Current Date

Search
Close this search box.
Search
Close this search box.

കഴിവുകളും ദൗര്‍ബല്യങ്ങളും തിരിച്ചറിയേണ്ട മനുഷ്യന്‍

pencil.jpg

മനുഷ്യസമുദായത്തിലെ രണ്ടാം തലമുറയാണ് ചരിത്രത്തിലെ ആദ്യകൊലപാതകത്തിന് സാക്ഷിയായത്. ദൈവത്തിന്റെയടുക്കല്‍ തന്റെ ബലി മാത്രം സ്വീകരിക്കാതെ പോയതിന്റെ അഹങ്കാരത്തിലാണ് ഖാബീല്‍ ഹാബീലിനെ വധിക്കുന്നത്. ശേഷം തന്റെ സഹോദരന്റെ മൃതശരീരം എന്തുചെയ്യണമെന്നറിയാതെ പരിഭ്രമിച്ചിരിക്കുന്ന ഖാബീലിന്റെയടുക്കല്‍ ദൈവം ഒരു കാക്കയെ അയക്കുന്നു. തന്റെ കൈയിലുള്ള ചത്ത കാക്കയെ മണ്ണില്‍ കുഴിച്ചുമൂടുന്ന മറ്റൊരു കാക്ക. ഇത് കണ്ട ഖാബീല്‍ തന്റെ ബുദ്ധിശൂന്യതയും വിവരദൗര്‍ബല്യവും തിരിച്ചറിയുന്നു. അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങുന്നു.
    
സ്വന്തത്തെ തിരിച്ചറിയുന്നതിലൂടെയാണ് ഒരുവന്‍ ദൈവത്തെ അറിയുന്നത്. തന്റെ കഴിവും കഴിവുകേടുകളും സംബന്ധിച്ച കൃത്യബോധ്യമുള്ളവരാണ് ചരിത്രത്തില്‍ വിജയിച്ചവരെല്ലാം. മൂസാ(അ) തന്റെ സംസാരത്തിന്റെ ദൗര്‍ബല്യങ്ങള്‍ മനസിലാക്കി ദൈവത്തോട് സഹായമര്‍ഥിക്കുന്ന സന്ദര്‍ഭം ഖുര്‍ആന്‍ വിശദീകരിക്കുന്നു. ശുഷ്‌കമായ പടയുമായി ബദ്‌റില്‍ ഖുറൈശികളോട് പൊരുതാന്‍ പോകുന്ന മുഹമ്മദ് നബി(സ) അല്ലാഹുവിനോട് സഹായം തേടുന്നു.
    
സ്വന്തത്തെ മനസിലാക്കാനുള്ള പരിശ്രമത്തിലൂടെയാണ് ഒരുവന്‍ സത്യാന്വേഷിയും ശേഷം സത്യവിശ്വാസിയുമായിത്തീരുന്നത്. ഖാബീല്‍ ഹാബീലിനെ വധിച്ചത് വികാരം മൂലമാണ്; എന്നാല്‍, അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങിയത് വിചാരം മൂലവും. മനുഷ്യനായ താന്‍ എത്ര ദുര്‍ബലനാണ് എന്ന തിരിച്ചറിവിലൂടെ. സ്വന്തത്തെക്കുറിച്ച അന്വേഷണവും പരിശോധനയും മനുഷ്യനെ സംബന്ധിച്ചിടത്തോളം ഏറെ പ്രയാസകരമാണ്. ആ വഴിയില്‍ മുന്നേറുക എളുപ്പവുമല്ല. റോഡിലുള്ളവന്‍ ട്രാഫിക് നിയമങ്ങള്‍ തെറ്റിക്കുന്നത് കണ്ടുപിടിക്കുന്ന നാമൊരിക്കലും നമ്മള്‍ പാലിക്കാത്ത നിയമങ്ങളെക്കുറിച്ച് ബോധവാന്മാരല്ല. അന്യന്റെ കുറ്റവും കുറവും പറഞ്ഞുനടക്കുന്നവര്‍ ദുര്‍ഗന്ധം വമിക്കുന്ന സ്വന്തത്തെ അറിയുന്നില്ല. സ്ത്രീയും പുരുഷനും എന്ന അസ്തിത്വങ്ങളെക്കുറിച്ച ചര്‍ച്ചകള്‍ കൂലങ്കശമായി നടത്തുന്നവര്‍ ‘സ്വന്ത’ത്തെക്കുറിച്ച ചോദ്യങ്ങളില്‍നിന്നും പിന്മാറുന്നു. അതിനെ ഭയക്കുന്നു.
    
തന്റെ കഴിവുകള്‍ മാത്രം പഠിപ്പിക്കുന്ന പരിപോഷിപ്പിക്കുന്ന ‘ ഐ കാന്‍-ഐ വില്‍ (I CAN- I WILL ) ‘ മോട്ടിവേഷന്‍ ക്ലാസുകളുടെ ഈ കാലത്ത് സ്വന്തം ദൗര്‍ബല്യങ്ങളും പഠിപ്പിക്കാന്‍ നാം തയ്യാറാവണം. എങ്കില്‍ മാത്രമേ ദൈവം എന്ന പരമസത്യത്തെ ദര്‍ശിക്കാന്‍ നമുക്ക് സാധ്യമാകൂ. സ്വന്തം കഴിവുകളുടെ അഹങ്കാരത്തില്‍ വിഹരിക്കുന്ന സമൂഹമല്ല നമുക്കാവശ്യം. മറിച്ച്, ദുര്‍ബലനാണ് എന്ന തിരിച്ചറിവില്‍ ദൈവത്തെ സ്മരിക്കുന്ന എളിമയുളള സമൂഹത്തെയാണ്.

Related Articles