Current Date

Search
Close this search box.
Search
Close this search box.

ചെറുകല്ലുകള്‍ കൂടിയാണ് പര്‍വതങ്ങള്‍ രൂപപ്പെടുന്നത്

stones.jpg

ഒരു കാര്യത്തെയും ഗൗരവത്തോടെ സമീപിക്കാത്ത പ്രകൃതവും കാര്യങ്ങളെ നിസ്സാരവല്‍കരിക്കലും പ്രബോധന രംഗത്ത് നിന്ന് തെന്നിമാറുന്ന വ്യക്തികളുടെ വിശേഷണങ്ങളില്‍ പ്രധാനമാണ്. മതപ്രബോധന രംഗത്ത് അതിര് കവിയലും തീവ്രതയും എത്രത്തോളം അപകടകരമാണോ അത്രതന്നെ അപകടകരമാണ് ഈ ഉദാസീനതയും അലംബാവവും. അല്ലാഹുവിന്റെ കല്‍പനകള്‍ നടപ്പില്‍ വരുത്തുന്നതിലും ശരീഅത്തിന്റെ വിധികള്‍ മുറുകെ പിടിക്കുന്നതിലും അലംബാവം കൈക്കൊള്ളുന്നവര്‍ തുടക്കത്തില്‍ ചെറിയ കാര്യങ്ങള്‍ നിര്‍വഹിക്കുന്നതില്‍ അതു ചെറുതല്ലേ എന്നുകണ്ട് നിസ്സാരവല്‍കരിച്ചവരായിരിക്കും. പിന്നീട് നിര്‍ബന്ധ ബാധ്യതകള്‍ നിര്‍വഹിക്കുന്നതിലും വിധിവിലക്കുകള്‍ക്കനുസൃതമായി ജീവിതം നയിക്കുന്നതിലും ഇക്കൂട്ടര്‍ പരാജയപ്പെടുന്നു. ഇത്തരക്കാരെ പിശാചിന് എളുപ്പത്തില്‍ കീഴ്‌പെടുത്താന്‍ സാധിക്കും എന്നതാണ് മറ്റൊരു യാഥാര്‍ഥ്യം.

ഒരു കാര്യത്തെയും ചെറുതെന്നു കരുതി നീ നിസ്സാരവല്‍ക്കരിക്കരുത്… കാരണം ചെറുകല്ലുകള്‍ അടിഞ്ഞുകൂടിയാണ് വലിയ പര്‍വതങ്ങളുണ്ടാകുന്നതെന്ന കവിവാക്യം വളരെ അര്‍ഥവത്താണ്. അല്ലാഹുവിന്റെ നിയമങ്ങള്‍ ഒരു ഏറ്റക്കുറച്ചിലും കൂടാതെ അനുസരിക്കാന്‍ നാം ബാധ്യസ്ഥരാണ്. അതില്‍ അതിര് കവിയുന്നവനെ പോലെ തന്നെയാണ് അതില്‍ കുറവ് വരുത്തുന്നവന്റെയും അവസ്ഥ. അപ്രകാരം തന്നെ ഹലാല്‍-ഹറാം പരിധികളും അതിര് കവിയലും കുറവ് വരുത്തലും കൂടാതെ പിന്തുടരാനും നാം ബാധ്യസ്ഥരാണ്.

അല്ലാഹുവിന്റെ വിശേഷണങ്ങളില്‍ എല്ലാം പൊറുക്കുന്നവന്‍, കരുണാവാരിധി  എന്നിവ മാത്രം കേള്‍ക്കുകയും മിഥ്യയായ ധാരണയില്‍ കഴിയുകയും ചെയ്യുന്ന നിരവധി പേരെ കാണാം. അതേ സമയം അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണ് എന്ന യാഥാര്‍ഥ്യത്തെ അവര്‍ വിസ്മരിക്കുകയും ചെയ്യുന്നു. എല്ലാ കാര്യത്തിലും ഇത്തരത്തില്‍ ഇളവ് അന്വേഷിക്കുന്നവര്‍ക്ക് ഒരു കാര്യത്തിലും ദൃഢമായ തീരുമാനമെടുത്ത് മുന്നോട്ട് പോകാന്‍ സാധിക്കുകയില്ല. അല്ലാഹുവില്‍ നിന്ന് വല്ല പരീക്ഷണവും അഭിമുഖീകരിക്കേണ്ടി വന്നാല്‍ അതിന്റെ പ്രഥമഘട്ടത്തില്‍ തന്നെ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ ഇവര്‍ പരാജയപ്പെടും എന്നതാണ് മറ്റൊരു വസ്തുത.

ജീവിതത്തില്‍ ഒന്നിനെയും ഗൗരവതരമായി സമീപിക്കാത്തതും എന്നാല്‍ എല്ലാ കാര്യത്തിലും ഇളവുകളന്വേഷിച്ച് അലംബാവത്തോടെ നടക്കുന്ന ഒരു സുഹൃത്തിനെ എനിക്ക് പരിചയമുണ്ട്. തന്റെ കച്ചവട ആവശ്യാര്‍ഥം ചെറിയ രീതിയിലുള്ള പലിശ ഇടപാടുകള്‍ നടത്തുന്നതിന് അദ്ദേഹത്തിന് ഒരു മടിയുമില്ല, കാരണം അവന്റെ വീക്ഷണത്തില്‍ ഇരട്ടി ഇരട്ടിയായി പലിശ വാങ്ങുന്നതേ കുറ്റമുള്ളൂ. അവന്റെ കുടുംബ – സാമൂഹിക ജീവിത രംഗങ്ങളില്‍ സ്ത്രീകളുമായി ഇടകലര്‍ന്ന് ജീവിക്കുന്നതിനോ അവര്‍ക്ക് ഹസ്തദാനം നല്‍കുന്നതിനോ അതിഥികള്‍ക്ക് സിഗരറ്റ് പോലുള്ളവ നല്‍കുന്നതിനോ യാതൊരു മനസ്സാക്ഷിക്കുത്തുമില്ല. അപ്രകാരം തന്നെ ഔദ്യോഗിക രംഗത്ത് കൈക്കൂലി സ്വീകരിക്കുന്നതിനും അദ്ദേഹത്തിന് ന്യായമുണ്ട്. അത് അവര്‍ ഇഷ്ടത്തോടെ നല്‍കുന്ന സമ്മാനമാണ്. എല്ലാ കാര്യത്തിലും അദ്ദേഹത്തിന്റെ സമീപനം ഇപ്രകാരമാണ്. ഇസ്‌ലാമിക ശരീഅത്തിന്റെ വീക്ഷണത്തില്‍ ഗുരുതര പാപങ്ങളായ ഇവയൊന്നും അദ്ദേഹത്തിന് ഒരു പ്രശ്‌നമാകുന്നില്ല. എന്നാല്‍ ഇസ്‌ലാം ഇത്തരം വിഷയങ്ങളെ എത്ര ഗൗരവതരമായാണ് സമീപിക്കുന്നത് എന്ന് നാം പരിശോധിക്കേണ്ടതുണ്ട്.

ആഇശ(റ)വില്‍ നിന്ന് നിവേദനം : പ്രവാചകന്‍(സ) പറഞ്ഞു. ആഇശാ നീ നിസ്സാരമെന്നു ഗണിക്കുന്ന പാപങ്ങളെ നീ സൂക്ഷിക്കുക! തീര്‍ച്ചയായും അല്ലാഹുവിന്റെയടുക്കല്‍ അതെല്ലാം അന്വേഷിക്കപ്പെടുന്നതാണ്. (നസാഇ)

അനസ്(റ) പറഞ്ഞു : നിങ്ങള്‍ ചില പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നു, നിങ്ങളുടെ വീക്ഷണത്തില്‍ മുടിനാരിനേക്കാള്‍ ചെറുതാണത്. എന്നാല്‍ പ്രവാചകന്റെ കാലത്ത് അത്തരം പ്രവര്‍ത്തനങ്ങളെ നാശഹേതുവായ വന്‍ പാപങ്ങളായാണ് ഞങ്ങള്‍ ഗണിച്ചിരുന്നത്. (ബുഖാരി)

ഇസ്‌ലാമിക പ്രബോധനരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ഇത്തരം ഉദാസീനതയെ കുറിച്ച് വലിയ ജാഗ്രത പുലര്‍ത്തണം. കാരണം പിശാചിന് മനുഷ്യമനസ്സിലേക്ക് പ്രവേശിക്കാനുള്ള ഒരു തുറസ്സാണത്. അതിനാല്‍ തന്നെ തീവ്രതയും ജീര്‍ണതയും കൂടാതെ എല്ലാ കാര്യത്തെയും അതിന്റെ ഗൗരവത്തില്‍ കാണുക. എന്റെ ചര്യയെ അവഗണിച്ചവന്‍ നമ്മില്‍ പെട്ടവനല്ല എന്ന പ്രവാചകവചനം നമുക്ക് വഴികാട്ടിയാകേണ്ടതുണ്ട്.

വിവ: അബ്ദുല്‍ ബാരി കടിയങ്ങാട്‌

സംഘടനയേക്കാള്‍ തനിക്ക് മുന്‍ഗണന നല്‍കുന്നവര്‍
പ്രകടനപരതയും ആത്മപ്രശംസയും

Related Articles