Current Date

Search
Close this search box.
Search
Close this search box.

കേള്‍ക്കാന്‍ പഠിക്കാം

listen.jpg

ഒരു വ്യക്തി പരസ്യമായോ രഹസ്യമായോ നിങ്ങളോട് സംസാരിക്കുകയാണെങ്കില്‍, നിങ്ങള്‍ക്ക് വളരെ നന്നായി അറിയുന്ന കാര്യമാണ് പറയുന്നതെങ്കില്‍ പോലും അയാള്‍ പറഞ്ഞുതീരുന്നതു വരെ ഒന്നും അറിയാത്തവനെ പോലെ അത് ശ്രവിച്ചിരിക്കുക. നിങ്ങള്‍ക്ക് അക്കാര്യത്തില്‍ അയാളേക്കാള്‍ അറിവുണ്ടെന്ന് തെളിയിക്കാന്‍ ബദ്ധപ്പെടരുത്. അയാളുടെ സംസാരത്തിന് ഭംഗം വരുത്തുന്ന തരത്തില്‍ ഇടക്ക് കയറി സംസാരിക്കുകയും അരുത്. മറിച്ച്, സശ്രദ്ധം അയാളെ ശ്രവിക്കുകയും പരിഗണിക്കുകയും ചെയ്യുക.

താബിഈ ഇമാമായ അതാഅ് ഇബ്‌നു അബീ റബാഹ് പറയുന്നു: ”ഒരു യുവാവ് വന്ന് ഒരു കാര്യം എന്നോട് പറയുമ്പോള്‍, അയാള്‍ ജനിക്കുന്നതിനും മുമ്പ് ഞാന്‍ കേട്ട കാര്യമാണെങ്കിലും ജീവിതത്തില്‍ ആദ്യമായി കേള്‍ക്കുന്ന ഭാവത്തോടെ ഞാന്‍ അത് ശ്രദ്ധിക്കുമായിരുന്നു”. ഉമറുബ്‌നു അബ്ദുല്‍ അസീസിന്റെയും ഹിഷാം ഇബ്‌നു അബ്ദുല്‍ മലികിന്റെയും ദര്‍ബാറിലെ സ്ഥിരസാന്നിധ്യമായിരുന്ന ഖാലിദ് ഇബ്‌നു സഫ്‌വാന്‍ അത്തമീമി പറയുന്നു: ”നിങ്ങള്‍ക്ക് മുമ്പേ അറിയുന്ന ഒരു കാര്യം ഒരു വ്യക്തി വന്ന് നിങ്ങളോട് പറയുകയാണെങ്കില്‍ അതേ കുറിച്ചുള്ള നിങ്ങളുടെ അറിവ് അയാള്‍ക്കു മുന്നില്‍ പ്രകടമാക്കാതെ അയാളെ സശ്രദ്ധം ശ്രവിക്കുക, അല്ലാത്തപക്ഷം അത് മര്യാദകേടാകുന്നു”. ഇമാം മാലികിന്റെ സന്തതസഹചാരിയായിരുന്ന ഇമാം അബ്ദുല്ലാഹ് ഇബ്‌നു വഹബ് അല്‍-ഖുറൈഷി അല്‍-മിസ്‌രി പറയുന്നു: മുമ്പ് കേട്ടിട്ടില്ലാത്ത വിധം നിങ്ങള്‍ മറ്റുള്ളവരെ കേള്‍ക്കുക, നിങ്ങള്‍ എത്ര മുമ്പ് കേട്ടതാണെങ്കിലും”. ഇബ്രാഹിം ഇബ്‌നു അല്‍-ജുനൈദ് പറയുന്നു: ”ജ്ഞാനിയായ ഒരു മനുഷ്യന്‍ തന്റെ മകനോട് പറഞ്ഞു, നീ സംസാരത്തിന്റെ കലയോടൊപ്പം കേള്‍വിയുടെ കല കൂടി പഠിക്കുക’.

ഒരാള്‍ പറയുന്നത് സൂക്ഷ്മമായി കേള്‍ക്കുക എന്നാല്‍ അയാളുടെ കണ്ണുകളിലേക്ക് നോക്കിയുള്ള കേള്‍വിയാകണം. അയാളുടെ സംസാരം അയാളെ മുഴുമിപ്പിക്കാന്‍ അനുവദിക്കുക, അയാളുടെ സംസാരത്തെ ഖണ്ഡിച്ചുകൊണ്ട് സംസാരിക്കാതിരിക്കുക, മയത്തോടെയും ഒതുക്കത്തോടെയും സംസാരിക്കുക, സംവാദമാണെങ്കിലും അന്യന്റെ അഭിമാനത്തെ സംരക്ഷിച്ചുകൊണ്ട് സംസാരിക്കുക, അയാള്‍ സംസാരം മുഴുമിപ്പിച്ചാല്‍ മാത്രം സ്വന്തം ഭാഷണം ആരംഭിക്കുക. ഒരാളോട് സംസാരിക്കുമ്പോഴും ചര്‍ച്ച നടത്തുമ്പോഴും നാം കാണിക്കുന്ന ഈ മര്യാദകള്‍ ശ്രോതാവിനെ നമ്മിലേക്ക് ആകര്‍ഷിപ്പിക്കും. നമ്മുടെ വ്യക്തിത്വത്തിന് അത് മാറ്റു കൂട്ടും. വാചാലമായി സംസാരിക്കാനും സമര്‍ത്ഥമായി കാര്യങ്ങള്‍ അവതരിപ്പിക്കാനും മാത്രമല്ല ക്ഷമയോടെ മറ്റുള്ളവരെ കേള്‍ക്കാനും കൂടി നാം പഠിക്കേണ്ടിയിരിക്കുന്നു.

വിവ: അനസ് പടന്ന

Related Articles