Current Date

Search
Close this search box.
Search
Close this search box.

താങ്ങാവേണ്ട യുവത്വം ഭാരമായാല്‍

youth.jpg

ഒരു വിവാഹ പന്തലില്‍ അന്യമതസ്ഥരായ രണ്ടു വ്യക്തികള്‍ നടത്തിയ സംഭാഷണത്തിലെ ചില ഭാഗങ്ങള്‍ ഇവിടെ പരാമര്‍ശിക്കുന്നതിന് പ്രസക്തിയുണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നു. കൊല, കൊള്ള, കവര്‍ച്ച, മാനഭംഗം, ക്വട്ടേഷന്‍ സംഘം തുടങ്ങിയവയെ കുറിച്ച് നാം കേള്‍ക്കുന്ന വാര്‍ത്തകളില്‍ പ്രതികളായി പിടിക്കപ്പെടുന്നതില്‍ 90 ശതമാനവും മുസ്‌ലിം ചെറുപ്പക്കാരാണല്ലോ. അവരുടെ ദുസ്വഭാവങ്ങള്‍ പകരാതിരിക്കാന്‍ അവരുടെ മക്കളുമായി കൂട്ടുകൂടുന്നതില്‍ നിന്ന് ഞങ്ങളുടെ മക്കളെ പ്രത്യേകം വിലക്കിയിട്ടുണ്ട്. ഞങ്ങളുടെ മക്കളിലേക്കും ആ ദുസ്വഭാവങ്ങള്‍ പകര്‍ന്നേക്കുമോ എന്ന ഭയം ഓരോ നിമിഷവും ഞങ്ങളെ വേട്ടയാടുന്നു. എന്നായിരുന്നു ആ സംസാരത്തിന്റെ ചുരുക്കം. മുസ്‌ലിം യുവാക്കളുടെ പരമമായ ജീവിത ലക്ഷ്യം ആഢംബര കാറുകള്‍, കൂറ്റന്‍ മാളികകള്‍, സര്‍വ ആഢംബരങ്ങളോടും കൂടിയ ജീവിതം ഇവയെല്ലാമാണെന്ന് ധരിച്ചിരിക്കുന്ന ഒരു വിഭാഗവും സമൂഹത്തിലുണ്ട്.

മുകളിലെ രണ്ട് നിരീക്ഷണങ്ങളും മുസ്‌ലിം സമൂഹത്തെ സംബന്ധിച്ചടത്തോളം വളരെ ശരിയാണെന്ന് വളരെയേറെ ദുഖത്തോടെയും ആത്മരോഷത്തോടെയും സങ്കടത്തോടെയും കുറ്റബോധത്തോടെയും നാമോരുരുത്തരും സമ്മതിക്കേണ്ട നിര്‍ബന്ധിത സാഹചര്യത്തിലാണ് നാം ജീവിക്കുന്നത്. അതിനെ നിഷേധിച്ചിട്ടോ ഒളിച്ചോടിയിട്ടോ ഒരു കാര്യവുമില്ല. ഉത്തമസമുദായം എന്ന് അല്ലാഹു വിശേഷിപ്പിച്ച സമുദായത്തിലെ യുവാക്കള്‍ ഇത്തരത്തില്‍ ദുഷിച്ചു പോകാന്‍ എന്താണ് കാരണം? മതപ്രഭാഷണങ്ങളുടെയോ സ്ഥാപനങ്ങളുടെയോ മാധ്യമങ്ങളുടെയോ കുറവ് നമ്മുടെ സമുദായത്തിനുണ്ടോ? വളരെ ഗൗരവത്തില്‍ ചിന്തിക്കേണ്ട വിഷയമാണിത്. ഈയൊരു പശ്ചാത്തലത്തില്‍ എന്തായിരിക്കണം മുസ്‌ലിം യുവാക്കളുടെ ലക്ഷ്യമാകേണ്ടതെന്ന് വിശുദ്ധ ഖുര്‍ആന്റെയും പ്രവാചകചര്യയുടെയും ചരിത്രത്തിന്റെയും വെളിച്ചത്തില്‍ മനസ്സിലാക്കാന്‍ ബാധ്യസ്ഥരാണ് നാം.

നമ്മുടെ സമൂഹത്തിലെ യുവാക്കളെ കുറിച്ച് നമുക്ക് വ്യക്തമായ കാഴ്ച്ചപ്പാടുണ്ടാവേണ്ടതുണ്ട്. രണ്ട് ബലഹീനതകള്‍ക്കിടയിലുള്ള ശക്തിയുടെ കാലഘട്ടമായിട്ടാണ് അല്ലാഹു യുവത്വത്തെ സംവിധാനിച്ചിരിക്കുന്നത്. അല്ലാഹു പറയുന്നു: ‘അവശമായ അവസ്ഥയില്‍നിന്ന് നിങ്ങളെ സൃഷ്ടിച്ചുതുടങ്ങിയത് അല്ലാഹു തന്നെയാകുന്നു. പിന്നീട് ആ അവശാവസ്ഥക്കു ശേഷം നിങ്ങള്‍ക്കു ശക്തിയേകി. പിന്നെ ആ ശക്തിക്കുശേഷം നിങ്ങളെ അവശരും വയോധികരുമാക്കി. താനുദ്ദേശിക്കുന്നത് അവന്‍ സൃഷ്ടിക്കുന്നു.’ (30:54) പ്രഭാതത്തിനും പ്രദോഷത്തിനും ഇടക്കുള്ള നട്ടുച്ച പോലെ ശക്തിയുടെ കാലഘട്ടമാണത്. ഇങ്ങനെ കരുത്തിന്റെ കാലമായ യുവത്വം എന്തിന് വേണ്ടിയാണ് ഉപയോഗപ്പെടുത്തേണ്ടത്. യാതൊരു ലക്ഷ്യവുമില്ലാതെ ആര്‍മാദിച്ച് ജീവിക്കാന്‍ വേണ്ടി മാത്രമാണോ യുവാക്കളെ അല്ലാഹു സൃഷ്ടിച്ചിരിക്കുന്നത്? മനുഷ്യസമൂഹത്തിന് വേണ്ടി എഴുന്നേറ്റ് നില്‍ക്കാന്‍ തെരെഞ്ഞെടുക്കപ്പെട്ട സമുദായമാണ് നിങ്ങളെന്ന് ഈ സമുദായത്തെ കുറിച്ച് പറഞ്ഞിട്ടുണ്ടെങ്കില്‍, അതിന്റെ കരുത്തും കാതലുമായ മുസ്‌ലിം യുവാക്കള്‍ ആ ലക്ഷ്യത്തിലേക്കുയരാന്‍ ബാധ്യസ്ഥരല്ലേ?

പ്രവാചകന്‍(സ) ഒരിക്കല്‍ പറഞ്ഞു: :’നാല് കാര്യങ്ങളെക്കുറിച്ച് ചോദ്യം ചെയ്യപ്പെടാതെ പുനരുദ്ധാരണ നാളില്‍ ഒരടിമയുടെ പാദം മുമ്പോട്ട് ചലിപ്പിക്കാന്‍ കഴിയുകയില്ല. തന്റെ ആയുസ്സ് എന്തിന് ചെലവഴിച്ചു? യുവത്വം എവിടെ കഴിച്ചുകൂട്ടി? സമ്പത്ത് എവിടെനിന്ന് സമ്പാദിച്ചു, എവിടെ ചെലവഴിച്ചു? അറിവ് കൊണ്ടെന്ത് പ്രവര്‍ത്തിച്ചു?’ നാം വളരെയേറെ ചിന്തിക്കേണ്ട കാര്യാണിത്. ആയുസ്സിന്റെ തന്നെ ഭാഗമായ യുവത്വത്തെ കുറിച്ച് പ്രത്യേകം എടുത്തു പറഞ്ഞത് അതിന്റെ പ്രാധാന്യത്തെയാണ് കുറിക്കുന്നത്. ഇതിലൂടെ വ്യക്തമായ ലക്ഷ്യബോധമാണ് നബി(സ) നമ്മിലുണ്ടാക്കുന്നത്.

അല്ലാഹുവിന്റെ ദീനിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച പ്രവാചകന്‍മാരും സഹാബിമാരും ഇമാമുമാരുമായിരിക്കണം യുവാക്കളുടെ മാതൃകാ പുരുഷന്‍മാര്‍. ബിംബാരാധനക്കെതിരെ തൗഹീദിന് വേണ്ടി പടപൊരുതിയ ഇബ്‌റാഹീം നബി(അ)യെ അല്ലാഹുമായുള്ള കരാറുകള്‍ പൂര്‍ത്തീകരിച്ചവന്‍ എന്നാണ് അല്ലാഹു വിശേഷിപ്പിച്ചിട്ടുള്ളത്. വിഗ്രഹങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച അദ്ദേഹത്തെ ഖുര്‍ആന്‍ ‘ഇബ്‌റാഹീം എന്ന പേരുള്ള യുവാവ്’ എന്നാണ് പരാമര്‍ശിച്ചിരിക്കുന്നത്. ജീവിതവിശുദ്ധിയുടെയും സദാചാര ബോധത്തിന്റെയും നിത്യപ്രതീകമായ യൂസുഫ് നബി(സ) എക്കാലത്തേയും യുവാക്കള്‍ക്ക് മാതൃകയാണ്. സദാചാര ലംഘനത്തിനുള്ള എല്ലാ അവസരവും ഒത്തുവന്നപ്പോള്‍ അല്ലാഹുവില്‍ അഭയം തേടി അതില്‍ നിന്നും പിന്തിരിഞ്ഞോടിയ അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് ലൈംഗിക അരാജകത്വത്തില്‍ കഴിയുന്ന ഇക്കാലത്ത് ഏറെ പ്രസക്തിയുണ്ട്. പരലോകത്തെ സ്വര്‍ഗം നഷ്ടപ്പെടുത്താന്‍ തയ്യാറല്ലാത്ത യുവാവായ യൂസുഫ് നബി ജയിലാണ് അല്ലാഹുവെ ധിക്കരിക്കുന്നതിലേറെ തനിക്കുത്തമം എന്ന് മനസ്സിലാക്കി തെരെഞ്ഞെടുക്കുകയാണ് ചെയ്തത്. അതോടൊപ്പം തന്നെ സദാചാരം മുറുകെ പിടിക്കാന്‍ തുണക്കണേ എന്ന് അദ്ദേഹം അല്ലാഹുവോട് കേണപേക്ഷിക്കുകയും ചെയ്യുന്നു. ഹൃദയത്തില്‍ നിന്നുയര്‍ന്ന ആ പ്രാര്‍ഥനക്ക് അല്ലാഹു ഉത്തരം നല്‍കിയെന്നും ഖുര്‍ആന്‍ വിവരിച്ചു തരുന്നു. എത്ര മഹത്തായ ദൗത്യമാണ് ഇസ്‌ലാമില്‍ യുവാക്കള്‍ നിര്‍വഹിച്ചതെന്ന് ഇസ്‌ലാമിക ചരിത്രം പരിശോധിക്കുമ്പോള്‍ മനസ്സിലാകുന്ന കാര്യമാണ്.

അല്ലയോ യുവാക്കളേ.. നിങ്ങള്‍ക്ക് മഹത്തായ ഒരു ദൗത്യം നിറവേറ്റാനുണ്ട്. ഇസ്‌ലാമിന് വേണ്ടി ജീവിച്ച് മരിച്ച നമ്മുടെ പൂര്‍വികരുടെ കുലീനമായ പാരമ്പര്യം കാത്തുസൂക്ഷിക്കാന്‍ ബാധ്യതയുള്ളവരാണ് നാം. നമ്മുടെ യുവാക്കള്‍ വഴിയാധാരമാവാതിരിക്കാന്‍ മാതാപിതാക്കളും കാരണവന്‍മാരും നേതാക്കളും ശ്രദ്ധിക്കണം. ശരിയായ ലക്ഷ്യം കാണിച്ചു കൊടുത്ത് സമൂഹത്തിന്റെ സമുദ്ധാരണത്തിന് വേണ്ടി അവരെ സജ്ജരാക്കുക.

യുവത്വത്തിന്റെ പ്രതീകമായി ഖുര്‍ആന്‍ അവതരിപ്പിക്കുന്ന പ്രവാചകനാണ് ശൈശവത്തില്‍ തന്നെ നുബുവത്ത് നല്‍കപ്പെട്ട യഹ്‌യാ നബി(അ). ഖുര്‍ആന്‍ വിവരിക്കുന്നു: ‘അല്ലയോ യഹ്‌യാ, വേദം മുറുകെപ്പിടിച്ചുകൊള്ളുക. നാം അദ്ദേഹത്തെ ബാല്യത്തില്‍തന്നെ `ഹുക്മ്` കൊണ്ടനുഗ്രഹിച്ചു. നമ്മുടെ പക്കല്‍നിന്നുള്ള ദയാവായ്പും പരിശുദ്ധിയും പ്രദാനംചെയ്തു. അദ്ദേഹം വളരെ ഭക്തനും മാതാപിതാക്കളെ നന്നായി പരിചരിക്കുന്നവനുമായിരുന്നു. ക്രൂരനായ ധിക്കാരിയായിരുന്നില്ല.’ (19:12-14) സൂറത്തുല്‍ കഹ്ഫ് നമുക്ക് വിവരിച്ചു തരുന്നതും സന്മാര്‍ഗത്തിന്റെ പാതയില്‍ അടിയുറച്ച് നിലകൊണ്ട യുവാക്കളുടെ ചരിത്രമാണ്. മൂസാ നബി(അ) വിശ്വസിച്ചിരുന്നവര്‍ അവരിലെ ചെറുപ്പക്കാരായിരുന്നുവെന്നും ഖുര്‍ആന്‍ വിവരിക്കുന്നത് കാണാം. അല്ലാഹു പറയുന്നു: ‘മൂസായെ അദ്ദേഹത്തിന്റെ ജനത്തിലെ ഏതാനും യുവാക്കളല്ലാതെ ആരും അംഗീകരിച്ചില്ല.’ (10:83) നാല്‍പത് വയസ്സു മുതല്‍ 63 വയസ്സ് വരെ പ്രവാചകന്‍ മുഹമ്മദ് നബി(സ) അല്ലാഹുവിന്റെ ദീനിന് വേണ്ടി മാത്രമാണ് ജീവിച്ചത്. അതല്ലാത്ത മറ്റൊരു ലക്ഷ്യവും അദ്ദേഹത്തിന്റെ ജീവിതത്തിനുണ്ടായിരുന്നില്ല. ഒരിക്കല്‍ ആകാശത്തേക്ക് തലയുയര്‍ത്തി കൊണ്ട് പ്രവാചകന്‍(സ) പറഞ്ഞു: ആകാശത്തിന്റെ കാവല്‍ക്കാരാണ് നക്ഷത്രങ്ങള്‍. നക്ഷത്രങ്ങള്‍ പൊലിഞ്ഞാല്‍ ആകാശത്തിന് താക്കീത് നല്‍കപ്പെട്ടത് വന്ന് ഭവിക്കും. ഞാന്‍ എന്റെ സഹാബികള്‍ക്ക് കാവല്‍ക്കാരനാണ്, ഞാന്‍ പോയാല്‍ എന്റെ സഹാബികള്‍ക്ക് താക്കീത് നല്‍കപ്പെട്ട വിപത്തുകള്‍ വന്നണയാം. എന്റെ സഹാബത്ത് എന്റെ സമുദായത്തിന്റെ കാവല്‍ക്കാരാണ്, അവര്‍ മരിച്ചു പോയാല്‍ മുന്നറിയിപ്പ് നല്‍കപ്പെട്ട കാര്യങ്ങള്‍ വന്നു ഭവിക്കും.’ പില്‍ക്കാലത്ത് ഈ സമുദായത്തിന്റെ കാവല്‍ക്കാരായി ജീവിച്ചവരാണ് പരിഷ്‌കര്‍ത്താക്കള്‍. ഇക്കാലത്ത് അതിന്റെ കാവല്‍ക്കാരായി മാറേണ്ടവരാണ് നാം.
(2015 ജനുവരി 30-ന് കോഴിക്കോട് ലുഅ്‌ലുഅ് മസ്ജിദില്‍ നടത്തിയ ജുമുഅ ഖുതുബയുടെ സംഗ്രഹം)

തയ്യാറാക്കിയത് : നസീഫ്‌

Related Articles