Current Date

Search
Close this search box.
Search
Close this search box.

തിരുത്താത്ത സൗഹൃദങ്ങള്‍ കപടമാണ്

errors.jpg

ജീവിതത്തില്‍ വീഴ്ചസംഭവിക്കാത്ത മനുഷ്യരില്ല. മനുഷ്യസഹജമായ വികാരങ്ങള്‍ മനുഷ്യനെ നന്മയിലേക്കും തിന്മയിലേക്കും വഴിനടത്തും. താന്‍ ചെയ്യുന്നത് തിന്മയാണെന്ന് അറിയാത്തവരും വിരളമല്ല. തന്റെ സഹോദരന്റെ വീഴ്ചകളെ ചൂണ്ടിക്കാണിക്കാനും ഗുണകാംക്ഷയോടെ അത് തിരുത്താനും മനുഷ്യന്‍ ബാധ്യസ്ഥനാണ്. അധികാരികളെയും ഭരണകൂടത്തെയും തിരുത്താന്‍ ശ്രമിക്കുന്നതുപോലെ നമ്മുടെ സഹോദരന്മാരെയും അവരുടെ വീഴ്ചകളില്‍ നിന്ന് മോചിപ്പിക്കാന്‍ നമുക്ക് സാധിക്കേണ്ടതുണ്ട്. തിരുത്താന്‍ കഴിയാത്ത സൗഹൃദങ്ങള്‍ കപടമായിരിക്കും. ഒടുവില്‍ ബന്ധങ്ങള്‍ വഷളമാകുകയും ചെയ്യും. ബനൂ ഇസ്രയേല്‍ സമൂഹം ഈ മൂല്യങ്ങള്‍ തിരസ്‌കരിച്ചപ്പോഴാണ് ദൈവകോപത്തിനിരയായതും സ്വദേശത്ത് നിന്ന് പുറത്താക്കപ്പെട്ടതെന്നും ഖുര്ആന് വിവരിക്കുന്നു. (അല്മാഇദ:81-82) ഈ ഗുണങ്ങള്‍ ചോര്‍ന്നുപോകുന്ന സമൂഹങ്ങള്‍ അധപതനത്തിലേക്കും അരാജകത്വത്തിലേക്കും കൂപ്പുകുത്തും.

ഗുണകാംക്ഷ അവഹേളനത്തിലേക്ക് വഴിമാറുന്നത് നാം കരുതിയിരിക്കണം. മുഖസ്തുതി പോലെ തന്നെ അപകടകരമായ പ്രവണതയാണത്. നന്മയുടെ മറവില്‍ വളരുന്ന വലിയ തിന്മയുമാണത്. ജനങ്ങള്‍ക്ക് അസഹിഷ്ണുത അനുഭവപ്പെടാത്ത രീതിയിലാണ് ഗുണദേഷിക്കേണ്ടത്. ഗുണകാംക്ഷയോടെ ജനങ്ങള്‍ക്കിടയില്‍ തിരുത്തല്‍ ശക്തികളായി നാം നിലകൊള്ളുന്നതിന് മുമ്പ് ചില കാര്യങ്ങള്‍ നമ്മുടെ ശ്രദ്ധയില്‍ ഉണ്ടായിരിക്കേണ്ടതുണ്ട്.

നിന്റെ അയല്‍വാസി, സുഹൃത്ത് തുടങ്ങി ഒരാളെക്കുറിച്ചുമുള്ള ആരോപണങ്ങള്‍ നിജസ്ഥിതി ബോധ്യപ്പെടുന്നതുവരെ നീ വിശ്വസിക്കരുത്. തെറ്റായ വാര്‍ത്തകള്‍ പടച്ചുണ്ടാക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്നത് സാധാരണമായിത്തീര്‍ന്നിരിക്കുന്നു. നഗ്‌നനേത്രങ്ങള്‍ കൊണ്ട് കാണാതെയോ സംശയരഹിതമായി ബോധ്യപ്പെടുകയോ ചെയ്യാത്ത ഒരു കാര്യം ആയിരം നാക്കുകളില്‍ നിന്ന് കേട്ടാലും നീ വിശ്വസിക്കരുത്. മറ്റുള്ളവരെ കുറിച്ച് തെറ്റായ ധാരണവെച്ചുപുലര്‍ത്തുന്നത് ഇസ്‌ലാം വിലക്കിയ കാര്യങ്ങളില്‍ പെട്ടതാണ്. (അല്‍ഹുജുറാത്ത്:12, യൂനുസ്: 36)

ശരിയാകാനും തെറ്റാകാനും സാധ്യതയുള്ള വിഷയം നിന്റെ സഹോദരനെക്കുറിച്ച് വന്നാല്‍ അതിനെ പോസിറ്റീവ് ആയി സമീപിക്കണം. അതാണ് സാഹോദര്യബന്ധത്തിന് ചേര്‍ന്നതും ഉല്കൃഷ്ട ഗുണങ്ങളോട് പൊരുത്തപ്പെടുന്നതും. ഖുറൈശികളിലെ ഉദാരമതിയായ ത്വല്‍ഹയോട് ഒരിക്കല്‍ അദ്ദേഹത്തിന്റെ സഹധര്‍മിണി പറഞ്ഞു. നിങ്ങളുടെ സുഹൃത്തുക്കളേക്കാള്‍ നിങ്ങളെ പ്രയാസപ്പെടുത്തുന്ന മറ്റൊരാളെ ഞാന് കണ്ടിട്ടില്ല!. കാര്യം തിരക്കിയപ്പോള് അവള്‍ പ്രതികരിച്ചു. നിങ്ങള്‍ക്ക് ഐശര്യമുണ്ടാകുമ്പോള്‍ അവര്‍ നിങ്ങളുടെ കൂടെയുണ്ടാകും. പ്രതിസന്ധിഘട്ടങ്ങളില്‍ അവര്‍ നിങ്ങളെ ഉപേക്ഷിക്കുകയും ചെയ്യും. അപ്പോള്‍ അദ്ദേഹം പറഞ്ഞു. ഇതു അവരുടെ ഭാഗത്തുനിന്നുള്ള മാന്യമായ സമീപനമായാണ് ഞാന്‍ കാണുന്നത്. അവരുടെ മാന്യത കൊണ്ടാണ് ഐശ്വര്യമുള്ളപ്പോള്‍ അവര്‍ നമ്മെ സമീപിക്കുകയും പ്രയാസമുള്ളപ്പോള്‍ നമ്മുടെ അടുത്ത് വന്ന് ബുദ്ധിമുട്ടിക്കാതിരിക്കുകയും ചെയ്യുന്നത്. എത്ര മനോഹരമായാണ് അദ്ദേഹം ഈ കാഴ്ചപ്പാട് തിരുത്തിയത്.

മനുഷ്യപ്രകൃതത്തെ കുറിച്ചും അവരുടെ ജന്മസഹജമായ വികാരങ്ങളെ കുറിച്ചും നാം ബോധവാന്മാരാകണം. നമ്മുടെ ചുറ്റിലുമുള്ളവര്‍ മാലാഖമാരോ പ്രവാചകരോ അല്ല, ഏതൊരു സഹോദരനും ചില ദുര്‍ബലനിമിഷങ്ങളില്‍ ഇടര്ച്ചകള്‍ സംഭവിക്കാം. വൈകാരികതയുടെ സ്വാധീനത്തില്‍ നിന്നും രക്ഷപ്പെടാന്‍ വളരെ കുറച്ചുപേര്‍ക്കേ സാധിക്കുകയുള്ളൂ.. ഇത്തരത്തിലുള്ള അനേകം വീഴ്ചകള്‍ നമ്മിലോരോരുത്തരുടെയും ഭാഗത്തുനിന്നുണ്ടാവില്ലേ! നമുക്ക് കഴിയാത്ത ഒരുകാര്യം ജനങ്ങളില് ഉണ്ടാകണമെന്ന് നാം കരുതുന്നതിന്റെ ന്യായമെന്താണ്. മനുഷ്യമനസ്സിന്റെ ഈ അവസ്ഥയെ കുറിച്ച് അല്ലാഹു സൂറത്തു യൂസുഫില്‍ മനോഹരമായി വിവരിക്കുന്നുണ്ട്. (യൂസുഫ് 53). അതിനാല് തന്നെ സഹോദരന്‍ തെറ്റിലേക്ക് നീങ്ങുമ്പോള്‍ അവനെ ഉദ്‌ബോധിപ്പിക്കുകയും അതില്‍ നിന്ന് രക്ഷിക്കുകയുമാണ് വേണ്ടത്. രോഗികളെ ആക്ഷേപിക്കുകയും അപഹസിക്കുകയും ചെയ്യാതെ ഗുണകാംക്ഷയോടെ ചികിത്സിക്കുന്ന ഒരു ഡോക്ടറെ പോലെ പ്രബോധകര്‍ക്ക് പ്രബോധിതസമൂഹത്തോട് കാരുണ്യമുണ്ടായിരിക്കണം. തന്റെ മുസ്‌ലിമായ ഒരു സഹോദരനെ അപഹസിക്കുന്നത് തന്നെ ഒരു മനുഷ്യന്റെ നാശഹേതുവാകും എന്ന പ്രവാചക താക്കീതിനെയും നാം കരുതിയിരിക്കേണ്ടതുണ്ട്.

വിവ: അബ്ദുല്‍ബാരി കടിയങ്ങാട്‌

 

Related Articles