Current Date

Search
Close this search box.
Search
Close this search box.

കാമ്പസുകളിലെ സ്ത്രീ-പുരുഷ ഇടപെടലുകള്‍

CAmpus.jpg

കാമ്പസ് പ്രവര്‍ത്തനങ്ങളിലെ സ്ത്രീ-പുരുഷ പങ്കാളിത്തമെന്നത് ഇസ്‌ലാമിക സംഘടനകളിലെ സജീവ ചര്‍ച്ചാവിഷയമാണ്. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ ഈ വിഷയത്തില്‍ ഇസ്‌ലാമിസ്റ്റുകളുടെ നിലപാടുകള്‍ രണ്ടറ്റങ്ങളിലാണ് നിലകൊള്ളുന്നത്. ഒരിക്കല്‍ ഞാന്‍ സ്റ്റാര്‍ബക്‌സിലെ വിദ്യാര്‍ത്ഥികളുടെ ഒരു യോഗത്തിന് പോയി. അവിടെ കുറച്ചുകാലം നല്ല നിലയില്‍ മീറ്റിങ്ങുകള്‍ നടക്കാറുണ്ടായിരുന്നു. നല്ല ക്ലാസ്സുകളും. വിദ്യാര്‍ത്ഥിനികളായ മുസ്‌ലിം സഹോദരികളും അവിടെ യോഗത്തില്‍ പങ്കെടുക്കാന്‍ തുടങ്ങി. അങ്ങിനെ ഒരു യോഗത്തില്‍ ഒരു സഹോദരന്‍ നിന്ന് വിദ്യാര്‍ത്ഥിനികളോട് കോപിച്ചു. അദ്ദേഹം പറഞ്ഞു: ‘നിങ്ങളെന്തിനാണ് ഇവിടെക്ക് വന്നിരിക്കുന്നത്? പുരുഷന്മാരുടെ ഇടയില്‍ വന്നിരിക്കാന്‍ നിങ്ങള്‍ക്ക് അനുമതിയില്ല.’ ഈ സംഭവത്തോടെ അവിടെ നടന്നു വന്നിരുന്ന ക്ലാസ്സും മീറ്റിങ്ങുമെല്ലാം നിന്നുപോയി.

വേറൊരു സംഭവത്തില്‍ പ്രശ്‌നം ചില സഹോദരീ സഹോദരനമാര്‍ ഇസ്‌ലാമിന്റെ അനിവാര്യമായ പരിധികള്‍ പോലും പാലിക്കാതെ എല്ലാ തരത്തിലുള്ള സ്ത്രീ-പുരുഷ കൂടിക്കലരലുകളേയും പ്രോത്സാഹിപ്പിക്കുന്നുവെന്നതാണ്. ആധുനിക ലോകത്ത് ഇതേ പ്രാവര്‍ത്തികമാകൂ എന്നാണ് അവരുടെ വാദം. എല്ലാ സദസ്സുകളിലും അവര്‍ ഇടകലര്‍ന്ന് പരിപാടികളില്‍ പങ്കെടുക്കുന്നു. ഇതാണ് ആധുനിക ഇസ്‌ലാമെന്നവര്‍ വാദിക്കുകയും ചെയ്യുന്നു. ചുരുക്കത്തില്‍ ഇരു വിഭാഗവും എതിര്‍ വിഭാഗത്തെ പരിഗണിക്കാനോ ബഹുമാനിക്കാനോ സന്നദ്ധരല്ല. ഈയൊരു പ്രശ്‌നത്തില്‍ വേദഗ്രന്ഥത്തിന്റെയും തിരുചര്യയുടെയും വെളിച്ചത്തില്‍ വിശകലനം അത്യാവശ്യമാണ്.

ഇസ്‌ലാമിക പ്രവര്‍ത്തനം എന്ന ഉത്തരവാദിത്തം
ഇസ്‌ലാമിക പ്രവര്‍ത്തനം എന്നത് സത്യവിശ്വാസികളുടെ മുഴുവന്‍ കടമയാണ്. സ്ത്രീക്കും പുരുഷനും ഒരുപോലെ ഈ ഉത്തരവാദിത്തമുണ്ട്. അതില്‍ ഒരു വിവേചനവും അല്ലാഹു കല്‍പിച്ചിട്ടില്ല. അല്ലാഹു പറയുന്നു: ‘സത്യവിശ്വാസികളായ സ്ത്രീ പുരുഷന്മാര്‍ പരസ്പരം സഹായികളാണ്. അവര്‍ നന്മ കല്‍പിക്കുന്നു. തിന്മ തടയുന്നു. നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുന്നു. സകാത്ത് നല്‍കുന്നു. അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുന്നു. സംശയമില്ല; അല്ലാഹു അവരോട് കരുണ കാണിക്കും. അല്ലാഹു പ്രതാപിയും യുക്തിമാനും തന്നെ; തീര്‍ച്ച.’ (9: 71)

ഈ ആയത്തിനെ വിശദീകരിച്ച്് പ്രമുഖ ഖുര്‍ആന്‍ വ്യാഖ്യാതാവ് ത്വബ്‌രി(റ) പറയുന്നു: ‘അവര്‍ അല്ലാഹുവിലും അവന്റെ പ്രവാചകനിലും പ്രവാചകന്‍ വഴി അയക്കപ്പെട്ട സകല കാര്യങ്ങളിലും വിശ്വസിക്കാന്‍ ക്ഷണിക്കുന്നവരാണ്.’ ഇസ്‌ലാമിക പ്രബോധനമാണ് ഈ ആയത്തില്‍ ഉദ്ദേശിച്ചതെന്നതുകൊണ്ട് ഇവ ആണിന്റെയും പെണ്ണിന്റെയും കൂട്ടുത്തരവാദിത്വമാണെന്നാണ് പണ്ഡിതന്മാര്‍ പറയുന്നത്.

പങ്കാളിത്ത പ്രവര്‍ത്തനങ്ങളുടെ സാധ്യതകള്‍
സൂറത്തുല്‍ ഖസ്വസില്‍ മൂസാ(അ)യുടെ കഥപറയുന്നിടത്ത് സ്ത്രീ-പുരുഷന്മാരുടെ പങ്കാളിത്വ പ്രവര്‍ത്തനത്തിന് സുന്ദരമായൊരു ഉദാഹരണം കാണാം. ഖുര്‍ആന്‍ വിവരിക്കുന്നത് കാണുക: ‘അങ്ങനെ മൂസ പേടിയോടും കരുതലോടും കൂടി അവിടെനിന്ന് പുറപ്പെട്ടു. അദ്ദേഹം ഇങ്ങനെ പ്രാര്‍ഥിച്ചു: ‘എന്റെ നാഥാ, അക്രമികളായ ഈ ജനതയില്‍ നിന്ന് നീയെന്നെ രക്ഷപ്പെടുത്തേണമേ. മദിയനിന്റെ നേരെ യാത്ര തിരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘എന്റെ നാഥന്‍ എന്നെ ശരിയായ വഴിയിലൂടെ നയിച്ചേക്കാം.’മദിയനിലെ ജലാശയത്തിനടുത്തെത്തിയപ്പോള്‍ അവിടെ ഒരു കൂട്ടം ആളുകള്‍ തങ്ങളുടെ ആടുകളെ വെള്ളം കുടിപ്പിക്കുന്നതുകണ്ടു. അവരില്‍ നിന്ന് വിട്ടുമാറി രണ്ടു സ്ത്രീകള്‍ ആടുകളെ തടഞ്ഞുനിര്‍ത്തുന്നതായും. അതിനാല്‍ അദ്ദേഹം ചോദിച്ചു: ‘നിങ്ങളുടെ പ്രശ്‌നമെന്താണ്?’ അവരിരുവരും പറഞ്ഞു: ‘ആ ഇടയന്മാര്‍ അവരുടെ ആടുകളെ തിരിച്ചുകൊണ്ടുപോകുംവരെ ഞങ്ങള്‍ക്ക് വെള്ളം കുടിപ്പിക്കാനാവില്ല. ഞങ്ങളുടെ പിതാവാണെങ്കില്‍ അവശനായ ഒരു വൃദ്ധനാണ്.’അപ്പോള്‍ അദ്ദേഹം അവര്‍ക്കുവേണ്ടി ആടുകളെ വെള്ളം കുടിപ്പിച്ചു. പിന്നീട് ഒരു തണലില്‍ ചെന്നിരുന്ന് ഇങ്ങനെ പ്രാര്‍ഥിച്ചു: ‘എന്റെ നാഥാ, നീയെനിക്കിറക്കിത്തന്ന ഏതൊരുനന്മയ്ക്കും ഏറെ ആവശ്യമുള്ളവനാണ് ഞാന്‍. (28: 22-28)

ഈ ആയത്തുകളെ വിലയിരുത്തി ഒരു വിശകലനത്തിന് നാം ശ്രമിക്കുയാണെങ്കില്‍ സ്ത്രീ പുരുഷ സംയുക്തപ്രവര്‍ത്തനത്തിന്റെ ധാരാളം നേട്ടങ്ങളെ കുറിച്ചും, അവിടെ സൂക്ഷിക്കേണ്ട കാര്യങ്ങളെ കുറിച്ചും മര്യാദകളെ കുറിച്ചും നമുക്ക് വലിയ പാഠങ്ങള്‍ ലഭിക്കും. അവയില്‍ ചിലതാണ് താഴെ:

1) പ്രാര്‍ത്ഥനയുടെ പ്രാധാന്യം: എല്ലാ പ്രവര്‍ത്തനങ്ങളുടെയും അടിസ്ഥാനവും ആരംഭവും ആകേണ്ടത് പ്രാര്‍ത്ഥനയാണ്. പ്രവാചകന്‍ മൂസാ(അ) ഇവിടെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതും പൂര്‍ത്തീകരിച്ചതും പ്രാര്‍ത്ഥനകൊണ്ടായിരുന്നു. നമ്മുടെ പ്രവര്‍ത്തനങ്ങളില്‍ നല്ലതുമാത്രം വരുത്താന്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കണം. അതുകൊണ്ടാണ് പ്രവാചകന്‍ പറഞ്ഞത്: ‘അല്ലാഹുവോടുള്ള പ്രാര്‍ത്ഥനയാണ് അവന് ഏറ്റവും പ്രിയപ്പെട്ടത്.’

2) പ്രവാചകന്റെ കാരുണ്യവും ദയയും: നിസ്സഹായരായി തങ്ങളുടെ ആടുകള്‍ക്ക് വെള്ളം ലഭിക്കാന്‍ ആളുകളൊഴിയുന്നത് കാത്തിരുന്ന പെണ്‍കുട്ടികളെ സഹായിക്കാന്‍ മൂസാ(അ)ന് തോന്നിയത് അദ്ദേഹത്തിന്റെ ഉള്ളിലെ ദയയും കാരുണ്യവും കൊണ്ടായിരുന്നു. ഇത് എക്കാലത്തെയും ഇസ്‌ലാമിക പ്രവര്‍ത്തകര്‍ക്കുള്ള മാതൃകയാണ്. സ്ത്രീകള്‍ക്ക് ചില പരിധികളും പരിമിതികളും പ്രകൃതിയും സമൂഹവും കല്‍പിച്ചിട്ടുണ്ട്. അവക്കപ്പുറത്തുള്ള കാര്യങ്ങള്‍ക്ക് അവരെ സഹായിക്കല്‍ ഇസ്‌ലാമിക പ്രവര്‍ത്തകരുടെ കടമയാണ്. പ്രശസ്ത അറബി കവി അഹ്മദ് ശൗക്കി പറയുന്നു: ‘നീ ദയകാണിക്കുകയാണെങ്കില്‍ മാതാ-പിതാക്കളെ പോലെയാകും, അവരാണല്ലോ ലോകത്ത് ഏറ്റവും ദയകാണിക്കുന്നവര്‍.’

3) രക്ഷിതാക്കളെ അനുസരിക്കുന്നതിന്റെയും സേവിക്കുന്നതിന്റെയും പ്രാധാന്യം: ശുഐബ്(അ)യുടെ പെണ്‍മക്കള്‍ മര്യാദയും മാന്യതയും പുലര്‍ത്തികൊണ്ടാണ് അദ്ദേഹത്തിന്റെ അസാന്നിദ്ധ്യത്തിലും കാര്യങ്ങള്‍ ചെയ്തത്. തങ്ങളുടെ പിതാവ് പഠിപ്പിച്ച ധാര്‍മികതയും സല്‍സ്വഭാവവും അദ്ദേഹത്തിന്റെ കാഴ്ചക്ക് അപ്പുറത്തും നിലനിര്‍ത്തുകയാണ് അവര്‍ ചെയ്തത്. ഇതുതന്നെയായിരിക്കണം കാമ്പസ് പ്രവര്‍ത്തനങ്ങളിലെ നമ്മുടെ നിലപാട്. വീട്ടില്‍ നിന്നും കുടുംബത്തില്‍ നിന്നും പഠിപ്പിക്കപ്പെട്ട മര്യാദയും മാന്യതയും ഉപേക്ഷിച്ച് അവയില്‍ നിന്ന് രക്ഷനേടാനുള്ള ഒരു പഴുതായി കാമ്പസിനെ ഉപയോഗപ്പെടുത്തരുത്. ഇന്നത്തെ കാമ്പസുകളില്‍ ഈ പതിവ് വളരെ കൂടുതലാണ്. പെണ്‍കുട്ടികള്‍ വീട്ടില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് അവര്‍ അതുവരെ ശീലിച്ച ചട്ടങ്ങളും പരിധികളും തകര്‍ത്തെറിയാനുള്ള ഒരു മറയായിട്ടാണ് കാണുന്നത്. നല്ല ദൈവഭയവും ഭക്തിയുമുള്ള യുവതികള്‍ ചെയ്യേണ്ടത് കുടുംബത്തിന്റെ അന്തസ്സും മാന്യതയും രക്ഷിതാക്കളുടെ അഭാവത്തിലും സംരക്ഷിക്കുകയാണ്. ഇസ്‌ലാമിക പ്രവര്‍ത്തകരുടെ നിലപാട് ഇപ്രകാരമാകണം. കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ത്ഥികളും വിദ്യാര്‍ത്ഥിനികളും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

4) ശുഐബ്(അ)യുടെ രണ്ട് മക്കളും മൂസാ(അ)ക്ക് വിവാഹം കഴിക്കാന്‍ പ്രായമായവരായിരുന്നു. മുതിര്‍ന്ന സ്ത്രീകളാണ് എന്നതുകൊണ്ട് തന്നെ അവര്‍ അന്യപുരുഷനായ മൂസായോട് വളരെ മാന്യമായാണ് പെരുമാറിയത്. നടത്തത്തില്‍ പോലും അവര്‍ മാന്യതപാലിച്ചിരുന്നു. ലജ്ജയോടെ നടന്നു എന്നാണ് ഖുര്‍ആന്‍ അതിനെ വിശേഷിപ്പിച്ചത്.  

5) സ്ത്രീ-പുരുഷന്മാര്‍ സംയുക്തമായി പ്രവര്‍ത്തനങ്ങള്‍ നടത്തുകയെന്നത് ഒരു വിധിയല്ല. അനിവാര്യ സന്ദര്‍ഭത്തിലുണ്ടാകുന്ന വിധിയിലെ ഇളവ് മാത്രമാണ്. മൂസാ(അ) ശുഐബ്(അ)യുടെ പെണ്‍മക്കളോട് എന്താണ് പ്രശ്‌നം എന്ന് ചോദിക്കുന്നുണ്ട്. അപ്പോള്‍ അവര്‍ അവരുടെ നിസ്സഹായാവസ്ഥയും അനിവാര്യതയും ബോധ്യപ്പെടുത്തുകയാണ് ചെയ്തത്. ‘ഞങ്ങളുടെ പിതാവ് വൃദ്ധനാണ്.’ അതുകൊണ്ടാണ് ഞങ്ങള്‍ ആടിന് വെള്ളം നല്‍കാന്‍ വന്നത്. ഇന്ന് കാമ്പസുകളില്‍ പലപ്പോഴും സ്ത്രീ-പുരുഷ പങ്കാളിത്തമില്ലാതെ പ്രവര്‍ത്തനങ്ങള്‍ സാധ്യമാകാത്ത അവസ്ഥയാണ് ഉള്ളത്. അതുകൊണ്ട് തന്നെ അവിടെ സംയുക്ത പ്രവര്‍ത്തനം അനിവാര്യതയാണ്. ഇതിന് വിപരീതമായ അവസ്ഥയുള്ള കാമ്പസുകളില്‍ സ്ത്രീ-പുരുഷ സംയുക്ത പ്രവര്‍ത്തനം അനിവാര്യമാണെന്ന് വാശിപിടിക്കാവതല്ല. അനിവാര്യമായ ഘട്ടത്തില്‍ നിഷിദ്ധത്തിന്റെ വാദവും പാടില്ല.

സംയുക്ത പ്രവര്‍ത്തനത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1) കണ്ണും, നാവും, കൈ-കാലുകളും തെറ്റിലേക്ക് ചലിക്കുന്നതിന് മുമ്പ് മനസ്സാണ് മനുഷ്യനെ വഴിതെറ്റിക്കുന്നത്. അതുകൊണ്ട് തന്നെ സ്ത്രീയും പുരുഷനും സംയുക്തമായി എന്ത് സംരംഭം ആരംഭിക്കുന്നുണ്ടെങ്കിലും അത് സംഘടിപ്പിക്കാന്‍ പ്രേരിപ്പിക്കന്നതെന്തെന്ന് വിലയിരുത്തണം. ഓരോരുത്തരും സ്വന്തം മനസ്സിനോട് പരിപാടിയുടെ ഉദ്ദേശത്തെ കുറിച്ച് ചോദിക്കണം. അല്ലാഹുവിനെ മുന്‍നിര്‍ത്തി മാത്രമാണ് ഈ പ്രവര്‍ത്തിയെന്ന് ഉത്തമ വിശ്വാസമുണ്ടെങ്കില്‍ മാത്രം ആ പരിപാടിയുമായി മുന്നോട്ട് പോവുക. ഉദ്ദേശത്തില്‍ എന്തെങ്കിലും കളങ്കം സംഭവിച്ചതായി സംശയം തോന്നുകയാണെങ്കില്‍ അത് ഉടനെ ഉപേക്ഷിക്കണം. എല്ലാ കാര്യങ്ങളും നല്ലതും ചീത്തയുമാകുന്നത് മനസ്സിന്റെ ഉദ്ദേശമനുസരിച്ചാണ്. അതുകൊണ്ടാണ് പ്രവാചകന്‍ ഇങ്ങനെ പ്രാര്‍ത്ഥിക്കാന്‍ കല്‍പിച്ചത്: ‘മനസ്സുകളെ മാറ്റിമറിക്കുന്ന അല്ലാഹുവേ! നിന്റെ ദീനില്‍ എന്റെ മനസ്സിനെ ഉറപ്പിച്ച് നിര്‍ത്തേണമേ!’

2) ഒരാളുടെ മനസ്സ് ശുദ്ധമാവുകയും ദുഷ്‌പ്രേരണകള്‍ അടിച്ചമര്‍ത്തപ്പെടുകയും ചെയ്താല്‍ അവന്റെ മറ്റ് അവയവങ്ങള്‍ ഹൃദയത്തെ പിന്തുടരും. പന്നീട് ചിലകാര്യങ്ങള്‍ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. അവ താഴെ:
 
– ദൃഷ്ടി താഴ്ത്തുക. കാരണം കാഴ്ച എന്നത് ഹൃദയത്തില്‍ ദുഷ്ചിന്തകളുണ്ടാക്കാനുള്ള പ്രധാന വഴിയാണ്.

– ആനാവശ്യമായ സംസാരവും ആഗ്യങ്ങളും ഒഴിവാക്കുക. അന്യ സ്ത്രീ-പുരുഷന്മാര്‍ക്കിടയില്‍ ആവശ്യമില്ലാത്ത തമാശകളും ചിരികളും നല്ലതല്ല. അവ തെറ്റിലേക്ക് നയിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ടാണ് മൂസ(അ)യെ വിളിക്കാന്‍ വന്ന ശുഐബ്(അ)യുടെ മകള്‍ ‘ലജ്ജയോടെ നടന്നു’ എന്ന് പ്രത്യേകം അല്ലാഹു എടുത്തു പറഞ്ഞത്. അത്യാവശ്യമായത് മാത്രമാണ് ആ പെണ്‍കുട്ടി മൂസ(അ)യോട് പറഞ്ഞത്. സംസാരം വേണ്ടി വന്നാല്‍ തന്നെ ലജ്ജയും മാന്യതയും നിലനിര്‍ത്തിക്കൊണ്ടാകണം അതെന്നാണ് ഈ കഥ സൂചിപ്പിക്കുന്നത്.

– അന്യസ്ത്രീ-പുരുഷ്ന്മാര്‍ തനിച്ചാകുന്നത് ഒഴിവാക്കണം. മൂന്നാമനായി ഇബ്‌ലീസ് ഉണ്ടാകുമെന്നാണല്ലോ പ്രവാചകന്‍ പഠിപ്പിച്ചത്. യോഗങ്ങളിലും കൂടിയാലോചനകളിലും സ്ത്രീയും പുരുഷനും ഒറ്റക്കാവുന്നതിനെ പ്രത്യേകം ശ്രദ്ധിക്കണം. അത്തരത്തിലുള്ള പരിപാടികള്‍ സംഘടിപ്പിക്കരുത്.
 
– ഇസ്‌ലാമിക വസ്ത്രമര്യാദകളും ചട്ടങ്ങളും പാലിക്കണം. സഹപ്രവര്‍ത്തകനാണെങ്കിലും അന്യപുരുഷനാണെന്ന നിലയില്‍ ഇസ്‌ലാം കല്‍പ്പിക്കുന്ന ഔറത്തുകള്‍ മറക്കേണ്ടതുണ്ട്.
 
– ഇസ്‌ലാമിക പ്രവര്‍ത്തകന്‍ സ്വയം വിചാരണ ചെയ്തുകൊണ്ടിരിക്കേണ്ടതുണ്ട്. തന്റെ ഉദ്ദേശത്തെയും ലക്ഷ്യങ്ങളെയും വിലയിരുത്തുകയും വേണം. സംശയങ്ങളുണ്ടെങ്കില്‍ അറിവുള്ളവരോട് ചോദിച്ച് തെറ്റുകളില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കണം. സംശയമുള്ള കാര്യങ്ങളെ പ്രത്യേകം ശ്രദ്ധിക്കണം. അവ മനുഷ്യനെ നിഷിദ്ധത്തില്‍ വീഴ്ത്തുമെന്നാണ് പ്രവാചകന്‍ പറഞ്ഞിരിക്കുന്നത്.

വിവ: ജുമൈല്‍ കൊടിഞ്ഞി

Related Articles