Current Date

Search
Close this search box.
Search
Close this search box.

ചവറ്റുകൂനയില്‍ ഭക്ഷണം തിരയുന്നവരെ നീ കണ്ടില്ലേ!

child.jpg

കഥാകൃത്ത് വിവരണം തുടര്‍ന്നു: അസര്‍ നമസ്‌കാരത്തിന് ശേഷം പുറത്തിറങ്ങിയപ്പോള്‍ ചവറ്റുകൂനക്കരികില്‍ നില്‍ക്കുന്ന അയല്‍ക്കാരനെ ഞാന്‍ കണ്ടു. അയാള്‍ അതില്‍ നിന്നും എന്തോ എടുത്ത് വീട്ടിനകത്തേക്ക് പോയി. ഞാന്‍ കണ്ട കാഴ്ച എന്നെ വളരെയധികം അത്ഭുതപ്പെടുത്തി. അവന്റെ അവസ്ഥ എനിക്കറിയാഞ്ഞിട്ടാവാം എന്നു ഞാന്‍ മനസില്‍ പറഞ്ഞു. എന്തു തന്നെയായാലും അയാളെ കണ്ട് കാര്യമന്വേഷിക്കാന്‍ തന്നെ തീരുമാനിച്ചു. വളരെ നന്നായിത്തന്നെ അദ്ദേഹം എന്നെ സ്വീകരിച്ചു. നല്ല ഒരവസ്ഥയിലാണ് ഞാനദ്ദേഹത്തെ കണ്ടത്. ഐശ്വര്യം വീട്ടില്‍ വളരെ പ്രകടമായിരുന്നു. ഞാന്‍ കണ്ട കാര്യത്തെപറ്റി അയാളോട് അന്വേഷിച്ചു. ഭക്ഷ്യയോഗ്യമായ ആഹാരം ചവറ്റുകൂനയില്‍ കണ്ടതാണയാളെ അതിന് പ്രേരിപ്പിച്ചതെന്ന് എനിക്കയാള്‍ മറുപടി നല്‍കി. അതില്‍ പ്രയാസം തോന്നിയാണ് അത് അവിടെ നിന്നും എടുത്തത്. കാരണം അല്ലാഹുവിന്റെ വലിയ ഒരനുഗ്രഹമാണ് ഭക്ഷണമെന്നുള്ളത്, അതിനെ ആദരിക്കേണ്ടതുണ്ട്. നിന്ദ്യമായ ചവറ്റുകൂന പോലുള്ള സ്ഥലമല്ല അതിന് യോജിച്ചത്.
അയാള്‍ തന്റെ തന്നെ കഥ വിവരിച്ചു: ഒരിക്കല്‍ എനിക്ക് അസഹനീയമായ വിശപ്പ് അനുഭവപ്പെട്ടു. ഭക്ഷണം ഏതവസ്ഥയില്‍ കണ്ടാലും അതിനെ ആദരിക്കുമെന്ന് ഞാന്‍ അല്ലാഹുവിന്റെ പേരില്‍ ശപഥം ചെയ്തു. പിന്നീട് ഒരു വര്‍ഷത്തിന് ശേഷം കഠിനമായ ദാരിദ്ര്യം എന്നെ ബാധിച്ചു. എനിക്ക് ജോലി ഇല്ലാത്ത സമയമായിരുന്നു അത്. കുടുംബത്തോടും മകളോടുമൊപ്പമായിരുന്നു ഞാന്‍ കഴിഞ്ഞിരുന്നത്. ദിവസവും രാവിലെ പലയിടത്തും ജോലി അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ എനിക്ക് സാധിച്ചില്ല. വൈകിയിട്ട് ശൂന്യഹസ്തവുമായിട്ടാണ് ഞാന്‍ തിരിച്ചെത്തിയിരുന്നത്. എന്നെ കാത്തിരിക്കുന്ന ഭാര്യയെയും മകളെയും കാണുമ്പോള്‍ വളരെയധികം വേദനിച്ചു. അവര്‍ക്ക് നല്‍കാന്‍ ഭക്ഷണമൊന്നുമില്ലായിരുന്നു. ഒന്നും കഴിക്കാനില്ലാതെ മൂന്നുദിവസം കടന്ന് പോയി. കാര്യത്തെ കുറിച്ച് ഞാന്‍ വളരെയധികം ആലോചിച്ചു. ഒരു ദിവസം വളരെ പൈശാചികമായ ഒരു ചിന്ത എന്നില്‍ ഉടലെടുത്തു. മാന്യന്മാരായ ആരും ചെയ്യാന്‍ മുതിരാത്ത കാര്യമാണത്. എന്റെ ചിന്ത ഭാര്യയുമായി ഞാന്‍ അത്‌ പങ്കുവെച്ചു. ഞാന്‍ അവളോട് പറഞ്ഞു: എത്ര കാലം നമ്മളിങ്ങനെ ഭക്ഷണമില്ലാതെ മരണത്തെ കാത്ത് കഴിയും? പട്ടിണി നമ്മെ മരണത്തിന്റെ വക്കോളമെത്തിച്ചിരിക്കുന്നു, നമ്മുടെ ഉറക്കത്തെ അത് നഷ്ടപ്പെടുത്തിയിരിക്കുന്നു, ശരീരത്തെയത് പീഡിപ്പിക്കുന്നു, നമ്മുടെ മകളും മരണത്തിന്റെ വിളിയാളം കാത്തിരിക്കുകയാണ്. അവള്‍ ചെറിയ കുട്ടിയാണ് നമ്മള്‍ സഹിക്കുന്നത് പോലെ അവള്‍ക്ക് സഹിക്കാന്‍ കഴിയുകയില്ല. അവളുടെ മുടിയെല്ലാം ചീകി വൃത്തിയാക്കി വേലക്കാരെ വില്‍ക്കുന്ന ചന്തയിലേക്ക് കൊണ്ടുപോകാനാണ് ഞാനുദ്ദേശിക്കുന്നത്. അവളെ അവിടെ വിറ്റ് കിട്ടുന്ന സംഖ്യക്ക് ഭക്ഷണം വാങ്ങാം. അവളെ വാങ്ങുന്ന ആള്‍ വീട്ടില്‍ കൊണ്ടുപോയി അവള്‍ക്കാവശ്യമായ ഭക്ഷണം നല്‍കികൊള്ളും. നമ്മോടൊപ്പം കഴിഞ്ഞ് മരിക്കുന്നതിന് പകരം അവള്‍ക്കവിടെ ജീവിക്കാം. എന്നാല്‍ ഭാര്യ അതിനെ ശക്തമായി എതിര്‍ത്തു. അല്ലാഹുവിന്റെ ശിക്ഷയെ പറ്റി അവളെന്നെ ഭയപ്പെടുത്തി. ഞാന്‍ തര്‍ക്കിക്കുകയും സമ്മര്‍ദ്ധം ചെലുത്തുകയും ചെയ്തുകൊണ്ടേയിരുന്നു. അവസാനം അവളും എന്റെ അഭിപ്രായത്തോട് യോജിച്ചു. മകളെ അണിയിച്ചൊരുക്കി അവളുമായി ചന്തയിലേക്ക് പോയി. ഗ്രാമത്തില്‍ നിന്നും വന്ന ഒരാള്‍ക്ക് അവളെ വിറ്റു. വിറ്റുകിട്ടിയ സംഖ്യയില്‍ നിന്ന് ഭക്ഷ്യവസ്തുക്കള്‍ വാങ്ങി. അത് വീട്ടിലേക്ക് വഹിക്കുന്നതിനായി ഞാനൊരു ചുമട്ടുകാരനെ വിളിച്ചു. ഞാന്‍ മുന്നിലും അയാള്‍ പിന്നിലുമായി  വീട്ടിലേക്ക് നടന്നു. വീട്ടിലെത്തി തിരിഞ്ഞ് നോക്കിയപ്പോള്‍ ചുമട്ടുകാരനെ കാണാനില്ല. അയാളെ അന്വേഷിച്ച് നടന്നെങ്കിലും കണ്ടെത്താന്‍ എനിക്ക് സാധിച്ചില്ല. ചന്തയിലേക്ക് തന്നെ ഞാന്‍ മടങ്ങി. എന്നാല്‍ അവിടെയെത്തി കീശയില്‍ കയ്യിട്ടപ്പോള്‍ അതില്‍ പണമുണ്ടായിരുന്നില്ല. ഒരു പര്‍വത്തെ തന്നെ പിളര്‍ത്താന്‍ ശക്തമായത്ര കനത്ത ദുഖവും നിരാശയും എന്നെ പിടികൂടി. ഞാന്‍ ചെയ്ത പ്രവൃത്തിയെ കുറിച്ച് ഞാന്‍ ആലോചിച്ചു, എന്നെ തന്നെ അതിന്റെ പേരില്‍ ആക്ഷേപിക്കുകയും ഖേദിക്കുകയും ചെയ്തു. എന്റെ മകളെ കാണാനുള്ള അതിയായ ആഗ്രഹം എന്നിലുണ്ടായി. ജീവിതത്തില്‍ ഇതുവരെ തോന്നാത്ത സ്‌നേഹം അവളോടെനിക്ക് തോന്നി. കണ്ണില്‍ നിന്നും കണ്ണുനീര്‍ ഒഴുകാന്‍ തുടങ്ങി. അവസാനം സ്രഷ്ടാവായ അല്ലാഹുവില്‍ അഭയം തേടുകയല്ലാതെ മറ്റു വഴിയൊന്നും കണ്ടില്ല. ‘പ്രയാസമനുഭവിക്കുന്നവന്‍ പ്രാര്‍ഥിക്കുമ്പോള്‍ അതിനുത്തരം നല്‍കുകയും ദുരിതങ്ങളകറ്റുകയും നിങ്ങളെ ഭൂമിയിലെ പ്രതിനിധികളാക്കുകയും ചെയ്തവന്‍ ആരാണ്? ഇതിലൊക്കെ അല്ലാഹുവോടൊപ്പം വേറെ വല്ല ദൈവവുമുണ്ടോ? അല്‍പം മാത്രമേ നിങ്ങള്‍ ചിന്തിച്ചറിയുന്നുള്ളൂ.’ (അന്നംല്: 62)

വിശുദ്ധ ഹറമിലേക്ക് പോകാന്‍ ഞാന്‍ തീരുമാനിച്ചു. ഹറമിലെത്തിയപ്പോള്‍ എന്റെ മകള്‍ ഒരു ഗ്രാമീണനോടൊപ്പം കഅ്ബയെ ത്വവാഫ് ചെയ്യുന്നതാണ് ഞാന്‍ കണ്ടത്. അവളെ പിടിച്ചെടുക്കാന്‍ പിശാച് എന്നില്‍ ദുര്‍ബോധനം നടത്തി. ഹറമില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ ആളുകള്‍ ഒഴിഞ്ഞ സ്ഥലത്തുവെച്ച് അയാളെ അക്രമിച്ച് കൊലപ്പെടുത്തി മകളുമായി വീട്ടില്‍ പോകാന്‍ പിശാച് എന്നെ പ്രേരിപ്പിച്ചു. എന്നാല്‍ പശ്ചാത്തപിച്ച് അല്ലാഹുവിലേക്ക് മടങ്ങി അവനോട് കേണപേക്ഷിക്കാനാണ് ഞാനവിടെ എത്തിയിരിക്കുന്നതെന്ന് ഞാന്‍ ഓര്‍ത്തു. ഇത്തരം ഒരവസ്ഥയില്‍ ഞാന്‍ നില്‍ക്കുമ്പോള്‍ ആ ഗ്രാമീണന്‍ എന്നെ വിളിച്ച് ചോദിച്ചു. ‘നിങ്ങളെനിക്ക് വിറ്റ ഈ പെണ്‍കുട്ടി ആരാണ്? എന്റെ വേലക്കാരിയാണെന്ന് ഞാന്‍ മറുപടി നല്‍കി. അപ്പോള്‍ അയാള്‍ പറഞ്ഞു: ‘അല്ല, നിങ്ങളുടെ മകളാണവള്‍, അവളോട് ഞാന്‍ ചോദിച്ചിട്ടുണ്ട്. എന്താണ് നിങ്ങളെയിത് ചെയ്യാന്‍ പ്രേരിപ്പിച്ചത്? ഞാന്‍ പറഞ്ഞു: ‘ഞങ്ങള്‍ക്ക് രുചിച്ച് നോക്കാന്‍ പോലും ഭക്ഷണം ഇല്ലാത്ത മൂന്നു ദിവസങ്ങള്‍ കഴിഞ്ഞുപോയി. മരണം പിടികൂടുമെന്ന് ഞങ്ങള്‍ ഭയന്നു. അവളിലൂടെ ഞങ്ങളെയും അവളെയും അല്ലാഹു രക്ഷപ്പെടുത്തിയെങ്കിലോ എന്ന് ഞാന്‍ ആലോചിച്ചു. പിന്നീട് അവളെ വിറ്റു വാങ്ങിയ ഭക്ഷണവസ്തുക്കളും ശേഷിച്ച പണവും നഷ്ടപ്പെട്ടു. അതില്‍ നിന്ന് എനിക്ക യാതൊരു പ്രയോജനവുമുണ്ടായില്ല. തുടര്‍ന്ന് അയാള്‍ മകളെ കൊണ്ടു പോകാനും മേലില്‍ ഇത് ആവര്‍ത്തിക്കരുതെന്നും എന്നോട് പറഞ്ഞു. അതിന് പുറമെ കുറച്ച് പണവും എനിക്ക് തന്നു. ഞാന്‍ വളരെയധികം സന്തോഷിച്ചു, അദ്ദേഹത്തോട് നന്ദിപറയുകയും നന്മക്കായി അല്ലാഹുവോട് പ്രാര്‍ഥിക്കുകയും ചെയ്തു. അദ്ദേഹമെന്നോട് കാണിച്ച ദയാവായ്പില്‍ ഞാന്‍ അല്ലാഹുവോട് നന്ദികാണിക്കുകയും സ്തുതിക്കുകയും ചെയ്തു. പ്രയാസങ്ങള്‍ക്ക് ശേഷം എളുപ്പമുണ്ടെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. അല്ലാഹുവിന്റെ അനുഗ്രഹത്തിന് നന്ദിയുള്ളവനായിരിക്കുമെന്നും ആഹാരത്തെ ആദരിക്കുമെന്നും ഞാന്‍ അല്ലാഹുവുമായി കരാര്‍ ചെയ്തു. ഒരു ഭക്ഷണത്തെയും നിന്ദിക്കുകയില്ലെന്നും ചവറ്റുകുട്ടയില്‍ എറിയില്ലെന്നും ഞാന്‍ ശപഥം ചെയ്തു. ഇതാണ് എന്റെ ചരിത്രം.
നാം ഓരോരുത്തരും തന്റെ അയല്‍ക്കാരുടെ അവസ്ഥയെ കുറിച്ച് ചിന്തിക്കേണ്ടത് വളരെ അനിവാര്യമാണ്. പ്രയാസപ്പെടുന്നവരും ദരിദ്രരുമായ എത്രയോ ആവശ്യക്കാര്‍ അവരിലുണ്ട്. മുസ്‌ലിംകളായ ആളുകളെ പോലും ഭൗതികത തന്റെ അയല്‍ക്കാരില്‍ നിന്നും അശ്രദ്ധനാക്കിയിരിക്കുന്നു. അവരെ കുറിച്ച് അവര്‍ ആലോചിക്കുന്നില്ല. ‘അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയര്‍ നിറക്കുന്നവന്‍ വിശ്വാസിയല്ല’ എന്നു പറഞ്ഞ പ്രവാചകന്‍(സ)യുടെ ചര്യയെ പറ്റി അവര്‍ ചിന്തിക്കേണ്ടതുണ്ട്. ഹൃദയങ്ങളെ വേദനിപ്പിക്കുന്ന ഈ കഥ നിങ്ങള്‍ക്കാണ്. മകളെ വില്‍ക്കുന്നടത്തോളം വിശപ്പ് അയാളെ പ്രേരിപ്പിച്ചിരിക്കുന്നു. ആ അവസ്ഥയെ കുറിച്ച് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ? അയാളുടെ സ്ഥാനത്ത് നിങ്ങളായിരുന്നെങ്കിലോ? എന്നാല്‍ അയാളുടെ അയല്‍ക്കാര്‍ അവരുടെ ആവശ്യം തിരിച്ചറിഞ്ഞിരുന്നെങ്കില്‍ എന്നാണ് നാം ചോദിക്കുന്നത്. ഇസ്‌ലാമിക മൂല്യങ്ങളും നിര്‍ദേശങ്ങളും അനുസരിച്ച് അവര്‍ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഇത്തരം ഒരവസ്ഥ അയാള്‍ക്കുണ്ടാകുമായിരുന്നോ?
നമ്മുടെ ദീനിന്റെ ഉന്നതമായ ധാരാളം മൂല്യങ്ങള്‍ നമുക്കറിയാം. എന്നാല്‍ അതില്‍ വളരെ കുറച്ച് മാത്രമേ പ്രായോഗികമാക്കുന്നുള്ളൂ എന്നതാണ് ദുഖകരം. അതില്‍ വളരെ പ്രധാനമാണ് അയല്‍വാസിയുടെ കാര്യത്തിലുള്ള വസിയത്ത്. നബി(സ) ഒരിക്കല്‍ പറഞ്ഞു: ‘അയല്‍വാസി എന്നെ അനന്തരമെടുക്കുമെന്ന് ഞാന്‍ വിചാരിക്കുന്നടത്തോളം അയല്‍വാസിയുടെ വിഷയത്തില്‍ ജിബ്‌രീല്‍ എന്നെ ഉപദേശിച്ചു.’ മറ്റൊരിക്കല്‍ പ്രവാചകന്‍(സ) പറഞ്ഞു: ‘എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവനാണ് സത്യം, സ്വന്തത്തിന് ഇഷ്ടപ്പെടുന്നത് അയല്‍വാസിക്ക് ഇഷ്ടപ്പെടുവോളം നിങ്ങളാരും വിശ്വാസികളാവുകയില്ല.’ (മുസ്‌ലിം) അയല്‍വാസിയുടെ സ്ഥാനവും പദവിയും എന്താണെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു: ‘നിങ്ങള്‍ അല്ലാഹുവിന് വഴിപ്പെടുക. അവനില്‍ ഒന്നിനെയും പങ്കു ചേര്‍ക്കാതിരിക്കുക. മാതാപിതാക്കളോട് നന്നായി വര്‍ത്തിക്കുക. ബന്ധുക്കള്‍, അനാഥകള്‍, അഗതികള്‍, കുടുംബക്കാരായ അയല്‍ക്കാര്‍, അന്യരായ അയല്‍ക്കാര്‍, സഹവാസികള്‍, വഴിപോക്കര്‍, നിങ്ങളുടെ അധീനതയിലുള്ള അടിമകള്‍; എല്ലാവരോടും നല്ലനിലയില്‍ വര്‍ത്തിക്കുക. പൊങ്ങച്ചവും ദുരഹങ്കാരവുമുള്ള ആരെയും അല്ലാഹു ഒട്ടും ഇഷ്ടപ്പെടുന്നില്ല.’ (അന്നിസാഅ്: 36)
ദാരിദ്ര്യം ഉണ്ടാക്കുന്ന ധാരാളം വിനകളുണ്ട്. തന്റെ മകളെ വില്‍ക്കുന്നതിന് പിതാവിനെ പ്രേരിപ്പിച്ചത് അതാണ്. അത് ഇടുക്കവും പ്രയാസവും ഉണ്ടാക്കുന്നു. അത്‌കൊണ്ട് തന്നെ അതില്‍ നിന്ന് നബി(സ) അഭയം തേടിയിരുന്നു. ‘അല്ലാഹുവേ, ദാരിദ്ര്യത്തില്‍ നിന്നും ദൗര്‍ലഭ്യത്തില്‍ നിന്നും നിന്ദ്യതയില്‍ നിന്നും ഞാന്‍ നിന്നിലഭയം തേടുന്നു.’ പ്രവാചകന്‍(സ)യുടെ പ്രാര്‍ഥനകളില്‍ ഇങ്ങനെ കാണാം: ‘അല്ലാഹുവേ, ദുഖത്തില്‍ നിന്നും വിഷമത്തില്‍ നിന്നും നിന്നിലഭയം തേടുന്നു. അശക്തിയില്‍ നിന്നും മടിയില്‍ നിന്നും നിന്നിലഭയം തേടുന്നു. പിശുക്കില്‍ നിന്നും ഭീരുത്വത്തില്‍ നിന്നും നിന്നിലഭയം തേടുന്നു. കടത്തിന്റെ ആധിക്യത്തില്‍ നിന്നും ആളുകള്‍ അടിച്ചമര്‍ത്തുന്നതില്‍ നിന്നും നിന്നിലഭയം തേടുന്നു.’
ദരിദ്രന്‍ ജനങ്ങള്‍ക്കിടയില്‍ ചിറകുകള്‍ ഒടിഞ്ഞവനാണ്. ദുഖങ്ങളുടെയും പ്രയാസങ്ങളുടെയും കൂട്ടാളിയാണവന്‍. കടുത്ത തണുപ്പ് പിടികൂടിയിരിക്കുന്ന അഗതികളുണ്ട്. തന്റെ മക്കളുടെ വിശപ്പടക്കാന്‍ തേടി നടക്കുന്നവരാണവര്‍. ധനികരായ ആളുകള്‍ അതില്‍ നിന്ന് ഗുണപാഠമുള്‍ക്കൊള്ളുന്നുണ്ടോ? തന്റെ മക്കള്‍ വിശപ്പ് കൊണ്ട് പ്രയാസപ്പെടുന്നത് സങ്കല്‍പ്പിക്കാന്‍ ധനികര്‍ക്ക് സാധിക്കുന്നുണ്ടോ? നിങ്ങള്‍ക്ക് ലഭിച്ചിട്ടുള്ളതില്‍ നിന്നും ദരിദ്രയായ ആളുകള്‍ക്ക് ചെലവഴിക്കുന്നത് വരെ നിങ്ങള്‍ക്ക് പുണ്യം ലഭിക്കുകയില്ല.’ (ആലുഇംറാന്‍: 92)
ചവറ്റുകൂനകള്‍ക്കരികില്‍ ഭക്ഷണത്തിനായി അനാഥകളും വിധവകളും ദരിദ്രരും തിരച്ചില്‍ നടത്തുന്ന കാഴ്ച സ്‌നേഹത്തിന്റെയും ഇണക്കത്തിന്റെയും കാരുണ്യത്തിന്റെയും അനുകമ്പയുടെയും സമുദായത്തിന് അപമാനകരം തന്നെയാണ്. വിധവകളും അനാഥകളും ദരിദ്രരും തെറ്റിലേക്ക് നീങ്ങുമ്പോഴും അവര്‍ക്കായി ധനം ചെലവഴിക്കുന്നതില്‍ പിശുക്ക് കാണിക്കുന്ന ധനികന്‍ അല്ലാഹു തന്നെ ഏല്‍പ്പിച്ച അവന്റെ ധനമാണ് തന്റെ പക്കലുള്ളതെന്ന് ഓര്‍ക്കേണ്ടതുണ്ട്. ദരിദ്രരുടെ അവകാശങ്ങള്‍ പൂര്‍ത്തിയാക്കി നല്‍കുന്നതിന് അവന്‍ കല്‍പ്പിച്ചിട്ടുണ്ട്. അതൊരിക്കലും നിന്റെ ഔദാര്യമല്ലെന്നും ദരിദ്രന്റെ അവകാശമാണെന്നുമാണ് നിന്നെ പഠിപ്പിച്ചിട്ടുള്ളത്. അല്ലാഹു പറയുന്നു: ‘എന്നാല്‍ സൂക്ഷ്മത പാലിക്കുന്നവര്‍ സ്വര്‍ഗീയാരാമങ്ങളിലും അരുവികളിലുമായിരിക്കും. തങ്ങളുടെ നാഥന്റെ വരദാനങ്ങള്‍ അനുഭവിക്കുന്നവരായി. അവര്‍ നേരത്തെ സദ്‌വൃത്തരായിരുന്നുവല്ലോ.രാത്രിയില്‍ അല്‍പനേരമേ അവര്‍ ഉറങ്ങാറുണ്ടായിരുന്നുള്ളൂ. അവര്‍ രാവിന്റെ ഒടുവുവേളകളില്‍ പാപമോചനം തേടുന്നവരുമായിരുന്നു. അവരുടെ സമ്പാദ്യങ്ങളില്‍ ചോദിക്കുന്നവന്നും നിരാലംബനും അവകാശമുണ്ടായിരുന്നു.’ (അദ്ദാരിയാത്: 15-19)

സമൂഹത്തില്‍ പിശുക്ക് വ്യാപിച്ചാല്‍ ജനങ്ങള്‍ കൊലയാളികളായി മാറും. അതുകൊണ്ടാണ് സമ്പത്ത് നേടലും അത് ഉദാരമായി ചെലവഴിക്കലും ഇസ്‌ലാമിന്റെ സൗന്ദര്യത്തിന്റെയും പൂര്‍ണ്ണതയുടെയും ഉന്നതമായ മൂല്യങ്ങളുടെയും ഭാഗമായി ഗണിക്കുന്നത്. യഥാര്‍ഥ നഷ്ടകാരി പിശുക്കനാണെന്ന് അത് വ്യക്തമാക്കുന്നു. അല്ലാഹു പറയുന്നു: ‘അല്ലയോ കൂട്ടരേ, നിങ്ങളോടിതാ ദൈവമാര്‍ഗത്തില്‍ ധനവ്യയമാവശ്യപ്പെടുന്നു. അപ്പോള്‍ നിങ്ങളില്‍ പിശുക്കു കാണിക്കുന്ന ചിലരുണ്ട്. ആര്‍ പിശുക്കു കാണിക്കുന്നുവോ അവന്‍ തനിക്കെതിരെ തന്നെയാണ് പിശുക്കു കാട്ടുന്നത്. അല്ലാഹു അന്യാശ്രയമാവശ്യമില്ലാത്തവനാണ്. നിങ്ങളോ അവന്റെ ആശ്രിതരും.’ (മുഹമ്മദ്: 38) സമൂഹത്തിലെ നന്മകളെ കൊല്ലുകയാണ് പിശുക്ക് ചെയ്യുന്നത്. പ്രയോജനപ്രദമായ ദാനങ്ങളെയത് ഇല്ലാതാക്കുന്നു. അക്കാരണത്താലാണ് അല്ലാഹു അതില്‍ ശക്തമായ താക്കീത് നല്‍കുന്നത്. ‘അല്ലാഹു തന്റെ അനുഗ്രഹമായി നല്‍കിയ സമ്പത്തില്‍ പിശുക്കുകാണിക്കുന്നവര്‍ തങ്ങള്‍ക്കത് ഗുണമാണെന്ന് ഒരിക്കലും കരുതരുത്. അതവര്‍ക്ക് ഹാനികരമാണ്. ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ അവര്‍ പിശുക്കു കാണിച്ചുണ്ടാക്കിയ ധനത്താല്‍ അവരുടെ കണ്ഠങ്ങളില്‍ വളയമണിയിക്കപ്പെടും.’ (ആലുഇംറാന്‍: 180)
ദരിദ്രരായ ആളുകള്‍ തന്നെ തേടി വരുന്നത് കാത്തിരിക്കുകയല്ല ധനികന്‍ വേണ്ടത്. മറിച്ച് അവരെ അന്വേഷിച്ച് കണ്ടെത്തുകയാണവര്‍ ചെയ്യേണ്ടത്. അവരെ ഒരിക്കലും നിന്ദ്യരായി കാണുകയും ചെയ്യരുത്. ദരിദ്രരില്‍ തന്നെ മാന്യമായ ജീവിതം ആഗ്രഹിക്കുന്നവരുണ്ട്, അത്തരക്കാരെ തിരിച്ചറിയാന്‍ ധനികര്‍ ശ്രമം നടത്തണം. അല്ലാഹു പറയുന്നു: ‘ഭൂമിയില്‍ സഞ്ചരിച്ച് അന്നമന്വേഷിക്കാന്‍ അവസരമില്ലാത്തവിധം അല്ലാഹുവിന്റെ മാര്‍ഗത്തിലെ തീവ്രയത്‌നങ്ങളില്‍ ബന്ധിതരായ ദരിദ്രര്‍ക്കുവേണ്ടി ചെലവഴിക്കുക. അവരുടെ മാന്യത കാരണം അവര്‍ ധനികരാണെന്ന് അറിവില്ലാത്തവര്‍ കരുതിയേക്കാം. എന്നാല്‍ ലക്ഷണംകൊണ്ട് നിനക്കവരെ തിരിച്ചറിയാം. അവര്‍ ആളുകളെ ചോദിച്ച് ശല്യംചെയ്യുകയില്ല. നിങ്ങള്‍ നല്ലത് എത്ര ചെലവഴിച്ചാലും തീര്‍ച്ചയായും അല്ലാഹു അതറിയുന്നവനാണ്.’ (അല്‍ബഖറ: 273) അന്ത്യദിനത്തില്‍ നമുക്ക് തണലാകുന്ന ഒന്നായി നമ്മുടെ സമ്പത്തിനെ മാറ്റേണ്ടതുണ്ട്. പ്രയാസപ്പെടുന്നവരുടെ ഹൃദയങ്ങള്‍ക്കതിലൂടെ സന്തോഷം നല്‍കാം. വിശക്കുന്നവരെ ഊട്ടുകയും വസ്ത്രമില്ലാത്തവരെ ഉടുപ്പിക്കുകയും ചെയ്യാം. സന്താനങ്ങളോ സമ്പത്തോ പ്രയോജപ്പെടാത്ത ആ നാളില്‍ അല്ലാഹു നമുക്കത് പ്രയോജനപ്പെടുത്തിയേക്കാം.

വിവ. അഹ്മദ് നസീഫ് തിരുവമ്പാടി
 

Related Articles