Current Date

Search
Close this search box.
Search
Close this search box.

ജീവിതം എന്ന ദൃഷ്ടാന്തം

hope.jpg

ജീവിതം എന്നത് ദൃഷ്ടാന്തങ്ങളുടെ ഒരു സമന്വയമാണ്. അവയെ തിരിച്ചറിയുക എന്നതാണ് മനുഷ്യജീവിതത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം. അല്ലാഹുവിന്റെ പാകപ്പെടുത്തലുകളെ സസന്തോഷം സ്വീകരിക്കുക. അവന്റെ വ്യത്യസ്തങ്ങളായ പരീക്ഷകളില്‍ വിജയിക്കുക. ജനനം മുതല്‍ മരണം വരെയുള്ള ഓരോ ശ്വാസവും മനുഷ്യനെ സംബന്ധിച്ചിടത്തോളം അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളാകുന്നു. ഒരിലവീഴുന്നത് പോലും റബ്ബിന്റെ അറിവോടെയാണ് എന്ന് പറയുന്നതിലൂടെ പ്രകൃതിയിലെ വളരെ ലളിതവും നിസ്സാരവുമായ സംഗതികളെ വരെ ദൈവം മനുഷ്യന് ദൃഷ്ടാന്തങ്ങളാക്കിയിക്കുന്നു എന്ന് വ്യക്തമാക്കുന്നു.

വിശുദ്ധ ഖുര്‍ആനിലുടനീളം അല്ലാഹു വിവിധങ്ങളായ ദൃഷ്ടാന്തങ്ങള്‍ ജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുന്നു. മനുഷ്യന്റെ സൃഷ്ടിപ്പ്, ആകാശത്തു നിന്നും വര്‍ഷിക്കുന്ന മഴ, വിവിധയിനം ഫലവര്‍ഗങ്ങള്‍, നക്ഷത്രഗോളങ്ങള്‍, തേനിച്ച, സൂര്യന്‍, ചന്ദ്രന്‍, രാവ്, പകല്‍, ഭൂമിയിലൂടെ ചരിക്കുന്ന ജീവികള്‍, ഇരുചിറകുകളില്‍ പറക്കുന്ന പറവകള്‍, മേഘം, കാറ്റ്, ഇടിമിന്നല്‍, മുന്‍കഴിഞ്ഞ സമൂഹങ്ങളുടെ ചരിത്രങ്ങള്‍, ദൃശ്യവും അദൃശ്യവുമായ വസ്തുതകള്‍, സാമൂഹിക മര്യാദകള്‍, നിയമവ്യവസ്ഥകള്‍, മലക്കുകള്‍, പ്രവാചകന്‍മാര്‍, ഇങ്ങനെ തുടങ്ങി ചെറുതും വലുതുമായ നിരവധി കാര്യങ്ങള്‍.

സൂറഃ അല്‍-അന്‍ആമില്‍ അല്ലാഹു പറയുന്നു: ‘അവന്‍ തന്നെയാണ് മാനത്തുനിന്ന് വെള്ളം ഇറക്കിയത്. അങ്ങനെ അതുവഴി നാം സകല വസ്തുക്കളുടെയും മുളകള്‍ കിളിര്‍പ്പിച്ചു. പിന്നെ നാം അവയില്‍ നിന്ന് പച്ചപ്പുള്ള ചെടികള്‍ വളര്‍ത്തി. അവയില്‍ നിന്ന് ഇടതൂര്‍ന്ന ധാന്യക്കതിരുകളും.’ കാലങ്ങളായി നാം കണ്ടുവരുന്ന ഒരു പ്രകൃതി പ്രതിഭാസത്തെയാണ് അല്ലാഹു ഇവിടെ അവതരിപ്പിച്ചത്. ഈ പ്രതിഭാസത്തെ ഉള്‍ക്കാഴ്ച്ചയോട് കൂടി വീക്ഷിക്കുമ്പോഴാണ് അത് ദൃഷ്ടാന്തങ്ങളായി മാറുന്നത്. നിങ്ങള്‍ പ്രകൃതിയിലേക്ക് നോക്കുന്നില്ലേ എന്ന റബ്ബിന്റെ ചോദ്യത്തിന് പ്രകൃതിയെ ഈയര്‍ത്ഥത്തില്‍ നിരീക്ഷിച്ച് വേണം നമ്മള്‍ ഉത്തരം നല്‍കാന്‍. മലര്‍ന്ന് കിടന്ന് ആകാശത്തെ നക്ഷത്രങ്ങളെ നോക്കുന്ന ഏതൊരുവനും പ്രപഞ്ചസൃഷ്ടിപ്പിന് പിന്നിലെ മഹത്ശക്തിയെ ദര്‍ശിക്കാന്‍ സാധിക്കും.

നിങ്ങള്‍ ക്ഷമ കൈകൊള്ളുവിന്‍ എന്ന് അല്ലാഹു ഇടക്കിടെ തന്റെ അടിമകളെ ഉണര്‍ത്തുന്നു. ക്ഷമ അനുഭവിച്ചവനേ ക്ഷമയുടെ ഭംഗി അറിയുക സാധ്യമാകൂ. പ്രയാസങ്ങള്‍ക്കൊടുവില്‍ എളുപ്പമുണ്ട് എന്ന് റബ്ബ് പറയുമ്പോള്‍ അത് വെറുവാക്കായി കാണുന്നതിന് പകരം അവന്റെ വാഗ്ദാനത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് ‘ക്ഷമ’ എന്ന ദൃഷ്ടാന്തത്തിന്റെ പൊരുള്‍ മനസ്സിലാക്കാന്‍ നമുക്ക് സാധിക്കേണ്ടതുണ്ട്.

മഹാനായ ഇബ്‌നു ഖല്‍ദൂന്‍ തന്റെ ‘മുഖദ്ദിമ’യില്‍ പറയുന്നു: ഭക്ഷണം അധികരിക്കുന്തോറും കഴിവുകള്‍ എല്ലാ രംഗത്തും മന്ദീഭവിക്കുന്നു. എന്നാല്‍ ഭക്ഷണം കുറയുന്തോറും ഊര്‍ജ്ജസ്വലതയും കഴിവുകളും വികസിക്കുന്നു. മനസ്സും ഓര്‍മശക്തിയും തെളിയുന്നു. ബുദ്ധിയും ആരോഗ്യവും അങ്ങേയറ്റം കാര്യക്ഷമമാകുന്നു. ലോകജനതകളില്‍ പട്ടിണിക്കാരായ മധ്യേഷ്യന്‍ ജനതകള്‍ ലോകത്തിന്റെ നാനാഭാഗത്തും മുന്നേറിയതിന്റെ പ്രധാനരഹസ്യം പട്ടിണിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇതൊരു ദൃഷ്ടാന്തമാണ്. പട്ടിണി അനുഭവിച്ചവന് മാത്രം മനസ്സിലാകുന്ന ദൃഷ്ടാന്തം.

ജീവിതത്തില്‍ മനുഷ്യന്‍ കടന്നു പോകുന്ന വ്യത്യസ്തങ്ങളായ മാനസിക- ശാരീരികാവസ്ഥകളും അനുഭവങ്ങളും ദൃഷ്ടാന്തങ്ങള്‍ തന്നെയാണ്. പ്രപഞ്ചനാഥന്റെ പാകപ്പെടുത്തലാണ് അതെല്ലാം. ഇത്തരത്തില്‍ തന്റെ ഓരോ നിമിഷവും ഒരുവന് ദൃഷ്ടാന്തങ്ങളാകുമ്പോള്‍ അവന്‍ സദാസമയം ദൈവത്തെ സ്മരിക്കുന്നു. ദൈവസ്മരണയുണ്ടാകുമ്പോള്‍ ആ ശരീരം ജീവസ്സുറ്റതായി മാറുന്നു. ദൈവസ്മരണ ഉള്ളവനും ഇല്ലാത്തവനും ജീവിക്കുന്നവനെയും മരിക്കുന്നവനെയും പോലെയാണ് എന്നാണല്ലോ നബിതിരുമേനി(സ) പഠിപ്പിച്ചത്.

അല്ലാഹു അവന്റെ ഇഷ്ടദാസന്‍മാരെ കൂടുതലായി പരീക്ഷിച്ചു കൊണ്ടിരിക്കും. വിവിധങ്ങളായ അനുഭവങ്ങളിലൂടെ അവരെ പൂര്‍ണതയിലെത്തിക്കുകയാണ് അതിന്റെ ഉദ്ദേശ്യം. അല്ലാഹുവിന്റെ പരീക്ഷണങ്ങളെ ദൃഷ്ടാന്തങ്ങളായി കണ്ട് സസന്തോഷം നേരിടുക. ഓരോ പരീക്ഷയും വിജയിക്കുക. ശേഷം പൂര്‍ണചന്ദ്രന്റെ ശോഭയോടെ സ്വര്‍ഗത്തില്‍ പ്രവേശിക്കുക. ഇതായിരിക്കട്ടെ വിശ്വാസിയുടെ ജീവിതലക്ഷ്യം.

Related Articles