ്രത്യേക മരത്തോട് അടുക്കരുത് എന്ന് അവരോട് ദൈവം കല്‍പ്പിച്ചിരുന്നു. പക്ഷെ, ഇബ്‌ലീസ് ദൈവത്തിന്റെ കല്‍പ്പന ധിക്കരിക്കാന്‍ അവരെ പ്രേരിപ്പിച്ചു. ആ പ്രേരണക്ക് വഴങ്ങിയ അവരെ ദൈവം സ്വര്‍ഗത്തില്‍ നിന്ന് പുറത്താക്കി ഭൂമിയില്‍ കഴിയാന്‍ വിധിച്ചു. ആദമും ഹവ്വയും അവര്‍ ചെയ്ത തിന്മയുടെ ആഴം തിരിച്ചറിഞ്ഞ് പശ്ചാതപിച്ച് മടങ്ങുകയും ദൈവം അവരുടെ പശ്ചാതാപം സ്വീകരിക്കുകയും ചെയ്തു.
    
ആദം സന്തതികളായ മനുഷ്യര്‍ ന്യൂനതകള്‍ ഉള്ളവരാണെന്ന് ഖുര്‍ആനിലെ ഈ കഥ നമ്മോട് പറയുന്നുണ്ട്. അതേ സമയം തന്നെ മനുഷ്യര്‍ അവരുടെ തിന്മകള്‍ തിരിച്ചറിയാനും അത് തിരുത്താനുതകും വിധമാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് എന്ന പാഠവും ഈ കഥ നല്‍കുന്നു. ഈ കഥ ഖുര്‍ആനിലൂടെ വിവരിച്ചതിലൂടെ അല്ലാഹു തന്റെ സൃഷ്ടികളോടുള്ള കാരുണ്യവും ദയയും നമ്മെ ബോധ്യപ്പെടുത്തുന്നു. പ്രത്യേകിച്ച് അവനിലേക്ക് പശ്ചാത്തപിച്ച് മടങ്ങുന്നവരോടുള്ള അവന്റെ സമീപനവും.
    
മനുഷ്യന്‍ തന്റെ ചുറ്റുപാടുകളിലെ സാഹചര്യങ്ങള്‍ക്ക് വശംവദരാകും വിധമാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് എന്ന് ഈ കഥ ഉണര്‍ത്തുന്നു. അതിനര്‍ത്ഥം നാം എന്ത് ചെയ്യണം എന്ന തീരുമാനമെടുക്കാന്‍ കഴിവില്ലാത്തവരാണ് നാം എന്നല്ല, തീര്‍ച്ചയായും നാം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും അതിനുവേണ്ട ബുദ്ധിപരമായ കഴിവും നല്‍കപ്പെട്ടവരാണ്. അതിനാല്‍ തന്നെ നാം നമ്മുടെ തിരഞ്ഞെടുപ്പുകള്‍ക്കും പ്രവൃത്തികള്‍ക്കും പൂര്‍ണ്ണമായും ഉത്തരവാദികളായിരിക്കും. അഥവാ, തിന്മ പരമ്പരാഗതമായോ നൈസര്‍ഗ്ഗികമായോ കൈമാറ്റപ്പെടുന്നതല്ല, തിന്മയുടെ ഉത്ഭവം നമ്മുടെ തീരുമാനങ്ങളില്‍ നിന്നുമാണ് എന്നര്‍ത്ഥം.
    
നന്മയും തിന്മയും തമ്മിലുള്ള സ്ഥിരമായ സംഘട്ടനത്തില്‍ മനുഷ്യനെ നിസ്സഹായനായി വിടുകയല്ല അല്ലാഹു ചെയ്തത്. പകരം, അവന്റെ വേദഗ്രന്ഥങ്ങളിലൂടെയും പ്രവാചകന്‍മാരിലൂടെയും മനുഷ്യര്‍ക്ക് മാര്‍ഗദര്‍ശനം നല്‍കുകയാണ് ചെയ്തിട്ടുള്ളത്. നമ്മുടെ ചുറ്റും നിത്യജീവിതത്തിലെ ഓരോ സാഹചര്യത്തിലും     തിന്മയിലേക്ക് വഴിതെറ്റിക്കുന്ന കെണികളും കുരുക്കളും നിറഞ്ഞുനില്‍ക്കുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ശ്രദ്ധ പുലര്‍ത്തിയില്ലെങ്കില്‍ അവകളില്‍ പെട്ടുപോകാനുള്ള സാധ്യതയേറെയാണ്. അതുകൊണ്ട് നാം വളരെയധികം സൂക്ഷമത പുലര്‍ത്തേണ്ടിയിരിക്കുന്നു. നന്മ നിറഞ്ഞ ജീവിതം നയിക്കുന്നതിനുള്ള പ്രതിസന്ധികള്‍ ഇന്ന് വളരെയധികമാണ്. അതുകൊണ്ടുതന്നെ ഖുര്‍ആനിന്റെയും പ്രവാചകചര്യയുടെയും പ്രബോധനമുണ്ടായിട്ടും ധാരാളമാളുകള്‍ തിന്മ നിറഞ്ഞ ജീവിതത്തില്‍ ആണ്ടുകിടക്കുന്നതില്‍ അത്ഭുതപ്പെടാനൊന്നുമില്ല.
    
മുസ്‌ലിം രാജ്യങ്ങളില്‍ പോലും അനിസ്‌ലാമിക സംസ്‌കാരം ബോധപൂര്‍വം വളര്‍ത്തിയെടുക്കാനുള്ള ശ്രമം നടക്കുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. ഭാവി തലമുറയെ ഉത്തമ മുസ്‌ലിംകളാക്കി വളര്‍ത്തിയെടുക്കേണ്ട വിദ്യഭ്യാസ സംവിധാനങ്ങളുടെ പോലും ലക്ഷ്യങ്ങളും അജണ്ടകളും നിര്‍ണ്ണയിക്കുന്നത് ഇസ്‌ലാമിക സംസ്‌കാരത്തോട് പ്രതിബദ്ധതയില്ലാത്ത പാശ്ചാത്യവല്‍ക്കരിക്കപ്പെട്ട ‘വിദഗ്ധര്‍’ ആണ്. അതുകൊണ്ടുതന്നെ ചെറുപ്പകാലത്ത് ലഭിച്ചേക്കാവുന്ന ഇസ്‌ലാമിക മൂല്യങ്ങളെപ്പോലും തകിടം മറിക്കുന്ന രീതിയിലേക്ക് ഇന്നത്തെ വിദ്യഭ്യാസ സമ്പ്രദായം എത്തിനില്‍ക്കുന്നു.
    
പ്രതികൂലമായ സാമൂഹ്യസാഹചര്യത്തിന് പുറമെ ചില പ്രത്യേക മാനസികാവസ്ഥകളും തിന്മകളില്‍ നിന്ന് അകന്ന് വിശുദ്ധജീവിതം നയിക്കാനുള്ള ജനങ്ങളുടെ അഭിലാഷത്തിന് വിലങ്ങുതടിയാകുന്നു. ഉദാഹരണത്തിന് അശ്ലീലമായ ഉള്‍പ്രേരണകളെ തൃപ്തിപ്പെടുത്താനുള്ള മനുഷ്യരുടെ താല്‍പര്യം അതിനുതകുന്ന ഏത് പ്രവൃത്തി ചെയ്യാനും അവരെ പ്രേരിപ്പിക്കുന്നു. തീര്‍ച്ചയായും ഇത് അവരെ തിന്മ നിറഞ്ഞ വഴികളിലേക്ക് കൈപിടിച്ച് നടത്തുന്നു.
    
ഒരു മുസ്‌ലിം ചെറുപാപങ്ങളില്‍ നിന്നും വന്‍പാപങ്ങില്‍ നിന്നും തീര്‍ച്ചയായും അകന്ന് നില്‍ക്കേണ്ടതാകുന്നു. വിശുദ്ധ ഖുര്‍ആനിലൂടെയും പ്രവാചകന്‍ മുഖേനയും വളരെ ഖണ്ഡിതമായി തന്നെ അല്ലാഹു വിലക്കിയിട്ടുള്ളവയാണ് വന്‍പാപങ്ങള്‍. അല്ലാഹു പറയുന്നു: ‘നിങ്ങളോട് വിരോധിച്ചിട്ടുള്ള മഹാപാപങ്ങള്‍ വര്‍ജിക്കുന്നുവെങ്കില്‍ നിങ്ങളുടെ ചെറു തിന്മകളെ നാം പൊറുത്തുതരുന്നതും നിങ്ങളെ മഹത്തായ സ്ഥാനത്തേക്കു പ്രവേശിപ്പിക്കുന്നതുമാകുന്നു.’ (4:31)
‘മഹാപാപങ്ങളും വ്യക്തമായ മ്ലേച്ഛവൃത്തികളും വര്‍ജിക്കുന്നവര്‍, അബദ്ധങ്ങള്‍ സംഭവിക്കുന്നതൊഴിച്ച്. നിസ്സംശയം, നിന്റെ റബ്ബ് വിശാലമായി പൊറുക്കുന്നവനാകുന്നു.’ (53:32)

തെറ്റില്‍ നിന്ന് അകലാനുള്ള നടപടിക്രമങ്ങള്‍
1. എല്ലാ തിന്മകളില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കുവാനും നന്മ നിറഞ്ഞ ഒരു ജീവിതം ആരംഭിക്കുവാനുമുള്ള ദൃഢനിശ്ചയമാണ് ആദ്യമായി വേണ്ടത്.
2. നമുക്കുചുറ്റുമുള്ള തിന്മയുടെ കെണികളില്‍ പെട്ടുപോവുന്നത് ഒഴിവാക്കാന്‍ നാം നമ്മുടെ ദൗര്‍ബല്യങ്ങള്‍ തിരിച്ചറിയുകയും അതിനെ മറികടക്കുകയും വേണം. കൂടാതെ അതിനുള്ള ശ്രമങ്ങളില്‍ അല്ലാഹുവിനോട് ആത്മാര്‍ത്ഥമായി സഹായമഭ്യര്‍ത്ഥിക്കുക.
3. നമ്മെ തിന്മയിലേക്ക് നയിക്കാന്‍ സാധ്യതയുള്ള എല്ലാ സാഹചര്യങ്ങളില്‍ നിന്നും പരമാവധി വിട്ടുനില്‍ക്കാന്‍ ശ്രമിക്കുക.
4. നന്മ നിറഞ്ഞ ചിന്തയിലേക്കും പ്രവൃത്തിയിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കുകയും തിന്മയിലേക്ക് വഴിനടക്കാന്‍ പ്രേരിപ്പിക്കുന്നവയില്‍ നിന്ന് മനസ്സിനെ അകറ്റിനിര്‍ത്തുകയും ചെയ്യുക.
5. നമ്മില്‍ ദൈവഭയം ഉണര്‍ത്തുന്ന സജ്ജനങ്ങളെ സുഹൃത്തുക്കളായി സ്വീകരിക്കുകയും തഖ്‌വയുണര്‍ത്തുന്ന വിധത്തിലുള്ള ക്ലാസുകളിലും പഠന പരിപാടികളിലും സജ്ജീവമായി പങ്കെടുക്കുകയും ചെയ്യുക.
    
നമ്മുടെ ഭാഗത്തുനിന്നുള്ള ഇത്തരം പരിശ്രമങ്ങള്‍ നമ്മെ വീഴ്ചകളില്‍ നിന്ന് ഒരുപാട് മുന്നോട്ട് നയിക്കുകയും അല്ലാഹുവിന്റെ തൃപ്തി നേടുംവിധം സദ്‌വൃത്ത ജീതം നയിക്കുന്നതില്‍ സഹായിക്കുകയും ചെയ്യും. ഇന്‍ഷാഅല്ലാഹ്…

മൊഴിമാറ്റം: ഫഹദ് കൊടുങ്ങല്ലൂര്‍

Related Articles