Current Date

Search
Close this search box.
Search
Close this search box.

ക്ഷമിക്കുക, പുക ഉയരാതിരിക്കില്ല

SHIP.jpg

ജീവിതം ഞാണിന്മേലുള്ള ഒരു കളിയാണ്. അതില്‍ നമ്മെ അഗാധ ദുഃഖത്തിലാഴ്ത്തുന്ന സംഭവവികാസങ്ങള്‍ ഉണ്ടായേക്കാം, അല്ലെങ്കില്‍ ആനന്ദ ലഹരിയിലാഴ്ത്തുന്നവയും. സന്തോഷവും സന്താപവും സമ്മിശ്രമായതാണ് ജീവിതം. അല്ലാഹുവിന്റെ ദൂതര്‍ പഠിപ്പിക്കുന്നു: ”അല്ലാഹു ഒരു സമൂഹത്തെ ഇഷ്ടപ്പെട്ടാല്‍ അവരെ പരീക്ഷിക്കുന്നു. ആരെങ്കിലും അതില്‍ തൃപ്തിപ്പെടുമെങ്കില്‍ അവന് അല്ലാഹുവിന്റെ തൃപ്തി ലഭിക്കും, ആരെങ്കിലും അതൃപ്തി കാണിച്ചാലോ അല്ലാഹുവിന്റെ കോപവും ലഭിക്കും.” (തിര്‍മിദി).

ജീവിത്തിലെ സംഘര്‍ഷാവസ്ഥകളോട് സമരസപ്പെട്ട് അല്ലാഹുവിലുള്ള വിശ്വാസം കാക്കാന്‍ നാം പൊരുതേണ്ടി വരും. വേദനയില്ലാതെ വളര്‍ച്ചയുണ്ടാവുകയില്ല. അതുകൊണ്ട് ജീവിതത്തില്‍ വിഷമഘട്ടങ്ങള്‍ നേരിടുമ്പോള്‍ അതില്‍ നിന്ന് ഒളിച്ചോടാന്‍ ശ്രമിക്കാതെ അതിനെ സ്വീകരിക്കാനും ഉള്‍ക്കൊള്ളാനും അല്ലാഹുവില്‍ പരിപൂര്‍ണ്ണ തൃപ്തി പ്രകടിപ്പിക്കാനും സാധിക്കേണ്ടതുണ്ട്. ഒരിക്കലും ജീവിതത്തിലുള്ള പ്രതീക്ഷകള്‍ കൈവിടാതെ മുന്നോട്ട് കുതിക്കാന്‍ നമുക്ക് സാധിക്കണം. മനസ്സിനെയാണ് പ്രശ്‌നങ്ങള്‍ ബാധിക്കുന്നത്. മനസ്സ് ഉറച്ചതാണെങ്കില്‍ നമ്മുടെ ശരീരവും ഉറച്ചതായിരിക്കും.

ഒരു കപ്പല്‍ കാറ്റിലും കോളിലും പെട്ട് തകര്‍ന്നു. അതില്‍ രക്ഷപ്പെട്ടത് ഒരാള്‍ മാത്രം. അബോധാവസ്ഥയില്‍ അയാള്‍ എത്തിപ്പെട്ടതാകട്ടെ വിജനമായ ഒരു ദ്വീപില്‍. കൂട്ടിന് ആളില്ലാതെ ഏകാകിയായി ദ്വീപില്‍ അകപ്പെട്ട ആ മനുഷ്യന്‍ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങി. എന്നാല്‍ അല്ലാഹുവിലുള്ള വിശ്വാസം അയാള്‍ കൈവിട്ടില്ല. തന്നെ രക്ഷിക്കണമെന്ന് മനമുരുകി അയാള്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നു. ദിവസവും തന്നെ രക്ഷിക്കാന്‍ വരുന്ന കപ്പലും കാത്ത് അയാള്‍ ചക്രവാളത്തില്‍ കണ്ണും നട്ടിരിക്കും. ഇങ്ങനെ ദിവസങ്ങള്‍ എത്രയോ കടന്നുപോയി. പക്ഷേ, ആരും വന്നില്ല. എന്നാല്‍ അയാള്‍ പ്രതീക്ഷ കൈവിടാതെ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. ദ്വീപില്‍ അങ്ങിങ്ങായി കിടന്നിരുന്ന മരക്കഷ്ണങ്ങള്‍ ശേഖരിച്ച് അയാള്‍ ഒരു കുടില്‍ പണിതു. ഒരു ദിവസം, ഭക്ഷണത്തിന് വേണ്ടി അലഞ്ഞുതിരിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ കണ്ട കാഴ്ച അയാളെ നടുക്കിക്കളഞ്ഞു. തന്റെ കുടില്‍ കത്തിനശിച്ചിരിക്കുന്നു. തന്റേതായി ആകെയുണ്ടായിരുന്ന വസ്തുക്കളും നഷ്ടപ്പെട്ടിരിക്കുന്നു. എന്തു ചെയ്യണമെന്നറിയാതെ അയാള്‍ തല കുമ്പിട്ട് കരയാന്‍ തുടങ്ങി. അല്ലാഹുവേ, നീ എന്തിനാണ് എന്നെ ഇങ്ങനെ പരീക്ഷിക്കുന്നത്, അയാള്‍ ആര്‍ത്തുവിളിച്ചു. കരഞ്ഞു കരഞ്ഞ് അയാള്‍ തളര്‍ന്നുറങ്ങി. എന്നാല്‍ പിറ്റേന്ന് പ്രഭാതത്തില്‍ ഒരു വലിയ ശബ്ദം കേട്ടാണ് അയാള്‍ ഞെട്ടിയുണര്‍ന്നത്. അയാള്‍ക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. ഒരു കൂറ്റന്‍ യാത്രാക്കപ്പല്‍ ദ്വീപിനെ ലക്ഷ്യം വെച്ച് വരുന്നു. സന്തോഷത്താല്‍ അയാള്‍ കരഞ്ഞുപോയി. കപ്പലില്‍ പ്രവേശിച്ചപ്പോള്‍ നാവികരോടായി അയാള്‍ ചോദിച്ചു, നിങ്ങള്‍ക്ക് എങ്ങനെ ദ്വീപില്‍ ഒരാള്‍ അകപ്പെട്ടിട്ടുണ്ടെന്ന് മനസ്സിലായി. അപ്പോള്‍ അവര്‍ പറഞ്ഞു, ദ്വീപില്‍ നിന്ന് പുക ഉയരുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു. അപ്പോള്‍ മനുഷ്യര്‍ ആരെങ്കിലും അവിടെ അകപ്പെട്ടിരിക്കാം എന്ന് ഞങ്ങള്‍ ഊഹിച്ചു. ഇതുകേട്ട അയാള്‍ അല്ലാഹു തന്നെ സഹായിച്ച വഴിയോര്‍ത്ത് ആശ്ചര്യപ്പെട്ടു. അല്ലാഹുവിനോട് വീണ്ടും വീണ്ടും നന്ദി പറഞ്ഞു.

അല്ലാഹു പറയുന്നു: ”നിങ്ങള്‍ക്ക് എന്ത് വിപത്ത് ബാധിച്ചാലും നിങ്ങള്‍ ക്ഷമയവലംബിക്കുക”, ദുഃഖിക്കേണ്ടതില്ല അല്ലാഹു നമ്മോടൊപ്പമുണ്ട്.

പ്രയാസങ്ങള്‍ വരുമ്പോള്‍ പ്രതീക്ഷകള്‍ കൈവിട്ട് ദുഃഖിച്ചിരിക്കാന്‍ എളുപ്പമാണ്. എന്നാല്‍ നമ്മുടെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് അല്ലാഹുവാണ്. ഏത് ആപത്ത് ഘട്ടത്തിലും അവനാണ് നമ്മുടെ സഹായി. അല്ലാഹു പറയുന്നു: ”തീര്‍ച്ചയായും പ്രയാസത്തോടൊപ്പം എളുപ്പമുണ്ട്” (അശ്ശറഹ്: 6). ”ഒരുവന്‍ അല്ലാഹുവിനോട് ഭക്തിയുള്ളവനായി വര്‍ത്തിച്ചാല്‍, അവന് വിഷമങ്ങളില്‍നിന്ന് മോചനം നേടാന്‍ അല്ലാഹു മാര്‍ഗമുണ്ടാക്കിക്കൊടുക്കും” (അത്ത്വലാഖ്: 3).

ഇനി നിങ്ങളുടെ കുടിലും കത്തിയെരിഞ്ഞേക്കാം. എന്നാല്‍ ക്ഷമയവലംബിക്കുക, അല്ലാഹുവിന്റെ സഹായത്തിന്റെ പുക അതില്‍ നിന്ന് ഉയരാതിരിക്കില്ല.

വിവ: അനസ് പടന്ന

Related Articles