Current Date

Search
Close this search box.
Search
Close this search box.

കാലത്തോട് ഒരു മൂകസല്ലാപം

time.jpg

ആയുസ്സില്‍ കൊഴിഞ്ഞുപോയ സമയത്തെ കുറിച്ചോര്‍ത്ത് ദുഃഖിതനായി ഞാന്‍ അല്ലാഹുവിന്റെ മുമ്പില്‍ നിന്നു. കഴിഞ്ഞുപോയ ഒരു നിമിഷമെങ്കിലും തിരികെ ലഭിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുകൊണ്ട്. ആ നിമിഷത്തോടായി ഞാന്‍ സംസാരിച്ചു തുടങ്ങി.
ഞാന്‍ അതിനോട് പറഞ്ഞു: നീ എന്റെ ജീവിതത്തിലേക്ക് തിരിച്ചു വന്നിരുന്നെങ്കില്‍ എന്ന് ഞാന്‍ കൊതിച്ചുപോവുകയാണ്.
കാലം: കാലം ഒരിക്കലും പിറകോട്ട് സഞ്ചരിക്കാറില്ല.
ഞാന്‍: അല്ലയോ കാലമേ, നീ എന്റെ ജീവിതത്തിലേക്ക് തിരിച്ചു വന്നിരുന്നെങ്കില്‍ നിന്നെ വളരെ നന്നായി ഞാന്‍ ഉപയോഗപ്പെടുത്തിയേനെ.
കാലം: നിന്റെ പ്രവര്‍ത്തനങ്ങളുടെ താളുകള്‍ മറിഞ്ഞുപോയിരിക്കെ ഞാന്‍ എങ്ങനെ തിരിച്ചുവരും?
ഞാന്‍: അസംഭവ്യമായത് തന്നെ നീ ചെയ്യാന്‍ ശ്രമിക്ക്. നിനക്ക് ശേഷം എത്രയെത്ര നിമിഷങ്ങളാണ് ഞാന്‍ നഷ്ടപ്പെടുത്തി കളഞ്ഞത്.
കാലം: കാര്യങ്ങള്‍ തീരുമാനിക്കാനുള്ള അവകാശം എനിക്കായിരുന്നെങ്കില്‍ ഞാന്‍ തിരികെ വരുമായിരുന്നു. എന്നാല്‍ എനിക്ക് സ്വന്തത്തിന് മേല്‍ യാതൊരു അവകാശവുമില്ല. നിന്റെ പ്രവര്‍ത്തനങ്ങളുടെ താളുകള്‍ മറിഞ്ഞുപോയിരിക്കുന്നു. അത് അല്ലാഹുവിലേക്ക് ഉയര്‍ത്തപ്പെട്ടിരിക്കുന്നു.
ഞാന്‍: നീ എന്നോട് സംസാരിക്കുന്നുണ്ടല്ലോ, അപ്പോള്‍ നിന്റെ മടങ്ങിവരവ് അസാധ്യമാണോ?
കാലം: മനുഷ്യജീവിത്തിലെ സമയങ്ങള്‍ രണ്ടു തരത്തിലാണ്. ഒന്ന് അവന് വേണ്ടി അനുകൂലമായി സാക്ഷി പറയുമ്പോള്‍ മറ്റേത് അവന് എതിരെ സാക്ഷി പറയും. പരലോകത്ത് ഞാന്‍ നിനക്ക് എതിരെയാണ് സാക്ഷി പറയുക.
ഞാന്‍: എന്റെ നാശമേ, ആ നിമിഷങ്ങള്‍ എന്റെ ജീവിതത്തില്‍ കഴിഞ്ഞുപോയില്ലായിരുന്നുവെങ്കില്‍. നീ മടങ്ങിവരും എന്ന് തന്നെ ഞാന്‍ പ്രതീക്ഷിക്കുകയാണ്. ആ നിമിഷങ്ങള്‍ എനിക്ക് തിരിച്ചുകിട്ടിയാല്‍ ഞാന്‍ അവയില്‍ ശിഷ്ടകാലം നന്മയില്‍ ജീവിക്കുമായിരുന്നു.
സമയം കഴിഞ്ഞു.
ഞാന്‍: അല്ലയോ കാലമേ, ഞാന്‍ പറയുന്നത് നീ കേള്‍ക്കുന്നില്ലേ, ദയവായി മറുപടി തരൂ. ഞാന്‍ നിന്നെയും കാത്ത് നില്‍ക്കുകയാണ്.
കാലം: അല്ലയോ അലസനായ മനുഷ്യാ, സമയത്തെ പാഴാക്കിയ ധൂര്‍ത്താ, നഷ്ടപ്പെട്ട നിമിഷങ്ങളെ ഓര്‍ത്ത് അവശേഷിച്ച നിമിഷങ്ങളും നീ പാഴാക്കിയിരിക്കുന്നു, എന്നിട്ടും അവ തിരിച്ചു വരും എന്ന് നീ പ്രതീക്ഷിക്കുകയാണോ?
”സല്‍കര്‍മങ്ങള്‍ ദുഷ്‌കര്‍മങ്ങളെ ദുരീകരിക്കും” (ഹൂദ്: 114) എന്ന് മാത്രമാണ് അപ്പോള്‍ എനിക്ക് പറയാനുണ്ടായിരുന്നത്.

നീ പ്രവര്‍ത്തിക്കുകയും പരിശ്രമിക്കുകയും ചെയ്യുക, നീ എവിടെയായിരുന്നാലും അല്ലാഹുവിനെ സൂക്ഷിക്കുക, ജനങ്ങളോട് നല്ല നിലയില്‍ വര്‍ത്തിക്കുകയും ചെയ്യുക, നന്മകള്‍ തിന്മകളെ മായ്ക്കും.  

വിവ: അനസ് പടന്ന

Related Articles