Current Date

Search
Close this search box.
Search
Close this search box.

തിരുനബിയുടെ കൂട്ടുകാര്‍

nabavi.jpg

പ്രവാചകന്റെ തലമുടി മുതല്‍ പെരുവിരല്‍ വരെയും അടുക്കള വിശേഷങ്ങള്‍ മുതല്‍ അങ്ങാടി വിശേഷം വരെയും ഒപ്പിയെടുത്ത് തലമുറകളിലേക്ക് പകര്‍ന്നു നല്‍കുക എന്ന സാഹസിക യത്‌നത്തിന് ഭാഗ്യം  സിദ്ധിച്ചവരാണ് സഹാബാക്കള്‍ എന്ന പേരില്‍ അറിയപ്പെടുന്ന തിരുനബിയുടെ കൂട്ടുകാര്‍. ഭൂമിയിലൂടെ സഞ്ചരിക്കുന്ന വിശുദ്ധ ഖുര്‍ആന്റെ ജീവല്‍ പതിപ്പുകളെന്ന പോലെ പ്രവാചക ജീവിതത്തിന്റെ ഏറ്റവും നല്ല മോഡലുകളുമായിരുന്നു അവര്‍. പ്രവാചകന്‍  അല്‍-അമീന്‍ എന്ന  വിശേഷണത്തിനര്‍ഹമായത് പോലെ തന്നെ അബൂബക്കര്‍(റ) സിദ്ദീഖും(സത്യസന്ധന്‍) ഉമര്‍(റ) ഫാറൂഖും (സത്യാസത്യത്തിന്റെ ഉരക്കല്ല്) അബൂഉബൈദ(റ) അമീനുന്‍ ലിഹാദിഹില്‍ ഉമ്മ (ഏറ്റവും ഉന്നത വിശ്വസ്തന്‍) ഒക്കെയായിരുന്നു.

എല്ലാറ്റിലുമെന്ന പോലെ അബൂബക്കര്‍(റ) തന്നെയായിരുന്നു ഏറ്റവും നല്ല കൂട്ടുകാരന്‍. പ്രവാചകന്‍ ദിവ്യസന്ദേശവുമായി  എത്തിയ ഉടനെ അദ്ദേഹത്തില്‍ വിശ്വസിച്ചുകൊണ്ട് പ്രസ്തുത മാര്‍ഗത്തില്‍ അടിയുറച്ചു നില്‍ക്കുകയും പ്രവാചകന്റെ ചങ്ങാത്തം സദാ കൊതിക്കുകയും പ്രവാചകന്റെ സന്തോഷത്തിലും സന്താപത്തിലും അദ്ദേഹത്തോടൊപ്പം സധൈര്യം നിലകൊളളുകയും  ചെയ്തു. ഹിജ്‌റയില്‍ പ്രവാചകന്റെ സഹയാത്രികനായി എന്നത് ഇതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ്. സൗര്‍ ഗുഹാമുഖത്തെത്തിയപ്പോള്‍ പ്രവാചകനോട്(സ) അബൂബക്കര്‍(റ) പറഞ്ഞു. പ്രവാചകരേ, താങ്കള്‍ അതില്‍  പ്രവേശിക്കുന്നതിന് മുമ്പ് ഞാന്‍ അതില്‍ പ്രവേശിക്കാം. എന്നിട്ട് ഗുഹയില്‍ പ്രവേശിച്ച് ഗുഹയിലെ  മാളങ്ങളും കുഴികളുമെല്ലാം അടച്ചു ഭദ്രമാക്കി സുരക്ഷ ഉറപ്പുവരുത്തിയ ശേഷമാണ് പ്രവാചകനെ അതിനകത്തേക്ക് കയറാന്‍ അബൂബക്കര്‍(റ) അനുവദിച്ചത്. ഗുഹയിലെ അബൂബക്കറും പ്രവാചകന്‍ ( സ) തമ്മിലുളള സംസാരത്തെ ഒരാള്‍ തന്റെ ചങ്ങാതിയോട് പറഞ്ഞ സന്ദര്‍ഭം (തൗബ : 40) എന്നാണ് ഖുര്‍ആന്‍ വിശേഷിപ്പിച്ചിട്ടുള്ളത്. ഈ കൂട്ടുകാരനെ തന്നെയാണ് പ്രവാചകന് തന്റെ പിന്‍ഗാമിയെന്നോണം നമസ്‌കാരത്തിന് നേതൃത്വം നല്‍കാന്‍ നിര്‍ത്തിയതും.

അല്ലാഹുവിന്റെ ഇഷ്ടത്തിനും സ്‌നേഹത്തിനും പാത്രീഭൂതരാകുക എന്നതാണ് ഒരു മനുഷ്യന് ലഭിക്കുന്ന ഏറ്റവും വലിയ അനുഗ്രഹം. പ്രസ്തുത മഹത്വത്തിന് ജീവിതകാലത്ത് തന്നെ ഭാഗ്യം സിദ്ധിച്ച ഒരുപറ്റം മഹാമനീഷികളാണ് സഹാബികള്‍. സഹാബികളുടെ മഹനീയമായ കൃത്യത്തെ ആസ്പദിച്ചുകൊണ്ട് അല്ലാഹു അവരെ കുറിച്ചും അവര്‍ അല്ലാഹുവിനെ കുറിച്ചും സംപ്രീതരായിരിക്കുന്നു എന്നാണ് വിശുദ്ധ ഖുര്‍ആന്‍ വിവരിക്കുന്നത്. ഭൂമുഖത്ത് പ്രസ്തുത വിശേഷണത്തിനര്‍ഹരായ ഒരു വിഭാഗം തിരുനബിയുടെ കൂട്ടുകാര്‍ മാത്രമാണ്.

റസൂല്‍(സ)വിന്റെ രിസാലത്തിനെയാണ് സഹാബികള്‍ നെഞ്ചേറ്റിയത്. അതിന് വേണ്ടി എല്ലാം ത്യജിച്ചുകൊണ്ടായിരുന്നു അവര്‍ പ്രവാചക സ്‌നേഹം  പ്രകടിപ്പിച്ചിരുന്നത് എന്നത് ശ്രദ്ദേയമാണ്. പ്രവാചക ജീവിതത്തിലെ ചരിത്രപ്രസിദ്ധമായ പ്രഭാഷണമായിരുന്നുവല്ലോ അറഫാ പ്രഭാഷണം. യഥാര്‍ഥത്തില്‍ പ്രവാചക ജീവിതത്തിന്റെ ഒരു രത്‌നച്ചുരുക്കമായിരുന്നു  പ്രസ്തുത  പ്രഭാഷണം. പ്രഭാഷണമവസാനിച്ചുകൊണ്ട് തിരുദൂതര്‍ ആ മനുഷ്യസാഗരത്തോട് ചോദിച്ചു. ഞാന്‍ ഈ ഉത്തരവാദിത്തം ഭംഗിയായി നിങ്ങളിലേക്കെത്തിച്ചു തന്നില്ലേ …അവിടെ കൂടിയ എല്ലാവരും ഒരേ സ്വരത്തില്‍ അതേ എന്ന് ഉത്തരമേകിയപ്പോള്‍ അല്ലാഹുവിനെ സാക്ഷി നിര്‍ത്തിക്കൊണ്ട് തിരുനബി തന്റെ കൂട്ടുകാരോട് ആഹ്വാനം ചെയ്തു. ഇവിടെ സാക്ഷിയായവര്‍ സാക്ഷിയാകാന് ഭാഗ്യം സിദ്ധിക്കാത്തവര്‍ക്ക് ഈ ആഹ്വാനം എത്തിച്ചുകൊടുക്കൂ.

തിരുനബിയുടെ കൂട്ടുകാര്‍് ഈ ആഹ്വാനത്തിന് തങ്ങളുടെ ജീവിതം കൊണ്ട് വര്‍ണ്ണശഭളമായ രീതിയില്‍ ഉത്തരം നല്‍കി. ഒരു റക്അത്ത് നമസ്‌കാരത്തിന് തന്നെ പതിന്മടങ്ങ് പ്രതിഫലം  ലഭിക്കുന്ന മസ്ജിദുല്‍ ഹറാമിലെ നമസ്‌കാരമോ അത്രതന്നെ  പ്രാധാന്യമുള്ള മദീനതുന്നബവിയോ പ്രവാചകന്റെ  കാല്‍പാടുകള്‍ പതിഞ്ഞ മണ്ണോ ഒന്നും അവരുടെ പ്രബോധന മാര്‍ഗത്തിലെ മുന്നോട്ട് പോക്കിനു മുമ്പില്‍ തടസ്സമായില്ല. തങ്ങളുടെ കുതിര മുഖം തിരിച്ച ഭാഗത്തേക്ക് അല്ലാഹുവിന്റെ ദീനിന്റെ സന്ദേശവുമായി പ്രയാണം ചെയ്യുകയായിരുന്നു അവര്‍. ലക്ഷക്കണക്കിന് സഹാബികള്‍  അറഫ മൈതാനിയില്‍ ഒത്തുചേര്‍ന്നതെങ്കില്‍ സഹാബികളുടെ ഖബറുകള്‍ സ്ഥിതിചെയ്യുന്ന ജന്നതുല്‍ ബഖീഇല്‍ ആയിരത്തോളം വരുന്ന സഹാബികളുടെ ഖബറുകള്‍  മാത്രമാണ് സ്ഥിതി ചെയ്യുന്നത്. ബാക്കിയുള്ളവര്‍ ഇസ്‌ലാമിക പ്രചാരണാര്‍ഥം ലോകത്തിന്റെ നാനാദിക്കുകളിലേക്കും തിരിച്ചു അവിടങ്ങളില്‍ അന്ത്യവിശ്രമം കൊള്ളുകയാണ് ചെയ്തത്. ഇതു തന്നെയാണ് അല്ലാഹുവിന്റെ സംപ്രീതിക്ക് അവരെ അര്‍ഹരാക്കിയതും.

Related Articles