Current Date

Search
Close this search box.
Search
Close this search box.

കൈക്കൂലിയെ സൂക്ഷിക്കുക

bribery.jpg

ജനങ്ങളുടെ ഹൃദയങ്ങളില്‍ ദീന്‍ ശോഷിക്കുന്നതോടെ അവരുടെ സ്വഭാവം ദുഷിക്കുകയും വിശ്വാസ്യത കുറയുകയും അവരില്‍ നിന്ന് നന്മ എടുത്ത് കളയുകയും ചെയ്യും. അവര്‍ പരസ്പരം അക്രമവും ശത്രുതയും വെച്ച് പുലര്‍ത്തുകയും ചെയ്യും. മറ്റുള്ളവര്‍ക്ക് മുന്‍ഗണന നല്‍കുന്നതിന് പകരം അവന്‍ സ്വാര്‍ത്ഥനായിത്തീരും. മറ്റുള്ളവരെ ആശ്വസിപ്പിക്കുന്നതിന് പകരം താന്‍പോരിമ കാണിക്കും. ദുഷിച്ച സമൂഹത്തിന്റെ മേലായിരിക്കും ലോകാവസാനം വന്ന് ഭവിക്കുക. അതിന്റെ സാമീപ്യനുള്ള തെളിവാകട്ടെ ലോകത്തിന്റെ ധാര്‍മികാപചയവുമാണ്. വിശ്വസ്തത ചോര്‍ന്ന് പോയാല്‍ ലോകം ദുഷിക്കും. ഒരു മനുഷ്യന്‍ പ്രവാചകന്‍ തിരുമേനി(സ)യുടെ അടുത്ത് വന്ന് ചോദിച്ചു. എപ്പോഴാണ് ലോകാവസാനം സംഭവിക്കുക? നബി തിരുമേനി പറഞ്ഞു ‘വിശ്വസ്തത നഷ്ടപ്പെട്ട് പോയാല്‍ ലോകാവസാനം സംഭവിക്കും’ അയാല്‍ ചോദിച്ചു. എങ്ങനെയാണ് അത് നഷ്ടപ്പെടുക? പ്രവാചകന്‍ പറഞ്ഞു ‘അനര്‍ഹരായ ആളുകള്‍ക്ക് അധികാരം ഏല്‍പിക്കപ്പെടുമ്പോള്‍ ലോകാവസാനം പ്രതീക്ഷിച്ച് കൊള്ളുക’.

ഒരു സമൂഹത്തില്‍ വിശ്വാസ്യത നഷ്ടപ്പെടുന്നതിന്റെ ഏറ്റവും പ്രകടമായ തെളിവാണ് അവിടെ കൈക്കൂലി വര്‍ദ്ധിക്കുകയെന്നത്. അവകാശങ്ങള്‍ അര്‍ഹരില്‍ നിന്നും തിരിച്ച് വിട്ട് മറ്റുള്ളവര്‍ക്ക് അന്യായമായി നല്‍കുന്നതിനും ഇത് കാരണമാവുന്നു. ഇത് വൃത്തികെട്ട സ്വഭാവവും വ്യക്തമായ പാപവും മാന്യന്മാര്‍ അകന്ന് നില്‍ക്കുന്ന കാര്യവുമാണ്. വളരെ അധപതിച്ച മനസ്സുള്ളവര്‍ക്കെ ഇത് തൃപ്തികരമായി അനുഭവപ്പെടുകയുള്ളൂ.
വേദക്കാരില്‍ ചിലര്‍ക്ക് ഈ ദുശ്ശീലം ഉണ്ടായിരുന്നു. ജൂത പണ്ഡിതന്മാരും ക്രൈസ്തവ പുരോഹിതന്മാരും അന്യായമായ സ്വത്ത് സമ്പാദിക്കുന്നവരായിരുന്നു. അല്ലാഹു അവരെ വിശുദ്ധ ഖുര്‍ആനില്‍ വളരെ ശക്തമായി ആക്ഷേപിച്ചു. ‘അല്ലയോ വിശ്വാസികളെ, മിക്ക ജൂത-ക്രൈസ്തവ പുരോഹിതന്മാരും ജനങ്ങളുടെ സ്വത്ത് അന്യായമായി ഭുജിക്കുന്നവരാണ്’. തൗബ 34
അവര്‍ തിന്ന സമ്പത്തിനെ അന്യായം എന്നാണ് ഖുര്‍ആന്‍ വിശേഷിപ്പിച്ചത്. മറ്റൊരിടത്ത് പറയുന്നത് അന്യായസ്വത്ത് സമ്പാദിക്കുന്നതിനേക്കാള്‍ നല്ലത് തീ തിന്നുകയാണെന്നാണ്.
ഇസ്രയേല്‍ സന്തതികളിലെ നിഷേധികളെ അല്ലാഹു നിന്ദിച്ചു. അവര്‍ വേദവാക്യം വളച്ചൊടിക്കുന്നവരാണെന്ന് പ്രഖ്യാപിച്ചു. അവരുടെ ഹൃദയത്തില്‍ മാലിന്യവും അവര്‍ക്ക് ഇഹലോകത്തും പരലോകത്തും അപമാനവുമാണുള്ളതെന്ന് വ്യക്തമാക്കുകയും ചെയ്തു. ‘അവരില്‍ ഒട്ടേറെയാളുകള്‍ പാപവൃത്തികളിലും അതിക്രമങ്ങളിലും ആവേശത്തോടെ മുന്നേറുന്നതും നിഷിദ്ധ ധനം തിന്നുതിമര്‍ക്കുന്നതും നിനക്കു കാണാം. അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത് നന്നെ നീചം തന്നെ.’ മാഇദ 62
ഇബ്‌നു മസ്ഊദ്(റ) പറയുന്നു ‘ നിഷിദ്ധ ധനം എന്നത് കൊണ്ട് വിവക്ഷിക്കുന്നത് കൈക്കൂലിയാണ്’
ഹസന്‍(റ)പറയുന്നു. ‘ബനൂ ഇസ്രയേലിലെ ഒരാള്‍ കൈക്കൂലിയുമായി ഭരണാധികാരിയുടെ മുന്നില്‍ വന്നാല്‍ അത് അദ്ദേഹം കാണ്‍കെ മുന്നില്‍ വെക്കും. എന്നിട്ട് തന്റെ ആവശ്യം സമര്‍പ്പിക്കും. ഭരണാധികാരി അദ്ദേഹത്തിന് മാത്രം ചെവി കൊടുക്കും പ്രതിയോഗിക്ക് ന്യാം ബോധിപ്പിക്കാനുള്ള അവസരമുണ്ടാകില്ല. കളവ് കേള്‍ക്കുകയും കൈക്കൂലി ഭുജിക്കുകയും ചെയ്യും.’.
അവര്‍ നിഷിദ്ധ ധനം ധാരാളമായി ഭുജിച്ചതിലൂടെ അതവരുടെ പ്രകൃതമായി മാറി. അല്ലാഹു അവതരിപ്പിച്ച സത്യത്തെ അവര്‍ മൂടി വെക്കുകയും അതിനെ നിഷേധിക്കുകയും വ്യാജമാക്കുകയും ചെയ്തു. സാധാരണക്കാരായ അനുയായികളെ അവര്‍ വഴികേടിലകപ്പെടുത്തി. വിശുദ്ധ വേദം വിവരിക്കുന്നു ‘അല്ലാഹു വേദഗ്രന്ഥം മുഖേന അവതരിപ്പിച്ചത് മറച്ച് വെക്കുകയും അവയെ കുറഞ്ഞ വിലക്ക് വില്‍ക്കുകയും ചെയ്യുന്നവര്‍ തങ്ങളുടെ വയറ്റിലേക്ക് തീയാണ് ഭക്ഷിച്ച് കൊണ്ടിരിക്കുന്നത്. അന്ത്യനാളില്‍ അല്ലാഹു അവരോട് സംസാരിക്കുകയോ, അവരെ സംസ്‌കരിക്കുകയോ ഇല്ല. അവര്‍ക്ക് വേദനയേറിയ ശിക്ഷയാണുള്ളത്.’ അല്‍ ബഖറ 174
ഇമാം ത്വബ്‌രി വിശദീകരിക്കുന്നു. ‘മുഹമ്മദ് നബി(സ)യുടെ പ്രവാചകത്വത്തിന്റ കാര്യം അവര്‍ ജനങ്ങളില്‍ നിന്നും അവര്‍ മറച്ച് വെച്ചു. തൗറാത്തില്‍ വളരെ വ്യക്തമായി രേഖപ്പെടുത്തപ്പെട്ട അത് അവര്‍ സ്വീകരിച്ച കൈക്കൂലിക്ക് വേണ്ടിയാണ് മറച്ച് വെച്ചത്.’
ധനത്തോടും ഭൗതികതയോടുമുള്ള അടങ്ങാത്ത് ആര്‍ത്തിയും സത്യത്തെ ഗോപ്യമാക്കി അസത്യത്തെ പ്രചരിപ്പിക്കുന്നതിലുള്ള ഔത്സുക്യവും കാരണത്താല്‍ അവര്‍ ദൈവിക വചനങ്ങളെ വക്രീകരിക്കുകയും അതിന്റെ ആശയം മാറ്റിമറിക്കുകയും ചെയ്തു. വിശുദ്ധ ഖുര്‍ആന്‍ അവരെ ശക്തമായി താക്കീത് ചെയ്തു. ‘
അതിനാല്‍ സ്വന്തം കൈകൊണ്ട് പുസ്തകമെഴുതി അത് അല്ലാഹുവില്‍നിന്നുള്ളതാണെന്ന് അവകാശപ്പെടുന്നവര്‍ക്കു നാശം! തുച്ഛമായ കാര്യലാഭങ്ങള്‍ക്കുവേണ്ടിയാണ് അവരതു ചെയ്യുന്നത്. തങ്ങളുടെ കൈകൊണ്ട് എഴുതിയുണ്ടാക്കിയതിനാല്‍ അവര്‍ക്കു നാശം! അവര്‍ സമ്പാദിച്ചതു കാരണവും അവര്‍ക്കു നാശം!’ അവര്‍ സത്യത്തെ വിറ്റ് അസത്യത്തെ സഹായിച്ചതിന്റെ വിലയായിരുന്നു അവര്‍ക്ക് ലഭിച്ചിരുന്ന കൈക്കൂലി.
അല്ലാഹു ബനൂ ഇസ്രയേലിന് നല്‍കിയ പൊടുന്നനെയുള്ള ശിക്ഷയായിരുന്നു അവര്‍ക്ക് ഇഹലോകത്തെ ചില നല്ല കാര്യങ്ങള്‍ നിഷിദ്ധമാക്കിയെന്നത്. ‘യഹൂദരില്‍ ചിലരുടെ അക്രമവും, ദൈവിക മാര്‍ഗത്തിന് ധാരാളമായി വിഘ്‌നം സൃഷ്ടിച്ചതും കാരണം കാരണം അവര്‍ക്ക് മേല്‍ നാം അനുവദിച്ച് കൊടുത്ത ചില നല്ല കാര്യങ്ങള്‍ നിഷിദ്ധമാക്കി. അവര്‍ നിരോധിക്കപ്പെട്ട പലിശയും സ്വീകരിച്ചു. ജനങ്ങളുടെ സ്വത്ത് അവിഹിതമായി ഭുജിക്കുകയും ചെയ്തു’. നിസാഅ് 161
മുസ്‌ലിംകള്‍ രംഗത്ത് വന്നതിന് ശേഷവും ഈ വൃത്തികെട്ട സ്വഭാവം യഹൂദര്‍ കൊണ്ട് നടന്നു. ഖൈബറിലെ കണക്കെടുക്കാന്‍ വന്ന അബ്ദുല്ലാഹ് ബിന്‍ റവാഹഃയെ കൈക്കൂലി കൊടുത്ത് വശീകരിക്കാന്‍ ശ്രമിച്ചു. ഈ സംഭവം ഇമാം മാലിക് മുവത്വയില്‍ സൂചിപ്പിക്കുന്നുണ്ട്. സുലൈമാന്‍ ബിന്‍ യസാര്‍(റ) റിപ്പോര്‍ട്ട് ചെയ്യുന്നു. ‘റസൂല്‍ തിരുമേനി തന്റെ ദൂതനായി അബ്ദുല്ലാഹ് ബിന്‍ റവാഹഃയെ യഹൂദരിലേക്ക് അയക്കാറുണ്ടായിരുന്നു. അവര്‍ തങ്ങളുടെ സ്ത്രീകളുടെ ആഭരണങ്ങളെല്ലാം അദ്ദേഹത്തിന് വേണ്ടി ഒരുമിച്ച് കൂട്ടി. എന്നിട്ട് പറഞ്ഞു ‘ഇവയെല്ലാം താങ്കള്‍ക്കുള്ളതാണ്. ഞങ്ങള്‍ക്ക് താങ്കള്‍ ഇളവ് നല്‍കിയാലും’. അബ്ദുല്ലാഹി ബിന്‍ റവാഹഃ പറഞ്ഞു ‘അല്ലയോ യഹൂദികളെ, എനിക്ക് ഏറ്റവും വെറുപ്പുള്ള സൃഷ്ടികളാണ് നിങ്ങള്‍. എന്നിട്ടും ഞാന്‍ നിങ്ങളോട് അക്രമം പ്രവര്‍ത്തിച്ചില്ല. എന്നാല്‍ നിങ്ങള്‍ സമര്‍പിച്ച ഈ കൈക്കൂലി എനിക്ക് നിഷിദ്ധമാണ്. ഞങ്ങളത് ഭക്ഷിക്കാറില്ല. അപ്പോള്‍ അവര്‍ പറഞ്ഞുവത്രെ. ആകാശഭൂമികള്‍ നിലനില്‍ക്കുന്നത് ഈ മൂല്യബോധത്തിന്‍മേലാണ്’.
ഹാഫിള് ഇബ്‌നു അബ്ദില്‍ ബര്‍റ് പറയുന്നു. ‘ജഡ്ജിയോ, സാക്ഷിയോ സ്വീകരിക്കുന്ന എല്ലാ പാരിതോഷികങ്ങളും -അവ സത്യപൂര്‍വ്വം വിധിക്കാനാണെങ്കില്‍ പോലും- കൈക്കൂലിയും നിഷിദ്ധവുമാണ്. അത് ഭുജിക്കല്‍ മുസ്‌ലിമിന് അനുവദനീയമല്ല. ഇക്കാര്യത്തില്‍ മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ അഭിപ്രായാന്തരമില്ല താനും. മാത്രമല്ല കൈക്കൂലി യഹൂദര്‍ക്കും നിഷിദ്ധമായിരുന്നുവെന്ന് ഈ ഹദീസ് കുറിക്കുന്നു. അത് കൊണ്ടാണല്ലോ, ഇത് മുഖേനയാണ് ആകാശഭൂമികള്‍ നിലനിന്നതെന്ന് അവര്‍ അംഗീകരിച്ചത്. അവരുടെ വേദത്തില്‍ അത് നിഷിദ്ധമായിരുന്നില്ലെങ്കില്‍ അതിന്റെ പേരില്‍ ഖുര്‍ആന്‍ അവരെ കുറ്റപ്പെടുത്തുമായിരുന്നില്ലല്ലോ. എല്ലാ വേദക്കാരുടെയും അടുത്ത് അത് നിഷിദ്ധം തന്നെയായിരുന്നു.’
യഹൂദര്‍ക്ക് അല്ലാഹുവിന്റെ ശാപമിറങ്ങാന്‍ കാരണമെന്ന് ഖുര്‍ആന്‍ വിശേഷിപ്പിച്ച കൈക്കൂലി ഇസ്‌ലാമിന്റെ ആളുകള്‍ ആവര്‍ത്തിക്കുകയാണെങ്കില്‍ നാം അവരെക്കാള്‍ അധഃപതിച്ചവരെന്ന് സാരം. അല്ലാഹുവിന്റെ ശാപത്തിനും ശിക്ഷക്കും നാമും പാത്രീപൂതരാവുമെന്നതില്‍ സംശയമില്ല.
ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ പറയുന്നു. ‘ആരെങ്കിലും ശിക്ഷായിളവിന് വേണ്ടി കൈക്കൂലി വാങ്ങിയാല്‍ അവന് ഇരട്ടി ശിക്ഷ നല്‍കണം. അവന്‍ ശപിക്കപ്പെട്ട യഹൂദരില്‍പെട്ടിരിക്കുന്നു. ഇപ്രകാരം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. ‘ഒരു വാതിലിലൂടെ കൈക്കൂലി അകത്ത് കടന്നാല്‍ വിശ്വാസ്യതയായിരിക്കും പുറക് വശത്ത് കൂടെ പുറത്ത് കടക്കുക’.
സാധാരണയായി പറയപ്പെടാറുണ്ട് ‘കൈക്കൂലി തിന്മയെ സഹായിക്കുന്നു’.
കഅ്ബുല്‍ അഹ്ബാര്‍ ഇപ്രകാരം പറയുന്നു ‘ കൈക്കൂലി വിവേകമുള്ളവനെ വിഢിയാക്കുകയും, യുക്തിമാന്റെ കണ്ണുകളില്‍ അന്ധത സൃഷ്ടിക്കുകയും ചെയ്യും’.
കൈക്കൂലി ശീലമാക്കിയവരെ പ്രവാചകന്‍ ശക്തമായി വിമര്‍ശിച്ചിട്ടുണ്ട്. കൈക്കൂലി വാങ്ങുന്നവനെയും കൊടുക്കുന്നവനെയും ഒരു പോലെ തിരുമേനി ആക്ഷേപിച്ചു.

കൈക്കൂലിയുടെ രൂപം എത്രതന്നെ വ്യത്യസ്തമാണെങ്കിലും, മറ്റൊരു പേരില്‍ വിളിക്കപ്പെട്ടാലും വിധിയില്‍ യാതൊരു മാറ്റവുമില്ല. അവ തിന്ന് വളര്‍ന്ന എല്ലാ ശരീരവും നരകത്തിലേക്കാണെന്നതില്‍ സംശയമില്ല.
സമ്മാനം, ഉപഹാരം പാരിതോഷികം തുടങ്ങി ഏതെല്ലാം നാമങ്ങള്‍ ഉപയോഗിച്ചാലും ഫലം ഒന്ന് തന്നെയാണ്. കാശോ മറ്റ് വിഭവങ്ങളോ നല്‍കിയാലും ശരി. അവയൊന്നും കൈക്കൂലിയുടെ പരിധിയില്‍ നിന്നും പുറത്ത് കടക്കുകയില്ല. അതിന്റെ പാപത്തില്‍ നിന്നോ, ശിക്ഷയില്‍ നിന്നോ മുക്തമാവുകയില്ല. സമ്പത്തില്‍ മാത്രമെ ഇത് ബാധിക്കുകയുള്ളൂ എന്ന തെറ്റിദ്ധാരണ പലര്‍ക്കുമുണ്ട്. പലയാളുകളും പ്രസ്തുത ഗണത്തില്‍ നിന്നും രക്ഷ നേടാന്‍ പലവിധ തന്ത്രങ്ങളും പ്രയോഗിക്കാറുമുണ്ട്. പാരിതോഷികത്തിന്റെ പേരില്‍ കൈക്കൂലി സ്വീകരിക്കുന്നവരെ ഇമാം ഇബ്‌നുല്‍ ഖയ്യിം ശക്തമായി വിമര്‍ശിച്ചിട്ടുണ്ട്.
പണ്ഡിതന്മാര്‍ ഇപ്രകാരം പറഞ്ഞിരിക്കുന്നു. ‘ഒരു വ്യക്തി ന്യായാധിപനോ മറ്റ് വല്ലവര്‍ക്കോ തന്റെ കാര്യം സാധിക്കുന്നതിന് വേണ്ടി എന്തെങ്കിലും നല്‍കണാണ് കൈക്കൂലി.’
ഇപ്രകാരം വളരെ പ്രാധാന്യത്തോടെ ഇസ്‌ലാം കൈകാര്യം ചെയ്ത വിശയം എത്ര അവഗണനയോടെയാണ് കൈകാര്യം ചെയ്യപ്പെടുന്നതെന്ന് നാമോര്‍ക്കണം.
വ്യക്തിക്കും സമൂഹത്തിനും മേല്‍ വളരെ ദോഷകരമായി ബാധിക്കുന്ന തിന്മയാണിത്. മനോദാര്‍ഢ്യം ഇല്ലാതാക്കുന്നതിനും, സമൂഹത്തിന്റെ പതനത്തിനും അത് കാരണമാവും. വിശ്വാസ്യത നഷ്ടപ്പെട്ടവനും വഞ്ചന ജീവിതരീതിയാക്കിയവനും മാത്രമെ അത് ചെയ്യാനാവൂ. സമൂഹത്തില്‍ വെറുപ്പും വിദ്വേഷവും വളര്‍ത്താനും മാത്രമെ ഇതുപകരിക്കൂ.

വിവ: അബ്ദുല്‍ വാസിഅ് ധര്‍മഗിരി
 

Related Articles