Current Date

Search
Close this search box.
Search
Close this search box.

കാരുണ്യം തുളുമ്പുന്ന മനസ്സാണ് പ്രബോധകന്റേത്

humble.jpg

ജീവിതത്തില്‍ നിരന്തരം അനവധി ആളുകളുമായി ഇടപഴകുന്നവരാണ് നാം. വിശ്വാസികളായവരും അല്ലാത്തവരും അക്കൂട്ടത്തിലുണ്ടാകും. ഇത്തരത്തില്‍ ജോലിസ്ഥലത്തും അങ്ങാടികളിലും യാത്രയിലുമെല്ലാം നാമുമായി ഇടപഴകുന്ന മുസ്‌ലിംകളല്ലാത്തവരോടുള്ള നമ്മുടെ വികാരമെന്താണ്? അവര്‍ക്ക് സന്‍മാര്‍ഗ ദര്‍ശനം ലഭിക്കാത്തത്ത് എപ്പോഴെങ്കിലും നമ്മുടെ അസ്വസ്ഥതയായി മാറിയിട്ടുണ്ടോ? എന്നെല്ലാം വിശ്വാസിയുടെ ആത്മവിചാരണയില്‍ വരേണ്ട കാര്യമാണ്. കാരണം, ആളുകള്‍ വിശ്വസിക്കാത്തതിന്റെ പേരില്‍ സ്വന്തം ജീവന്‍ വരെ അപകടത്തിലാകുന്ന തരത്തിലുള്ള ദുഖം നബി(സ)യെ ബാധിച്ചിരുന്നുവെന്നാണ് വിശുദ്ധ ഖുര്‍ആന്‍ വിവരിക്കുന്നത്. ‘ശരി, പ്രവാചകരേ, നീ ഈ ജനത്തിനു പിറകെ ദുഃഖംപൂണ്ടു സ്വയം നശിപ്പിച്ചേക്കാം അവര്‍ ഈ സന്ദേശത്തില്‍ വിശ്വസിക്കുന്നില്ലെങ്കില്‍.’ (18 : 6) മറ്റൊരിടത്ത് പറയുന്നു: ‘പ്രവാചകാ, ഈ ജനം വിശ്വാസികളാകാത്തതില്‍ മനംനൊന്ത് നീ സ്വയം ഹനിച്ചേക്കാം.’ (26 : 3)

മുഴുവന്‍ ലോകത്തിനും കാരുണ്യമായി നിയോഗിക്കപ്പെട്ട പ്രവാചക തിരുമേനിയുടെ കാരുണ്യത്തിന്റെ ഏറ്റവും മൂര്‍ത്തമായ രൂപമാണ് ഈ സൂക്തങ്ങള്‍ വിളിച്ചോതുന്നത്. തന്നെയും തന്നില്‍ വിശ്വസിച്ചവരെയും അതിക്രൂരമായി പീഢിപ്പിക്കുകയും പ്രയാസപ്പെടുത്തുകയും ചെയ്തവരോടുള്ള കാരുണ്യം. അല്ലാഹുവിന്റെ കോടതിയില്‍ അവരൊരിക്കലും ശിക്ഷിക്കപ്പെടരുതെന്ന അതിയായ ആഗ്രഹം. വളരെ മനോഹരമായ ഒരു ഉപമയിലൂടെ നബി(സ) തന്നെ അക്കാര്യം വിശദീകരിച്ചു തന്നിട്ടുണ്ട്. ‘ഞാനും നിങ്ങളുമായുള്ള സ്ഥിതി ഒരാള്‍ തീ കൊളുത്തിയ സ്ഥിതിയോടുപമിക്കാവുന്നതാണ്. തീ കത്തിച്ചത് വെളിച്ചത്തിന്നു വേണ്ടിയാണെങ്കിലും പാറ്റകളും പ്രാണികളും സ്വയം കരിഞ്ഞു ചാവാന്‍ അതില്‍ ചെന്നു വീഴുന്നു. അയാള്‍ അവയെ തീയില്‍നിന്ന് എങ്ങനെയും രക്ഷപ്പെടുത്താന്‍ ആവും വണ്ണം ശ്രമിച്ചുനോക്കുന്നു. പക്ഷേ, അവയുണ്ടോ സമ്മതിക്കുന്നു! ഇതാണ് എന്റെയും സ്ഥിതി. ഞാന്‍ നിങ്ങളുടെ തുണിത്തുമ്പ് പിടിച്ച് വലിച്ചുകൊണ്ടേയിരിക്കുന്നു. നിങ്ങളോ പിടിയില്‍നിന്ന് കുതറിച്ചാടുകയും.’ (ബുഖാരി) ഒരു പ്രബോധകന്റെ ഉള്ളിലുള്ള വികാരം ഇതായിരിക്കണമെന്നാണ് നബി(സ) പഠിപ്പിക്കുന്നത്.

ഒരു വിശ്വാസിയുടെ ജീവിതത്തില്‍ അവന്‍ മാതൃകയാക്കേണ്ടത് പ്രവാചകനെയാണ് ഖുര്‍ആന്‍ കല്‍പിക്കുന്ന കാര്യമാണ്. ‘തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ വിശിഷ്ടമായ മാതൃകയുണ്ടായിരുന്നു. അല്ലാഹുവിലും അന്ത്യദിനത്തിലും പ്രതീക്ഷ പുലര്‍ത്തുകയും അല്ലാഹുവിനെ ധാരാളമായി സ്മരിക്കുകയും ചെയ്യുന്നവര്‍ക്ക്.’ (33 : 21) എന്നാല്‍ പ്രബോധന പ്രവര്‍ത്തനങ്ങളുമായി ആളുകള്‍ക്കിടയിലേക്ക് ഇറങ്ങുമ്പോള്‍ നമ്മുടെ ഉള്ളിലുള്ള വികാരം കാരുണ്യമാണോ, അതല്ല മറ്റെന്തെങ്കിലും താല്‍പര്യങ്ങളാണോ എന്ന വിലയിരുത്തലിന് ഇന്ന് ഏറെ പ്രസക്തിയുണ്ട്. പ്രബോധിതനോടുള്ള സ്‌നേഹമായിരിക്കണം എപ്പോഴും പ്രബോധകന്റെ മനസ്സില്‍ നിറഞ്ഞ് നില്‍ക്കേണ്ടത്. അവന്റെ ദുഖങ്ങളും സന്തോഷങ്ങളും പ്രബോധകന്റെ കൂടി ദുഖങ്ങളും സന്തോഷങ്ങളുമായി മാറുമ്പോഴാണ് അവന്റെ മനസ്സിന്റെ കവാടം നമ്മുടെ മുന്നില്‍ തുറക്കപ്പെടുക.

Related Articles