Current Date

Search
Close this search box.
Search
Close this search box.

ചുറ്റുപാടിലേക്ക് പരക്കാനുള്ളതാണ് നമ്മിലെ വെളിച്ചം

light1.jpg

പരലോകമോക്ഷം ഉദ്ദേശ്യവും ലക്ഷ്യവുമാക്കി ഇഹലോക ജീവിതത്തില്‍ പരമാവധി പ്രയത്‌നിക്കാനാണ് വിശ്വാസികളോട് ഇസ്‌ലാം ആവശ്യപ്പെടുന്നത്. ഈ ഒരു ദിശാബോധത്തോടെ നന്മകള്‍ പ്രവര്‍ത്തിച്ച് ഇഹലോകജീവിതത്തില്‍ സംശുദ്ധജീവിതം നയിക്കുന്നവന് മാത്രമേ ഇഹപര വിജയം വരിക്കാന്‍ കഴിയൂ. ഇഹലോകത്തെ പ്രവര്‍ത്തനങ്ങളുടെ ആത്യന്തികലക്ഷ്യം തന്നെ അല്ലാഹുവിന്റെ പ്രീതി നേടുക എന്നതാണ്. ഈ ലക്ഷ്യം സാക്ഷാത്കരിക്കാന്‍ വ്യക്തിസംസ്‌കരണം നേടുക എന്നത് വളരെ പ്രധാനമാണ്. നമ്മുടെ വിശ്വാസം ചിലപ്പോള്‍ ദുര്‍ബലമാകാനും തെറ്റുകളിലേക്ക് മനസ്സുകളെ കൊണ്ടെത്തിക്കാനും ഹേതു എന്താണെന്നു നാമെപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? പാപം ചെയ്യരുതെന്ന് നാം തീരുമാനിച്ചിട്ടും ചിലപ്പോഴെങ്കിലും നാം അറിയാതെ നമ്മുടെ മനസ്സ് അതിന് പ്രേരിപ്പിക്കുന്നില്ലേ? മനസ്സ് തുരുമ്പ് പിടിക്കുന്നതാണ് പലപ്പോഴും തിന്മകളിലേക്ക് നമ്മെ സ്വാധീനിക്കാന്‍ നിമിത്തമായ രോഗഹേതുവെന്ന് നാം അറിയുക. മനുഷ്യനെ നന്നാക്കാനും നമ്മെ സ്ഫുടം ചെയ്യാനും അല്ലാഹു ഭൂമിയില്‍ ധാരാളം സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ദൈവിക സന്ദേശങ്ങള്‍ മനുഷ്യര്‍ക്ക് നല്‍കാന്‍ മനുഷ്യരില്‍ നിന്ന് തന്നെ അയച്ച പ്രവാചകന്മാര്‍, അവര്‍മുഖേന മനുഷ്യര്‍ക്ക് സന്മാര്‍ഗം കാണിച്ചു തരാന്‍ അവതരിപ്പിച്ചു തന്ന വേദഗ്രന്ഥങ്ങള്‍, മനുഷ്യരുടെ വക പള്ളിക്കൂടങ്ങള്‍, കലാലയങ്ങള്‍, ഗ്രന്ഥങ്ങള്‍, പ്രഭാഷണങ്ങള്‍, മറ്റ് ശാസ്ത്ര സാങ്കേതിക വിദ്യകള്‍ വഴി ലഭ്യമായ ഇന്റര്‍നെറ്റും അതുവഴി വ്യപകമായി ത്തീര്‍ന്ന നവമാധ്യമങ്ങളും… എന്നിട്ടും വളര്‍ന്നുവരുന്ന യുവതലമുറയിലെ വലിയൊരു വിഭാഗം വഴികേടിലാകുന്നു! ദിശാബോധം വിസ്മരിച്ച് അപഥ സഞ്ചാരത്തില്‍ തന്നെ! സ്വയം നന്നാവാനും ശുദ്ധീകരിക്കപ്പെടുവാനുമുള്ള ആഗ്രഹമാണ് സന്മാര്‍ഗത്തിന്റെ മൗലിക ധാതു. ഈ ആഗ്രഹമാണ് ആത്മസംസ്‌കരണം. നന്മ തിന്മകളെ വേര്‍തിരിച്ചറിയുന്നതോടൊപ്പം ദുര്‍വിചാരങ്ങളെ അതിജയിക്കാനുള്ള മനക്കരുത്ത് കൂടി ഉണ്ടാകുമ്പോള്‍ മാനസിക സംസ്‌കരണം നടക്കൂ. മാനസിക സംസ്‌കരണം നടക്കുമ്പോഴേ നന്മകള്‍ വര്‍ധിപ്പിക്കാനും സമൂഹത്തെ നന്നാക്കാനും മനുഷ്യന് സാധിക്കൂ.

പിശാചിന്റെ പ്രേരണ ഇന്ന് ശക്തമാണ്. തെറ്റുകള്‍ എവിടെയുണ്ടോ അവിടെ പിശാചിന്റെ സാന്നിധ്യം ഉണ്ടെന്ന് എപ്പോഴും നാം തിരിച്ചറിയുക. വിശുദ്ധ ഖുര്‍ആന്‍ അത് കൊണ്ടുതന്നെയാണ് പിശാചിന്റെ കാലടികള്‍ പിന്‍പറ്റരുതെന്നു ആവര്‍ത്തിച്ച് വിശ്വാസികളെ ഉപദേശിക്കുന്നതും. ‘പിശാചിന്റെ കാല്‍പാടുകളെ പിന്‍പറ്റുന്ന പക്ഷം തീര്‍ച്ചയായും പിശാച് കല്‍പിക്കുന്നത് ചീത്തകാര്യവും ദുരാചാരവും ചെയ്യാനായിരിക്കും’ എന്ന് അല്ലാഹു സ്പഷ്ടമായി വിശുദ്ധ ഖുര്‍ആനിലൂടെ താക്കീത് നല്കുന്നുണ്ട്. അല്ലാഹുവിനെ കുറിച്ചുള്ള സ്മരണ മാത്രമേ പിശാചിന്റെ കെണിയില്‍ നിന്നും മനുഷ്യന് രക്ഷപ്പെടാനുള്ള ഏക വഴി. സദാ അല്ലാഹുവിനെ കുറിച്ച് ബോധമുള്ളവരെ പിശാചിന് കെണിയില്‍ വീഴ്ത്താന്‍ കഴിയില്ലെന്ന് നാം ഓര്‍ക്കുക. ദിശാബോധം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പുതുതലമുറയുടെ അപഥസഞ്ചാരം നമ്മുടെ ചിന്തയിലേക്ക് ഗൗരവപൂര്‍വം വരേണ്ട ഒരു വിഷയമാണ്. മദ്യവും മയക്കുമരുന്നും വ്യഭിചാരവും അശ്ലീലതയുമൊക്കെ കഥകളിലും മറ്റും മാത്രം കേട്ടിരുന്നവര്‍ ഇന്ന് കണ്‍മുന്നില്‍ യാഥാര്‍ഥ്യങ്ങളായി തെളിയുമ്പോള്‍ സ്തബ്ദരായി പോകുകയാണ്. ജീര്‍ണതകള്‍ സകലസീമകളും അതിലംഘിച്ച് സമൂഹത്തില്‍ വ്യാപിക്കുമ്പോള്‍ നിസ്സംഗരായിരിക്കാന്‍ ഒരു സത്യ വിശ്വാസിക്ക് അനുവാദമില്ല. ‘നന്മയിലേക്ക് ക്ഷണിക്കുകയും സദാചാരം കല്‍പിക്കുകയും തിന്മയില്‍ നിന്ന് വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ നിന്ന് ഉണ്ടായിരിക്കട്ടെ. അവരത്രെ വിജയികള്‍’ എന്ന് വിശുദ്ധ ഖുര്‍ആനിലൂടെ അല്ലാഹു പ്രഖ്യാപിക്കുമ്പോള്‍ തന്നെ ഈ വിഷയത്തിന്റെ ഗൗരവം നമുക്ക് ബോധ്യമാകും. തിന്മക്കെതിരെ പ്രതികരിക്കുന്ന നന്മ സംസ്ഥാപിക്കുന്ന ഒരു സമൂഹത്തിനെ ജീവിതവിജയമുള്ളൂ. സ്വയം എന്തെല്ലാം നല്ല മൂല്യങ്ങള്‍ ഉള്‍കൊള്ളാന്‍ നാം തീരുമാനിച്ചുവോ അതിന്റെയെല്ലാം പ്രചാരണം കൂടി ഏറ്റെടുക്കലും നമ്മുടെ ബാധ്യതയാണ്. തീക്കനല്‍ അതിന്റെ ചൂടും, ഐസ്‌കട്ട അതിന്റെ തണുപ്പും വിളക്ക് അതിന്റെ പ്രഭയും ചുറ്റുപാടിലേക്ക് പകര്‍ന്നു നല്‍കുന്നു. അതുപോലെ നന്മ കല്‍പ്പിക്കലും തിന്മ തടയലും ഒരു വിശ്വാസിയുടെ ജീവിതത്തിലെ അനിവാര്യതയില്‍ പെട്ടതാണ്.

സമൂഹത്തിലെ ആരെങ്കിലും അധാര്‍മികതയില്‍ മുഴുകുന്നത് കണാനിടയായാല്‍ അതില്‍ നിന്ന് അവരെ വിമോചിപ്പിക്കുക എന്നത് ലക്ഷ്യമായി നാം ഏറ്റെടുത്താല്‍ വമ്പിച്ച മാറ്റങ്ങള്‍ സമൂഹത്തിലുണ്ടാക്കാന്‍ നമുക്ക് കഴിയും. ധാര്‍മികതയെ വെല്ലുവിളിച്ച് അതിശീഘ്രം വളര്‍ന്ന് കൊണ്ടിരിക്കുന്ന ആധുനിക സാങ്കേതിക വിദ്യകളുടെ അതിപ്രസരം നമ്മെ നശിപ്പിച്ചു കൂടാ. ഇസ്‌ലാമികമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് പുതു തലമുറയെ ബോധവത്കരിക്കാന്‍ നാം തയ്യാറാണെങ്കില്‍ ഒരു പരിധിവരെ സമൂഹത്തെ നന്നാക്കിയെടുക്കാം. ആത്മീയ ധാര്‍മിക ബോധം കരുപ്പിടിപ്പിക്കാനുള്ള ഊര്‍ജിത ശ്രമങ്ങള്‍ ആസൂത്രണത്തോടെ നാം നിര്‍വഹിക്കുക എന്നത് സമകാലീന സമൂഹത്തില്‍ നിര്‍ബന്ധമായും നാം ചെയ്യേണ്ടുന്ന ധാര്‍മികമായ ഉത്തരവാദിത്തം തന്നെയാണ്. ദിശാബോധം നഷ്ടപ്പെടുന്ന യുവസമൂഹത്തെ നേരിന്റെ പാതയിലേക്ക് ആനയിക്കാന്‍ വേണ്ട ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ നാം ശ്രമിക്കുക. തീര്‍ച്ചയായും അതുവഴി സ്വയം നേട്ടമുണ്ടാകുന്നു എന്നതിലുപരി സമൂഹത്തില്‍ വമ്പിച്ച മാറ്റങ്ങള്‍ക്ക് നാന്ദി കുറിക്കാന്‍ നമുക്ക് കഴിയുന്നുവെന്നതും മഹത്തായൊരു ഗുണം തന്നെയാണ്.

Related Articles