Current Date

Search
Close this search box.
Search
Close this search box.

ജീവിത വിഭവങ്ങളിലെ ശുഭപ്രതീക്ഷ

hope.jpg

ഭരമേല്‍പ്പിക്കലിന്റെ (തവക്കുല്‍) മേഖലകള്‍ വിശാലമാണ്. സൃഷ്ടികള്‍ ആഗ്രഹിക്കുകയും അന്വേഷിക്കുകയും ചെയ്യുന്ന എല്ലാ കാര്യങ്ങളുമായും അതിന് ബന്ധമുണ്ട്. ഐഹികാര്യങ്ങളിലും ലൗകികമായ തേട്ടങ്ങളിലും ഇത് സ്വാധീനം ചെലുത്തും. എന്നാല്‍ സാധാരണ ആളുകള്‍ തവക്കുല്‍ എന്ന് പറയുമ്പോള്‍ ഊന്നല്‍ നല്‍കാറ് വിഭവങ്ങളുടെ കാര്യത്തിലുള്ള ഭരമേല്‍പിക്കലാണ്. മനുഷ്യനും ഭൂമിയിലെ മറ്റെല്ലാ സൃഷ്ടികള്‍ക്കും വേണ്ട വിഭവങ്ങള്‍ അല്ലാഹു കൃത്യമായി ഭൂമിയില്‍ ഒരുക്കി വെച്ചിട്ടുണ്ട്. അല്ലാഹു പറയുന്നു: ‘ഭൂമിയിലെ എല്ലാ ജീവജാലങ്ങളുടെയും ആഹാരച്ചുമതല അല്ലാഹുവിനാണ്. അവ എവിടെക്കഴിയുന്നുവെന്നും അവസാനം എവിടെക്കാണെത്തിച്ചേരുന്നതെന്നും അവനറിയുന്നു. എല്ലാം സുവ്യക്തമായ ഒരു ഗ്രന്ഥത്തിലുണ്ട്.’ (11:6) ‘എത്രയെത്ര ജീവികളുണ്ട്. അവയൊന്നും തങ്ങളുടെ അന്നം ചുമന്നല്ല നടക്കുന്നത്. അല്ലാഹുവാണ് അവയ്ക്കും നിങ്ങള്‍ക്കും ആഹാരം നല്‍കുന്നത്. അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്.’ (29:60)
ആരെങ്കിലും അല്ലാഹുവിന്റെ പ്രതിഫലം ഉദ്ദേശിച്ചുകൊണ്ട് നല്ല മാര്‍ഗത്തില്‍ ചെലവഴിക്കുകയാണെങ്കില്‍ അതും അയാളുടെ വിഭവങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമാക്കുമെന്ന് ഖുര്‍ആന്‍ പഠിപ്പിച്ചിട്ടുണ്ട്. അല്ലാഹു പറയുന്നു: ‘പറയുക: ‘എന്റെ നാഥന്‍ തന്റെ ദാസന്മാരില്‍ അവനിച്ഛിക്കുന്നവര്‍ക്ക് വിഭവങ്ങളില്‍ വിശാലത വരുത്തുന്നു. അവനിച്ഛിക്കുന്നവര്‍ക്ക് ഇടുക്കമുണ്ടാക്കുന്നു. നിങ്ങള്‍ സത്യമാര്‍ഗത്തില്‍ ചെലവഴിക്കുന്ന എന്തിനും അവന്‍ പകരം നല്‍കും. അന്നം നല്‍കുന്നവരില്‍ അത്യുത്തമനാണവന്‍.’ (34:39)

ഇമാം ഗസ്സാലി തന്റെ ‘മിന്‍ഹാജുല്‍ ആബിദീന്‍’ (ദൈവഭക്തരുടെ മാര്‍ഗം) എന്ന ഗ്രന്ഥത്തില്‍ പറയുന്നു: ദൈവമാര്‍ഗത്തിലുള്ള ത്യാഗ പരിശ്രമങ്ങളര്‍പ്പിക്കുന്നതില്‍ നിന്ന് മനുഷ്യന് വിഘ്‌നം സൃഷ്ടിക്കുന്ന പലകാര്യങ്ങളുമുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ് ജീവിതവിഭവങ്ങള്‍ (റിസ്ഖ്) തേടുക എന്നത്. അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുന്നതിലൂടെ ഈ തടസ്സത്തെ മറികടക്കുന്നവര്‍ക്കേ ദൈവമാര്‍ഗത്തില്‍ ആത്മാര്‍ഥമായി പണിയെടുക്കാന്‍ സാധിക്കുകയുള്ളൂ.’
ജനങ്ങളുടെ സുപ്രധാനമായ പരിഗണനയും അധ്വാനവും ഇന്ന് ചെലവഴിക്കപ്പെടുന്നത് ജീവിതവിഭവങ്ങള്‍ തേടുന്നതിലാണ്. അതുപോലെ അവന്‍ മരണത്തെ പേടിക്കുകയും ചെയ്യുന്നു. എന്നാല്‍ അല്ലാഹുവില്‍ വേണ്ട രീതിയില്‍ ഭരമേല്‍പ്പിക്കുന്ന ആളുകള്‍ക്ക് ഈ രണ്ട് പ്രശ്‌നങ്ങളെയും നിഷ്പ്രയാസം മറികടക്കാനാകും. ജീവിത വിഭവങ്ങള്‍ അല്ലാഹു വിഭജിച്ച് വീതിച്ച് തന്നിട്ടുണ്ടെന്ന് അവന്‍ മനസ്സിലാക്കുന്നു. മരണം സുനിശ്ചിതമാണെന്നും അവര്‍ തിരിച്ചറിയുന്നു. ഒരാള്‍ക്കും തനിക്കുള്ള വിഭവത്തില്‍ നിന്ന് അണുമണിത്തൂക്കം കുറക്കാനാവില്ലെന്നും തന്റെ മരണം ഒരു സെക്കന്റ് പോലും നേരത്തെയാക്കാനാവില്ലെന്നും അവന്‍ മനസ്സിലാക്കുന്നു.
വിഭവങ്ങള്‍ തേടുന്നതില്‍ അശ്രദ്ധനാവുകയെന്നതല്ല തവക്കുലിന്റെ അര്‍ഥം. പക്ഷെ അതിനായി കഠിനാധ്വനവും പരിശ്രമങ്ങളും നടത്തണം. പക്ഷെ ആരും തന്റെ വിഭവവും അന്നവും ഭക്ഷിക്കില്ലെന്നതില്‍ അവന്‍ മനസ്സമാധാനമുള്ളവനാകണം. അതുപോലെ ഞാനെന്ത് ചെയ്താലും മറ്റൊരാളുടെ വിഭവം എനിക്ക് തിന്നാനാവില്ലെന്നും അവന്‍ തിരിച്ചറിയണം. തനിക്ക് നല്‍കാനായി അല്ലാഹു വിധിച്ച നന്മ അത് ഒരിക്കലും തെറ്റിപ്പോകില്ലെന്നും തനിക്ക് നഷ്ടപ്പെടാന്‍ വിധിക്കപ്പെട്ടത് ഒരിക്കലും നേടാനാവില്ലെന്നും ഒരാള്‍ മനസ്സിലാക്കണം.

ജാഹിലിയ്യാ അറബികള്‍ ഈ യാഥാര്‍ഥ്യം മനസ്സിലാക്കാത്തവരായിരുന്നു. അവര്‍ ദാരിദ്രം ഭയന്നുകൊണ്ട് തങ്ങളുടെ മക്കളെ സ്വന്തം കൈകള്‍ക്കൊണ്ട് കെല്ലുകയെന്ന നീചകൃത്യം സ്ഥിരമായി ചെയ്യാറുണ്ടായിരുന്നു. ഓരോ മനുഷ്യപുത്രനുമുള്ള വിഭവങ്ങളും ഭക്ഷണവും അവന്റെ കൂടെ തന്നെ വരുന്നുണ്ടെന്ന സത്യം തിരിച്ചറിയാതെയാണ് തങ്ങളുടെ ഭക്ഷണം മക്കള്‍ തട്ടിയെടുക്കുമെന്ന് അവര്‍ വിശ്വസിച്ചിരുന്നത്. അല്ലാഹു ഈ സത്യം വ്യക്തമാക്കുന്നത് കാണുക: ‘ദാരിദ്യ്രം കാരണം നിങ്ങള്‍ നിങ്ങളുടെ കുട്ടികളെ കൊല്ലരുത്; നിങ്ങള്‍ക്കും അവര്‍ക്കും അന്നം തരുന്നത് നാമാണ്.’ (6:151) ‘പട്ടിണി പേടിച്ച് നിങ്ങള്‍ നിങ്ങളുടെ കുട്ടികളെ കൊല്ലരുത്. അവര്‍ക്കും നിങ്ങള്‍ക്കും അന്നം നല്‍കുന്നത് നാമാണ്. അവരെ കൊല്ലുന്നത് കൊടിയകുറ്റം തന്നെ.’ (17:31)
ഇസ്‌ലാം ഇത്തരം നീചവൃത്തകളെ ഇല്ലാതാക്കി. അല്ലാഹുവാണ് എല്ലാവര്‍ക്കും വിഭവങ്ങള്‍ നല്‍കുന്ന സര്‍വ്വശക്തന്‍ എന്ന് ജനങ്ങളെ അത് പഠിപ്പിച്ചു. നാഥന്റെ ഖജനാവ് നിറഞ്ഞതാണെന്നും അതൊരിക്കലും വറ്റുകയില്ലെന്നും ജനങ്ങളെ ബോധ്യപ്പെടുത്തി. അല്ലാഹു പറയുന്നു: ‘ആകാശഭൂമികളുടെ ഖജനാവുകള്‍ അല്ലാഹുവിന്റേതാണ്. പക്ഷേ, കപട വിശ്വാസികള്‍ ഇത് മനസ്സിലാക്കുന്നില്ല.’ (63:7)

വിവ: ജുമൈല്‍ കൊടിഞ്ഞി

Related Articles