Current Date

Search
Close this search box.
Search
Close this search box.

ചെറുപാപങ്ങളെ നിസ്സാരമാക്കരുതേ

sins.jpg

വിനിന്‍ പെരീറ, ജെറമീ സീബ്രൂക്ക് എന്നിവര്‍ ചേര്‍ന്ന് തയ്യാറാക്കിയ അധിനിവേശത്തിന്റെ ഭീകരചരിത്രം വിവരിക്കുന്ന വിഖ്യാത ഗ്രന്ഥമാണ് ‘ ഗ്ലോബല്‍ പാരസൈറ്റ്‌സ്’. അതിന്റെ മുഖവുരയില്‍ നിറപ്പകിട്ടുള്ള ചിലയിനം കടന്നലുകളെപ്പറ്റി വിവരിക്കുന്നുണ്ട്. അവ എട്ടുകാലികള്‍, ചിത്രശലഭപ്പുഴുക്കള്‍ തുടങ്ങിയ ജീവികളുടെ ഉള്ളിലാണ് മുട്ടയിടുക. ഒപ്പം ആ ജീവികളുടെ ശരീരത്തിലേക്ക് ഒരുതരം വിഷം കുത്തിവെക്കും. വിഷം അവയെ കൊല്ലാതെ മരവിപ്പിച്ചു നിര്‍ത്തും. കടന്നല്‍ മുട്ടകള്‍ വിരിഞ്ഞ് പുറത്ത് വരുന്ന പുഴു ആ ജീവികളുടെ ഉള്‍ഭാഗമാണ് ഭക്ഷിക്കുക. അവയുടെ ഹൃദയം, നാഢീവ്യൂഹം തുടങ്ങിയ ജീവല്‍പ്രധാന ഭാഗങ്ങള്‍ ഏറ്റവും ഒടുവിലേ ഭക്ഷിക്കുകയുള്ളൂ..’. ഈ രീതിയിലാണ് ചെറുപാപങ്ങള്‍ മനുഷ്യനിലെ സുകൃതങ്ങള്‍ കാര്‍ന്നുതിന്നുകൊണ്ടിരിക്കുന്നത്. ജീവിതകാലമുടനീളം വെള്ളവും വളവും ചേര്‍ത്ത് പുഷ്പിപ്പിച്ചെടുത്ത സുകൃതങ്ങള്‍ നിസ്സാരമെന്ന് നാം കരുതുന്ന നിരവധി പാപങ്ങളുടെ വെയിലേറ്റ് വാടിവീണ് നശിച്ചു പോകുന്നത്. അതിനാല്‍ തന്നെ പ്രവാചകന്‍(സ) ഇത്തരം ചെറുപാപങ്ങളിലകപ്പെടാതിരിക്കാന്‍ വിശ്വാസികളെ നിരന്തരമായി ഉദ്‌ബോധിപ്പിക്കുന്നതായി കാണാം. ആഇശ(റ)യില്‍ നിന്ന് നിവേദനം : പ്രവാചകന്‍(സ) പറഞ്ഞു. ഓ ആഇശാ , നിസ്സാരവും സാധാരണവുമായി കരുതപ്പെടുന്ന പാപങ്ങളെ നീ പ്രത്യേകം സൂക്ഷിച്ചുകൊളളണം. എന്തുകൊണ്ടെന്നാല്‍ അല്ലാഹുവിങ്കല്‍ അവയും വിചാരണ ചെയ്യപ്പെടുന്നതാകുന്നു.’ (ഇബ്‌നുമാജ).

അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവര്‍ വലിയ പാപങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക സാധാരണമാണ്. എന്നാല്‍ ലഘുവും നിസ്സാരവുമെന്ന് ഗണിക്കുന്ന പാപങ്ങളോട് ഭക്തന്മാരായ ആളുകള്‍ പോലും അവഗണനാപരമായ നിലപാട് കൈക്കൊള്ളുന്നതായി കാണാം. ചെറിയപാപങ്ങള്‍ ചെറുതാവുന്നത് വലിയ പാപങ്ങളോട് താരതമ്യം ചെയ്യുമ്പോഴാണ്. എന്നാല്‍ അല്ലാഹുവിന് അനിഷ്ടകരമായ കാര്യങ്ങള്‍ ചെറുതോ വലുതോ ആകട്ടെ അത് ഗൗരവതരമാണ്. ഒരു തെറ്റ് ചെയ്യുമ്പോള്‍ അയാള്‍ അല്ലാഹുവിന്റെ കല്‍പന ധിക്കരിക്കുകയാണ് ചെയ്യുന്നത്. മനപ്പൂര്‍വമാണ് ചെയ്യുന്നതെങ്കില്‍ ദൈവകല്‍പന ലംഘിക്കുകയും അല്ലാഹുവെ ധിക്കരിക്കുകയുമാണ് ചെയ്യുന്നത്. സഹാബികളും പൂര്‍വസൂരികളും ഇതിനെ ഗൗരവതരമായി കണ്ടിരുന്നു. അനസ്(റ) നിവേദനം ചെയ്യുന്നു. ‘ നിങ്ങള്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന ചില പ്രവര്‍ത്തനങ്ങള്‍ നിങ്ങളുടെ കണ്ണുകളില്‍ മുടിയിഴകളേക്കാള്‍ നിസ്സാരമായാണ് നിങ്ങള്‍ക്കനുഭവപ്പെടുന്നത്. പ്രവാചകന്റെ കാലത്ത് ഇത്തരം പാപങ്ങള്‍ വലിയ അപരാധമായിട്ടാണ് ഞങ്ങള്‍ കണ്ടിരുന്നത്’.  അബ്ദുല്ലാഹി ബിനു മസ്ഊദ് വിവരിക്കുന്നു.: ‘ തന്റെ മേല്‍ വീഴാനിരിക്കുന്ന ഒരുമല പോലെയാണ് സത്യവിശ്വാസി പാപങ്ങളെ കരുതിയിരിക്കുക! തന്റെ മേല്‍ വന്നിരിക്കുന്ന ഒരു ഈഛയുടെ ലാഘവത്തോടെയാണ് കപടവിശ്വാസി പാപങ്ങളെ വീക്ഷിക്കുക’.

ചെറിയപാപങ്ങള്‍ ജീവിതത്തിലുണ്ടാകുമ്പോള്‍ നമ്മുടെ ഹൃദയങ്ങളില്‍ ഒരുപാപക്കറ വന്നുചേരുന്നു. സുകൃതങ്ങളിലൂടെയും പശ്ചാത്താപത്തിന്റെ കണ്ണുനീരിലൂടെയും നാം അത് കഴുകിക്കളഞ്ഞിട്ടില്ലെങ്കില്‍ കാലക്രമേണ അത് കടുത്ത് കല്ലുപോലെയായിത്തീരും. തിന്മകളോട് രാജിയാവാനും ഏത് വലിയ തിന്മകളിലും ഒരു മനസ്സാക്ഷിക്കുത്തുമില്ലാതെ ഏര്‍പ്പെടാനും അത് ഹേതുവാകും. പ്രവാചകന്‍(സ) ഒരു ഉപമയിലൂടെ ഇത് വ്യക്്തമാക്കുന്നുണ്ട്. ‘ നിങ്ങള്‍ ചെറിയ പാപങ്ങളെ സൂക്ഷിക്കുക! കാരണം അവ ഒരാളില്‍ ഒരുമിച്ചുകൂടി അയാളെ നശിപ്പിച്ചുകളയും’. തുടര്‍ന്ന് പ്രവാചകന്‍(സ) ഒരുപമ പറഞ്ഞു. ഒരു സംഘം ആളുകള്‍ ഒഴിഞ്ഞ ഒരിടത്ത് തമ്പടിക്കുന്നു. തങ്ങള്‍ക്കുള്ള ഭക്ഷണം പാകം ചെയ്യുന്നതിനായി വിറകന്വേഷിച്ച് ഒരാള്‍ പുറപ്പെടുന്നു, ഒരു മരക്കഷ്ണവുമായി അയാള്‍ തിരിച്ചുവരുന്നു. വേറൊരാള്‍ പോയി മറ്റൊരു മരക്കഷ്ണവുമായി അയാള്‍ തിരിച്ചുവരുന്നു. അപ്രകാരം മരക്കഷ്ണങ്ങളുടെ ഒരു കൂമ്പാരം തന്നെ അവിടെ ഒരുമിച്ചുകൂട്ടുന്നു. അങ്ങനെ തീ കത്തിക്കുകയും ഭക്ഷണം വേവിക്കുകയും ചെയ്യുന്നു. ‘.

ചെറിയ പാപങ്ങള്‍ ചെറിയ മരക്കഷ്ണം പോലെയാണ്. ഒറ്റപ്പെട്ടുകിടക്കുകയാണെങ്കില്‍ ഒരാള്‍ക്കും അവ ഉപകാരമോ ഉപദ്രവമോ ചെയ്യുകയില്ല, എന്നാല്‍ ഒന്നിനുമീതെ മറ്റൊന്നായി ഒരുമിച്ചുകൂട്ടിയാല്‍ ഒരു തീക്കുണ്ഠം തന്നെ അത് കൊണ്ട് ഉണ്ടാക്കാം. ലഘുവും നിസ്സാരവുമെന്നും നാം കരുതുന്ന തെറ്റുകുറ്റങ്ങളുടെയും അവസ്ഥ ഇത് തന്നെയാണ്. ഒറ്റക്കായിരിക്കുമ്പോള്‍ വിശ്വാസിയുടെ സ്വര്‍ഗപ്രവേശത്തെ അത് ബാധിക്കുകയില്ല, എന്നാല്‍ ചെറുതെന്ന് കരുതുന്ന നിരവധി പാപങ്ങള്‍ ചേരുമ്പോള്‍ നരകാഗ്നിക്കുള്ള ഇന്ധനമായി അത് മാറും.

ഐഹിക ജീവിതത്തില്‍ സുകൃതങ്ങളെന്നു കരുതി നിരവധി കര്‍മങ്ങളിലേര്‍പ്പെടുകയും ഒടുവില്‍ ഐഹികവും പാരത്രികവും നഷ്ടമാകുന്ന ഹതഭാഗ്യരെപ്പറ്റി ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്. ഒറ്റയടിക്ക് അല്ലാഹു ഒരടിമയെയും ഈ ഒരവസ്ഥയിലേക്ക് എത്തിക്കുകയില്ല. പിശാചിന്റെ പ്രലോഭനങ്ങള്‍ക്കടിപ്പെട്ട് കര്‍മങ്ങളില്‍ നിരവധി വീഴ്ചകള്‍ വരുത്തുകയും ചെറിയ ചെറിയ പാപങ്ങളിലേര്‍പ്പെടുകയും ചെയ്യുന്നവര്‍ക്കാണ് ഇത്തരത്തിലുള്ള അവസ്ഥ സംജാതമാകുക. അതിനാല്‍ തന്നെ പിശാചിന്റെ കുതന്ത്രങ്ങളില്‍ നിന്ന് നാം നിരന്തരമായി ജാഗ്രതപുലര്‍ത്തേണ്ടതുണ്ട്. അല്ലാഹു തന്റെ കൂടെയുണ്ട് എന്നും തന്റെ എല്ലാ കര്‍മങ്ങളും വീക്ഷിച്ചുകൊണ്ടിരിക്കുന്നു എന്ന ബോധം നമ്മില്‍ രൂപപ്പെടേണ്ടതുണ്ട്. അല്ലാഹുവിന്റെ ഭൂമിയില്‍ വെച്ച് , അവന്റെ വിഭവങ്ങള്‍ ഭക്ഷിച്ചു, അവന്‍ കാണവെ അവന്റെ കല്‍പനകള്‍ ധിക്കരിക്കാതിരിക്കാനുള്ള ബോധമാണ് പാപങ്ങളുടെ പാഴ്‌ച്ചേറിലമരാതെ വിശുദ്ധജീവിതം നയിക്കാന്‍ വിശ്വാസിയെ പ്രേരിപ്പിക്കുന്നത്.

 

Related Articles