Current Date

Search
Close this search box.
Search
Close this search box.

ഗുണകാംക്ഷയാണ് ദീന്‍

മറ്റുള്ളവര്‍ക്ക് ഗുണം കാംക്ഷിച്ചുള്ള ഉപദേശം വ്യക്തിതലത്തിലും സാമൂഹികതലത്തിലും വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. സമൂഹനിര്‍മാണത്തിലും ദീനിന്റെ സതംഭങ്ങള്‍ പരിരക്ഷിക്കുന്നതിനും അത് അനിവാര്യമാണ്. വിശ്വാസികള്‍ക്കിടയില്‍ പിളര്‍പ്പും ശൈഥില്ല്യവും ഉടലെടുക്കാതിരിക്കാനുള്ള സുരക്ഷിത കവചവുമാണത്. കാരണം ദീന്‍ എന്നത് പൂര്‍ണമായും ഗുണകാംക്ഷയാണ്. നമസ്‌കാരം, നോമ്പ്, നന്മ കല്‍പിക്കുക, തിന്മവിരോധിക്കുക, സലാം പറയുക, നല്ല സംസാരം.. എല്ലാം ഗുണകാംക്ഷയാണ്.

ദീന്‍ ഗുണകാംക്ഷയാണെന്ന ഹദീസിന്റെ വിശദീകരണത്തില്‍ ഇമാം ഇബ്‌നുറജബ് പറയുന്നു.’ജിബ്‌രീല്‍ നബി തിരുമേനിക്ക് മുമ്പില്‍ ശുഭ്രവസ്ത്രധാരിയായി പ്രത്യക്ഷപ്പെട്ട ഹദീസില്‍ പ്രതിപാദിക്കപ്പെട്ട ഈമാന്റെയും ഇഹ്‌സാന്റെയും ഇസ്‌ലാമിന്റെയും എല്ലാ ഉല്‍കൃഷ്ഠ ഗുണങ്ങളും ഗുണകാംക്ഷയില്‍ ഉള്‍പെടുന്നു. ഇവയെല്ലാം ദീന്‍ എന്നാണ് വിളിക്കപ്പെട്ടതും’. ഉപദേശിക്കുമ്പോള്‍ അനിവാര്യമായും പാലിക്കേണ്ട ചിലമര്യാദകള്‍ ഉണ്ട്. ആത്മാര്‍ത്ഥതയും ഉപദേശകനോടുള്ള അനുകമ്പയും അതില്‍ സ്ഫുരിച്ചുനില്‍ക്കേണ്ടതുണ്ട്. രഹസ്യമായിരിക്കുക എന്നത് പരമപ്രധാനമാണ്, അല്ലെങ്കില്‍ അത് വിപരീതഫലമാണ് സൃഷ്ടിക്കുക. സ്വീകരിക്കപ്പെടുകയില്ല എന്നു മാത്രമല്ല, ചിലപ്പോള്‍ അതിന്റെ പരിണിതി വളരെ മോശമാവാനും സാധ്യതയുണ്ട്. അതിനാല്‍തന്നെ മുന്‍ഗാമികളായ പണ്ഡിതര്‍ ഉപദേശിക്കുന്നതില്‍ വളരെ സൂക്ഷ്മതയും രഹസ്യസ്വഭാവവും കാത്തുസൂക്ഷിച്ചിരുന്നു.

ഇമാം ശാഫിഈ(റ) തന്റെ കവിതയില്‍ ഇപ്രകാരം വിശദീകരിച്ചിരിക്കുന്നു. ‘ഞാന്‍ സ്വന്തമായിരിക്കുമ്പോള്‍ എന്നെ നീ ഉപദേശിക്കുക; സംഘത്തിലായിരിക്കെയുള്ള ഉപദേശത്തില്‍ നിന്ന് എന്നെ നീ ഒഴിവാക്കുകയും ചെയ്യുക’. ജനങ്ങള്‍ക്കിടയിലായിരിക്കെയുള്ള ഉപദേശം ഒരുതരം ആക്ഷേപമാണ്.

ഇമാം ഇബ്‌നു ഹസം പറയുന്നു ‘നീ ഉപദേശിക്കുകയാണെങ്കില്‍ രഹസ്യമായിചെയ്യുക, വ്യംഗ്യ രൂപത്തിലാക്കാനും ശ്രദ്ധിക്കുക. ഈ രൂപത്തില്‍ ഉള്‍ക്കൊള്ളാനായിട്ടില്ലെങ്കില്‍ മാത്രം വ്യക്തതയോടെ ഉപദേശിക്കുക.’ യോജിച്ച സമയവും സന്ദര്‍ഭവും തെരഞ്ഞെടുക്കുക എന്നത് ഉപദേശം സ്വീകാര്യമാകാനുള്ള പ്രധാന ഘടകമാണ്. ഇബ്‌നുമസ്ഊദ്(റ)പറയുന്നു ‘മനസ്സിന് ഒരു ഊര്‍ജ്ജവും സന്നദ്ധതയുമുണ്ട്. അപ്രകാരം തന്നെ അലസതയും നിര്‍ജീവതയും അതിനെ ബാധിക്കും. അതിനാല്‍ ഊര്‍ജ്ജവും സന്നദ്ധതയുമുള്ളപ്പോള്‍ അതിനെ ഉപയോഗപ്പെടുത്തുക, നിര്‍ജീവമാകുമ്പോള്‍ അതിനെ വെറുതെ വിടുകയും ചെയ്യുക’.

പ്രബോധകര്‍ ഹൃദയങ്ങള്‍ക്ക് ഏറ്റവും സ്വീകാര്യമായ സമയവും സന്ദര്‍ഭവും മനസ്സിലാക്കി അനുകമ്പയോടും നൈര്‍മല്ല്യത്തോടും കൂടി അഭിസംബോധനം ചെയ്യേണ്ടതുണ്ട്.

നൈര്‍മല്ല്യവും അനുകമ്പയും ഉപദേശകന്‍ ആര്‍ജിക്കേണ്ട അനിവാര്യ ഗുണങ്ങളാണ്. നബി(സ)പറഞ്ഞു ‘നൈര്‍മല്ല്യം ഏതൊരു കാര്യത്തില്‍ ഉണ്ടാകുന്നുവോ അത് അതിന് അലങ്കാരമായിരിക്കും. ഏതൊരു കാര്യത്തില്‍ നിന്ന് അതെടുത്തുമാറ്റുന്നുവോ അവ വികൃതമായിരിക്കും. ‘(മുസ്‌ലിം).

ഈ സമുദായത്തിലെ പ്രബോധകരും പ്രസംഗകരും സാഹിത്യകാരന്മാരും പ്രവാചകന്‍ (സ)യുടെ മാതൃക അനുധാവനം ചെയ്തിരുന്നെങ്കില്‍ വലിയ മാറ്റങ്ങള്‍ സമൂഹത്തില്‍ പ്രത്യക്ഷപ്പെടുമായിരുന്നു. ‘ഒരു മനുഷ്യന്‍ നബി(സ)യുടെ അടുത്ത് വന്നു വ്യഭിചാരത്തിന് അനുമതി ചോദിക്കുന്നു, നബിയുടെ ഒപ്പമുള്ളവര്‍ ശബ്ദമുണ്ടാക്കുന്നു. ഉടന്‍ നബി(സ)അദ്ദേഹത്തെ തന്റെ അടുത്തിരുത്തി ചോദിക്കുന്നു, സഹോദരാ, നിന്റെ മാതാവിനെ വല്ലവനും വ്യഭിചരിക്കുന്നത് നീ ഇഷ്ട്‌പ്പെടുമോ? ഞാന്‍ ഇഷ്ടപ്പെടുന്നില്ല. അപ്രകാരം ഒരാളും തന്റെ മാതാവിനെ വ്യഭിചരിക്കുന്നത് ഇഷ്ടപ്പെടുകയില്ല. അതേ പ്രകാരം നബി(സ) അദ്ദേഹത്തോട് തന്റെ സഹോദരിയെയും മകളെയും പറ്റിചോദിച്ചു…..അയാള്‍ നേരത്തെപ്പറഞ്ഞ മറുപടി തന്നെ ആവര്‍ത്തിക്കുകയുണ്ടായി. ഉടന്‍ നബി(സ)തന്റെ കൈ അദ്ദേഹത്തിന്റെ ഹൃദയത്തിന്‍മേല്‍ വെച്ച്‌കൊണ്ട് പ്രാര്‍ത്ഥിച്ചു. നാഥാ!അദ്ദേഹത്തിന്റെ ഹൃദയം പരിശുദ്ധമാക്കുകയും പാപങ്ങള്‍ പൊറുക്കുകയും ലൈംഗിക സദാചാരം നിലനിര്‍ത്തുകയും ചെയ്യേണമേ’. അദ്ദേഹത്തിന്റെ മുഖത്ത് ഒരു ദേഷ്യവും പ്രകടമായില്ല (അഹ്മദ്).

ഗുണകാംക്ഷയുടെ ഇനങ്ങളില്‍ പ്രധാനപ്പെട്ടതാണ് അല്ലാഹുവിനോടുള്ള ഗുണകാംക്ഷ. ഇബാദത്തിലും തൗഹീദിലും വിശ്വാസത്തിലുമുള്ള ആത്മാര്‍ത്ഥതയാണത്. വേദഗ്രന്ഥം അനുസരിച്ച് പ്രവര്‍ത്തിക്കലും അത് പ്രചരിപ്പിക്കലുമെല്ലാം അതിനോടുള്ള ഗുണകാംക്ഷയില്‍ പെടുന്നു. റസൂലിനോടുള്ള ഗുണകാംക്ഷ കൊണ്ടര്‍ത്ഥമാക്കുന്നത് അദ്ദേഹത്തെ സത്യപ്പെടുത്തലും മാതൃക അനുധാവനം ചെയ്യലുമാണ്. മുസ്‌ലിം നേതാക്കളോടുള്ള ഗുണകാംക്ഷ സത്യപാതയില്‍ അവരെ അനുസരിക്കലും, വ്യതിചലനം സംഭവിക്കുമ്പോള്‍ യഥാര്‍ത്ഥ പാത കാണിച്ചുകൊടുക്കലും ആത്മാര്‍ത്ഥമായ ഉപദേശം നല്‍കലുമാണ്.

അബ്ബാസി ഖലീഫയായിരുന്ന ഹാറൂന്‍ റഷീദ് ഭരണമേറ്റെടുത്തപ്പോള്‍ ഒരു പൊതുജനസമ്പര്‍ക്ക പരിപാടി സംഘടിപ്പിക്കുകയുണ്ടായി. ഒരു ഭ്രാന്തന്‍ അവിടെ വന്നുകൊണ്ട് ഖലീഫയോട് പറഞ്ഞു ‘അമീറുല്‍ മുഅ്മിനീന്‍, മോശമായ കൂട്ടുകാരില്‍ നിന്നും താങ്കള്‍ ജാഗ്രത പാലിക്കുക! താങ്കള്‍ അശ്രദ്ധയിലായിരിക്കുമ്പോള്‍ ഉണര്‍ത്തുന്ന താങ്കള്‍ക്ക് അബദ്ധം പിണയുമ്പോള്‍ പരിഹാരം നിര്‍ദ്ദേശിക്കുന്ന ഉത്തമരായ കൂട്ടുകാരെ സ്വീകരിക്കുക. അതാണ് താങ്കള്‍ക്കും ജനങ്ങള്‍ക്കും ഏറ്റവും പ്രയോജനമാകുന്നതും ആരാധനകര്‍മങ്ങളേക്കാള്‍ പ്രതിഫലാര്‍ഹകമായ കാര്യവും, മറിച്ച് മോശമായ കൂട്ടുകാരന്‍ ഭരണാധികാരിയുടെ അടുത്ത് വന്നു പ്രീതി സമ്പാദിക്കാനായി വല്ലതും പറയുകയും ഭരണാധികാരി അതനുസരിച്ച് പ്രവര്‍ത്തിക്കുകയും അതുവഴി ഭൂമിയില്‍ കുഴപ്പങ്ങള്‍ വ്യാപകമാവുകയും ചെയ്യും.

അഹങ്കാരത്താല്‍ സത്യം പിന്‍പറ്റുന്നതില്‍ നിന്ന് വിമുഖത കാണിക്കുന്ന ഒരുവിഭാഗത്തെക്കുറിച്ച് അല്ലാഹു താക്കീത് നല്‍കുന്നുണ്ട്. അതില്‍ താങ്കള്‍ പെട്ടുപോകരുത്; ‘അല്ലാഹുവെ സൂക്ഷിക്കുക എന്ന് അവനോട് ആരെങ്കിലും പറഞ്ഞാല്‍ അഹങ്കാരം അവനെഅതിനനുവദിക്കാതെ പാപത്തില്‍ തന്നെ ഉറപ്പിച്ചുനിര്‍ത്തുന്നു. അവന് നരകം തന്നെ മതി. അത് എത്ര ചീത്ത ഇടം! (അല്‍ബഖറ:206). ഉടനെ കുറച്ച് കൂടി ഉപദേശം നല്‍കാന്‍ അദ്ദേഹത്തോട് അമീര്‍ ആവശ്യപ്പെടുകയുണ്ടായി. അമീറുല്‍ മുഅ്മിനീന്‍! താങ്കളെ അല്ലാഹു ജനങ്ങളെ നയിക്കാനുള്ള ബാദ്ധ്യത ഏല്‍പിച്ചിരിക്കുകയാണ്, താങ്കളുടെ കല്‍പന അവരില്‍ അനുസരിക്കപ്പെടുകയും നടപ്പാക്കപ്പെടുകയും ചെയ്യുന്നു. അല്ലാഹുവിന്റെ കല്‍പന നടപ്പാക്കാനും നിരോധിച്ച കാര്യങ്ങള്‍ നിര്‍ത്തലാക്കാനുമാണ് ഈ ബാധ്യത താങ്കളെ ഏല്‍പിച്ചിട്ടുള്ളത്. അമീര്‍! ഖജനാവില്‍ നിന്നും ധനം വിധവകള്‍ക്കും അഗതികള്‍ക്കും വൃദ്ധന്‍മാര്‍ക്കും വഴിയാത്രക്കാര്‍ക്കും ചിലവഴിക്കുക.

റസൂലില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. പരലോകത്ത് അല്ലാഹു മുന്‍ഗാമികളും പിന്‍മുറക്കാരുമായ മുഴുവന്‍ മനുഷ്യരെയും ഒരുമിച്ചുകൂട്ടും, ജനങ്ങളുടെ കൈകാര്യ കര്‍ത്താക്കളും രാജാക്കന്‍മാരെയും അവിടെ ഹാജരാക്കും. എന്നിട്ട് അവരോട് ചോദിക്കും. എന്റെ രാജ്യം നിനക്ക് ഞാന്‍ അധീനപ്പെടുത്തിത്തന്നില്ലേ, എന്റെ അടിമകളെ നിങ്ങള്‍ക്ക് വിധേയപ്പെടുത്തിത്തന്നില്ലേ, അതെല്ലാം ആളും അര്‍ത്ഥവും ഒരുമിച്ചുകൂട്ടാനായിരുന്നില്ല. മറിച്ച്, എന്റെ കല്‍പനകളും നിരോധനങ്ങളും പാലിക്കപ്പെടാനും എന്നെ അനുസരിക്കുന്നതില്‍ അവരെ ഏകീകരിക്കാനുമായിരുന്നു, എന്റെ മിത്രങ്ങളെ പ്രതാപവാന്‍മാരാക്കാനും എന്റെ ശത്രുക്കളെ നിന്ദ്യരാക്കാനും മര്‍ദ്ധകരില്‍ നിന്നും മര്‍ദ്ധിതരുടെ അവകാശങ്ങള്‍ നേടിക്കൊടുക്കാനുമായിരുന്നു.

ഹാറൂന്‍, താങ്കളുടെ കരങ്ങള്‍ ബന്ധിതമാക്കുകയും നരകം താങ്കളുടെ മുമ്പില്‍ ഹാജരാക്കപ്പെടുകയും ചെയ്താല്‍ എന്തായിരിക്കും താങ്കളുടെ പ്രതികരണം. ഹാറൂന്‍ റശീദ് ഇതുകേട്ട് പൊട്ടിക്കരയുകയുണ്ടായി. അപ്പോള്‍ അവിടെ ഹാജരായ ചിലര്‍ വിളിച്ചുപറഞ്ഞുവത്രെ :നമ്മുടെ ജനസമ്പര്‍ക്ക പരിപാടി ഇയാള്‍ നശിപ്പിച്ചിരിക്കുന്നു. ഉടന്‍ ഹാറൂന്‍ റഷീദ് അവരോട് പ്രതികരിച്ചു, അല്ലാഹു നിങ്ങളെ നശിപ്പിക്കട്ടെ! നിങ്ങളാണ് ആളുകളെ വഞ്ചിക്കുന്നവര്‍, നിങ്ങളില്‍ നിന്നകലം പാലിച്ചവര്‍ ഭാഗ്യം സിദ്ധിച്ചിരിക്കുന്നു. പിന്നെ അദ്ദേഹത്തിന്റെ അടുത്ത് നിന്ന് അദ്ദേഹം പുറപ്പെട്ടു’.

ആത്മാര്‍ത്ഥവും സത്യസന്ധവുമായ മാര്‍ഗനിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും നല്‍കുന്ന ഗുണകാംക്ഷികളുടെ സാന്നിദ്ധ്യം ഭരണാധികാരികള്‍ക്ക് ഏറ്റവും അനിവാര്യമായ ഘട്ടമാണിത്. നിഷിദ്ധമായ കാര്യങ്ങള്‍ അലങ്കാരമായി ഗണിക്കുന്ന വ്യാജന്മാരും പ്രലോഭകന്മാരുമാണ് ഇന്ന് ഭരണാധികാരികളോടൊപ്പമുള്ളത്. ഇവിടെ കര്‍മങ്ങള്‍ക്ക് പ്രാധാന്യമില്ല, സമ്പത്തിനാണ് മുഖ്യ പരിഗണന. ഉപദേശകര്‍ തങ്ങളുടെ ഉപദേശങ്ങള്‍ക്ക് ജീവിതം കൊണ്ട് അര്‍ത്ഥം പകരുന്നില്ല എന്നതാണ് ഈ കാലഘട്ടത്തില്‍ നാം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നം. ഖുര്‍ആന്റെ പ്രസക്തമായ ചോദ്യം ഉപദേശകര്‍ ഉള്‍ക്കൊള്ളേണ്ടതുണ്ട്. ‘നിങ്ങള്‍ ജനങ്ങളോട് നന്മ കല്‍പിക്കുകയും സ്വന്തം കാര്യത്തിലത് മറക്കുകയുമാണോ? അതും വേദം ഓതിക്കൊണ്ടിരിക്കെ? നിങ്ങള്‍ ഒട്ടും ആലോചിക്കുന്നില്ലേ?’ (അല്‍ ബഖറ;44).

കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles