Current Date

Search
Close this search box.
Search
Close this search box.

തുടക്കത്തിലല്ല ഒടുക്കത്തിലാണ് കാര്യം…

start.jpg

ജിഹാദ് അബ്ദുല്‍ വഹാബിനെക്കുറിച്ച് കേട്ടിട്ടുണ്ടോ?  57 ാമത്തെ വയസില്‍ വിദ്യാര്‍ത്ഥിയായി മെഡിക്കല്‍ കോളേജില്‍ ചേര്‍ന്ന ശേഷം അറുപതാമത്തെ വയസില്‍ എം.ബി.ബി എസ് നേടി പുറത്തിറങ്ങിയ ഡോക്ടറാണിദ്ദേഹം. അക്കാലത്തെ ഏറ്റവും പ്രായം ചെന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥി എന്ന ഖ്യാതിയും ഇദ്ദേഹത്തിനായിരുന്നു. പ്രമുഖ ഇസ്‌ലാമിക പണ്ഡിതന്‍ ശൈഖ് ത്വന്‍താവിയുടെ ശിഷ്യന്മാരില്‍ പ്രമുഖനാണ് ജിഹാദ് അബ്ദുല്‍വഹാബ്. നേരിടേണ്ടി വന്ന പ്രതിസന്ധികളെയെല്ലാം ക്ഷമയോടും സഹനത്തോടും കൂടി നേരിട്ട അദ്ദേഹത്തിന്റെ ജീവിതം സംഭവ ബഹുലമാണ്. ഇറാഖിലെ മിലിട്ടറി കോളേജിലെ പഠനത്തിന് ശേഷം സൈന്യത്തില്‍ കേണല്‍ ആയാണ് അദ്ദേഹം തന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. പിന്നീട് ഇറാഖില്‍ രാഷ്ട്രീയ പ്രശ്‌നങ്ങളുണ്ടാായ കാലത്ത് അദ്ദേഹത്തിന് തന്റെ ജോലി ഉപേക്ഷിക്കേണ്ടിവന്നു. നാട്ടില്‍ മറ്റുജോലികള്‍ അദ്ദേഹത്തിന് വഴങ്ങുന്നതായിരുന്നില്ല സൈനിക ബിരുദം നേടിയ ഒരാള്‍ക്ക് പുറത്ത് മറ്റ് ജോലികള്‍ ചെയ്യാന്‍ കഴിയില്ലല്ലോ? അദ്ദേഹം നിരാശനാകേണ്ടിയിരുന്നു പക്ഷെ അദ്ദേഹം നിരാശനായില്ലെന്ന് മാത്രമല്ല വിധിയെപ്പഴിച്ച് നിഷ്‌ക്രിയനായതുമില്ല, ഉടനെ ബാഗ്ദാദിലെ ഒരു ലോ കോളേജില്‍ നിയമ വിദ്യാര്‍ത്ഥിയായിച്ചേര്‍ന്ന അദ്ദേഹം പിന്നീട് പ്രശസ്തനായ അഭിഭാഷകനായി പേരെടുത്തു. പക്ഷെ വിധി അദ്ദേഹത്തെ അപ്പോഴും വെറുതെ വിട്ടില്ല ഇറാഖില്‍ വീണ്ടും രാഷ്ട്രീയ പ്രതിസന്ധികളുണ്ടായി, നിയമവാഴ്ചയില്ലാത്തിടത്ത് വക്കീലിന് എന്ത് പ്രസക്തി? അദ്ദേഹം ഇറാഖ് വിടാന്‍ തീരുമാനിച്ചു. തുടര്ന്ന് അദ്ദേഹം ഓസ്ട്രിയയിലേക്ക് പലായനം ചെയ്തു. ജര്‍മന്‍ ഭാഷപഠിച്ച് അവിടത്തെ മെഡിക്കള്‍ കോളേജില്‍ വൈദ്യ ശാസ്ത്ര വിദ്യാര്‍ത്ഥിയായിച്ചേര്‍ന്ന് പിന്നീട് തന്റെ അറുപതാമത്തെ വയസില്‍ മെഡിക്കല്‍ ഡോക്ടറായി ബിരുദം നേടി. സാധാരണക്കാരുടെ കാഴ്ചപ്പാടില്‍ ജീവിതത്തിലെ ഉത്തരവാദിത്തങ്ങളില്‍ നിന്നും വിരമിച്ച് ഒതുങ്ങിക്കൂടേണ്ട സമയമാണ് അറുപത് വയസ.് അപ്പോഴാണ് ഒരാള്‍ ഒരു പുതിയ ജോലി  ആരംഭിച്ച് ജീവിതം ആസ്വദിക്കാനരംഭിക്കുന്നത്.

പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് നേടുന്ന വിജയമാണ് ഏറ്റവും ആസ്വദ്യകരവും പ്രശംസനീയവുമായ വിജയം. ജീവിതത്തിന്റെ എല്ലാ രംഗങ്ങളിലും തളരാത്ത മനസുണ്ടോ എന്നാണ് അല്ലാഹു പരീക്ഷിക്കുന്നത്. വിശ്വാസികള്‍ക്ക് മാതൃകാ പുരുഷന്മാരായി അല്ലാഹു പരിചയപ്പെടുത്തിയ പ്രവാചകന്മാരെല്ലാം ഇങ്ങനെ പ്രതികൂല സാഹചര്യങ്ങളെ നേരിട്ടരവരായിരുന്നു. പ്രയാസങ്ങളും പ്രതിസന്ധികളേയും നേരിട്ട് മുന്നോട്ട് പോകുമ്പോഴാണ് ജീവിതം ആസ്വാദ്യകരമായി മാറുന്നത്. പ്രയാസങ്ങളും പ്രതിസന്ധികളെയും നേരിടാന്‍ കഴിയുന്നില്ലെങ്കില്‍ അവന് സത്യവിശ്വാസിയായി ജീവിക്കാന്‍ കഴിയില്ല. നിരാശരായി പുതിയ സംരംഭങ്ങള്‍ക്ക് ശ്രമിക്കാതിരിക്കുന്നത് സത്യനിഷേധത്തിന്റെ ഭാഗമായാണ് വിശുദ്ധ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. ഖുര്‍ആന്‍ പറയുന്നത് നോക്കൂ : ‘അല്ലാഹുവിന്റെ കാരുണ്യത്തില്‍ നിരാശയരുത്. സത്യനിഷേധികള്‍ മാത്രമേ ദൈവകാരുണ്യത്തില്‍ നിരാശരാവൂ.’ (യൂസുഫ്: 87)

സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പ്രശ്‌നങ്ങളാണ് പുതിയ തലമുറയെ നിരാശരാക്കുന്ന ഘടകങ്ങള്‍ തന്റെ സാമ്പത്തിക നിലയെയും വിദ്യാഭ്യാസത്തെയും മറ്റുള്ളവരുമായി താരതമ്യം ചെയ്യുമ്പോള്‍ താന്‍ ഒന്നിനും കൊള്ളാത്തവനാണെന്ന് തോന്നുമ്പോഴാണ് ഇത് സംഭവിക്കുന്നത്.  വിശുദ്ധ ഖുര്‍ആന്‍ മനുഷ്യന്റെ ആ സ്വഭാവത്തെ പരിചയപ്പെടുത്തുന്നതിങ്ങനെയാണ് : ‘പക്ഷേ, മനുഷ്യന്റെ അവസ്ഥയെന്തെന്നാല്‍, നാഥന്‍ പരീക്ഷിക്കുമ്പോള്‍ ആദരിക്കുകയും അനുഗ്രഹിക്കുകയും ചെയ്താല്‍ അവന്‍ ഘോഷിക്കും: എന്റെ നാഥന്‍ എന്നെ പ്രതാപിയാക്കിയല്ലോ. എന്നാല്‍ പരീക്ഷിക്കുമ്പോള്‍ വിഭവം ചുരുക്കിയാലോ അവന്‍ വിലപിക്കും : എന്റെ നാഥന്‍ എന്നെ നിന്ദിച്ചുകളഞ്ഞു.’ (അല്‍ഫജ്ര്‍: 15-16)

പ്രയാസങ്ങളും പ്രതിസന്ധികളുമുണ്ടാകുമ്പോള്‍ അത് പരിഹരിക്കാന്‍ ശ്രമിക്കുക എന്നതാണ് ജീവികളുടെയെല്ലാം നൈസര്‍ഗിക സ്വഭാവം. സാഹചര്യങ്ങള്‍ക്കനുസരിച്ച് ഏറ്റവും മെച്ചപ്പെട്ടത്തിനായി മനുഷ്യന്‍ ശ്രമിച്ച് കൊണ്ടിരിക്കണം. തനിക്ക് വിദ്യാഭ്യാസം കിട്ടിയിട്ടില്ല എന്ന തിരിച്ചറിവുണ്ടാകുമ്പോള്‍ തന്നെ അത് പരിഹരിക്കാന്‍ ശ്രമിക്കണം. ഒരിക്കലും ഒരു കാര്യം കിട്ടാതിരിക്കുന്നതിനേക്കാള്‍ നല്ലതാണല്ലോ വൈകിയെങ്കിലും ലഭിക്കുന്നത്. നിശ്ചിത സമയങ്ങളില്‍ വിദ്യാഭ്യാസം നേടി എന്നത് വിജയത്തിന്റെ നിദാനമല്ല. വൈകി തുടങ്ങിയാലും നന്നായി പൂര്‍ത്തിയാക്കാന്‍ കഴിയുക എന്നതാണ് വിജയത്തിന്റെ നിദാനം. ഇസ്‌ലാമിന്റെ സാങ്കേതിക ഭാഷയില്‍ അതിനെ ഇഹ്‌സാന്‍ എന്നാണ് പറയുക. അതായത് ഏറ്റവും നന്നായി പൂര്‍ണതയോടെ ചെയ്യുക. വൈകി തുടങ്ങിയാലും നന്നായി അവസാനിപ്പിക്കാന്‍ കഴിഞ്ഞാല്‍ അതാണ് വിജയം. വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് അന്തിമമായ വിജയം അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കുന്നവര്‍ക്കാണെന്നാണ്. (അല്‍ അഅ്‌റാഫ്: 128) വിജയം കണക്കാക്കുന്നത് തുടക്കത്തിലല്ല ഒടുക്കത്തിലാണ്. എങ്ങനെ തുടങ്ങി എന്നതിനല്ല പ്രസക്തി, മറിച്ച് എങ്ങനെയത് അവസാനിപ്പിച്ചു എന്നതിനാണ്.

Related Articles