Current Date

Search
Close this search box.
Search
Close this search box.

കളവുപറയുന്നവന് ഒരിക്കലും നല്ല സുഹൃത്താവാനാവില്ല

frnds.jpg

‘കളവു പറയുന്നവന് ഒരിക്കലും സത്യസന്ധനായ സുഹൃത്താകാന്‍ കഴിയില്ല. കാരണം അവന്റെ മനസ്സിലെ കള്ളത്തരത്തിന്റെ വകഭേദമാണ് നാവിലൂടെ പുറത്ത് വരുന്നത്. സുഹൃത്ത് എന്നര്‍ഥം വരുന്ന സ്വദീഖ് എന്ന പദം തന്നെ സിദ്ഖില്‍(സത്യസന്ധത) നിന്നുണ്ടായതാണ്.’ (അബ്ദുല്ലാഹ് ബിന്‍ മുഖഫ്ഫ)

ഇത് ഒരു യാഥാര്‍ഥ്യമാണ്. കാരണം കളവുപറയുന്നവന്‍ അവന്റെ സുഹൃദ്ബന്ധം, ഇടപാടുകള്‍ തുടങ്ങിയവയൊന്നും സത്യസന്ധമായിരിക്കില്ല. സത്യസന്ധനായ നേതാവോ ഭരണാധികാരിയോ തൊഴിലാളിയോ ഉദ്യോഗസ്ഥനോ പണ്ഡിതനോ ആകാന്‍ കളവ് പറയുന്നവന് സാധിക്കുകയില്ല. അതിനാല്‍ തന്നെ സാമൂഹ്യശാസ്ത്രകാരന്മാരും മനശ്ശാത്രഞ്ജരും ധാര്‍മിക പടുക്കളുമെല്ലാം സത്യസന്ധത കൈക്കൊളളുന്നത് ഉല്‍കൃഷ്ടഗുണഗണമായി അവതരിപ്പിക്കുന്നത്. കള്ളം പറയുന്നതിനെ നികൃഷ്ടമായ അധമവികാരമായാണ് പരിചയപ്പെടുത്തുന്നതും അതിനെ കുറിച്ച് ജാഗ്രതപുലര്‍ത്താന്‍ ആഹ്വാനം ചെയ്യുന്നതും. ഇന്ന് ലോകം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ നാം വിശകലനവിധേയമാക്കുകയാണെങ്കില്‍ സത്യസന്ധതയില്ലായ്മ ഒരു വില്ലനായി നിലകൊള്ളുന്നത് കാണാം. രാഷ്ട്രീയക്കാരന്‍ തന്റെ ജനതയോടും നേതാക്കള്‍ സമൂഹത്തോടും, സംഘടനകള്‍ അതിന്റെ അംഗങ്ങളോടും, പണ്ഡിതന്‍ പൊതുജനങ്ങളോടും കച്ചവടക്കാരന്‍ ഉപഭോക്താവിനോടും ചങ്ങാതി സുഹൃത്തിനോടും നടത്തുന്ന സത്യസന്ധതയില്ലാത്ത നിലപാടുകളും പ്രവര്‍ത്തനങ്ങളുമാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം. ഇവരെല്ലാം ജീവിതത്തില്‍ സത്യസന്ധത പുലര്‍ത്തുകയാണെങ്കില്‍ ജീവിതം വളരെ സുഭിക്ഷവും പരസ്പരവിശ്വാസത്തിലധിഷ്ടിതവും ഐശര്യപൂര്‍ണവുമാകുമായിരുന്നു. ഇടപാടുകളിലും കരാറുകളിലും സംസാരത്തിലുമുള്ള വിശ്വാസ്യതയും കൂറും നഷ്ടപ്പെടുമ്പോഴാണ് അഭിപ്രായവ്യത്യാസങ്ങളും ശത്രുതയും തര്‍ക്കങ്ങളും തലപൊക്കുന്നത്.

അബൂബക്കര്‍(റ) ഭരണസാരഥ്യമേറ്റെടുത്തപ്പോള്‍ ഖാദി (ജഡ്ജി) സ്ഥാനം ഹസ്‌റത്ത് ഉമറിനെ ഏല്‍പിച്ചു. ഒരു വര്‍ഷത്തിനിടയില്‍ രണ്ട് തര്‍ക്കങ്ങള്‍ പോലും ഉമറിന്റെ മുന്നില്‍ ഉന്നയിക്കപ്പെട്ടില്ല. ഉമറിന്റെ കാലത്തെ ജനങ്ങള്‍ അസാധാരണ മനുഷ്യരായതുകൊണ്ടോ തര്‍ക്കത്തിന് വിഷയങ്ങളോ പ്രശ്‌നങ്ങളോ ഇല്ലാത്തതോ ആയിരുന്നില്ല ഇതിനു കാരണം. മറിച്ച് സത്യസന്ധത ഉല്‍കൃഷ്ട ഗുണമായി കരുതുകയും തങ്ങളുടെ മുമ്പില്‍ പ്രശ്‌നം ഉടലെടുക്കുമ്പോള്‍ തന്നെ സത്യസന്ധമായ നിലപാടിലെത്തണം എന്ന് ഇരുകൂട്ടര്‍ക്കും നിര്‍ബന്ധ ബുദ്ധിയുണ്ടായിരുന്നു. അതിനാല്‍ തന്നെ ഓരോ പ്രശ്‌നങ്ങളുടെയും നിജസ്ഥിതികള്‍ പരിശോധിച്ച് തന്റെ ഭാഗത്ത് അനീതിയുണ്ടെങ്കില്‍ അത് തിരുത്താനുള്ള ധൈര്യം കാണിക്കുകയും പരസ്പരം വിട്ടുവീഴ്ച മനസ്സോടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മാത്രം പ്രബുദ്ധരായിരുന്ന സമൂഹമായിരുന്നു അന്നുണ്ടായിരുന്നത്. അതിനാല്‍ തന്നെ കേസുകള്‍ അപൂര്‍വമായി മാത്രം ഉമറിന്റെ മുമ്പില്‍ ഉന്നയിക്കപ്പെട്ടിട്ടുള്ളൂ.

കരാര്‍ പത്രങ്ങളോ, ചെക്കുകളോ, ജാമ്യമോ ഇല്ലാതെ പരസ്പരവിശ്വാസത്തിന്റെയും സത്യസന്ധതയുടെയും അടിസ്ഥാനത്തില്‍ ഈ അടുത്ത കാലത്ത് വരെ കച്ചവടങ്ങളും ഇടപാടുകളും നടമാടിയിരുന്നു. വിദൂര ദിക്കുകളില്‍ നിന്ന് വരുന്ന കച്ചവടക്കാര്‍ക്ക് ഊരോ പേരോ അറിയാതെ പരസ്പര വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ അവശ്യവസ്തുക്കള്‍ കടമായി നല്‍കുകയും അവര്‍ കാലാനുസൃതമായി അവ തിരിച്ചടക്കുകയും ചെയ്ത സമ്പുഷ്ടമായ ഒരു ചരിത്രം ഇവിടെ ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് രേഖകളും ഡ്രാഫ്റ്റും സാക്ഷിയുമുള്ളതോടൊപ്പം തന്നെ അവകാശങ്ങള്‍ ധ്വംസിക്കുകയും സമ്പത്ത് അപഹരിക്കുകയും പരസ്പരം വഞ്ചിക്കുകയും ചെയ്യുന്ന വാര്‍ത്തകളാണ് ദിവസവും നമ്മെ തേടിയെത്തുന്നത്.

ഒരു വ്യക്തിയുടെ വ്യക്തിത്വത്തിന് സത്യസന്ധത മാറ്റുകൂട്ടുന്നതോടൊപ്പം സമൂഹത്തിന്റെ നിലനില്‍പിന് അത് വളരെ അനിവാര്യമാണ്. വ്യക്തികള്‍ക്കും സമൂഹത്തിനും സൗഭാഗ്യവും സന്തോഷവും പകര്‍ന്നുനല്‍കുന്ന വാതായനമാണത്. സത്യസന്ധനായ നേതാവിനെയാണ് അണികള്‍ ഉള്ളുതുറന്ന് ഇഷ്ടപ്പെടുന്നത്. അവര്‍ക്ക് സമൂഹത്തില്‍ എന്നും സ്ഥാനവും മതിപ്പുമുണ്ടാകും. നേതൃത്വത്തില്‍ വിജയിക്കുന്നതും അവര്‍തന്നെ. ഏറ്റവും ലാഭകരമായ കച്ചവടം നടത്തുന്നവരും സത്യസന്ധരായ കച്ചവടക്കാര്‍ തന്നെ. ജനങ്ങളുടെ വിശ്വാസം ആര്‍ജ്ജിച്ചു കഴിഞ്ഞാല്‍ പിന്നീട് കച്ചവടം വളരെ ഏളുപ്പമാകും. വിശ്വസ്ഥനായ വക്കീലിനെ കേസ് ഏല്‍പിക്കാനാണ് ജനങ്ങള്‍ താല്‍പര്യപ്പെടുക, അദ്ദേഹം വഞ്ചിക്കുകയില്ല എന്ന വിശ്വാസം വിജയം വരെ കേസിനെ മുമ്പോട്ട് കൊണ്ടുപോകുന്നതില്‍ നമ്മെ സഹായിക്കുകയും നമുക്ക് മാനസിക സംതൃപ്തി നല്‍കുകയും ചെയ്യും.

രാഷ്ട്രീയരംഗത്തെ സങ്കീര്‍ണപ്രശ്‌നങ്ങള്‍ക്ക് സത്യസന്ധരായ നേതാക്കള്‍ക്കാണ് ശാശ്വതപരിഹാരം കാണാന്‍ കഴിയുക. ഒരു സമൂഹത്തിന്റെ ഔന്നത്യം കുടികൊള്ളുന്നത് അതിലെ ഓരോ വ്യക്തികളും തങ്ങളുടെ വാക്കിലും പ്രവൃത്തിയിലും സത്യസന്ധത കൈക്കൊള്ളുമ്പോഴാണ്. ഉത്തമനൂറ്റാണ്ടുകളില്‍ സത്യസന്ധതക്കും വിശ്വസ്ഥതക്കും കേളികേട്ട സമൂഹമായിരുന്നു ഇസ്‌ലാമിക സമൂഹം. അതിലെ ഭരണാധികാരി അന്ന് ലോകത്തെ ഏറ്റവും സത്യസന്ധനായ മാതൃകഭരണാധികാരിയായിരുന്നു. പണ്ഡിതന്‍ ഏറ്റവും സത്യസന്ധമായ നിലപാടുകളുടെ ഉടമയും സേനാനായകന്‍ ഏറ്റവും വിശ്വസ്ഥനായ നേതാവുമായിരുന്നു. അതിനാല്‍ തന്നെ അവരുടെ വാക്കുകള്‍ക്കും കരാറുകള്‍ക്കും വലിയ മൂല്യവും ഇന്നും വിലമതിക്കുന്നതുമായി നമുക്ക് കാണാം.

Related Articles