Current Date

Search
Close this search box.
Search
Close this search box.

കുട്ടികളുടെ സന്മാര്‍ഗത്തിനായി യത്‌നിച്ച പ്രവാചകന്‍

boy.jpg

പ്രബോധനം വിശ്വാസിയുടെ പ്രഥമ ബാധ്യതയാണ്. പ്രവാചകന്മാര്‍ തന്റെ ജനതയുടെ സന്‍മാര്‍ഗ ലബ്ദിക്കായി അഹോരാത്രം പരിശ്രമങ്ങളിലേര്‍പ്പെട്ടവരായിരുന്നു. ജനം ഈ സന്ദേശത്തില്‍ വിശ്വസിക്കാത്തതിന്റെ പേരില്‍ കടുത്ത ദുഖത്തോടെ നടന്നലഞ്ഞ് സ്വന്തം ജീവന്‍ പോലും ത്യജിക്കുമെന്ന അവസ്ഥയില്‍ വരെ അവര്‍ അവരുടെ പ്രബോധന പ്രവര്‍ത്തനങ്ങളില്‍ ജാഗ്രത പുലര്‍ത്തിയതായി ഖുര്‍ആന്‍ ചിത്രീകരിക്കുന്നുണ്ട്. സമൂഹത്തിന്റെ എല്ലാ തട്ടിലുമുള്ള ജനങ്ങളുമായി ഹൃദയബന്ധം സ്ഥാപിക്കുകയും അവരുടെ സന്മാര്‍ഗത്തിനായി പ്രവര്‍ത്തിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുക എന്നത് പ്രവാചക പ്രബോധനത്തിന്റെ രീതിശാസ്ത്രമായിരുന്നു. വിദ്യാര്‍ഥികളുടെയും വളര്‍ന്നുവരുന്ന തലമുറയുടെയും ഇഹപര രക്ഷക്കായി പ്രവാചകന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

അബ്ദുല്‍ ഹമീദ് സലമ(റ) നിവേദനം ചെയ്യുന്നു. ഒരിക്കല്‍ പ്രവാചകന്റെയടുത്ത് രണ്ട് പേര്‍ വന്നു  കുട്ടിയുടെ അവകാശത്തില്‍ തര്‍ക്കത്തിലേര്‍പ്പെട്ടു. അവരില്‍ ഒരാള്‍ വിശ്വാസിയും മറ്റൊരാള്‍ അവിശ്വാസിയുമായിരുന്നു. തീരുമാനിക്കാനുളള അധികാരം കുട്ടിക്ക് നല്‍കി. അപ്പോള്‍ അവിശ്വാസിയുടെ അടുത്തേക്ക് കുട്ടി തിരിയാനുദ്ദേശിച്ചപ്പോള്‍ പ്രവാചകന്‍ പ്രാര്‍ഥിച്ചു. അല്ലാഹുവെ, നീ അവന് സന്മാര്‍ഗം കാണിച്ചുകൊടുക്കണേ!, ഉടന്‍ കുട്ടി മുസ്‌ലിമായ ആളിലേക്ക് തിരിഞ്ഞു. അപ്രകാരം മുസ്‌ലിമിന്റെ കൂടെ പോകാന്‍ വിധിക്കുകയുണ്ടായി. ‘ (അഹ്മദ്)
ഈ ഹദീസില്‍ നമുക്ക് ഗ്രഹിക്കാനാകുന്ന സുപ്രധാന കാര്യങ്ങള്‍
1.കുട്ടികളോടുള്ള സ്‌നേഹം ജന്മ സഹജമാണ്.
2 പക്വതയെത്തിയ കുട്ടിയുടെ കാര്യത്തില്‍ മാതാപിതാക്കള്‍ തമ്മില്‍ തര്‍ക്കത്തിലേര്‍പ്പെടുകയാണെങ്കില്‍ ആരുടെ കൂടെ പോകണം എന്ന് അവന് തീരുമാനിക്കാം.
3. മാതാപിതാക്കള്‍ക്കിടയില്‍ കുട്ടിയുടെ കാര്യത്തില്‍ അവകാശത്തര്‍ക്കം ഉടലെടുത്താല്‍ വിധികര്‍ത്താവ് മക്കളുടെ അഭിപ്രായം പരിഗണിക്കണം.
4. ജനങ്ങളുടെ പ്രത്യേകിച്ച് കുട്ടികളുടെ സന്മാര്‍ഗത്തിനായുളള പ്രവാചകന്റെ അതിയായ താല്‍പര്യം. കാരണം അവര്‍ ഉമ്മത്തിന്റെ സ്തംഭങ്ങളാണ്.

അനസ് (റ) വില്‍ നിന്ന് നിവേദനം : പ്രവാചകന് സേവനം ചെയ്ത ജൂതബാലന് രോഗം ബാധിച്ചപ്പോള്‍ നബി അവനെ ശ്രുശ്രൂഷിക്കാന്‍ പോയി. അവന്റെ തലഭാഗത്ത് ഇരുന്നു കൊണ്ട് നബി പറഞ്ഞു: നീ മുസ്‌ലിമാകുക! അപ്പോള്‍ ആ ബാലന്‍ അടുത്തുണ്ടായിരുന്ന തന്റെ പിതാവിലേക്ക് നോക്കി. അപ്പോള്‍ അദ്ദേഹം നീ അബുല്‍ ഖാസിമിനെ (പ്രവാചകന്‍) അനുസരിക്കുക എന്ന് പറഞ്ഞു. അപ്രകാരം അവന്‍ വിശ്വാസിയായി. അവനെ നരകാഗ്നിയില്‍ നിന്നും രക്ഷപ്പെടുത്തിയ അല്ലാഹുവിന് സര്‍വസ്തുതിയും എന്ന് ഉരുവിട്ട്‌കൊണ്ട് അവിടെ നിന്നും തിരിച്ചു. ( ബുഖാരി)

ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍
1. പ്രവാചകന്റെ വിനയം, അവിശ്വാസികളുടെ സേവനം ഉപയോഗപ്പെടുത്തുന്നതിലെ അനുവദനീയത
2 കുട്ടികളുടെയും ജനങ്ങളുടെും സന്മാര്‍ഗലബ്ദിക്കായുള്ള പ്രവാചകന്റെ തീഷ്ണമായ ആഗ്രഹം.
3 പ്രബോധനത്തിന്റെ പ്രാധാന്യം.
4. രോഗ സന്ദര്‍ശനവും ശുശ്രൂഷയും.
5. കുട്ടികളിലെ പ്രബോധനത്തിന്റെ സാധ്യതകളും നരകാഗ്നിയില്‍ നിന്ന് അവരെ രക്ഷപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നതിന്റെ പ്രാധാന്യവും ബോധ്യപ്പെടുത്തുന്നു. ഇസ്‌ലാമിന്റെ വെളിച്ചം വിദ്യാര്‍ഥികളിലേക്ക് പ്രസരിപ്പിക്കുക എന്നത് വളരെ അനിവാര്യമാണ്. മുതിര്‍ന്നവരുടെ മുന്‍വിധികളും ലേബലുകളുമില്ലാതെ സ്വതന്ത്രമായി പഠിക്കാനും ചിന്തിക്കാനും നിരൂപണം ചെയ്യാനുമുള്ള കഴിവ് വിദ്യാര്‍ഥികളുടെ മാത്രം അവകാശമാണ്. അത് കൊണ്ട് തന്നെ കാമ്പസുകളിലും കോളേജുകളിലും മറ്റുകലാലയങ്ങളിലും വിദ്യയഭ്യസിക്കുന്ന സഹപാഠികളുമായി ഹൃദയ ബന്ധം സ്ഥാപിക്കുകയും അവരുടെ ഇഹപരരക്ഷക്കായി യഥാര്‍ഥ സന്മാര്‍ഗത്തിലേക്ക് യുക്തിയോടും സദുപദേശത്തോടും കൂടി പ്രബോധന പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയും അവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്യുക എന്നത് നമ്മുടെ ബാധ്യതയാണ്. അത് നമ്മുടെ ബന്ധങ്ങളെ കൂടുതല്‍ ഊഷ്മളമാക്കാനും പരസ്പരമുള്ള തെറ്റിദ്ധാരണകളുടെ പെരുമഴ ചോര്‍ന്നുപോകാനും വഴിയൊരുക്കും.
 

Related Articles