Current Date

Search
Close this search box.
Search
Close this search box.

കീറിപ്പറിഞ്ഞ ചകലാസും ഉറുമ്പ് തിന്ന മൃതദേഹവും

ants.jpg

ഇസ്‌ലാം സ്വീകരിച്ച് കമലാ സുരയ്യയായി മാറിയ മാധവിക്കുട്ടിയുടെ ശ്രദ്ധേയമായ കഥകളിലൊന്നാണ് ‘കീറിപ്പറിഞ്ഞ ചകലാസ്’ ഡല്‍ഹിയില്‍ ജോലിയുള്ള മകന്‍ വീട്ടുമുറ്റത്ത് കാറില്‍ വന്നിറങ്ങി. വന്ന ആള്‍ ഡല്‍ഹിയില്‍ നിന്നാണെന്ന് എങ്ങനെയോ മനസ്സിലായി. തന്റെ മകന്‍ ഡല്‍ഹിയിലാണെന്നും അവന് വരാന്‍ സമയം കിട്ടില്ലെന്നും ഓര്‍ത്ത അമ്മ ആഗതനോടു പറഞ്ഞു : ‘അവനോടു പറയണം, ഒരു പുതിയ ചക്‌ലാസ് അയച്ചു തരാന്‍. അവന്‍ മദിരാശിയില്‍ പഠിക്കുമ്പോള്‍ കൊണ്ടു വന്ന ചകലാസ് കീറിപ്പറിഞ്ഞു. അതാണ് ഞാന്‍ പുതച്ചിരിക്കുന്നത്.’

വന്നത് മകനാണെന്ന് പറഞ്ഞിട്ടും അമ്മക്ക് മനസ്സിലായില്ല. അമ്മ അകത്ത് പോയപ്പോള്‍ മൂത്ത സഹോദരി ചോദിച്ചു : ‘നീ എന്തിനാ വന്നത്? അമ്മയെ കാണാന്‍ മാത്രമല്ലല്ലോ?’
അയാള്‍ പറഞ്ഞു : ‘ഡല്‍ഹിയില്‍ വലിയ ചെലവാണ്. എന്റെ പേരിലുള്ള നിലം വിറ്റ് പണം കൊണ്ടുപോകണം.’
അതുകൂടി ചെയ്താല്‍ നിന്നെ കാണാന്‍ കൂടി കിട്ടില്ലെന്ന് പറഞ്ഞ ജേഷ്ഠത്തി ഇത്രകൂടി ചോദിച്ചു : ‘വയസ്സായ അമ്മയെ എത്രനാള്‍ കൂടിയാ നീ കണ്ടത്?’
ഇതിനു മകന്റെ പ്രതികരണം ‘അമ്മക്ക് എന്നെ ഓര്‍മകൂടി ഇല്ലല്ലോ’ എന്നായിരുന്നു. ജേഷ്ഠത്തി ചോദിച്ചു : ‘നിനക്ക് അമ്മയെ ഓര്‍മയുണ്ടോ ഗോപീ?’

കഴിഞ്ഞ ആഗസ്റ്റില്‍ നമ്മുടെ നാട്ടില്‍ നടന്ന ഒരു സംഭവം ഇതിനോട് ചേര്‍ത്തി വായിക്കുക. മലബാറിലെ പ്രമുഖ അസ്ഥിരോഗ വിദഗ്ദനായ ഡോക്ടറുടെ അമ്മ കൊട്ടാര സദൃശ്യമായ വീട്ടില്‍ മരിച്ചു. മൃതശരീരം ഒരു മാസത്തോളം പുഴുവരിച്ച് കിടന്നു. മാവേലിക്കര ചെട്ടിക്കുളങ്ങര അളകാപുരി സുമതി നായര്‍ക്കാണ് ഈ ദുരനുഭവമുണ്ടായത്. മകന്‍ വളാഞ്ചേരിയിലെ പ്രശ്‌സ്തമായ ആശുപത്രിയിലാണ് ജോലി ചെയ്യുന്നത്. മകള്‍ ഡോക്ടറായ ഭര്‍ത്താവിനോടൊന്നിച്ച് വിദേശത്താണ്. ഒരു മാസത്തോളമായതിനാല്‍ മൃതശരീരത്തില്‍ എല്ലു മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഉയര്‍ന്ന നിലവാരത്തിലുള്ള മക്കള്‍ ഫോണിലൂടെ പോലും ബന്ധപ്പെടാന്‍ ശ്രമിക്കാത്തതാണ് ഇങ്ങനെ സംഭവിക്കാന്‍ കാരണം. മകള്‍ നാട്ടില്‍ വരുമ്പോഴും അമ്മയോടൊപ്പം താമസിക്കാറില്ല. ഒരു അകന്ന ബന്ധു വിവാഹത്തിന് ക്ഷണിക്കാന്‍ വന്നപ്പോള്‍ വാതില്‍ തുറക്കാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സുമതി നായരുടെ അസ്ഥി കണ്ടെത്തിയത്.

മാതാപിതാക്കള്‍ ഇത്രയേറെ അവഗണിക്കപ്പെട്ട ഏതെങ്കിലും ചരിത്രഘട്ടം ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. ഇവിടെയാണ് ഇടപെടല്‍ ഏറെ പ്രധാനവും പ്രസക്തവുമാകുന്നത്.
‘നിന്റെ നാഥന്‍ വിധിച്ചിരിക്കുന്നു: നിങ്ങള്‍ അവന്നു മാത്രമല്ലാതെ മറ്റാര്‍ക്കും ഇബാദത്ത് ചെയ്യരുത്. മാതാപിതാക്കളോട് നല്ലനിലയില്‍ വര്‍ത്തിക്കേണം. നിങ്ങളുടെ അടുക്കല്‍ അവരില്‍ ഒരാളോ, രണ്ടുപേരുമോ വാര്‍ധക്യം പ്രാപിക്കുന്നുവെങ്കില്‍, അപ്പോള്‍ അവരോട് ‘ഛെ’ എന്നുപോലും പറയരുത്. പരുഷമായി സംസാരിക്കയുമരുത്. മറിച്ച്, ആദരവോടെ സംസാരിക്കുക. അവരുടെ മുമ്പില്‍ കനിവോടും കാരുണ്യത്തോടും കൂടി വിനീതരായി പെരുമാറുക. ഇപ്രകാരം പ്രാര്‍ഥിക്കുകയും ചെയ്യുക: ഭനാഥാ, എന്റെ കുട്ടിക്കാലത്ത് അവര്‍ എന്നെ എവ്വിധം സ്‌നേഹവാത്സല്യങ്ങളോടെ പരിപാലിച്ചുവോ, അവ്വിധം നീ അവര്‍ക്ക് കാരുണ്യം അരുളേണമേ!’ (ഖുര്‍ആന്‍ : 17 : 23-24)

Related Articles