Current Date

Search
Close this search box.
Search
Close this search box.

ജിഹാദിനെ വാള്‍മുനയില്‍ നിര്‍ത്തരുത്

hand3.jpg

ഇസ്‌ലാമിലെ ജിഹാദ് ഒരിക്കലും വിശുദ്ധ യുദ്ധമല്ല. മതത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ നടക്കുന്ന എല്ലാ യുദ്ധങ്ങളെയും ഇസ്‌ലാം വെറുക്കുന്നു. ഇസ്‌ലാമിക വിശ്വാസം മനസ്സു കൊണ്ടുള്ള അടിയുറച്ച ബോധ്യമാണ്. ഒരു വിശ്വാസിക്കും അവന്റെ സ്രഷ്ടാവിനും ഇടയിലുള്ള രഹസ്യമാണത്. അറിവും ബോധ്യവും വിജ്ഞാനവും പരിപൂര്‍ണ തൃപ്തിയും ആവശ്യമായ ഒന്നാണത്. അതുകൊണ്ട് തന്നെ അവന്റെ ആയുസ്സ് യാതൊരു വിധ വെറുപ്പിനും വിധേയമാവില്ല. അപ്പോള്‍ പിന്നെ എങ്ങിനെ യുദ്ധത്തിലേക്ക് നയിക്കുന്ന ഒരു വെറുപ്പ് അവനില്‍ ഉണ്ടാകും!

ശക്തമായ തത്വത്തിന്റെ അടിസ്ഥാനത്തിലാണ് ഖുര്‍ആന്‍ അത് വിശദീകരിക്കുന്നത്: ‘മതത്തിന്റെ കാര്യത്തില്‍ ബലപ്രയോഗമേ ഇല്ല. സന്‍മാര്‍ഗം ദുര്‍മാര്‍ഗത്തില്‍ നിന്ന് വ്യക്തമായി വേര്‍തിരിഞ്ഞ് കഴിഞ്ഞിരിക്കുന്നു.’ (അല്‍-ബഖറ : 256) ദീനിന്റെ കാര്യത്തില്‍ ഒരു ബലപ്രയോഗവും നടത്തരുതെന്നാണ് ഈ സൂക്തം കല്‍പിക്കുന്നത്. ദീനില്‍ ബലപ്രയോഗം നടത്തുന്നത് നിഫാഖി(കാപട്യം)ലേക്കാണ് നയിക്കുക. പച്ചയായ നിഷേധത്തെക്കാളും ശിര്‍കിനേക്കാളും അപകടകാരിയായ ഒന്നാണ് നിഫാഖ്. എന്തൊക്കെയാണെങ്കിലും ദീനിന്റെ കാര്യത്തില്‍ നടത്തുന്ന ബലപ്രയോഗം വിശ്വാസത്തിലേക്ക് നയിക്കുകയില്ല. അതുകൊണ്ട് തന്നെ വിശ്വസിക്കാത്തവരെ അഭിസംബോധന ചെയ്തു കൊണ്ടുള്ള ഖുര്‍ആനിക സൂക്തങ്ങളും ഇതിനെയാണ് ശക്തിപ്പെടുത്തുന്നത്.
‘നിങ്ങള്‍ക്ക് നിങ്ങളുടെ ദീന്‍, എനിക്ക് എന്റെ ദീന്‍.’ (അല്‍-കാഫിറൂന്‍ : 6)
‘അതിനാല്‍ ഇഷ്ടമുള്ളവര്‍ വിശ്വസിക്കട്ടെ. ഇഷ്ടമുള്ളവര്‍ അവിശ്വസിക്കട്ടെ.’ (അല്‍-കഹ്ഫ് : 29)
പ്രവാചക സന്ദേശത്തിന് വിശ്വാസത്തിലുള്ള സ്വാധീനം എന്താണെന്ന് ഖുര്‍ആന്‍ വിശദീകരിച്ചിട്ടുണ്ട്. ‘റസൂലിന്റെ മേല്‍ പ്രബോധന ബാധ്യത മാത്രമേയുള്ളൂ.’ (അല്‍-മാഇദ : 99)
‘അവര്‍ പറഞ്ഞ് കൊണ്ടിരിക്കുന്നതിനെ പറ്റി നാം നല്ലവണ്ണം അറിയുന്നവനാകുന്നു. നീ അവരുടെ മേല്‍ സ്വേച്ഛാധികാരം ചെലുത്തേണ്ടവനല്ല. അതിനാല്‍ എന്റെ താക്കീത് ഭയപ്പെടുന്നവരെ ഖുര്‍ആന്‍ മുഖേന നീ ഉല്‍ബോധിപ്പിക്കുക.’ (ഖാഫ് : 45)
‘അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ അവര്‍ പങ്കുചേര്‍ക്കുമായിരുന്നില്ല. നിന്നെ നാം അവരുടെ മേല്‍ ഒരു കാവല്‍ക്കാരനാക്കിയിട്ടുമില്ല. നീ അവരുടെ മേല്‍ ഉത്തരവാദിത്തം ഏല്‍പിക്കപ്പെട്ടവനുമല്ല.’ (അല്‍-അന്‍ആം : 107)

ജിഹാദിനെയും വിശുദ്ധ യുദ്ധത്തെയും തമ്മില്‍ കൂട്ടികുഴക്കുന്നത് ഇസ്‌ലാമിനെ കുറിച്ച തെറ്റിധാരണയുടെ ഫലമായിട്ടാണ്. അല്ലെങ്കില്‍ മോശമായി ഇസ്‌ലാമിനെ ചിത്രീകരിക്കുക എന്ന അവരുടെ ഉദ്ദേശ്യമാണ്. ഖുര്‍ആന്‍ പ്രതിപാദിച്ചിട്ടുള്ളതും, പ്രവാചകന്റെ കാലത്ത് മുസ്‌ലിംകള്‍ പ്രായോഗിക തലത്തില്‍ കൊണ്ടുവരികയും പിന്നീട് ഇസ്‌ലാമിക ചരിത്രത്തില്‍ തുടര്‍ന്ന് വരികയും ചെയ്ത ഇസ്‌ലാമിലെ ജിഹാദിനെ യുദ്ധത്തില്‍ പരിമിതപ്പെടുത്തുന്നവരുടെ ഭാഗത്ത് നിന്ന് വന്ന വീഴ്ച്ചയും മറ്റൊരു കാരണമാണ്.

ഇസ്‌ലാമിലെ നിര്‍ബന്ധ ബാധ്യതയായ ജിഹാദ് യുദ്ധത്തെ കൂടി ഉള്‍ക്കൊള്ളുന്ന വിശാലമായ അര്‍ഥമുള്ള ഒന്നാണ്. അതുകൊണ്ട് തന്നെ ഇസ്‌ലാമിക മാര്‍ഗത്തിലെ യുദ്ധങ്ങളെല്ലാം ജിഹാദാണ്. എന്നാല്‍ എല്ലാ ജിഹാദും യുദ്ധമല്ല. ജിഹാദിന്റെ അക്രമണോത്സുകമായ ഒരു ഭാഗം മാത്രമാണ് യുദ്ധം. ‘ഒരാളുടെ മുഴുവന്‍ ശേഷിയും കഴിവും വാക്കിലൂടെയും പ്രവര്‍ത്തിയിലൂടെയും വിനിയോഗിക്കുക’ എന്നാണ് ‘ജിഹാദ്’ എന്ന സാങ്കേതിക പദത്തിന് പ്രസിദ്ധ അറബി നിഘണ്ടുവായ ലിസാനുല്‍ അറബ് അര്‍ഥം നല്‍കിയിട്ടുള്ളത്. വാക്കുകള്‍ ഉപയോഗിക്കുന്നതും ജിഹാദ് തന്നെയാണെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം.

എല്ലാ വിധത്തിലുമുള്ള പ്രതിരോധത്തിനും വേണ്ടി ശേഷി ഉപയോഗപ്പെടുത്തലാണ് സാങ്കേതിമായി ജിഹാദ് എന്നു പറയുന്നത്. യുദ്ധക്കളത്തില്‍ മാത്രമല്ല, ജീവിതത്തിന്റെ സമസ്ത മേഖലകളെയും ഉള്‍ക്കൊള്ളുന്ന ഒന്നാണത്. ഇസ്‌ലാമിക പ്രബോധനത്തെയും അതിന് വേണ്ടി നടത്തുന്ന പ്രതിരോധത്തെയും കുറിക്കുന്ന ജിഹാദാണ് വിശുദ്ധ ഖുര്‍ആന്‍ ഏറ്റവുമധികം പരാമര്‍ശിച്ചിട്ടുള്ളത്. ഇസ്‌ലാമിക പ്രബോധനത്തിന്റെ മാര്‍ഗം യുക്തിയും സദുപദേശവും ഉള്‍ക്കൊള്ളുന്നതാണ്, അല്ലാതെ യുദ്ധത്തിന്റെയോ ബലപ്രയോഗത്തിന്റെയോ വിശുദ്ധ യുദ്ധത്തിന്റേതോ അല്ല. ചിന്തയുടെയും സംവാദത്തിന്റെയും ലോകത്ത് വളരെ വിശാലമായി കിടക്കുന്നതാണ് ഇസ്‌ലാമിലെ ജിഹാദിന്റെ ഇടം.

ഇസ്‌ലാമിക നാഗരികതയിലെ സാങ്കേതിക ശബ്ദങ്ങള്‍ വിശദീകരിക്കുന്ന നിരവധി ഗ്രന്ഥങ്ങള്‍ ജിഹാദിന് സത്യദീനിലേക്കുള്ള ക്ഷണം എന്ന അര്‍ഥം നല്‍കിയിട്ടുള്ളതായി കാണാം. വൈജ്ഞാനിക മേഖലയില്‍ നടക്കുന്ന പഠനവും പഠിപ്പിക്കലും അടങ്ങുന്ന കഠിനമായ പരിശ്രമത്തിന് ശേഷിയും സമയവും വിനിയോഗിക്കല്‍ ജിഹാദാണ്. ഭൂമിയുടെ പരിപാലനത്തിന് ശേഷി വിനിയോഗിക്കലും ജിഹാദ് തന്നെ. മനുഷ്യരോടും ജീവജാലങ്ങളോടും സസ്യലാതാദികളോടും പ്രകൃതിയോടും കാണിക്കുന്ന അനുകമ്പയും ജിഹാദാണ്. മാതാപിതാക്കളോടും ബന്ധുക്കളോടും നന്മയില്‍ വര്‍ത്തിക്കുന്നത് പോലും ജിഹാദ് തന്നെയാണ്. അല്ലാഹുവെ സൂക്ഷിക്കുകയും അവന്‍രെ വിധിവിലക്കുകള്‍ പാലിക്കുകയും ചെയ്യുകയെന്നതാണ് ഇസ്‌ലാം നിര്‍ബന്ധമാക്കുന്ന ജിഹാദിന്റെ ഏറ്റവും ഉയര്‍ന്ന പടി.

ജീവിതത്തിന്റെ സര്‍വ മേഖലകളെയും ചൂഴ്ന്ന് നില്‍ക്കുന്ന ഒന്നാണ് ജിഹാദ്. റാഗിബുല്‍ അസ്ഫഹാനി ജിഹാദിനെ മൂന്നായി തരം തിരിക്കുന്നുണ്ട്.
1.  പ്രത്യക്ഷ ശത്രുവിനോടുള്ള ജിഹാദ്.
2. പിശാചിനോടുള്ള ജിഹാദ്.
3. സ്വന്തത്തോടുള്ള ജിഹാദ്.
ഈ മൂന്ന് അര്‍ഥങ്ങളെയും ഉള്‍ക്കൊള്ളുന്ന നിരവധി ഖുര്‍ആന്‍ സൂക്തങ്ങളുണ്ട്. അല്ലാഹു പറയുന്നു: ‘അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം ചെയ്യേണ്ട മുറപ്രകാരം നിങ്ങള്‍ സമരം ചെയ്യുക.’ (അല്‍-ഹജ്ജ് : 78)
‘നിങ്ങളുടെ സ്വത്തുക്കള്‍ കൊണ്ടും ശരീരങ്ങള്‍ കൊണ്ടും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങള്‍ സമരം ചെയ്യുക. അതാണ് നിങ്ങള്‍ക്ക് ഉത്തമം.’ (അത്തൗബ : 41)
‘തീര്‍ച്ചയായും വിശ്വസിക്കുകയും, സ്വദേശം വെടിഞ്ഞ് പോകുകയും തങ്ങളുടെ സ്വത്തുക്കളും ശരീരങ്ങളും കൊണ്ട് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരത്തില്‍ ഏര്‍പെടുകയും ചെയ്തവരും, അവര്‍ക്ക് അഭയം നല്‍കുകയും സഹായിക്കുകയും ചെയ്തവരും അന്യോന്യം ഉറ്റമിത്രങ്ങളാകുന്നു.’ (അല്‍-അന്‍ഫാല്‍ : 72) ‘അല്‍-മുഫ്‌റദാത്തു ഫി ഗരീബില്‍ ഖുര്‍ആന്‍’ ല്‍ റാഗിബുല്‍ അസ്ഫഹാനി പറയുന്നു : നിങ്ങള്‍ ശത്രുക്കളോടും സമരം ചെയ്യുന്നത് പോലെ നിങ്ങളുടെ ഇച്ഛകളോടും പോരാടുക. നിഷേധികളോട് നിങ്ങളുടെ കൈകള്‍ കൊണ്ടും നാവുകൊണ്ടും സമരം ചെയ്യുക.

‘കവികളാകട്ടെ, ദുര്‍മാര്‍ഗികളാകുന്നു അവരെ പിന്‍പറ്റന്നത്. അവര്‍ എല്ലാ താഴ്‌വരകളിലും അലഞ്ഞു നടക്കുന്നവരാണെന്ന് നീ കണ്ടില്ലേ? പ്രവര്‍ത്തിക്കാത്തത് പറയുന്നവരാണ് അവരെന്നും. വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും, അല്ലാഹുവെ ധാരാളമായി സ്മരിക്കുകയും, അക്രമത്തിന് ഇരയായതിനെത്തുടര്‍ന്ന് ആത്മരക്ഷയ്ക്ക് നടപടി എടുക്കുകയും ചെയ്തവര്‍ ഇതില്‍ നിന്ന് ഒഴിവാകുന്നു. അക്രമകാരികള്‍ അറിഞ്ഞു കൊള്ളും; തങ്ങള്‍ തിരിഞ്ഞുമറിഞ്ഞ് എങ്ങനെയുള്ള പര്യവസാനത്തിലാണ് എത്തുകയെന്ന്.’ (അശ്ശുഅറാഅ് : 224-227) കവികളെ കുറിച്ച പ്രസ്തുക സൂക്തം അവതീര്‍ണമായപ്പോള്‍ സഹാബികള്‍ക്കിടയിലെ പ്രമുഖ കവിയായിരുന്ന കഅ്ബ് ബിന്‍ മാലിക് നബി(സ)യുടെ അടുക്കല്‍ എത്തി അതിനെ കുറിച്ച് ചോദിച്ചു. പ്രവാചകന്‍(സ) അദ്ദേഹത്തോട് പറഞ്ഞു : ‘വിശ്വാസി അവന്റെ വാളുകൊണ്ടും നാവുകൊണ്ടും ജിഹാദ് ചെയ്യുന്നവനാണ്. എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവനാണ് സത്യം, തീര്‍ച്ചയായും നിങ്ങള്‍ അവര്‍ക്ക് നേരെ എറിയുന്ന കുന്തമുനകളാണവ.’ (അഹ്മദ്)

വിശുദ്ധ ഖുര്‍ആന്‍ ‘ജിഹാദുല്‍ കബീര്‍’ (വലിയ യുദ്ധം) എന്ന് വിശേഷിപ്പിച്ചിട്ടുള്ള ഏകകാര്യം ഖുര്‍ആന്‍ കൊണ്ടുള്ള ജിഹാദാണ്. അത് മനസിലാക്കുകയും യുക്തിയോടും സദുദ്ദേശ്യത്തോടും അതില്‍ ചര്‍ച്ചകള്‍ നടത്തുകയും ചെയ്യുക എന്നതാണ് അതുകൊണ്ടുദ്ദേശിക്കുന്നത്. ‘അതിനാല്‍ സത്യനിഷേധികളെ നീ അനുസരിച്ചു പോകരുത്. ഇത് (ഖുര്‍ആന്‍) കൊണ്ട് നീ അവരോട് വലിയൊരു സമരം നടത്തിക്കൊള്ളുക.’ (അല്‍-ഫുര്‍ഖാന്‍ : 52) ആയുധം ഉപയോഗിച്ചുള്ള ജിഹാദല്ല ഇവിടെ ഉദ്ദേശിക്കുന്നതെന്ന് വളരെ വ്യക്തമാണ്.

മനസ്സുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ വരെ ജിഹാദിന്റെ ഭാഗമാണെന്നാണ് വിശുദ്ധ ഖുര്‍ആന്റെ വിശദീകരണമായ പ്രവാചക ചര്യ വിശദമാക്കുന്നത്.  പ്രവാചകന്‍(സ) പറഞ്ഞു: ‘പ്രവാചകന്‍മാരുടെ ചര്യ പിന്‍പറ്റുകയും അവരുടെ കല്‍പനകള്‍ പാലിക്കുകയും ചെയ്യുന്നവരായ അനുയായികളോടും കൂടിയ സമൂഹത്തിലേക്കല്ലാതെ എനിക്ക് മുമ്പുള്ള ഒരു സമൂഹത്തിലേക്കും ഒരു നബിയും നിയോഗിക്കപ്പെട്ടിട്ടില്ല. പിന്നീട് അവര്‍ക്ക് ശേഷം അതില്‍ നിന്നവര്‍ പിന്നോട്ടടിച്ചു. ചെയ്യാത്ത കാര്യങ്ങള്‍ അവര്‍ പറയുന്നു, അവരോട് കല്‍പിച്ചിട്ടില്ലാത്ത കാര്യങ്ങള്‍ അവര്‍ ചെയ്യുന്നു. അവരോട് തന്റെ കൈകള്‍ കൊണ്ട് ജിഹാദ് ചെയ്യുന്നവന്‍ വിശ്വാസിയാണ്, അവരോട് തന്റെ നാവുകൊണ്ട് ജിഹാദ് ചെയ്യുന്നവന്‍ വിശ്വാസിയാണ്, അവരോട് തന്റെ ഹൃദയം കൊണ്ട് ജിഹാദ് ചെയ്യുന്നവന്‍ വിശ്വാസിയാണ്. അതിനും അപ്പുറം കടുമണിയോളം ഈമാന്‍ പോലും അവശേഷിക്കുന്നില്ല.’ (മുസ്‌ലിം)

അറിവ് നേടലും അതിന് വേണ്ടി ശ്രമിക്കലും ജിഹാദിന് തുല്ല്യമായും അതിനോട് ചേര്‍ത്തുമാണ് പ്രവാചകചര്യ വിശദീകരിച്ചിട്ടുള്ളത്. പ്രവാചകന്‍(സ) പറഞ്ഞതായി അബൂഹുറൈറ(റ) ഉദ്ധരിക്കുന്നു : ‘നല്ലത് പഠിക്കുന്നതിനോ അല്ലെങ്കില്‍ പഠിപ്പിക്കുന്നതിനോ ആരെങ്കിലും നമ്മുടെ ഈ മസ്ജിദില്‍ പ്രവേശിച്ചാല്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ജിഹാദ് ചെയ്യുന്നവനെ പോലെയാണവന്‍.’ (ബുഖാരി, മുസ്‌ലിം) വിധവകള്‍ക്കും അഗതികള്‍ക്കും വേണ്ടി സേവനം ചെയ്യുന്നവന്‍ ജിഹാദ് ചെയ്യുന്നവനെ പോലെയാണെന്ന് മറ്റൊരു റിപോര്‍ട്ടിലുണ്ട്. മാതാപിതാക്കള്‍ക്ക് നന്മ ചെയ്യുന്നതും ജിഹാദായിട്ടാണ് ഇസ്‌ലാം എണ്ണിയിട്ടുള്ളത്. ജിഹാദിന് പോകാന്‍ അനുവാദം ചോദിച്ചു കൊണ്ട് ഒരു സഹാബി പ്രവാചകന്‍(സ)യുടെ അടുക്കല്‍ വന്നു. നബി(സ) അയാളോട് ചോദിച്ചു : ‘നിന്റെ മാതാപിതാക്കള്‍ ജീവിച്ചിരിപ്പുണ്ടോ?’ അതെയെന്ന് ഉത്തരം പറഞ്ഞപ്പോള്‍ നബി(സ) പറഞ്ഞു : ‘എന്നാല്‍ അവരിലാണ് നിന്റെ ജിഹാദ്’ (ബുഖാരി, മുസ്‌ലിം)

അപ്രകാരം ജിഹാദിന്റെ കൂട്ടത്തില്‍ എണ്ണിയിരിക്കുന്ന ഒന്നാണ് മനസിനെ പിശാചില്‍ നിന്ന് കാത്തുസൂക്ഷിക്കല്‍. നബി(സ) പറയുന്നു: ‘അല്ലാഹുവിന് വേണ്ടി സ്വന്തത്തോട് ജിഹാദ് ചെയ്യുന്നവനാണ് മുജാഹിദ്.’ രാഷ്ട്രത്തിന്റെ അതിര്‍ത്തികള്‍ കാത്തു സംരക്ഷിക്കുന്നതും ജിഹാദായിട്ടാണ് പ്രവാചകന്‍(സ) പഠിപ്പിച്ചിട്ടുള്ളത്. വിശുദ്ധ മക്കയില്‍ പോയി ഹജ്ജ് നിര്‍വഹിക്കുന്നതും ജിഹാദായിട്ടാണ് നബി(സ) പരിചയപ്പെടുത്തിയിട്ടുള്ളത്. ജിഹാദിന് അനുവാദം ചോദിച്ച് പ്രവാചക സന്നിധിയിലെത്തിയ വനിതകളോട് നിങ്ങളുടെ ജിഹാദ് ഹജ്ജാണെന്നാണ് മറുപടി നല്‍കിയിട്ടുള്ളത്.

ഇസ്‌ലാമിക സമൂഹത്തിനും നാഗരികതക്കും, വിശ്വാസ കാര്യത്തില്‍ തങ്ങളെ എതിര്‍ക്കുന്ന മറ്റെല്ലാവര്‍ക്കും എതിരെ നടത്തിയ രക്തരൂഷിത പോരാട്ടങ്ങളെ പാശ്ചാത്യ ചര്‍ച്ചും പുരോഹിതന്‍മാരുമാണ് വിശുദ്ധ യുദ്ധം എന്ന് വിശേഷിപ്പിച്ചത്. എന്നാല്‍ ഇസ്‌ലാമിലെ ജിഹാദം യുദ്ധമോ മതത്തിന്റെ പേരില്‍ നടക്കുന്ന വിശുദ്ധ യുദ്ധമോ അല്ലെന്നാണ് യാഥാര്‍ത്ഥ്യം. ജീവിതത്തിന്റെ വിവിധങ്ങളായ മേഖലകളില്‍ നടത്തുന്ന പരിശ്രമങ്ങളെല്ലാം ജിഹാദാണെന്നതാണ് വസ്തുത.

നിര്‍ബന്ധ ബാധ്യത
വിശ്വാസികളായ എല്ലാ സ്ത്രീ പുരുഷന്‍മാരുടെയും നിര്‍ബന്ധ ബാധ്യതയാണ് ജിഹാദ്. ഓരോരുത്തരുടെയും കഴിവും ശേഷിയും അനുസരിച്ച് അത് നിര്‍വഹിക്കണം. ജീവിതത്തിന്റെ ഏത് മേഖലയിലും തന്റെ പരിശ്രമം വിനിയോഗിക്കാന്‍ ഓരോരുത്തര്‍ക്കും സാധിക്കുന്നു. ദൈവമാര്‍ഗത്തില്‍ നടത്തുന്ന സായുധ സമരം അതിന്റെ ഒരു ശാഖ മാത്രമാണ്. അത് തന്നെ നിര്‍വഹിക്കേണ്ടത് അതിന്റെ എല്ലാ നിബന്ധനകളും പൂര്‍ത്തീകരിച്ച ശേഷമാണ്.

ജിഹാദിന്റെ ഈ യാഥാര്‍ത്ഥ്യം പാശ്ചാത്യ പണ്ഡതന്‍മാര്‍ പോലും അംഗീകരിച്ചിട്ടുള്ളതാണ്. പ്രമുഖ ഓറിയന്റലിസ്റ്റായ ഡോ. സിഗ്രിഡ് ഹുന്‍ഗെ അതിനെ കുറിച്ച് എഴുതുന്നു: ‘നാം വളരെ ലാഘവത്തോടെ വിളിക്കുന്ന വിശുദ്ധ യുദ്ധമല്ല ഇസ്‌ലാമിലെ ജിഹാദ്. എന്നാല്‍ ജിഹാദ് എന്നു പറയുന്നത് വിനിയോഗിക്കപ്പെടുന്ന മുഴുവന്‍ പരിശ്രമങ്ങളുമാണത്, നമ്മുടെ മനസ്സില്‍ ഇസ്‌ലാമിനെ സ്ഥിരപ്പെടുത്തുന്ന എല്ലാ കാര്യങ്ങളുമാണത്. നമുക്കും നമ്മുടെ ചുറ്റുപാടിലുമുള്ള തിന്മയുടെ ശക്തികള്‍ക്കെതിരെയുള്ള പോരാട്ടം സാധ്യമാക്കുകയാണത് ചെയ്യുന്നത്.’

വിവ : അഹ്മദ് നസീഫ്‌

Related Articles