Current Date

Search
Close this search box.
Search
Close this search box.

കോപത്തില്‍ നീറിപ്പുകയാനുള്ളതല്ല ജീവിതം

anger.jpg

നമ്മുടെ വീടുകളില്‍ രൂപപ്പെടുന്ന മിക്കപ്രശ്‌നങ്ങളും ദേഷ്യത്തിന്റെ സന്ദര്‍ഭങ്ങളില്‍ ഉടലെടുക്കുന്നതാണ്. ഒരു പുരുഷന്‍ സ്ത്രീയെ വിവാഹമോചനം നടത്തുന്നതും കോപത്തിന്റെ സന്ദര്‍ഭത്തിലാണ്. ഒരുവന്‍ തന്റെ സഹോദരനെ കൊല ചെയ്യുന്നതും ഈ സന്ദര്‍ഭത്തില്‍ തന്നെ. നീ പിശാചിന്റെ മുമ്പില്‍ നില്‍ക്കുമ്പോള്‍ ഹൃദയത്തില്‍ നിന്നും ശാന്തത ഊരിയെടുക്കപ്പെടുകയും മറ്റുള്ളവരോട് പകയും വിദ്വേഷവും അതില്‍ പുകഞ്ഞ്‌കൊണ്ടിരിക്കുകയും ചെയ്യുന്നു. നാം അല്‍പം അവധാനതയോടെ ആലോചിക്കുകയാണെങ്കില്‍ ഭൂമുഖത്ത് നാശവും കുഴപ്പവും ദ്രുതഗതിയില്‍ ഈ രോഗത്തിലൂടെ ഉടലെടുക്കുന്നു എന്ന് നമുക്ക് മനസ്സിലാക്കാം.

ഭാര്യ ഭര്‍ത്താക്കന്മാര്‍ക്കിടയില്‍ ഉടലെടുക്കുന്ന മിക്ക പ്രശ്‌നങ്ങളും അവരിലൊരാളുടെ തന്റെ ഭാഗം മാത്രമാണ് ശരിയെന്ന് ധാരണ മൂലമാണ്. രക്ഷിതാക്കള്‍ക്കും മക്കള്‍ക്കുമിടയില്‍ രൂപപ്പെടുന്ന മിക്ക പ്രശ്‌നങ്ങളുടെയും മാതാപിതാക്കളിലൊരാള്‍ക്ക് മക്കളോടുള്ള കോപത്തില്‍ നിന്നും ഉടലെടുക്കുന്നതാണ്. സ്വന്തത്തോടുള്ള ദേഷ്യവും അത് ജയിച്ചടക്കാനുള്ള ആഗ്രഹവുമാണ് കാരണമാണ് തൊഴിലിടങ്ങളില്‍ മിക്കപ്രശ്‌നങ്ങളും രൂപപ്പെടാന്‍ കാരണം. ഇതില്‍ നിന്നും നമ്മുടെ ഹൃദയത്തിലുണ്ടാകുന്ന കോപാഗ്നിയെ എങ്ങനെ ശമിപ്പിക്കാം എന്നതിനെ കുറിച്ച ആലോചനകള്‍ രൂപപ്പെടുന്നു.

കോപം എന്നത് ഒരു അഗ്നി ജ്വാലയാണ്. പിശാചില്‍ നിന്ന ഉടലെടുക്കുന്നതുമാണ്. ‘എന്നെ തീയില്‍ നിന്നും മനുഷ്യനെ മണ്ണില്‍ നിന്നുമാണ് പടച്ചത്’ എന്നായിരുന്നല്ലോ പിശാച് തന്റെ വംശീയ മനോഭാവം പ്രകടിപ്പിച്ചത്. മണ്ണിന്റെ പ്രകൃതം ശാന്തവും ഗാംഭീര്യവുമാണെങ്കില്‍ തീയുടെ പ്രകൃതം പുകയലും കത്തലുമാകുന്നു. നീ കോപത്തിനടിപ്പെടുമ്പോള്‍ യഥാര്‍ഥത്തില്‍ ജനങ്ങളോടല്ല നീ സംഘട്ടനത്തിലേര്‍പ്പെടുന്നത്, മറിച്ച് പിശാചിനോടാണ് നീ പോരാടുന്നത്. ഒന്നുകില്‍ അവന്‍ നിന്നെ അതിജയിക്കും, അല്ലെങ്കില്‍ നീ അവനെ അതിജയിക്കും. യഥാര്‍ഥത്തില്‍ കോപിക്കുന്ന സന്ദര്‍ത്തില്‍ എന്താണ് സംഭവിക്കുന്നത്?

ഇബലീസ് മൂസയോടു നല്‍കിയ ഒരുപദേശം ഇപ്രകാരമാണ്: ‘നീ കാഠിന്യത്തെ സൂക്ഷിക്കുക! കാരണം കുട്ടികള്‍ പന്തുരുട്ടുന്നതു പോലെ, കാരിരുമ്പുപോലെ കരുത്തുറ്റ മനുഷ്യനെക്കൊണ്ട് ഞാന്‍ തട്ടിക്കളിക്കും’.

കോപത്തിന്റെ കാര്യത്തില്‍ ജനങ്ങള്‍ മൂന്ന് പ്രകൃതക്കാരാണ്
സന്തുലിത്വം പാലിക്കുന്നവര്‍ :
അവന്‍ കോപിക്കുന്നത് ദീനിനെയോ സ്വന്തത്തെയോ പ്രതിരോധിക്കുവാന്‍ വേണ്ടിയോ മര്‍ദ്ധിതനെ സഹായിക്കാനോ പൊതു അവകാശങ്ങള്‍ നേടിയെടുക്കാനോ വേണ്ടിയായിരിക്കും. ഇത്തരം സന്ദര്‍ഭത്തിലാണ് അവനില്‍ കോപവും രോഷവും ഉടലെടുക്കുന്നത്. മനുഷ്യ പ്രകൃതവും നമ്മുടെ സാമൂഹിക വ്യവസ്ഥയും ആവശ്യപ്പെടുന്ന ഒന്നാണിത്. ഭൗതിക ജീവിതത്തിലെ മാത്സര്യവും ആര്‍ത്തിയും നമ്മുടെ ദീനിനെയും ശരീരത്തെയും മൗലികാവകാശങ്ങളെയും ശക്തമായി പ്രതിരോധിക്കാന്‍ നമ്മെ ബാധ്യസ്ഥരാക്കുന്നു. അല്ലെങ്കില്‍ നമ്മുടെ ഭൂമി നാശോന്മുഖമായിത്തീരുകയും സാമൂഹിക വ്യവസ്ഥ തകരുകയും ചെയ്യുന്നതാണ്. സ്വന്തത്തിന് വേണ്ടി കോപിക്കാത്തവന്‍ ഇവിടെ നിന്ന് പുറന്തള്ളപ്പെടും, അന്ധമായ അനുകരണത്തിലൂടെ എല്ലാറ്റിനെയും നല്ല അഭിപ്രായത്തോടെ കണ്ണടച്ച് പിന്തുണക്കുന്ന അനുകരണത്തിന്റെ വക്താവായി മാറുകയും ചെയ്യും.
ജീര്‍ണതബാധിച്ചവര്‍:
മനുഷ്യര്‍ ദുര്‍ബലനാകുന്നതുകൊണ്ടോ ആത്മവിശ്വാസം നഷ്ടപ്പെടുന്നതു കൊണ്ടോ ഉണ്ടാകുന്ന നിസ്സംഗമായ അവസ്ഥയാണിത്. സന്തുലിതമായ കോപത്തിന്റെയും രോഷത്തിന്റെയും പദവിയിലും താഴെ ഉള്ളവരാണ് ഇക്കൂട്ടര്‍ പ്രതികരണ ശേഷി നഷ്ടപ്പെട്ടവരാണ്. ബുദ്ധിപരമായും നിയമപരമായും ആക്ഷേപാര്‍ഹമായ ഒന്നാണിത്. കാരണം ജീവന്‍, മതം, അഭിമാനം, സമ്പത്ത്, പൊതുതാല്‍പര്യങ്ങള്‍ എന്നിവക്കായി രോഷം കൊള്ളാത്തവന്‍ അല്ലാഹുവിന്റെ നടപടിക്രമങ്ങള്‍ ഭൂമിയില്‍ നടപ്പില്‍ വരുത്താന്‍ ധൈര്യപ്പെടാത്ത ഭീരുവാണ്. ഇത് സമൂഹത്തിന് വളരെ വലിയ അപകടമാണ്. ജീവിതത്തിന്റെ എല്ലാ മേഖലകളിലും അരാചകത്വത്തിന് ഇത് വഴിയൊരുക്കുകയും ചെയ്യും.
തീവ്രത പുലര്‍ത്തുന്നവര്‍:
കാര്യങ്ങളെ കുറിച്ച് അപഗ്രഥനങ്ങള്‍ നടത്താതെ എന്തിലും എടുത്തുചാടി നാശത്തിലകപ്പെടുന്നവരാണിവര്‍. അതിര്‍വരമ്പുകള്‍ ലംഘിച്ചുകൊണ്ട് ദീനിന്റെയും ബുദ്ധിയുടെയും മേല്‍ അതിക്രമം പ്രവര്‍ത്തിക്കുകയും അവനറിയാതെ നാശത്തിന് വഴിയൊരുക്കുകയും ചെയ്യുന്ന ഒന്നാണിത്. ചിലപ്പോള്‍ അതിനിസ്സാരമായ കാര്യങ്ങള്‍ കോപം കാരണം വലിയ കുറ്റകൃത്യങ്ങളും വന്‍പാപങ്ങളുമായിത്തീരും.   ഇത്തരം തീവ്രതപുലര്‍ത്തുന്ന കോപം ദീനിപരമായും ബൗദ്ധികമായും ആക്ഷേപാര്‍ഹമായ ഒന്നാണ്.

അല്ലാഹു ഇഷ്ടപ്പെടുന്ന ഗുണങ്ങള്‍
പ്രവാചകന്‍(സ) അശജ്ജ് ബിന്‍ ഖൈസിനോട് പറഞ്ഞു: ‘നിന്നില്‍ അല്ലാഹു ഇഷ്ടപ്പെടുന്ന രണ്ടു ഗുണങ്ങളുണ്ട്. വിവേകവും അവധാനതയുമാണത്’ (മുസ്‌ലിം) നാം ഈ വിശേഷണം നടത്തിയിട്ടുണ്ടോ? അല്ലെങ്കില്‍ ഭൗതികമായ ജീവിതത്തിന്റെ കുത്തൊഴുക്കില്‍ ഈ വിശേഷണം നമ്മില്‍ നിന്ന് നഷ്ടപ്പെട്ടുപോയോ. ഈ വിശേഷണങ്ങള്‍ നമ്മെ അല്ലാഹുവോട് കൂടുതല്‍ അടുപ്പിക്കുന്നതാണ്.

പ്രവാചകന്‍ ഒരിക്കലും സ്വന്തത്തിന് വേണ്ടി ആരോടും കോപിച്ചിട്ടില്ല. മറിച്ച് അല്ലാഹുവിന്റെ പവിത്രതകള്‍ പിച്ചിച്ചീന്തുന്ന സന്ദര്‍ഭത്തിലാണ് പ്രവാചകന്‍(സ) കോപിച്ചിട്ടുള്ളത്. പ്രവാചകന്‍(സ)ക്ക് മര്‍ദ്ധനമേറ്റിട്ട് തലക്ക് മുറിവേല്‍ക്കുകയും മുന്‍പല്ലുകള്‍ പൊട്ടുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും അല്ലാഹുവേ എന്റെ ജനതക്ക് നീ പൊറുത്തുകൊടുക്കണമേ, അവര്‍ വിവരമില്ലാത്ത ജനതതയാണ് എന്നാണ് പ്രവാചകന്‍(സ) പ്രാര്‍ഥിച്ചത്’ (ബുഖാരി). യൂസുഫ് നബി അവസാനം തന്നെ വഞ്ചിച്ച സഹോദരങ്ങളെല്ലാം തന്റെ കീഴില്‍ വന്നപ്പോള്‍ പ്രതികരിച്ചത്: ‘അദ്ദേഹം പറഞ്ഞു: ഇന്ന് നിങ്ങളുടെ മേല്‍ ഒരു ആക്ഷേപവുമില്ല. അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തുതരട്ടെ. അവന്‍ കരുണയുള്ളവരില്‍ വെച്ച് ഏറ്റവും കാരുണികനാകുന്നു’. (യൂസുഫ് 92)

അബൂബക്കര്‍(റ)വിന്റെ മകള്‍ ആഇശ(റ)ക്കെതിരെ അപവാദ പ്രചരണവുമായി ചിലര്‍ രംഗത്ത് വന്നു. അബൂബക്കര്‍(റ) ചിലവ് കൊടുക്കുന്ന മിസത്വഹ് ബിന്‍ ഉസാസയും അതില്‍ പങ്കാളിയായിരുന്നു. തന്റെ മകള്‍ക്കെതിരെ അപവാദപ്രചരണം നടത്തിയ മിസ്ത്വഹിന് ഇനി മുതല്‍ ചിലവ് കൊടുക്കുകയില്ല എന്ന അബൂബക്കര്‍(റ) പ്രഖ്യാപിച്ചു. പ്രസ്തുത വിഷയത്തിലിടപെട്ടുകൊണ്ട് വിശുദ്ധ ഖുര്‍ആന്‍ പ്രതികരിച്ചു: ‘നിങ്ങളുടെ കൂട്ടത്തില്‍ ശ്രേഷ്ഠതയും കഴിവുമുള്ളവര്‍ കുടുംബബന്ധമുള്ളവര്‍ക്കും സാധുക്കള്‍ക്കും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സ്വദേശം വെടിഞ്ഞു വന്നവര്‍ക്കും ഒന്നും കൊടുക്കുകയില്ലെന്ന് ശപഥം ചെയ്യരുത്. അവര്‍ മാപ്പുനല്‍കുകയും വിട്ടുവീഴ്ച കാണിക്കുകയും ചെയ്യട്ടെ. അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തുതരാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ലേ ? ‘ (അന്നൂര്‍ 22) അല്ലാഹുവിന്റെ കാരുണ്യം ലഭ്യമാകണമെങ്കില്‍ കോപം വെടിഞ്ഞ് വിട്ടുവീഴ്ചക്ക് തയ്യാറാകണമെന്നാണ് അബൂബക്കര്‍(റ)വിനോട് ആഹ്വാനം ചെയ്യുന്നത്.

താങ്കളെ ഇന്ന വ്യക്തി ചീത്ത പറഞ്ഞിട്ടുണ്ടെന്ന് സഹാബികളിലൊരാളോട് പറയപ്പെട്ടപ്പോള്‍ അദ്ദേഹം പ്രതികരിച്ചു: ഞങ്ങളുടെ കാര്യത്തില്‍ അല്ലാഹുവിനെ ധിക്കരിച്ചവനോട് ഞങ്ങള്‍ പ്രതികാര നടപടി സ്വീകരിക്കുകയില്ല. ഈ വിഷയത്തില്‍ അല്ലാഹുവിനെ അനുസരിക്കുന്നതാണ് ശ്രേഷ്ടകരം’. അബൂ ദര്‍റ്(റ)വിന്റെ ഒരടിമ അദ്ദേഹത്തിന്റെ ആടിന്റെ കാല്‍ പൊട്ടിച്ചു. ആരാണ് ഇത് ചെയ്തത് എന്ന് ചോദിച്ചപ്പോള്‍ താങ്കളെ കോപിഷ്ടനാക്കാന്‍ വേണ്ടി ഞാന്‍ ബോധപൂര്‍വം ചെയ്തതാണ്. മാത്രമല്ല, താങ്കള്‍ എന്നെ അടിക്കുകയും കുറ്റക്കാരനായിത്തീരുകയും ചെയ്യും എന്ന് അദ്ദേഹം പ്രതികരിച്ചു. എന്നെ കോപത്തിന് പ്രേരിപ്പിച്ചവനോട് ഞാന്‍ കോപിക്കുക തന്നെ ചെയ്യും എന്നു പറഞ്ഞുകൊണ്ട് അദ്ദേഹത്തെ മോചിപ്പിക്കുകയുണ്ടായി.

നാം എപ്രകാരമാണ് നമ്മുടെ സേവകരോട് പെരുമാറുന്നത്? നമ്മുടെ മക്കളോടും വീട്ടുകാരോടും എങ്ങനെയാണ് ഇടപഴകുന്നത്? അടങ്ങാത്ത ദേഷ്യം കാരണം മക്കളുടെ ശരീരത്തില്‍ ചൂട് പൊള്ളിക്കുന്ന ഉമ്മമാരെ കാണാം. നിസ്സാര കാര്യത്തിന് വേണ്ടി മക്കളോട് ഇത്രമാത്രം പരുഷമായി പെരുമാറുന്ന നാം നമ്മടെ മക്കളെന്താണ് ഇങ്ങനെ ദേഷ്യപ്പെടുന്നവരും പരുഷപ്രകൃതരുമാകുന്നതിനെ കുറിച്ച് പരിതപിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ! പെട്ടെന്ന് ചൂടാകുന്നവരാണ് എന്ന് ഭര്‍ത്താക്കന്മാരെ പറ്റി മിക്ക ഭാര്യമാരും പരാതിപ്പെട്ടുകൊണ്ടിരിക്കുന്നു. നമ്മുടെ ജീവിതത്തെ ഇത്തരത്തിലുള്ള കോപം അടക്കിവാണാല്‍ പിന്നെ എവിടെയാണ് സ്‌നേഹം ഉടലെടുക്കുക!, ഹൃദയങ്ങളില്‍ കോപാഗ്നി ആളിക്കത്തുന്നുവെങ്കില്‍ എവിടെ നിന്നാണ് ഇണകള്‍ക്കിടയില്‍ ശാന്തി രൂപപ്പെടുക. നിങ്ങള്‍ ഇടപഴകുന്നത് ഖരവസ്തുവോടല്ല, ഹൃദയവും വികാരങ്ങളുമുള്ള മനുഷ്യരോടാണ് എന്ന് പ്രത്യേകം തിരിച്ചറിയണം. സ്വയം മാറ്റത്തിന് സന്നദ്ധരല്ലാത്തവരെ അല്ലാഹു നിലവിലെ അവസ്ഥയില്‍ നിന്ന് പരിവര്‍ത്തിപ്പിക്കുകയില്ല എന്ന യാഥാര്‍ഥ്യം നാം തിരിച്ചറിയണം. മുആദ് ബിന്‍ അനസ് (റ)വില്‍ നിന്ന് നിവേദനം: ആര്‍ക്കെങ്കിലും അതിശക്തമായ കോപമുണ്ടാകുകയും അത് നടപ്പിലാക്കാനുള്ള ശക്തിയുമുണ്ടായിരിക്കെ അത് അടക്കി നിര്‍ത്തിയാല്‍ പരലോകത്ത് അല്ലാഹു സൃഷ്ടികള്‍ക്കിടയില്‍ അവനെ വിളിച്ചുകൊണ്ട് ഇഷ്ടമുള്ള ഹൂറിമാരെ തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെടും. (അബൂദാവൂദ്).

കോപിക്കുന്നവര്‍ക്കുള്ള പ്രവാചക പ്രതിവിധികള്‍
സുലൈമാനു ബിന്‍ സര്‍ദ് വിവരിക്കുന്നു: ‘ഞങ്ങള്‍ പ്രവാചകസവിദത്തില്‍ ഇരിക്കവെ രണ്ടു പേര്‍ പര്‌സപരം ചീത്തപറയുന്നത് കണ്ടു. അവരിലൊരാള്‍ സഹോദരനെ ചീത്തപറയുന്നു. ദേഷ്യത്താല്‍ അദ്ദേഹത്തിന്റെ മുഖം ചുവന്നിരിക്കുന്നു. അപ്പോള്‍ പ്രവാചകന്‍ (സ) പറഞ്ഞു; ദേഷ്യം ഇല്ലാതാക്കുന്ന ഒരു വാചകം ഞാന്‍ നിങ്ങള്‍ക്ക് പഠിപ്പിച്ചു തരാം. എന്നിട്ട് ‘അഊദു ബില്ലാഹി മിന ശ്ശൈത്വാനി റജീം’ അഥവാ ശപിക്കപ്പെട്ട പിശാചില്‍ നിന്നും അല്ലാഹുവിനോട് ഞാന്‍ ശരണം തേടുന്നു എന്നു പറഞ്ഞു. അവിടെയുള്ളവര്‍ പ്രവാചകന്‍ പറയുന്നത് നിങ്ങള്‍ കേള്‍ക്കുന്നില്ലേ എന്നു ചോദിച്ചു. ഭ്രാന്ത് ബാധിച്ചവനെയാണോ നിങ്ങളെനിക്ക് കാണിച്ചുതരുന്നതെന്ന് അപ്പോള്‍ അവന്‍ പ്രതികരിച്ചു. (ബുഖാരി മുസ്‌ലിം). അല്ലാഹു തന്റെ കോപം അടക്കിനിര്‍ത്തും എന്ന വിശ്വാസത്തോടെ ഇത് ചൊല്ലുകയാണെങ്കില്‍ ഈ ചികിത്സ അവന് പ്രയോജനപ്പെടും. അബൂദര്‍(റ)വില്‍ നിന്ന് നിവേദനം: ‘പ്രവാചകന്‍ ഞങ്ങളോട് പറഞ്ഞു: നിങ്ങളിലൊരാള്‍ കോപിക്കുന്ന സന്ദര്‍ഭത്തില്‍ നില്‍ക്കുന്നവനാണെങ്കില്‍ ഇരിക്കട്ടെ! എന്നിട്ടും ദേഷ്യമടങ്ങുന്നില്ലെങ്കില്‍ അവന്‍ കിടക്കട്ടെ.’ (അബൂദാവൂദ്)

നാം നമ്മുടെ ജീവിതത്തില്‍ കോപമുള്ള സന്ദര്‍ഭത്തില്‍ ഇത്തരത്തിലുള്ള പ്രതിവിധികള്‍ പരീക്ഷിക്കുന്നവരാണോ? കോപത്തിനൊരിക്കലും നമ്മെ കീഴടക്കാന്‍ സാധിക്കാത്ത രീതിയില്‍ അതിനെ പ്രതിരോധിക്കാന്‍ നമുക്ക് കഴിയണം. പ്രവാചകന്‍ (സ) പറഞ്ഞു: മല്‍പിടുത്തത്തില്‍ ജയിക്കുന്നവനല്ല ശക്തന്‍. ദേഷ്യം വരുമ്പോള്‍ സ്വന്തത്തെ നിയന്ത്രണവിധേയമാക്കുന്നവനാണ് യഥാര്‍ഥ ശക്തന്‍.'( ബുഖാരി). തന്നോട് മോശമായി പ്രതികരിച്ചവനോടും ഉത്തമമായ രീതിയില്‍ പ്രതികരിക്കുക എന്നാണ് ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നത്. അല്ലാഹു ഇഷ്ടപ്പെടുന്ന സദവൃത്തരുടെ സുപ്രധാനമായ വിശേഷണമാണ് കോപത്തെ അടക്കി നിര്‍ത്തുക, ജനങ്ങള്‍ക്ക് വിട്ടുവീഴച് ചെയ്യുക എന്നിവ. അതിനാല്‍ ഈ രോഗത്തെ യഥാവിധി ചികിത്സിക്കാന്‍ നമുക്ക് സാധിക്കേണ്ടതുണ്ട്.
അവലംബം : islamway.net

വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്

Related Articles