Current Date

Search
Close this search box.
Search
Close this search box.

ജീവിതഗന്ധിയായ വിജ്ഞാനം

key.jpg

ഈ ഉമ്മത്തിന്റെ ആദ്യ തലമുറ സംസ്‌കരിക്കപ്പെട്ട വഴിയിലൂടെയല്ലാതെ അവസാന തലമുറയും സംസ്‌കരിക്കപ്പെടുകയില്ല. യഥാര്‍ഥ വിജയം അല്ലാഹുവിങ്കല്‍ നിന്നാണ്. ദീനിന്റെ സംസ്ഥാപനത്തിന് വേണ്ടി പ്രവര്‍ത്തിക്കുമ്പോഴാണ് അല്ലാഹു പ്രസ്തുത വിജയം മുസ്‌ലിംകള്‍ക്ക് പ്രദാനം ചെയ്യുക. ഈ മാര്‍ഗത്തില്‍ സമ്പത്ത് കൊണ്ടും ശരീരം കൊണ്ടും സമര്‍പ്പണസന്നദ്ധരായി മുന്നോട്ട് വരികയും യുക്തിയോടും സദുപദേശത്തോടും കൂടി പ്രബോധനം ചെയ്യുകയും ചെയ്യണം. നാം പ്രതാപവും ശക്തിയും വീണ്ടെടുക്കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ മരണഭയത്തില്‍ നിന്നും ഭൗതികാസക്തിയില്‍ നിന്നും മുക്തമായി സ്വയം മാറ്റിപ്പണിയാന്‍ നാം സന്നദ്ധമാകേണം. സത്യസന്ധരായി അല്ലാഹുവിന്റെ മാര്‍ഗത്തില്‍ മുന്നിട്ടിറങ്ങുകയും വേണം.

എന്നാല്‍ ഇന്ന് നമ്മുടെ അവസ്ഥ അല്ലാഹുവിന്റെ തൃപ്തിക്ക് വിധേയമല്ലാത്തതും അവനില്‍ നിന്ന് വിജയം പ്രതീക്ഷിക്കപ്പെടാന്‍ കഴിയാത്തതുമാണ്. ഒരു വിദ്യാര്‍ഥിയുടെ അവസ്ഥ പരിശോധിക്കുകയാണെങ്കില്‍ അവന്‍ ആഗ്രഹിക്കുന്നത് ജനങ്ങളില്‍ ഉത്തമനാകാനാണ്. അതിനായി ഇരുപതിലധികം വര്‍ഷം അവന്‍ പഠനത്തില്‍ ചിലവഴിക്കുന്നു. എന്നാല്‍ കോഴ്‌സ് പൂര്‍ത്തിയാക്കി തിരിച്ചുവന്നാല്‍ മറ്റുള്ളവരില്‍ നിന്നും അവന്റെ നടത്തത്തിലോ രൂപത്തിലോ സംസാരത്തിലോ  ഒരു സവിശേഷതയും കാണുന്നുമില്ല. ഇതാണ് മിക്ക വിദ്യാര്‍ഥികളുടെയും അവസ്ഥ. ഇതിന്റെ യഥാര്‍ഥ കാരണം അവര്‍ വിദ്യയഭ്യസിക്കുന്നത് അതിനനുസൃതമായി പ്രവര്‍ത്തിക്കാനോ അല്ലാഹുവിന്റെ സാമീപ്യം പ്രതീക്ഷിച്ചോ അല്ല എന്നുള്ളതാണ്. അവര്‍ ഭൗതികമായ നേട്ടങ്ങളാണ് ആഗ്രഹിക്കുന്നത്. അല്ലാഹുവിന്റെ പ്രകാശവും അനുഗ്രഹവും അവര്‍ നിസ്സാരമായിക്കാണുകയും ചെയ്യുന്നു. ഇതാണ് വിജ്ഞാന സമ്പാദനത്തിനിറങ്ങുന്നവരുടെ അവസ്ഥയെങ്കില്‍ മറ്റു ജനങ്ങളുടെ അവസ്ഥ എന്തായിരിക്കും. ഇതിനാലാണ് നാം അനൈക്യത്തിലും ഭിന്നിപ്പിലുമായി ഒഴുക്കിലെ ചപ്പുചവറുകളെ പോലെയായിത്തീര്‍ന്നത്.

ഇബ്‌നു മസ്ഊദ് (റ) പറഞ്ഞു. വിജ്ഞാനമാര്‍ജിച്ചവര്‍ അതിനെ സംരക്ഷിക്കുകയും സമൂഹത്തിനിടയില്‍ തങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ ഭംഗിയായി നിര്‍വഹിക്കുകയുമാണെങ്കില്‍ അതിനാല്‍ തന്നെ അവര്‍ക്ക് കാലത്തെ നയിക്കാന്‍ കഴിയും. മറിച്ച്, ഈ വിജ്ഞാനം ഭൗതിക ലക്ഷ്യത്തിനായി വിനിമയം ചെയ്യുകയാണെങ്കില്‍ അതുകാരണം അവരുടെ സ്ഥാനം നഷ്ടപ്പെടുകയും നിന്ദ്യരായിത്തീരുകയും ചെയ്യും’. സലഫുകളില്‍ പെട്ട അബൂ ഖലാബ പറയുന്നു. അല്ലാഹു നിനക്ക് വല്ല നൂതന വിജ്ഞാനവും നല്‍കിയാല്‍ അതിനനുസരിച്ച് ഇബാദതുകള്‍ അര്‍പിക്കുക. സഹാബികള്‍ വിശുദ്ധ ഖുര്‍ആനിലെ പത്ത് സൂക്തങ്ങള്‍ പഠിച്ചാല്‍ അത് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ പരിശ്രമിക്കുമായിരുന്നു. അറിവ് പഠിക്കാന്‍ പരിശ്രമിച്ചതുപോലെ പ്രായോഗികമാക്കാനും അവര്‍ പരിശ്രമിച്ചിരുന്നു.
അബ്ദുല്ലാഹിബ്‌നു അബ്ബാസ് വിവരിക്കുന്നു. വിജ്ഞാന വാഹകര്‍ തങ്ങളുടെ ഉത്തരവാദിത്തം യഥാവിധി നിര്‍വഹിച്ചെങ്കില്‍ അല്ലാഹുവും മലക്കുകളും സജ്ജനങ്ങളും ജനങ്ങളും അവരെ ഇഷ്ടപ്പെടും. എന്നാല്‍ അറിവ് കൊണ്ട് ഭൗതികവിഭവങ്ങളാണ് ലക്ഷ്യം വെച്ചതെങ്കില്‍ അല്ലാഹു അവരുടെ മേല്‍ കോപിക്കും. ജനങ്ങളുടെ ഇടയില്‍ അവര്‍ നിസ്സാരന്മാരുമാകും’.

ശഅബി വിവരിക്കുന്നു: ഞങ്ങള്‍ ഹദീസ് ഹൃദിസ്ഥമാക്കുന്നത് അതനുസരിച്ച് പ്രവര്‍ത്തിക്കാനാണ്. വ്രതമനുഷ്ടിച്ച് കൊണ്ടായിരുന്നു ഞങ്ങള്‍ ഹദീസ് അന്വേഷിച്ചു നടന്നത്’. ഇമാം മാലിക് പറഞ്ഞു: ‘ഹദീസ് ആര്‍ജ്ജിക്കുന്നവനില്‍ ഗാംഭീര്യവും ഭയവും ശാന്തതയും ഉണ്ടായിരിക്കണം, മുന്‍ഗാമികളുടെ കാല്‍പാടുകള്‍ അയാള്‍ പിന്തുടരുകയും വേണം. വിജ്ഞാനമാര്‍ജിക്കുന്നവന്‍ ദൈവഭക്തി അനിവാര്യമായും ഉണ്ടായിരിക്കേണ്ടതുണ്ട്. തിരുമേനി ഇബ്‌നുഅബ്ബാസിനോട് വസിയ്യത്ത് ചെയ്തു: ‘ നീ അല്ലാഹുവിനെ സൂക്ഷിക്കുക, എന്നാല്‍ അവന്‍ നിന്നെ സംരക്ഷിക്കും. നീ അവനെ സൂക്ഷിക്കുക, നിന്റെ പ്രതിസന്ധികളില്‍  തുണയായി അവനെ കാണാം’. നിഷിദ്ധങ്ങളില്‍ നിന്ന് നാവിനെയും കാഴ്ചകളെയും അവയവങ്ങളെയും സംരക്ഷിക്കാന്‍ നാം ബാധ്യസ്ഥരാണ്. ഊഹങ്ങളും തെറ്റിദ്ധാരണകളും പരദൂഷണവുമെല്ലാം നാം ഉപേക്ഷിക്കുകയും വേണം. നന്മ പറയുകയും പ്രസരിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. അനുവദനീയമായ പാനീയങ്ങളും ഭക്ഷണ പദാര്‍ഥങ്ങളും കഴിക്കുകയും അല്ലാത്തവ ഉപേക്ഷിക്കുകയും ചെയ്യുക.

സത്യവിശ്വാസി നന്മയെയും അതിനുളള സ്ഥാനവും അറിഞ്ഞിരിക്കേണ്ടതു പോലെ തന്നെ തിന്മകളെയും അതിന്റെ ദൂഷ്യങ്ങളെ പറ്റിയും അവബോധമുണ്ടായിരിക്കണം. തിന്മയുടെ ഉറവിടത്തെ കുറിച്ചും പ്രസരിക്കുന്ന മാര്‍ഗങ്ങളെയും തടയാന്‍ ഇത്തരത്തില്‍ മാത്രമേ സാധിക്കുകയുള്ളൂ. നമ്മുടെ വിജ്ഞാനത്തെ പ്രായോഗിക ജീവിതവുമായി ബന്ധിപ്പിക്കണം. അല്ലാഹുവോടും റസൂലിനോടുമുള്ള അതിരറ്റ സ്‌നേഹത്തില്‍ നിന്നും നിര്‍ഗളിക്കുന്നതായിരിക്കണം പ്രസ്തുത പ്രവര്‍ത്തനങ്ങള്‍.
 

വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്‌
 

Related Articles