Current Date

Search
Close this search box.
Search
Close this search box.

ചെറിയ പെരുന്നാള്‍ : പാലിക്കേണ്ട മര്യാദകള്‍

eid.jpg

1. പെരുന്നാള്‍ ദിവസം തക്ബീര്‍ ധാരാളമായി ചൊല്ലുക. ഇതിന്റെ സമയപരിധി ചെറിയ പെരുന്നാള്‍ ഉറപ്പിച്ചത് മുതല്‍ ആരംഭിക്കുകയും പെരുന്നാല്‍ നമസ്‌കാരത്തോടെ അവസാനിക്കുകയും ചെയ്യുന്നു. അല്ലാഹു പറയുന്നു : ‘നോമ്പിന്റെ നിശ്ചയിക്കപ്പെട്ട എണ്ണം നിങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് വേണ്ടിയും, അങ്ങിനെ അല്ലാഹു നിങ്ങള്‍ക്ക് സന്മാര്‍ഗം നല്‍കിയതിന് അവന്റെ മഹത്വം വാഴ്ത്തുന്നതിന് വേണ്ടിയുമാകുന്നു അത്’ (അല്‍ ബഖറ 185)

‘അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍’, ‘അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍, ലാഇലാഹ ഇല്ലല്ലാഹ്, അല്ലാഹു അക്ബര്‍ വലില്ലാഹില്‍ ഹംദ്’ ഈ രണ്ട് രൂപങ്ങളാണ് തക്ബീറിന്റേതായി സ്വഹാബികളില്‍ നിന്ന് സ്ഥിരപ്പെട്ടത്. അധിക പള്ളികളിലും ഇതല്ലാതെ നാം കേള്‍ക്കുന്ന തക്ബീറിന്റെ രൂപങ്ങള്‍ക്കും കൂട്ടിച്ചേര്‍ക്കലുകള്‍ക്കും വല്ല അടിസ്ഥാനവുമുള്ളതായി എന്റെ അറിവിലില്ല.

2. പെരുന്നാള്‍ നമസ്‌കാരത്തിന് പുറപ്പെടുന്നതിനായി കുളിച്ച് ശുദ്ധിയാവുക. ഏറ്റവും പുതിയ വസ്ത്രം ധരിക്കുക. സുഗന്ധം ഉപയോഗിക്കുക. ഇതെല്ലാം പ്രവാചക ചര്യയില്‍ പെട്ടതാണ്.

3. ചെറിയ പെരുന്നാള്‍ നമസ്‌കാരത്തിന് പോകുന്നതിന് മുമ്പായി ലഘുഭക്ഷണം കഴിക്കുന്നത് സുന്നത്താണ്.

4. പെരുന്നാള്‍ നമസ്‌കാര സ്ഥലത്തേക്ക് പോകുമ്പോഴും അവിടെ എത്തിയാലും തക്ബീര്‍ ഉച്ചത്തില്‍ ചൊല്ലിക്കൊണ്ടിരിക്കുക.

5. പെരുന്നാള്‍ നമസ്‌കാരത്തിന് പോകുമ്പോള്‍ ഒരു വഴിയിലൂടെയും തിരിച്ച് വരുമ്പോള്‍ മറ്റൊരു വഴിയിലൂടെയും വരിക. പ്രവാചകന്‍ ഇങ്ങനെ ചെയ്തിരുന്നു. കൂടുതല്‍ പേരെ കണ്ട് പെരുന്നാള്‍ ആശംസ കൈമാറാന്‍ ഇതുവഴി ഉപകരിക്കും.

6. ഈദുഗാഹുകളില്‍ നമസ്‌കരിക്കുക എന്നതാണ് പ്രവാചക ചര്യ. ഇനി വല്ല കാരണത്താലും പള്ളിയില്‍ വെച്ച് നമസ്‌കരിച്ചാല്‍ അത് സാധുവാകും.

7. സ്ത്രീകളെയും കുട്ടികളെയും ഈദ് ഗാഹുകളിലേക്ക് കൊണ്ട് പോകണം. ആര്‍ത്തവമുള്ള സ്ത്രീകള്‍ നമസ്‌കാരത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയും മറ്റുകാര്യങ്ങളില്‍ പങ്കാളിയാവുകയും ചെയ്യാം. ഇമാം മുസ്‌ലിം റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ സ്ത്രീകളോടും പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കാളിയാകാന്‍ പ്രവാചകന്‍ കല്‍പ്പിച്ചതായി കാണാം.

8. ചെറിയ പെരുന്നാള്‍ നമസ്‌കാരം രണ്ടു റക്അത്താണ്. ഫാത്വിഹ ഓതുന്നതിന് മുമ്പായി ആദ്യത്തെ റക്അത്തില്‍ ഏഴ് തക്ബീറും രണ്ടാമത്തെ റക്അത്തില്‍ അഞ്ച് തക്ബീറും ചൊല്ലണം. ഇമാം സൂറത്തുല്‍ ‘അഅ്‌ലാ’, സൂറത്തുല്‍ ‘ഗാശിയ’ തുടങ്ങിയവ പാരായണം ചെയ്യുന്നതാണ് അഭികാമ്യം. ഇമാം മുസ്‌ലിം റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഹദീസില്‍ നുഅ്മാനുബ്‌നു ബഷീര്‍ (റ) പറയുന്നു : ‘നബി (സ) രണ്ട് പെരുന്നാള്‍ നമസ്‌കാരങ്ങളിലും സൂറത്ത് അഅ്‌ലാ, ഗാശിയ എന്നിവ ഓതാറുണ്ടായിരുന്നു’.

9. പെരുന്നാള്‍ നമസ്‌കാരത്തിന് ശേഷം ഖുതബ ശ്രദ്ധിക്കല്‍. ഇനി ഒരാള്‍ ഖുതുബക്ക് സന്നിഹിതനാകാതെ എഴുന്നേറ്റ് പോകുന്നതില്‍ പ്രശ്‌നമൊന്നുമില്ല. ഏറ്റവും ഉത്തമമായിട്ടുള്ളത് അത് കേള്‍ക്കുക എന്നതാണ്.

10. പരസ്പരം ആശംസ നേരല്‍. പ്രവാചകനില്‍ നിന്ന് പ്രത്യേകമായി ഒരാശംസാ വചനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും സ്വഹാബികളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ജുബൈറുബ്‌നു നഫീര്‍ (റ) പറയുന്നു :     ‘നബി (സ)യുടെ അനുചരന്മാര്‍ പെരുന്നാള്‍ ദിവസം പരസ്പരം കണ്ടുമുട്ടിയാല്‍ ‘തഖബ്ബലല്ലാഹു മിന്നാ വ മിന്‍കും’ (അല്ലാഹു നമ്മില്‍ നിന്നും നിങ്ങളില്‍ നിന്നും ഇത് സ്വീകരിക്കുമാറാകട്ടെ) എന്ന് പറഞ്ഞ് ആശംസ അറിയിക്കാറുണ്ടായിരുന്നു’.

11. പെരുന്നാള്‍ ദിവസം പാട്ട് പാടലും, ഇസ്‌ലാം അനുവദിച്ച വിനോദ പരിപാടികളും അനുവദനീയമാണ്. രണ്ട് പെണ്‍കുട്ടികള്‍ പെരുന്നാള്‍ ദിവസം പ്രവാചക സന്നിധിയില്‍ വെച്ച് പാട്ടുപാടിയപ്പോള്‍ ‘അവരെ വിട്ടേക്കൂ, എല്ലാ സമൂഹത്തിനും ആഘോഷമുണ്ട്, ഇന്ന് നമ്മുടെ ആഘോഷ ദിനമാണ്’ എന്ന് പ്രവാചകന്‍ പറഞ്ഞതായി ഇമാം ബുഖാരി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

12. അന്യസ്ത്രീ പൂരുഷന്‍മാര്‍ പരസ്പരം കൈകൊടുത്തും ആശ്ലേഷിച്ചും ആശംസകള്‍ കൈമാറല്‍, പെരുന്നാളിന്റെ പേരില്‍ പടക്കം, ദീപാലങ്കാരം തുടങ്ങിയവയുടെ പേരില്‍ ധാരാളം പണം ധൂര്‍ത്തടിക്കല്‍, പെരുന്നാള്‍ ദിവസം പ്രത്യേകമായി ഖബറിടങ്ങള്‍ സന്ദര്‍ശിക്കല്‍, മറ്റുമത സമൂഹങ്ങളുടെ രീതികളും ആചാരങ്ങളും പിന്‍പറ്റല്‍ തുടങ്ങിയവ നിഷിദ്ധവും ബിദ്അത്തില്‍ പെട്ടതുമാണ്.

വിവ : ഷംസീര്‍ എ.പി

Related Articles