Current Date

Search
Close this search box.
Search
Close this search box.

കാലഘട്ടം ഹാജിറയെ തേടുന്നു

marwa.jpg

ജലശൂന്യവും ഫലശൂന്യവുമായ മരുപ്രദേശമായിരുന്നു മക്ക. അതിനാല്‍ തന്നെ ജനശൂന്യവുമായിരുന്നു. ഇബ്രാഹീം നബി(അ) ദൈവ ഹിതത്താല്‍ തന്റെ പത്‌നിയെയും പിഞ്ചോമനയെയും ആ മരുഭൂവില്‍ ഉപേക്ഷിച്ച് പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്കായി തിരിക്കാനുദ്ദേശിച്ചു. ഉടന്‍ പത്‌നി വിളിച്ചു. അല്ലയോ ഇബ്രാഹീം, വീട്ടുകാരോ കൂട്ടുകാരോ ഇല്ലാത്ത ഈ മരുഭൂവില്‍ ഞങ്ങളെ തനിച്ചാക്കി എങ്ങോട്ടാണ് താങ്കള്‍ പോകുന്നത്? ഇബ്രാഹീം പ്രിയതമയുടെ വിളിക്കുത്തരം നല്‍കിയില്ല. കാരണം അല്ലാഹുവിന്റെ വാഗ്ദാനം നിറവേറ്റപ്പെടുക തന്നെ ചെയ്യും എന്ന് അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു. ദൈവകല്‍പനയാണെങ്കില്‍ അതില്‍ നിന്ന് തടയുക സാധ്യമല്ല എന്ന് അവള്‍ക്ക് നല്ല ബോധ്യമുണ്ടായിരുന്നു. അവള്‍ ചോദിച്ചു: അല്ലാഹുവിന്റെ കല്‍പനയാണോ ഇത്! പ്രിയതമന്‍ അതെ എന്നു പ്രതിവചിച്ചു യാത്രയായി.

ദൈവസഹായത്തിലെ ഉറച്ച വിശ്വസം
അല്ലാഹുവില്‍ അചഞ്ചലമായി വിശ്വസിച്ച ഹാജിറ അല്ലാഹുവിന്റെ വാഗ്ദാനം സത്യസന്ധമായി പുലരുമെന്ന് തിരിച്ചറിഞ്ഞു. ദൈവാനുസരണത്തില്‍ തന്റെ ഭര്‍ത്താവിന്ന് തുണയേകാന്‍ എങ്ങനെ തനിക്ക് സാധിക്കും എന്നതിനെകുറിച്ച് അവള്‍ ചിന്തിച്ചുകൊണ്ടേയിരുന്നു. വാക്കുകളിടറാതെയും മനസ്സ് ചഞ്ചലമാവാതെയും അവള്‍ പറഞ്ഞു. ദൈവം നമ്മെ വെറുതെ വിടുകയില്ല. ഇബ്രാഹീം ഇരുകരങ്ങളുമുയര്‍ത്തി അല്ലാഹുവിനോട് പ്രാര്‍ഥിച്ചു. ‘ഞങ്ങളുടെ നാഥാ! എന്റെ മക്കളില്‍ ചിലരെ, കൃഷിയില്ലാത്ത ഈ താഴ്‌വരയില്‍, നിന്റെ ആദരണീയ മന്ദിരത്തിനടുത്ത് ഞാന്‍ താമസിപ്പിച്ചിരിക്കുന്നു. ഞങ്ങളുടെ നാഥാ! അവര്‍ നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കാനാണത്. അതിനാല്‍ നീ ജനമനസ്സുകളില്‍ അവരോട് അടുപ്പമുണ്ടാക്കേണമേ. അവര്‍ക്ക് ആഹാരമായി കായ്കനികള്‍ നല്‍കേണമേ. അവര്‍ നന്ദി കാണിച്ചേക്കാം.’ഞങ്ങളുടെ നാഥാ! ഞങ്ങള്‍ മറച്ചുവെക്കുന്നതും തെളിയിച്ചുകാണിക്കുന്നതുമെല്ലാം നീയറിയുന്നു. അല്ലാഹുവില്‍നിന്ന് മറഞ്ഞിരിക്കുന്നതായി ഒന്നുമില്ല ഭൂമിയിലും ആകാശത്തും.’ (ഇബ്രാഹീം 3738).

കുടിവെള്ളവും മറ്റു പാഥേയവുമെല്ലാം തീര്‍ന്നു. പിഞ്ചുപൈതലിന്റെ പൈദാഹമകറ്റാന്‍ കുടിനീര് എവിടെയും കാണുന്നില്ല. ഉമ്മയുടെ മാറിടത്തില്‍ നിന്നും പാല് ചുരത്തുന്നുമില്ല, കുട്ടി ദാഹം ശമിക്കാതെ അട്ടഹസിക്കാന്‍ തുടങ്ങി. വാല്‍സല്യനിധിയായ ഒരുമ്മയുടെ വിങ്ങുന്ന ഹൃദയവുമായി മലമടക്കുകള്‍ക്കിടയിലൂടെ വെള്ളമന്വേഷിച്ച് അവള്‍ ഓടി. അവളെയും തന്റെ പിഞ്ചോമനയെയും രക്ഷിക്കാന്‍ ആരെങ്കിലുമുണ്ടോ എന്ന് അന്വേഷിച്ചു കൊണ്ട് സഫാ കുന്നിന്‍ മുകളിലേക്ക് ഹാജിറ ഓടിക്കയറി. വല്ല ഭക്ഷണ പാനീയങ്ങളും അവിടെയുണ്ടോ എന്നും അന്വേഷിച്ചു കൊണ്ടിരുന്നു. പക്ഷെ രക്ഷയില്ല. വേഗത്തില്‍ തന്നെ മലയിറങ്ങി മര്‍വയിലേക്ക് കുതിച്ചു.

ഏഴ് പ്രാവശ്യം ഇപ്രകാരം സഫാമര്‍വക്കിടയില്‍ അവള്‍ കയറിയിറങ്ങി. പരിക്ഷീണതയായി നിരാശയോടെ അവള്‍ തന്റെ കുഞ്ഞിന്റെയരികിലേക്ക് തിരിച്ചു. പ്രപഞ്ച നാഥന്‍ ജിബ്‌രീല്‍(അ)നെ കുഞ്ഞിന്റെയരികിലേക്ക് അയച്ചു. കുഞ്ഞിന്റെ പാദമുദ്രയേറ്റ സ്ഥലത്ത് തന്റെ ചിറക് കൊണ്ട് അടിക്കുകയും അവിടെ നിന്നും ഉറവ പൊട്ടിയൊഴുകുകയും ചെയ്തു. ഇതുകണ്ട ഉമ്മ അല്ലാഹുവെ സ്തുതിച്ച് വെള്ളത്തിനരികിലേക്ക് കുതിച്ചുചെന്നു. അവള്‍ വെള്ളമെടുത്തു തന്റെ കരളിന്റെ കഷ്ണമായ മകന്റെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി പകര്‍ന്ന് നല്‍കി. വെള്ളം നിയന്ത്രണവിധേയമല്ലാത്ത രീതിയില്‍ ഒഴുകിയപ്പോള്‍ അവള്‍ പറഞ്ഞു.. സം സം.. അടങ്ങൂ അടങ്ങൂ! അപ്രകാരം ആ അരുവിക്ക് സംസം എന്ന പേര് വന്നുചേര്‍ന്നു..

അവളായിരുന്നു ഇബ്രാഹീം നബിയുടെ പ്രിയ പത്‌നിയും ഇസ്മാഈല്‍ നബി(അ)യുടെ വാല്‍സല്യനിധിയായ മാതാവുമായ ഹാജിറ എന്ന മഹതി. ഇബ്രാഹീം നബി(അ) പ്രഥമ പത്‌നിയായ സാറയുമായി ഈജിപ്തിലേക്ക് ഹിജ്‌റ പോയപ്പോള്‍ മഹതിക്ക് ഈജിപ്തിലെ രാജാവ് സമ്മാനമായി നല്‍കിയതായിരുന്നു അവളെ. സാറക്ക് പ്രായാധിക്യമെത്തുകയും ഇനി സന്താനങ്ങളുണ്ടാവുകയില്ല എന്ന അവസ്ഥയെത്തിയപ്പോള്‍ സാറ തന്റെ ഭര്‍ത്താവിന് ഹാജിറയെ സമ്മാനിക്കുകയായിരുന്നു. ഇബ്രാഹീം നബി ഹാജിറയെ വിവാഹം കഴിച്ചു. അവള്‍ ഗര്‍ഭം ധരിക്കുകയും ഇസ്മാഈലിനെ പ്രസവിക്കുകയും ചെയ്തു. ഇത് പിന്നീട് യജമാനത്തിയായ സാറയുടെ രോഷത്തിനിടയാക്കി. തന്റെ സ്ഥാനത്ത് ഭര്‍ത്താവിന്റെ ഹൃദയത്തില്‍ ഹാജിറ കയറിക്കൂടി എന്ന ഒരു നഷ്ടബോധം അവളില്‍ ഉയിരെടുത്തു. ഹാജിറയെയും കൂട്ടി അവളില്‍ നിന്നകന്നു കഴിയാന്‍ അവള്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. അപ്രകാരമാണ് അല്ലാഹുവിന്റെ കല്‍പനപ്രകാരം ഇബ്രാഹീം നബി ഹാജിറയുമായി മക്കാമണല്‍ത്തട്ടില്‍ എത്തുന്നത്. അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താല്‍ അവളിലൂടെയും കുട്ടിയിലൂടെയും ലോകര്‍ക്ക് കണ്‍കുളിര്‍ക്കുന്ന അനുഭവങ്ങള്‍ അല്ലാഹു പ്രദാനം ചെയ്യുകയുണ്ടായി.

കാലം അതിന്റെ ചാക്രികതയില്‍ മുന്നോട്ടു ഗമിച്ചു. ഹാജിറക്കും ഇസ്മാഈലിനും അവരുടെ ഗോത്രമായ ജുര്‍ഹുമില്‍ സന്താനങ്ങളുണ്ടായി. അവിടെ തന്നെ കഴിച്ചുകൂട്ടാന്‍ അവര്‍ ഉദ്ദേശിച്ചു. സംസം ജലം അവരുടെ സ്ഥിരതാമസത്തിന് വഴിയൊരുക്കുകയും സൗകര്യപ്പെടുത്തുകയും ചെയ്തു. ആ കുട്ടി യുവാവായി വളര്‍ന്നു വലുതായി. അവരില്‍ നിന്നും അറബി ഭാഷ പഠിക്കുകയും ചെയ്തു.

അനുസരണവും ദൈവകല്‍പന നടപ്പാക്കലും
വാര്‍ധക്യത്തില്‍ കനിഞ്ഞരുളിയ സീമാന്ത പുത്രനായ ഇസ്മാഈല്‍(അ) വളര്‍ന്നപ്പോള്‍ അവനെ ബലിയറുക്കാനുള്ള ദൈവകല്‍പനയെത്തി. സഹനശീലയും ദൈവപ്രീതി മാത്രം കാംക്ഷിക്കുന്നവളുമായ ഹാജിറ തന്റെ കരളിന്റെ കഷ്ണമായ പുത്രനെ അറുക്കാനിരിക്കുന്ന ഭര്‍ത്താവിനെയാണ് അഭിമുഖീകരിക്കുന്നത്. പിശാച് ഉമ്മയുടെ വാല്‍സല്യത്തെ ചൂഷണം ചെയ്തുകൊണ്ട് പ്രലോഭനമുണ്ടാക്കാന്‍ ശ്രമിക്കുകയുണ്ടായി. ഇബ്രാഹീം മകനെയും കൊണ്ട് എങ്ങോട്ടാണ് പോകുന്നത് എന്ന് നിനക്കറിയാമോ എന്ന് ചോദിച്ചു. അവള്‍ അറിയില്ല എന്ന് പ്രതികരിച്ചപ്പോള്‍ അറുക്കാനാണെന്ന് പിശാച് മന്ത്രിച്ചു. അവള്‍ പറഞ്ഞു. എന്നെക്കാള്‍ അവനോട് കൃപയുള്ളവനാണ് ഇബ്രാഹീം. തന്റെ നാഥന്‍ അപ്രകാരം കല്‍പിച്ചു എന്നാണ് അവന്‍ വാദിക്കുന്നത് എന്ന് പിശാച് പറഞ്ഞപ്പോള്‍ അവള്‍ പ്രതികരിച്ചു. നാഥന്റെ കല്‍പനയാണെങ്കില്‍ അത് അനുസരിക്കുന്നതാണ് അത്യുത്തമം. സഹനശീലത്തോടെ ദൈവകല്‍പനക്ക് സന്നദ്ധയായ അവളുടെ ഇഛാശക്തിക്ക് മുമ്പില്‍ പിശാചിന്റെ കുതന്ത്രങ്ങള്‍ പരാജയപ്പെട്ടു. മിനുട്ടുകള്‍ക്കകം ശുഭവാര്‍ത്തയുമായി ഭര്‍ത്താവ് അവളുടെ അടുത്തേക്ക് തിരിച്ചുവരുന്നു. മകന് പകരമായി അല്ലാഹു ബലിയറുക്കാന്‍ നല്‍കിയ ആടുകളുമായിട്ടായിരുന്നു അദ്ദേഹം വന്നത്. അപ്രകാരം അല്ലാഹുവിന്റെ കടുത്ത പരീക്ഷണത്തില്‍ കുടുംബത്തിലെ എല്ലാ അംഗങ്ങളും പൂര്‍ണാര്‍ഥത്തില്‍ വിജയിക്കുകയുണ്ടായി. ‘അങ്ങനെ അവരിരുവരും കല്‍പനക്കു വഴങ്ങി. അദ്ദേഹമവനെ ചെരിച്ചു കിടത്തി. അപ്പോള്‍ നാം അദ്ദേഹത്തെ വിളിച്ചു: ‘ഇബ്‌റാഹീമേ, ‘സംശയമില്ല; നീ സ്വപ്നം സാക്ഷാല്‍ക്കരിച്ചിരിക്കുന്നു.’ അവ്വിധമാണ് നാം സച്ചരിതര്‍ക്ക് പ്രതിഫലം നല്‍കുന്നത്. ഉറപ്പായും ഇതൊരു വ്യക്തമായ പരീക്ഷണം തന്നെയായിരുന്നു. നാം അവനുപകരം ബലിയര്‍പ്പിക്കാനായി മഹത്തായ ഒരു മൃഗത്തെ നല്‍കി. പിന്മുറക്കാരില്‍ അദ്ദേഹത്തിന്റെ സല്‍ക്കീര്‍ത്തി നിലനിര്‍ത്തുകയും ചെയ്തു (അസ്സ്വാഫ്ഫാത്ത് 103108). തന്റെ മകനെ അല്ലാഹു രക്ഷപ്പെടുത്തിയതില്‍ ഹാജിറ മനം നിറഞ്ഞു സന്തോഷിക്കുകയും അല്ലാഹുവിന് നന്ദി പ്രകടിപ്പിക്കുകയും ചെയ്തു.

ഇതാണ് അനുസരണ ശീലയായ ഭാര്യയുടെ സുന്ദരമായ മാതൃകള്‍ പകര്‍ന്നു നല്‍കിയ, അദ്‌നാനികളുടേയും അറബികളുടേയും ഇസ്മാഈലിന്റെയും മാതാവായ ഹാജിറ. വാല്‍സല്യനിധിയായ ഉമ്മ, വിശ്വാസദാര്‍ഢ്യയായ മഹതി, ആത്മാര്‍ഥതയുടെ പ്രതീകം, ഭര്‍ത്താവിന്റെ അഭാവത്തില്‍ സന്താനത്തെ പരിപാലിക്കുകയും നിര്‍ഭയത്വം നല്‍കിയ ധീരവനിത എന്നീ നിലയിലെല്ലാം ചരിത്രത്തില്‍ തന്റെ ഇടം കണ്ടെത്തിയ മഹതിയായ ഹാജിറയെ കാലഘട്ടം തേടിക്കൊണ്ടിരിക്കുകയാണ്.

വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്‌

Related Articles