Current Date

Search
Close this search box.
Search
Close this search box.

ടാക്‌സി യാത്രക്കിടയിലെ തൗബ

pray1.jpg

മറ്റൊരു ജോലി കിട്ടുന്നത് വരെ, 2004 ന്നും 2008 ന്നുമിടയില്‍, താല്‍ക്കാലികം, ഒരു ടാക്‌സി ഡ്രൈവറായി ഞാന്‍ ജോലി നോക്കിയിരുന്നു. ഒരു ദിവസം, ഈജിപ്തിലെ അലക്‌സാണ്ട്രിയന്‍ തെരുവീതികളിലൂടെ ഞാന്‍ ടാക്‌സി ഓടിച്ചു കൊണ്ടിരിക്കുകയാണ്. ശൈഖ് മിശാറി റാശിദ്, സൂറത്തുല്‍ ഹദീദിലെ ചില വാക്യങ്ങള്‍ പാരായണം ചെയ്യുന്നത്, ഞാന്‍ ശ്രവിച്ചു കൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്നാണ് അറുപതുകളിലുള്ള ഒരാള്‍ വണ്ടി നിറുത്തിച്ചത്.

‘കര്‍മൂസി’ലൊന്നു പൊകാമോ?’

അയാള്‍ അന്വേഷിച്ചു. അലക്‌സാണ്ട്രിയയിലെ ഒരു പരിസര പ്രദേശമായിരുന്നു അത്. അദ്ദേഹം കാറില്‍ കയറി. കര്‍മൂസ് ലക്ഷ്യം വെച്ചു വണ്ടി ഓടിക്കൊണ്ടിരിക്കുകയാണ്. ശ്രദ്ധ മുഴുവന്‍ റോഡിലാണ് കേന്ദ്രീകരിച്ചിരുന്നതെങ്കിലും, അയാള്‍ വളരെ അസ്വസ്ഥനാകുന്നത് ഞാന്‍ ശ്രദ്ധിച്ചു. കാല്‍ മുട്ടുകള്‍ വിറപ്പിക്കുന്നു; കൈകള്‍ പരസ്പരം ഉരസുന്നു; ഓഡിയോ പ്ലെയറിലേക്ക് ഇടക്കിടെ നോക്കുന്നു. ഇതിനിടയിലാണ്, ശൈഖ് റാശിദിന്റെ പാരായണം എത്തിയത്:

‘വിശ്വാസികള്‍ക്ക് അവരുടെ ഹൃദയങ്ങള്‍ അല്ലാഹുവിനെ പറ്റിയുള്ള സ്മരണയിലേക്കും, അവതരിച്ചു കിട്ടിയ സത്യത്തിലേക്കും കീഴൊതുങ്ങുവാനും തങ്ങള്‍ക്ക്ി മുമ്പ് വേദഗ്രന്ഥം നല്കിപ്പെട്ടവരെപ്പോലെ ആകാതിരിക്കുവാനും സമയമായില്ലേ? അങ്ങനെ ആ വേദക്കാര്‍ക്ക്  കാലം ദീര്‍ഘിച്ച് പോകുകയും തന്മൂമലം അവരുടെ ഹൃദയങ്ങള്‍ കടുത്തുപോകുകയും ചെയ്തു. അവരില്‍ അധികമാളുകളും ദുര്‍മാര്‍ഗികളാകുന്നു. (57: 16)

ഇവിടെയാണ് യഥാര്‍ത്ഥ കഥ തുടങ്ങുന്നത്. പെട്ടെന്നായിരുന്നു അയാളുടെ കണ്ണുനീര്‍ പൊട്ടി പുറപ്പെട്ടത്. കരച്ചില്‍ അനിയന്ത്രിതമായി. അയാള്‍ നിറുത്തുന്നേയില്ല. അവസാനം, അയാളെ ശാന്തനാക്കുന്നതിന്ന്, വണ്ടി റോഡിന്ന് ഒരു വശത്ത് നിറുത്തേണ്ടി വന്നു. ഞാന്‍ അയാളുമായി സംസാരിച്ചു നോക്കി. പക്ഷെ, മറുപടിയില്ല. കരച്ചിലും സങ്കടവും തുടര്‍ന്നു കൊണ്ടേയിരുന്നു.

ഖുര്‍ആന്‍ പാരായണമാണ് കാരണമെന്ന് കരുതി, പ്ലെയര്‍ ഞാന്‍ ഓഫാക്കി. പക്ഷെ, അവസാന വാക്യം ഒന്നു കൂടി ഓതിക്കാന്‍ അയാള്‍ ആവശ്യപ്പെടുകയായിരുന്നു. ഞാന്‍ അതനുസരിച്ചു. അയാളുടെ നിലവിളി വീണ്ടും തുടങ്ങി. ശൈഖിന്റെ പാരായണം കഴിയുന്നത് വരെ ഈ നില തുടര്‍ന്നു. അവസാനിച്ചപ്പോള്‍ മാത്രമാണ് അയാള്‍ ശാന്തനായത്. അദ്ദേഹം തന്റെ കഥ പറഞ്ഞു.

‘പ്രിയ മകനെ, ക്ഷമിക്കണം. എന്റെ പേര്‍ മുസ്അദ്. എനിക്ക് ഒരു നെഞ്ചു വേദനയുണ്ടായി. മക്കള്‍, അയല്‍ക്കാരനായ ഒരു ഡൊക്ടറുടെ അടുത്ത് ഉടനെ എത്തിച്ചു. ഇതൊരു പതിവായി. ഒരു രാത്രി വേദനയുണ്ടായപ്പോള്‍, പതിവ് പോലെ, അയാളുടെ അടുത്തു കൊണ്ടു പോയെങ്കിലും, അയാള്‍ ഉറക്കം നടിക്കുകയായിരുന്നു. വാതില്‍ തുറന്നില്ല. അതിനാല്‍, മക്കള്‍ മറ്റൊരു പൊതു ആസ്പത്രിയില്‍ എന്നെ കൊണ്ടു പോയി. അത്തരം ആസ്പത്രികളില്‍ യഥാര്‍ത്ഥ ശ്രദ്ധ ലഭിക്കുകയില്ലെന്ന് അറിയാമല്ലോ. എനിക്ക് സുഖമുണ്ടെന്ന് ഞാന്‍ കുട്ടികളൊട് പറഞ്ഞു. സത്യത്തില്‍, അവര്‍ ഉടനെ വീട്ടില്‍ പോവുകയായിരുന്നു എന്റെ ആവശ്യം. രാവിലെ ജോലിയുള്ളവരാണ്. അത് നഷ്ടപ്പെടുത്തിക്കൂടാ. വീട്ടില്‍ പോയതോടെ വേദന കലശലായി. വീട് വിട്ട ഞാന്‍ ‘മുഹമ്മദീയ’ (അലക്‌സാണ്ട്രിയയിലെ ഒരു പഴയ കനാല്‍) യുടെ ഒരു വശത്ത് ഇരുന്നു. മണിക്കൂറുകളൊളം അല്ലാഹുവോട് ഞാന്‍ പ്രാര്‍ത്ഥിച്ചു. എന്റെ ഹൃദ്രോഗം സുഖപ്പെടുത്താന്‍ ഞാന്‍ ആത്മാര്‍ത്ഥമായി അവനോട് യാചിച്ചു. കണ്ണുനീരോടെ ഞാന്‍ പറഞ്ഞു:

‘അല്ലാഹുവേ, ഞാന്‍ നമസ്‌കരിക്കാത്തതിനാലാണ് നീ എന്നെ രോഗിയാക്കിയിരിക്കുന്നത്. ദയവായി, എന്നെ സുഖപ്പെടുത്തേണമേ. മേലാല്‍, ഒരു റക്അത്തും ഞാന്‍ നഷ്ടപ്പെടുത്തുകയില്ല.’ വേദനകള്‍ വര്‍ധിച്ചു. കരഞ്ഞു കൊണ്ട് ഞാന്‍ പൊട്ടിത്തെറിച്ചു: ‘നിറുത്തൂ, അത്. എന്നോട് സഹതാപം തോന്നുന്നില്ലേ?’
കുറച്ചു കഴിഞ്ഞപ്പോള്‍, അല്പം ആശ്വാസം തോന്നി. ഞാന്‍ ഉറങ്ങാന്‍ പോയി. ഉണര്‍ന്നപ്പോള്‍ വളരെ ആശ്വാസമായിരുന്നു. അന്നു മുതല്‍ ആ വേദന എനിക്കുണ്ടായിട്ടില്ല. പക്ഷെ, ഒരു ‘റക്അത്ത്’ പോലും ഞാന്‍ നമസ്‌കരിച്ചിരുന്നില്ല.

നിങ്ങള്‍ ഈ ഖുര്‍ആന്‍ പാരായണം കേള്‍പ്പിച്ചപ്പോള്‍, അല്ലാഹു എന്നോട് നേരിട്ടു സംസാരിക്കുന്നതായാണ് എനിക്ക് തോന്നിയത്. നമസ്‌കാരം ഉപേക്ഷിച്ചതിന്റെ പേരില്‍ അവന്‍ എന്നെ താക്കീത് ചെയ്യുകയാണ്. അവന്‍ വീണ്ടും ഹൃദ്രോഗം വഴി എന്നെ പീഡിപ്പിക്കുമെന്ന് ഭയന്നത് കൊണ്ടാണ് ഞാന്‍ കരഞ്ഞതെന്നു നിങ്ങള്‍ കരുതിയോ? അല്ലാഹുവാണെ, കാര്യം അതല്ല. എനിക്ക് വല്ലായ്മയും ലജ്ജയും തോന്നി. അല്ലാഹു എന്റെ ആവശ്യം നിറവേറ്റിത്തന്നു. പക്ഷെ, ഞാന്‍ ഒരിക്കലും എന്റെ വാക്കു പാലിച്ചില്ല.’

വിവ : കെ.എ. ഖാദര്‍ ഫൈസി

Related Articles