Current Date

Search
Close this search box.
Search
Close this search box.

തിന്മ തടയാതിരിക്കാന്‍ എന്തുണ്ട് ന്യായം?

oppose.jpg

മുസ്‌ലിം സമൂഹത്തിന്റെ പ്രധാന സവിശേഷതയായി അല്ലാഹു പരിചയപ്പെടുത്തിയിരിക്കുന്ന ഒന്നാണ് നന്മ കല്‍പ്പിക്കലും തിന്മ തടയലും. നന്മകളും സല്‍ക്കര്‍മങ്ങളും അനുഷ്ഠിച്ച് അതിന്റെ ഒരു വൃത്തം തീര്‍ത്ത് അതിനകത്ത് ഒതുങ്ങി കൂടുന്നതവല്ല വിശ്വാസി. മറിച്ച് സമൂഹത്തില്‍ ഇറങ്ങുകയും അവിടെ കാണുന്ന അനീതികള്‍ക്കും അധാര്‍മികതക്കുമെതിരെ പോരാടുകയും ചെയ്യുന്നവനാണവന്‍. അപ്രകാരം സമൂഹത്തില്‍ നന്മകള്‍ നട്ടുവളര്‍ത്തലും വിശ്വാസിയുടെ കടമയാണ്. ഇസ്‌ലാമിക സമൂഹങ്ങളുടെയും വ്യക്തികളുടെയും നിര്‍ബന്ധ ബാധ്യതായാണിതെന്ന് കുറിക്കുന്ന നിരവധി ഖുര്‍ആന്‍ സൂക്തങ്ങള്‍ നമുക്ക് കാണാം.

‘മനുഷ്യരുടെ മാര്‍ഗദര്‍ശനത്തിനും സംസ്‌കരണത്തിനുമായി രംഗപ്രവേശം ചെയ്യിക്കപ്പെട്ട ഉത്തമസമൂഹം നിങ്ങളാകുന്നു. നിങ്ങള്‍ ധര്‍മം കല്‍പിക്കുന്നു. അധര്‍മം വിരോധിക്കുന്നു.’ (ആലുഇംറാന്‍ : 110)
‘നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു.’ (ആലുഇംറാന്‍ : 104)

നന്മ കല്‍പിക്കലും തിന്മ തടയലും സമൂഹത്തില്‍ ആരെങ്കിലുമൊക്കെ നിര്‍വഹിച്ചാല്‍ മതി എന്ന ധാരണ വെച്ചു പുലര്‍ത്തുന്നവരുണ്ട്. ‘നിങ്ങളിലാരെങ്കിലും ഒരു തിന്മ കണ്ടാല്‍ കൈകൊണ്ട് അതിനെ നീക്കണം, അതിന് സാധ്യമല്ലെങ്കില്‍ നാവുകൊണ്ട്, അതിനും സാധ്യമല്ലെങ്കില്‍ മനസ്സുകൊണ്ടെങ്കിലും, അതാണ് ഏറ്റവും ദുര്‍ബലമായ വിശ്വാസം.’ എന്ന നബി തിരുമേനിയുടെ(സ) വാക്കുകള്‍ വ്യക്തമാക്കുന്നത് ഓരോ വിശ്വാസിയുടെയും ബാധ്യതയാണ് അതെന്നാണ്. തിന്മ കല്‍പിക്കാനും നന്മ വിരോധിക്കാനും ഒരു വ്യക്തിക്ക് സാധ്യമാകാതെ വരുമ്പോള്‍ മാത്രമാണ് സമൂഹത്തിന്റെ ബാധ്യതയിലേക്കത് നീങ്ങുന്നത്. സമൂഹം അതില്‍ ഉപേക്ഷ വരുത്തിയാല്‍ അതിന്റെ പേരില്‍ സമൂഹത്തിലെ എല്ലാവരും അതിന്റെ പേരില്‍ കുറ്റക്കാരായി മാറും.

ഇസ്‌ലാമിക സമൂഹത്തെ വ്യതിചലനത്തില്‍ നിന്ന് തടഞ്ഞു നിര്‍ത്തുന്നതില്‍ ഇതിന് വലിയ പ്രാധാന്യമുണ്ട്. സമൂഹത്തില്‍ ആരെങ്കിലും തെറ്റിലേക്ക് ചലിക്കുമ്പോള്‍ അവരെ അതില്‍ നിന്ന് കൈ പിടിച്ചു കൊണ്ടുവരിക എന്ന ഉത്തരവാദിത്വമാണ് അതിലൂടെ നിറവേറ്റപ്പെടുന്നത്. അത് നടക്കാത്ത സന്ദര്‍ഭത്തില്‍ സമൂഹത്തിന്റെ മൊത്തം വഴികേടിനത് കാരണമായി മാറും. ഏതാനും വ്യക്തികളില്‍ നിന്നാണ് ഒരു സമൂഹത്തിന്റെ ദൂഷ്യത്തിന് തുടക്കം കുറിക്കുക. സമൂഹത്തിന്റെ സാമൂഹ്യ മനസ്സാഷി സജീവമാണെങ്കില്‍ പൊതുജനാഭിപ്രായം ആ വ്യക്തിളെ ചികിത്സിച്ച് ഒന്നടങ്കം തിന്മയില്‍ പതിക്കുന്നതില്‍ നിന്ന് സമൂഹത്തെ രക്ഷിക്കും. എന്നാല്‍ സമൂഹം ഇക്കാര്യത്തില്‍ അശ്രദ്ധ വരുത്തുമ്പോള്‍ ഏതാനും വ്യക്തികളില്‍ മാത്രം പരിമിതമായിരുന്ന തിന്മ കൂടുതല്‍ വ്യക്തികളിലേക്ക് വ്യാപിക്കുകയും സമൂഹത്തെ ഒന്നടങ്കം ബാധിക്കുന്ന ഒന്നായി മാറുകയും ചെയ്യും. ഇസ്രായീല്‍ സമൂഹത്തില്‍ തിന്മകള്‍ വ്യാപിച്ചത് ഇത്തരത്തിലായിരുന്നു. അക്കാരണത്താല്‍ അവരെ ദാവൂദ് നബിയും ഈസാ നബിയും ശപിച്ചതായി ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്. ‘ഇസ്രയേല്‍ വംശത്തില്‍ നിഷേധത്തിന്റെ മാര്‍ഗം സ്വീകരിച്ചവര്‍ ദാവൂദിന്റെയും മര്‍യമിന്റെ പുത്രന്‍ ഈസായുടെയും നാവുകളാല്‍ ശപിക്കപ്പെട്ടിരിക്കുന്നു. എന്തുകൊണ്ടെന്നാല്‍ അവര്‍ ധിക്കാരികളായിരുന്നു. അതിക്രമങ്ങളനുവര്‍ത്തിക്കുന്നവരുമായിരുന്നു. തങ്ങള്‍ ചെയ്ത ദുഷ്‌ചെയ്തികളെ അവര്‍ പരസ്പരം വിലക്കാറുണ്ടായിരുന്നില്ല.’ (അല്‍-മാഇദ: 78, 79)

നന്മയില്‍ പരസ്പരം പ്രോത്സാഹിപ്പിക്കുകയും തിന്മയില്‍ നിന്ന് പരസ്പരം തടഞ്ഞ് നിര്‍ത്തുകയും ചെയ്യുന്നത് വിശ്വാസികളുടെ ഗുണമായിട്ടാണ് വിശുദ്ധ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. ‘സത്യവിശ്വാസികളും വിശ്വാസിനികളും പരസ്പരം സഹായികളും മിത്രങ്ങളുമാകുന്നു. അവര്‍ ധര്‍മം കല്‍പിക്കുന്നു. അധര്‍മം നിരോധിക്കുന്നു.’ (അത്തൗബ : 71) ഒരാളുടെ വിശ്വാസത്തെയും ആദര്‍ശത്തെയും സ്വാധീനിക്കാന്‍ മാത്രം ശക്തമായ ആത്മബന്ധമുള്ളവര്‍ എന്നര്‍ത്ഥമുള്ള ‘ഔലിയാഅ്’ എന്ന പദമാണ് ആയത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. അത്തരത്തിലുള്ള ഒരു ബന്ധമായിരിക്കണം വിശ്വാസികള്‍ക്കിടയില്‍ ഉണ്ടായിരിക്കേണ്ടതെന്ന വ്യംഗ്യമായ കല്‍പന കൂടി ഇത് ഉള്‍ക്കൊള്ളുന്നു.

തമീമുബ്‌നു ഔസ് അദ്ദാരി(റ) നിവേദനം ചെയ്യുന്നു: നബി(സ) പറഞ്ഞു : ദീന്‍ ഗുണകാംക്ഷയാകുന്നു. ഞങ്ങള്‍ ചോദിച്ചു: ആരോടെല്ലാം? അവിടുന്ന് പറഞ്ഞു: അല്ലാഹുവിനോടും, അവന്റെ ഗ്രന്ഥത്തോടും, പ്രവാചകനോടും, മുസ്‌ലിം നേതാക്കളോടും, പൊതുജനങ്ങളോടുമെല്ലാം. (മുസ്‌ലിം) ഒരു സഹോദരന്റെ ഭാഗത്ത് നിന്ന് ഒരു വീഴ്ച്ച സംഭവിക്കുമ്പോള്‍ അതില്‍ ദുഖിക്കുകയും, അവനെ തിരുത്താന്‍ ശ്രമിക്കുകയും ചെയ്യുന്നവനാണ് യഥാര്‍ത്ഥ വിശ്വാസി. അതിന് പകരം സഹോദരന്റെ വീഴ്ച്ചയില്‍ നമ്മുടെ ഉള്ളിന്റെ ഉള്ളിലെവിടെയോ ഒരു നിര്‍വൃതി അനുഭവപ്പെടുന്നുവെങ്കില്‍ അത് നമ്മുടെ വിശ്വാസത്തിന് നേരെയുള്ള ചോദ്യചിഹ്നമായിട്ടാണ് മനസ്സിലാക്കേണ്ട്. കാരണം വിശ്വാസികളുടെ അടിസ്ഥാന ഗുണങ്ങളുടെ കൂട്ടത്തിലാണ് ഖുര്‍ആന്‍ അതിനെ എണ്ണിയിട്ടുള്ളത്. ‘അല്ലാഹുവിങ്കലേക്ക് ആവര്‍ത്തിച്ചു മടങ്ങുന്നവര്‍, അവനെ കീഴ്‌വണങ്ങിക്കൊണ്ടിരിക്കുന്നവര്‍, അവന്റെ സ്തുതികള്‍ സങ്കീര്‍ത്തനം ചെയ്യുന്നവര്‍, അവനുവേണ്ടി രാജ്യസഞ്ചാരത്തിലേര്‍പ്പെട്ടവര്‍, അവനെ നമിക്കുകയും പ്രണമിക്കുകയും ചെയ്യുന്നവര്‍, നന്മകള്‍ കല്‍പിക്കുകയും തിന്മകള്‍ നിരോധിക്കുകയും ചെയ്യുന്നവര്‍, അല്ലാഹുവിന്റെ നിയമപരിധികള്‍ സൂക്ഷിക്കുന്നവര്‍ (ഇവരെല്ലാമാണ് അല്ലാഹുവുമായി ഈ കച്ചവടം നടത്തിയ സത്യവിശ്വാസികള്‍). ആ സത്യവിശ്വാസികളെ ശുഭവാര്‍ത്തയറിയിച്ചുകൊള്ളുക.’ (അത്തൗബ : 112)

പരസ്പരം ഗുണകാംക്ഷ നടത്താത്തവര്‍ മഹാനഷ്ടകാരികളാണെന്നാണ് ഖുര്‍ആന്‍ സൂറത്തുല്‍ അസ്വറില്‍ വിശേഷിപ്പിക്കുന്നത്. വിശ്വാസവും അതിനനുസരിച്ചുള്ള സല്‍ക്കര്‍മങ്ങളും മാത്രം ഉണ്ടായതുകൊണ്ട് ഒരാള്‍ വിജയിക്കുന്നില്ല. അതോടൊപ്പം സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുന്ന അതിന് വേണ്ടി നിലകൊള്ളുന്ന ഒരു സമൂഹം ഉണ്ടായി തീരേണ്ടതുണ്ട്. അത്തരത്തിലുള്ള സമൂഹത്ത തയ്യാറാക്കുന്നതിനും നിലനിര്‍ത്തുന്നതിനുമുള്ള സംവിധാനമാണ് പരസ്പരമുള്ള ഗുണകാംക്ഷ എന്നാണ് ഈ അധ്യായം പഠിപ്പിക്കുന്നത്. ഇത്തരത്തില്‍ സ്വന്തം സമൂഹത്തെ തകര്‍ച്ചയില്‍ നിന്ന സംരക്ഷിച്ച് നിര്‍ത്തല്‍ ഓരോ വിശ്വാസിയുടെയും ഉത്തരവാദിത്വമാണ്. അങ്ങനെ നന്മയുടെ സത്യത്തിന്റെയും കാവല്‍ക്കാരായി വിശ്വാസികള്‍ മാറുമ്പോഴാണ് ഉത്തമ സമുദായം യാഥാര്‍ഥ്യമാവുക.

Related Articles