Current Date

Search
Close this search box.
Search
Close this search box.

തടസ്സങ്ങള്‍ എന്നും ഒന്നു തന്നെ

blockade.jpg

പരമമായ സ്‌നേഹം അല്ലാഹുവിന് സമര്‍പ്പിച്ചവനാണ് മുഅ്മിന്‍. അവന്‍ ആരെയെല്ലാം സ്‌നേഹിക്കുന്നുണ്ടെങ്കിലും അതിന്റെ അടിസ്ഥാനം അല്ലാഹുവോടുള്ള സ്‌നേഹമായിരിക്കും. സത്യവിശ്വാസി ഒരാളെ സ്‌നേഹിക്കുന്നത് അല്ലാഹുവിന്റെ പ്രീതിക്ക് വേണ്ടിയാകുന്നത് പോലെ ആരെയെങ്കിലും വെറുക്കുന്നുവെങ്കില്‍ അതും അല്ലാഹുവിന് വേണ്ടിയായിരിക്കും. ഈ രൂപത്തില്‍ അല്ലാഹുവെ സ്‌നേഹിക്കുന്നവരെയാണ് അല്ലാഹു സ്‌നേഹിക്കുന്നതെന്ന് വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നു. ‘നിങ്ങള്‍ യഥാര്‍ഥത്തില്‍ അല്ലാഹുവിനെ സ്‌നേഹിക്കുന്നുവെങ്കില്‍ എന്നെ പിന്തുടരുവിന്‍. അല്ലാഹു നിങ്ങളെ സ്‌നേഹിക്കുന്നതാകുന്നു.’ (3: 31)

സൃഷ്ടികള്‍ക്കും സ്രഷ്ടാവിനും ഇടയിലുള്ള സ്‌നേഹത്തിനിടക്ക് തടസ്സമായി നിന്ന കാര്യങ്ങള്‍ എന്നും ഒന്നായിരുന്നു എന്ന് പ്രമാണങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കും. ഹിജ്‌റ ഉപേക്ഷിച്ചവരെ കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ അവര്‍ക്ക് തടസ്സമായി നിന്ന കാര്യങ്ങളെ കുറിച്ച് പരാമര്‍ശിക്കുന്നത് കാണുക: ‘നിങ്ങളുടെ പിതാക്കളും സന്താനങ്ങളും സഹോദരന്മാരും ഭാര്യമാരും ബന്ധുജനങ്ങളും നിങ്ങള്‍ സമ്പാദിച്ചുവെച്ച മുതലുകളും മുടങ്ങിപ്പോകുമെന്ന് ഭയപ്പെടുന്ന വ്യാപാരങ്ങളും ഇഷ്ടപ്പെടുന്ന ഭവനങ്ങളുമാണ്, അല്ലാഹുവിനെക്കാളും അവന്റെ ദൂതനെക്കാളും അവന്റെ മാര്‍ഗത്തിലുള്ള സമരത്തെക്കാളും ഏറെ നിങ്ങള്‍ക്ക് പ്രിയങ്കരമെങ്കില്‍ കാത്തിരുന്നുകൊള്ളുക, അല്ലാഹു അവന്റെ കല്‍പന നടപ്പിലാക്കാന്‍ പോകുന്നു.’ (9: 24)

മേല്‍ സൂക്തത്തില്‍ അല്ലാഹു എണ്ണിപ്പറഞ്ഞിട്ടുള്ള കാര്യങ്ങളായിരുന്നു അന്ന് ഹിജ്‌റ ചെയ്യാന്‍ വിസ്സമ്മതിച്ച് മാറി നിന്നവര്‍ക്ക് തടസ്സമായിരുന്നത്. ഇന്നും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പരിശ്രമിക്കാന്‍ മനുഷ്യന് തടസ്സം അവ തന്നെയാണ്. മാതാപിതാക്കളോടും ഭാര്യയോടും മക്കളോടും ബന്ധുക്കളോടുമെല്ലാം ഉള്ള സ്‌നേഹം അല്ലാഹുവിനോടുള്ള സ്‌നേഹത്തെ കവച്ചു വെക്കുന്നു. അതുകൊണ്ടു തന്നെ അവരെ തൃപ്തിപ്പെടുത്താന്‍ അല്ലാഹുവിന്റെ അതൃപ്തി അല്‍പമൊക്കെ ആവാം എന്ന നിലപാടിന് മനസ്സിനെ പാകപ്പെടുത്തുകയാണ്. അപ്രകാരം നമ്മെ ഏറെ അസ്വസ്ഥപ്പെടുത്തുന്ന കാര്യമാണ് ഉപജീവന മാര്‍ഗത്തെ കുറിച്ച വ്യാധി. കുറച്ച് സമയം അല്ലാഹുവിന്റെ ദീനിന് വേണ്ടി മാറ്റി വെച്ചാല്‍ തന്റെ വരുമാനത്തില്‍ അത് വരുത്തുന്ന കുറവിനെ കുറിച്ചാണ് പലരും ഉത്കണ്ഠപ്പെടുന്നത്. എന്നാല്‍ വിഭവങ്ങള്‍ നല്‍കുന്നതും തടയുന്നതും അല്ലാഹുവാണെന്നത് നാം വിസ്മരിച്ചു പോകുന്നു.

സ്വന്തത്തേക്കാള്‍ അല്ലാഹുവിനെയും അവന്റെ ദൂതനെയും സ്‌നേഹിക്കാത്തവന്റെ വിശ്വാസമാണ് ചോദ്യം ചെയ്യപ്പെടുന്നതെന്ന് ഹദീഥുകള്‍ നമ്മെ പഠിപ്പിക്കുന്നു. അല്ലാഹുവിനേക്കാള്‍ പ്രിയപ്പെട്ടതായി മറ്റെന്തെങ്കിലും ഒരാളുടെ ജീവിതത്തിലുണ്ടെങ്കില്‍ അവന്റെ വിശ്വാസത്തിന്റെ വൈകല്യത്തെയാണത് ചൂണ്ടിക്കാണിക്കുന്നത്. അങ്ങനെയുള്ള വൈകല്യങ്ങള്‍ തിരിച്ചറിയുന്ന നിമിഷം അത് തിരുത്തുന്നവനാണ് സത്യവിശ്വാസി.

Related Articles