Current Date

Search
Close this search box.
Search
Close this search box.

ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട നിമിഷങ്ങള്‍

time-seconds.jpg

ഐഹികതയുടെ ആസ്വാദനങ്ങളില്‍ മുങ്ങിപ്പോയിരിക്കുന്നവര്‍ കരുതുന്നത് പോലെ നശിച്ചു പോകുന്ന ഐഹികസുഖങ്ങളും വിഭവങ്ങളും പകര്‍ന്നു നല്‍കുന്ന ആനന്ദത്തിന്റെ നിമിഷങ്ങളല്ല അത്. അല്ലാഹുവിന്റെ അടുക്കല്‍ അതിന് ഒരു കൊതുകിന്‍ ചിറകിന്റെ വിലപോലും കല്‍പ്പിക്കപ്പെടുന്നില്ല. സഹ്ല്‍ ബിന്‍ സഅ്ദില്‍ നിന്നുള്ള ഒരു ഹഥീസില്‍ ഇങ്ങനെ കാണാം: ‘ഐഹിക ലോകത്തിന് അല്ലാഹുവിന്റെ അടുക്കല്‍ ഒരു കൊതുകിന്‍ ചിറകിന്റെ വിലയെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ദൈവനിഷേധി അതില്‍ നിന്ന് ഒരിറക്ക് വെള്ളം പോലും കുടിക്കുമായിരുന്നില്ല.’ (തിര്‍മുദി)

രാത്രിയും പകലും നിരന്തരം ധാരാളമായി ആരാധാന കര്‍മങ്ങള്‍ അനുഷ്ടിക്കുന്ന മുസ്‌ലിമിന് പോലും അപൂര്‍വമായി മാത്രം ലഭിക്കുന്ന നിമിഷങ്ങളെ കുറിച്ചാണ് ഞാന്‍ വിവരിക്കുന്നത്. ആരാധനാ കര്‍മങ്ങളും സല്‍പ്രവര്‍ത്തനങ്ങളും ധാരാളമായി ചെയ്യുക എന്നതിലല്ല, മറിച്ച് അത് എങ്ങനെ നിര്‍വഹിക്കുന്നു, എത്രത്തോളം മനസ്സാന്നിദ്ധ്യം അതിലുണ്ട് എന്നതാണ് പ്രധാനമെന്ന പാഠമാണിത് നല്‍കുന്നത്. അല്ലാഹുവിന്റെ അടുക്കല്‍ കര്‍മങ്ങളുടെ മൂല്യം അളക്കുന്നതിനുള്ള മാനദണ്ഡം അതാണ്.

മനസ്സു കൊണ്ടോ ശരീരം കൊണ്ടോ അല്ലാഹുവിന് കീഴ്‌പ്പെടുകയോ ആരാധനകള്‍ അനുഷ്ടിക്കുകയോ ചെയ്യുമ്പോള്‍ അല്ലാഹുവോട് പുലര്‍ത്തുന്ന സത്യസന്ധതയുടെ നിമിഷങ്ങളാണത്. ഇക്കാലത്ത് അത്യപൂര്‍വമായ നാണയമായി മാറിയിരിക്കുന്നു അതെന്ന് പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയാവില്ല. നാം ചെയ്യുന്ന കര്‍മങ്ങളുടെയും ചൈതന്യം ഉറപ്പാക്കുന്നതിന് അതിലുള്ള മാനസികാവസ്ഥ പ്രധാനമാണ്. കര്‍മങ്ങളെ ചൈതന്യം നഷ്ടപ്പെട്ട കേവലം സമ്പ്രദായങ്ങളില്‍ നിന്നും അല്ലാഹുവിനോടുള്ള വിധേയത്വം പ്രകടിപ്പിക്കാനുള്ള സുവര്‍ണാവസരമാക്കി മാറ്റുന്നത് അതാണ്. കര്‍മങ്ങള്‍ അനുഷ്ടിക്കുന്നവര്‍ക്ക് അപ്പോഴാണ് അവയുടെ ഐഹികവും പാരത്രികവുമായ ഫലങ്ങളും അനുഗ്രഹങ്ങളും ആസ്വദിക്കാനാവുക.

ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട നിമിഷങ്ങളെന്ന് അവയെ വെറുതെ വിളിച്ചതല്ല. അതിലെ ഒരു നിമിഷം മനുഷ്യജീവിതത്തിലെ നിരവധി വര്‍ഷങ്ങള്‍ക്ക് തുല്യമാണ്. കുഴിച്ചെടുക്കപ്പെടുന്ന ടണ്‍ കണക്കിന് ഖനിജങ്ങള്‍ക്കിടയില്‍ അമൂല്യമായ ഖനിജം പോലെയാണത്. അല്ലാഹുവോട് സത്യസന്ധത പുലര്‍ത്തുന്ന നിമിഷത്തിന് ഐഹികവും പാരത്രികവുമായ ഫലങ്ങളുണ്ട്. ആ നിമിഷങ്ങളെ അതല്ലാത്ത ജീവിതത്തിലെ നിമിഷങ്ങളോട് താരതമ്യപ്പെടുത്താവതല്ല. അല്ലാഹുവോട് സത്യപുലര്‍ത്തിയതിന്റെ പേരില്‍ മരണത്തില്‍ നിന്നും രക്ഷപ്പെടുത്തപ്പെട്ട മൂന്ന് പേരുടെ ചരിത്രം നബി(സ) നമുക്ക് വിവരിച്ചു തന്നിട്ടുണ്ട്. ഭൗതികമായ എല്ലാ വഴികളും അവര്‍ക്ക് മുന്നില്‍ അടഞ്ഞപ്പോള്‍ അവര്‍ക്ക് രക്ഷയായത് തങ്ങളുടെ ഇച്ഛകള്‍ക്ക് യാതൊരു പങ്കും നല്‍കാത്ത, പ്രകടനപരത കലര്‍ന്നിട്ടില്ലാത്ത, അല്ലാഹുവിന്റെ പ്രീതി മാത്രം ഉദ്ദേശിച്ച് ചെയ്ത പ്രവര്‍ത്തനമാണ് അവരുടെ രക്ഷക്കെത്തിയത്.

നബി(സ)യില്‍ നിന്നും കേട്ടതായി ഇബ്‌നു ഉമര്‍ നിവേദനം ചെയ്യുന്നു: ‘നിങ്ങളുടെ പൂര്‍വികരായ മൂന്ന് ആളുകള്‍ ഒരു വഴിക്കു പുറപ്പെട്ടു. രാത്രി അവര്‍ ഒരു ഗുഹയില്‍ വിശ്രമിച്ചു കൊണ്ടിരിക്കെ മലമുകളില്‍ നിന്നും ഉരുണ്ട് വന്ന ഒരു പാറ ഗുഹാമുഖം മൂടിക്കളഞ്ഞു. നമ്മുടെ സല്‍കര്‍മങ്ങള്‍ മുന്‍നിര്‍ത്തി അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചാലല്ലാതെ ഇവിടെ നിന്നും നമുക്ക് രക്ഷപ്പെടാനാവില്ല എന്ന് അവര്‍ പരസ്പരം അഭിപ്രായപ്പെട്ടു. ഒരാള്‍ പ്രാര്‍ത്ഥിച്ചു: ‘അല്ലാഹുവേ, എനിക്ക് പ്രായം ചെന്ന മാതാപിതാക്കളുണ്ട്. അവര്‍ക്കു നല്‍കുന്നതിനു മുമ്പായി എന്റെ ഭാര്യക്കോ കുട്ടികള്‍ക്കോ ഞാനൊന്നും കൊടുക്കാറില്ല. ഒരു ദിവസം ഞാന്‍ വിറകു തേടിപ്പോയി. മടങ്ങിവരുമ്പോഴേക്ക് അവര്‍ ഉറങ്ങിപ്പോയിരുന്നു. ഞാന്‍ പാലു കറന്നു പാത്രത്തിലാക്കി നോക്കുമ്പോള്‍ അവര്‍ ഉറങ്ങുകയാണ്. എന്നാല്‍ അവര്‍ക്കു മുമ്പായി ഭാര്യക്കോ കുട്ടികള്‍ക്കോ പാല്‍ കൊടുക്കുന്നതും ഞാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. പാത്രം കയ്യില്‍ പിടിച്ചു ഞാന്‍ ഉറക്കമൊഴിച്ചു കാത്തുകിടന്നു. കുട്ടികള്‍ എന്റെ പാദത്തിനരികെ വിശന്ന് കരയുന്നുണ്ടായിരുന്നു. പ്രഭാതം വരെ ഞാന്‍ കാത്തു. മാതാപിതാക്കള്‍ ഉണര്‍ന്നു. അവരെ കുടിപ്പിച്ചു. അല്ലാഹുവേ, നിന്റെ തൃപ്തി ആഗ്രഹിച്ചാണ് ഞാന്‍ ഇങ്ങനെ ചെയ്തതെങ്കില്‍ ഞങ്ങളെ മൂടിയിട്ടുള്ള ഈ പാറ നീക്കേണമേ!’ പാറ അല്‍പം നീങ്ങി. എന്നാല്‍ ആ വിടവിലൂടെ അവര്‍ക്കു പുറത്തു കടക്കാന്‍ പറ്റുമായിരുന്നില്ല.

രണ്ടാമത്തെ ആള്‍ പ്രാര്‍ത്ഥിച്ചു: ‘അല്ലാഹുവേ, എനിക്കൊരു പിതൃവ്യ പുത്രിയുണ്ടായിരുന്നു. ജനങ്ങളില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ടവളായിരുന്നു അവള്‍. പുരുഷന്‍ എങ്ങനെ സ്ത്രീകളെ ഇഷ്ടപ്പെടുമോ അത്ര തീവ്രമായി ഞാന്‍ അവളെ ഇഷ്ടപ്പെട്ടു. അവളുമായി വേഴ്ച നടത്താന്‍ ഞാന്‍ ആഗ്രഹിച്ചു. അവള്‍ വഴങ്ങിയില്ല. അങ്ങനെ കുറെ ചെന്നപ്പോള്‍ ഒരു നാള്‍ ഞാനവള്‍ക്ക് നൂറ്റി ഇരുപത് ദീനാര്‍ നല്‍കി. ഞങ്ങള്‍ വിവസ്ത്രരായി. ഞാനവളെ പ്രാപിക്കാനുള്ള ഒരുക്കത്തില്‍ അവളുടെ കാലുകള്‍ക്കരികെ ഇരുന്നപ്പോള്‍ അവള്‍ പറഞ്ഞു: ‘അല്ലാഹുവെ സൂക്ഷിക്കുക, അവകാശമില്ലാതെ (നിക്കാഹ് വഴി അനുവദനീയമാവാതെ) മുദ്ര പൊട്ടിക്കരുത്.’ ഞാന്‍ അപ്പോള്‍ തന്നെ പിന്‍ വാങ്ങി. അവളാണെങ്കില്‍ ഏറ്റവും പ്രിയപ്പെട്ടവളുമായിരുന്നു. അവള്‍ക്കു നല്‍കിയിരുന്ന പണവും ഞാന്‍ ഉപേക്ഷിച്ചു. അല്ലാഹുവെ, ഞാനിത് ചെയ്തത് നിന്റെ പ്രീതി കാംക്ഷിച്ചു കൊണ്ടാണെങ്കില്‍ ഞങ്ങള്‍ അകപ്പെട്ടതില്‍ നിന്നു ഞങ്ങളെ രക്ഷപ്പെടുത്തുക.’ പാറ അല്‍പം നീങ്ങി. എന്നാല്‍ ആ വിടവിലൂടെ അവര്‍ക്കു പുറത്തു കടക്കാന്‍ കഴിയുമായിരുന്നില്ല.

മൂന്നാമത്തെ ആള്‍ പ്രാര്‍ത്ഥിച്ചു: അല്ലാഹുവെ, ഞാന്‍ കുറെ ജോലിക്കാരെ ജോലിക്കു വിളിച്ചു. പണി കഴിഞ്ഞ് അവര്‍ക്കു കൂലിയും നല്‍കി. എന്നാല്‍ ഒരാള്‍ കൂലി വാങ്ങാതെ പോയി. അവന്റെ കൂലി ഞാന്‍ പരിപോഷിപ്പിച്ചു. അങ്ങനെ വലിയൊരു സമ്പത്തായി മാറി. കുറെ കാലം കഴിഞ്ഞു. പ്രസ്തുത തൊഴിലാളി എന്റെ അടുത്തു വന്നു. അയാള്‍ പറഞ്ഞു: ‘എനിക്കെന്റെ കൂലി തരണം.’ ഞാന്‍ പറഞ്ഞു: ‘ഈ കൊണുന്നതൊക്കെ നിന്റെ കൂലിയാണ്. ഒട്ടകങ്ങളും പശുക്കശും ആടുകളുമൊക്കെ’ അയാള്‍  പറഞ്ഞു: ‘അബ്ദുല്ലാ, എന്നെ കളിയാക്കരുത്’ ഞാന്‍ പറഞ്ഞു: ‘ ഞാന്‍ നിങ്ങളെ കളിയാക്കുകയല്ല.’ അങ്ങനെ അയാളതെല്ലാം സ്വീകരിച്ചു. അതില്‍ നിന്നും ഒന്നും ബാക്കിയാക്കിയില്ല. അല്ലാഹുവെ, ഞാനിത് ചെയ്തത് നിന്റെ പൊരുത്തം ഉദ്ദേശിച്ചാണെങ്കില്‍ ഞങ്ങള്‍ അകപ്പെട്ടതില്‍ നിന്നും ഞങ്ങളെ നീ രക്ഷപ്പെടുത്തേണമേ.’ പാറ നീങ്ങി. അവര്‍ പുറത്തു കടക്കുകയും ചെയ്തു.’

ഈ ഹദീസ് കേള്‍ക്കുകയോ വായിക്കുകയോ ചെയ്യുമ്പോള്‍ എന്റെ മനസ്സിലേക്ക് വരാറുള്ള ചോദ്യമാണ് ആ മൂന്ന് പേരുടെ അവസ്ഥ നമ്മില്‍ ആര്‍ക്കെങ്കിലുമാണ് സംഭവിച്ചിരുന്നെങ്കില്‍ എന്ത് മുന്‍നിര്‍ത്തിയാണ് പ്രാര്‍ഥിക്കുക? കഠിനമായ പ്രതിസന്ധികളില്‍ അല്ലാഹുവിനോട് തേടാന്‍ അല്ലാഹുവിന്റെ പ്രീതി മാത്രം ഉദ്ദേശിച്ച് ചെയ്ത എന്ത് കര്‍മമാണ് നമുക്കുള്ളത്? നാം ഓരോരുത്തരുടെയും ജീവിതത്തില്‍ അല്ലാഹുവോട് സത്യസന്ധത പുലര്‍ത്തിയ എത്ര നിമിഷങ്ങളാണുള്ളത്? കര്‍മങ്ങളുടെ ആധിക്യത്തിനിടയിലും അത്തരം ഏറ്റവും വിലപ്പെട്ട നിമിഷങ്ങള്‍ അന്യമായി പോകുകയാണ്. അല്ലാഹുവോടുള്ള ആത്മാര്‍ഥതയുടെ ഫലമായി ലഭിക്കുന്ന അനുഗ്രങ്ങള്‍ നമുക്ക് എണ്ണിത്തിട്ടപ്പെടുത്താനാവില്ല. പ്രതിസന്ധി ഘട്ടങ്ങളില്‍ പ്രാര്‍ഥനക്ക് ലഭിക്കുന്ന ഉത്തരം തന്നെ അതിന് മതിയായ ഫലമാണ്. പ്രയാസമനുഭവിക്കുന്നവന്‍ പ്രാര്‍ഥിക്കുമ്പോള്‍ അതിനുത്തരം നല്‍കുകയും ദുരിതങ്ങളകറ്റുകയും ചെയ്യുന്നത് അല്ലാഹുവാണ് (ഖുര്‍ആന്‍: 27: 62) എന്നാല്‍ അല്ലാഹുവോട് സത്യസന്ധതയും ആത്മാര്‍ഥതയും പുലര്‍ത്തിയവര്‍ക്കാണ് ഉത്തരം നല്‍കപ്പെടുക.

വിവ: നസീഫ്

Related Articles