Current Date

Search
Close this search box.
Search
Close this search box.

കര്‍മനിരതനായിരിക്കണം വിശ്വാസി

Active-people.jpg

”നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുവിന്‍. നിങ്ങളുടെ പ്രവര്‍ത്തനം ഇനി എങ്ങനെയിരിക്കുമെന്ന് അല്ലാഹുവും അവന്റെ ദൂതനും വിശ്വാസികളൊക്കെയും കാണുന്നതാകുന്നു.പിന്നീട് നിങ്ങള്‍, ഒളിഞ്ഞതും തെളിഞ്ഞതുമെല്ലാം അറിയുന്ന അല്ലാഹുവിങ്കലേക്കു മടക്കപ്പെടും. നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത് എന്തായിരുന്നുവെന്ന് അപ്പോള്‍ അവന്‍ പറഞ്ഞുതരും.” (അത്തൗബ:105)

”അല്ലയോ ദൈവദൂതന്മാരേ,നല്ല സാധനങ്ങള്‍ ആഹരിക്കുവിന്‍. നല്ല കാര്യങ്ങള്‍ പ്രവര്‍ത്തിക്കുവിന്‍.നിങ്ങള്‍ എന്തു പ്രവര്‍ത്തിച്ചാലും ഞാനതു നന്നായി അറിയുന്നുണ്ട്. നിങ്ങളുടെ ഈ സമുദായം ഒറ്റ സമുദായമാകുന്നു; ഞാന്‍ നിങ്ങളുടെ റബ്ബും. അതിനാല്‍, എന്നെ മാത്രം ഭയപ്പെടുവിന്‍.’ (അല്‍മുഅ്മിനൂന്‍: 51-52)

ഇസ്‌ലാം ഊന്നല്‍ നല്‍കുന്നത് ശരിയായ വിശ്വാസത്തിനും ശരിയായ പ്രവൃത്തിക്കുമാണ്. പ്രവര്‍ത്തനത്തിന് നന്നായി പ്രാധാന്യം നല്‍കുന്ന ദര്‍ശനമായ ഇസ്‌ലാം വിശ്വാസികളോട് എപ്പോഴും സജീവമാകാനും കഠിനമായി പരിശ്രമിക്കാനും സല്‍ക്കര്‍മ്മങ്ങളില്‍ മുഴുകാനും ആവശ്യപ്പെടുന്നുണ്ട്. അതിനാല്‍, നാമെന്തൊരു കാര്യം ചെയ്യുമ്പോഴും നമ്മെ നയിക്കേണ്ടത് അല്ലാഹുവെക്കുറിച്ച ബോധവും അവനെല്ലാം കാണുന്നുണ്ടെന്ന തിരിച്ചറിവും ആയിരിക്കണം. മാത്രമല്ല, പുനരുത്ഥാന നാളില്‍ നമ്മുടെ പ്രവര്‍ത്തനങ്ങളെല്ലാം അന്തിമവിചാരണക്കായി അവന്റെ മുമ്പില്‍ സമര്‍പ്പിക്കപ്പെടുമെന്നും നാം ഓര്‍ക്കേണ്ടതുണ്ട്.

ഇസ്‌ലാമില്‍ മതേതര പ്രവര്‍ത്തനവും മതപ്രവര്‍ത്തനവും എന്ന വിഭജനം നിലനില്‍ക്കുന്നില്ല. അല്ലാഹുവെ മുന്‍നിര്‍ത്തി ഒരാള്‍ ചെയ്യുന്ന എല്ലാ പ്രവര്‍ത്തനങ്ങളും മതപ്രവര്‍ത്തനം തന്നെയാണ്.

അവസാന ശ്വാസം വരെ പ്രവര്‍ത്തിക്കുക
പ്രവാചകന്‍(സ) പറയുന്നു: ‘ഒരാളുടെ കൈയില്‍ ചെടിയുണ്ടായിരിക്കെ ലോകാവസാനം ആഗതമാവുകയാണെങ്കില്‍ അയാളത് നട്ടുകൊള്ളട്ടെ.’ (അഹ്മദ്)

സാമൂഹ്യപ്രവര്‍ത്തനത്തോടുള്ള ഇസ്‌ലാമിക സമീപനത്തെക്കുറിച്ച കൃത്യമായ പരിപ്രേക്ഷ്യമാണ് ഈ ഹദീസ് നല്‍കുന്നത്. വളരെ ലളിതമായാണ് പ്രവാചകന്‍ ഇവിടെ സല്‍ക്കര്‍മ്മത്തെക്കുറിച്ച് സൂചിപ്പിക്കുന്നത്. ‘ ലോകാവസാനം ആഗതമായാല്‍ നിങ്ങളെല്ലാം കൈവെടിഞ്ഞ് പളളിയില്‍ പോയി പ്രാര്‍ത്ഥിച്ച് കൊള്ളുക.’ എന്നല്ല പ്രവാചകന്‍ പറഞ്ഞത്. മറിച്ച് പ്രവര്‍ത്തനത്തെക്കുറിച്ച ഒരു പുതിയ പരിപ്രേക്ഷ്യമാണ് അദ്ദേഹം നല്‍കുന്നത്. സല്‍ക്കര്‍മ്മങ്ങള്‍ക്ക് നൈസര്‍ഗികമായ മൂല്യമുണ്ടെന്നും ഈ ഹദീസ് നമ്മെ പഠിപ്പിക്കുന്നുണ്ട്. അവ വളരെ പ്രധാനമാണ്. അതിനാല്‍ തന്നെ ജീവിതത്തിലുടനീളം സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യാന്‍ നാം ശ്രദ്ധിക്കേണ്ടതുണ്ട്.

എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഒരേ മൂല്യമാണ് എന്നല്ല അതിനര്‍ത്ഥം. നിര്‍ബന്ധമായും ചെയ്യേണ്ട കര്‍മ്മങ്ങള്‍ എന്തൊക്കെയാണെന്നും നിരോധിച്ചവ എന്തെല്ലാമാണെന്നുമെല്ലാം ഇസ്‌ലാം നമുക്ക് പഠിപ്പിച്ച് തന്നിട്ടുണ്ട്. അപ്രകാരം ശരീഅഃ നമുക്ക് മുന്‍ഗണനാക്രമങ്ങള്‍ നിശ്ചയിച്ച് തന്നിട്ടുണ്ട്. എപ്പോഴും അത് നമ്മുടെ മനസ്സിലുണ്ടായിരിക്കണം.

അതുപോലെ സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യാനുള്ള എല്ലാ അവസരങ്ങളും നാം ഉപയോഗപ്പെടുത്തണമെന്ന സന്ദേശവും ഹദീസ് നല്‍കുന്നുണ്ട്. ലോകവസാനം എന്നാണെന്ന് നമുക്കാര്‍ക്കും അറിയുക സാധ്യമല്ല. അല്ലാഹുവിന് മാത്രമേ അതറിയുകയുള്ളൂ. അതിനാല്‍ തന്നെ നമുക്ക് ലഭ്യമായ സമയത്തിനുള്ളില്‍ പരമാവധി സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യാന്‍ നാം പരിശ്രമിക്കേണ്ടതുണ്ട്.

എന്തായിരിക്കും അനന്തരഫലം എന്ന് നമുക്കറിയില്ലെങ്കില്‍ കൂടി സല്‍ക്കര്‍മ്മങ്ങളിലേര്‍പ്പെടുക എന്നതാണ് ഹദീസ് നല്‍കുന്ന മറ്റൊരു സന്ദേശം. പെട്ടെന്നുളള ഫലങ്ങളെ നാമൊരിക്കലും പ്രതീക്ഷിക്കരുത്. ചിലപ്പോള്‍ വളരെ പെട്ടെന്ന് തന്നെ നമ്മുടെ പ്രവര്‍ത്തനങ്ങളുടെ ഫലം കണ്ടേക്കാം. എന്നാല്‍, ചില സന്ദര്‍ഭങ്ങളില്‍ കുറേ കാലം കഴിഞ്ഞതിന് ശേഷമായിരിക്കും ഫലമുണ്ടാകുക. നമ്മുടെ അന്തിമ ലക്ഷ്യം എപ്പോഴും അല്ലാഹുവെ തൃപ്തിപ്പെടുത്തുക എന്നതായിരിക്കണം.

‘ലക്ഷ്യം മാര്‍ഗ്ഗത്തെ ന്യായീകരിക്കും’ എന്ന തെറ്റായ കാഴ്ചപ്പാടിനെ ഈ തത്വം തിരുത്തുന്നുണ്ട്. ഇസ്‌ലാമിനെ സംബന്ധിച്ചിടത്തോളം ലക്ഷ്യവും മാര്‍ഗ്ഗവും നന്നായിരിക്കണം. നാം തെരെഞ്ഞെടുക്കുന്ന മാര്‍ഗ്ഗം ഹലാല്‍ അല്ലെങ്കില്‍ അത് നാം വെടിയേണ്ടതുണ്ട്.

സല്‍പ്രവര്‍ത്തനത്തിന്റെ തത്വങ്ങള്‍
പ്രവര്‍ത്തനങ്ങളുടെ ഇസ്‌ലാമിക തത്വങ്ങളെക്കുറിച്ച് നമ്മുടെ പണ്ഡിതന്‍മാര്‍ വിശദീകരിച്ചിട്ടുണ്ട്. അവ ചുവടെ ചേര്‍ക്കുന്നു:
1) പ്രവര്‍ത്തനങ്ങള്‍ ധാര്‍മ്മികമായിരിക്കണം. എന്താണ് ധാര്‍മ്മിക പ്രവര്‍ത്തനം എന്നറിയാന്‍ അല്ലാഹു നമുക്ക് രണ്ട് വഴികള്‍ പറഞ്ഞ് തന്നിട്ടുണ്ട്: നഖ്ല്‍ (ഖുര്‍ആനും സുന്നത്തും), അഖ്ല്‍ (മനസ്സും യുക്തിയും) എന്നിവയാണവ. നമ്മുടെ പ്രവര്‍ത്തനങ്ങളെല്ലാം ഖുര്‍ആനെയും തിരുചര്യയെയും അടിസ്ഥാനപ്പെടുത്തിയുള്ളതാവേണ്ടതുണ്ട്. അവ യുക്തിപരവുമായിരിക്കണം. വിവേകത്തിന്റെയും (ഹിക്മ) ഇസ്‌ലാമിലെ മൗലികമായ ലക്ഷ്യങ്ങളെയും മുന്‍നിര്‍ത്തിയാണ് നാം എല്ലാ കാര്യങ്ങളും ചെയ്യേണ്ടത്. മതം, ജീവിതം, മനസ്സ്, സ്വത്ത്, കുടുംബം എന്നിവയുടെ സംരക്ഷണം ഉറപ്പ് വരുത്തുക എന്നതാണ് ആ ലക്ഷ്യങ്ങള്‍.

2) ആത്മീയം, സാമൂഹികം, സാമ്പത്തികം, രാഷ്ട്രീയം തുടങ്ങിയവയെല്ലാം ധാര്‍മ്മിക പ്രവര്‍ത്തനത്തിലുള്‍പ്പെടും. നമുക്ക് ഗുണം ലഭിക്കുന്നതും ഉപകാരപ്രദവുമായ പ്രവര്‍ത്തനങ്ങളാണവ. അത്‌പോലെ തിന്‍മയെയും അനീതിയെയും വിപാടനം ചെയ്യാനും അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് സാധിക്കും.

3) ഏതൊരു പ്രവൃത്തിയിലേര്‍പ്പെടുമ്പോഴും അത് നമുക്ക് ഗുണം ലഭിക്കുന്നതാണെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. ദോഷം വരുത്തിത്തീര്‍ക്കുന്ന ഒരു പ്രവൃത്തിയിലും നാം ഏര്‍പ്പെടരുത്.

4) വലിയ ഉപദ്രവത്തെ ഇല്ലാതാക്കുന്ന ചെറിയൊരു ദോഷമാണ് നമ്മുടെ പ്രവര്‍ത്തനം മൂലം ഉണ്ടാകുന്നതെങ്കില്‍ അത് നമുക്ക് ചെയ്യാവുന്നതാണ്. അത് പോലെ ഒരു വ്യക്തിയെക്കാളുപരി ഒരുപാടാളുകള്‍ക്ക് ഗുണം ലഭിക്കുന്ന പ്രവര്‍ത്തനത്തിലാണ് നാം ഏര്‍പ്പെടേണ്ടത്.

5) ആത്മാര്‍ത്ഥതയോടെയും (ഇഖ്‌ലാസ്) ഏറ്റവും നന്നായിട്ടും (ഇത്ഖാന്‍) ആയിരിക്കണം നാമേതൊരു പ്രവര്‍ത്തനവും ചെയ്യേണ്ടത്. വിജ്ഞാനം, വിവേകം, ആസൂത്രണം, സൂക്ഷമത എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവേണ്ടത്. തീവ്രവാദപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഇസ്‌ലാമില്‍ യാതൊരു സ്ഥാനവുമില്ല.

പ്രവാചക നിയോഗത്തെക്കുറിച്ച് അല്ലാഹു പറയുന്നു: ‘നിരക്ഷരര്‍ക്കിടയില്‍ അവരില്‍ നിന്ന് തന്നെ ദൂതനെ നിയോഗിച്ചത് അവനാണ്. അദ്ദേഹം അവര്‍ക്ക് അല്ലാഹുവിന്റെ സൂക്തങ്ങള്‍ ഓതിക്കേള്‍പ്പിക്കുന്നു. അവരെ സംസ്‌കരിക്കുകയും അവര്‍ക്ക് വേദവും തത്വജ്ഞാനവും അഭ്യസിപ്പിക്കുകയും ചെയ്യുന്നു. നേരത്തെ അവര്‍ വ്യക്തമായ വഴികേടിലായിരുന്നു.’ (അല്‍ജുമുഅ: 2)

ഖുര്‍ആനിക വ്യാഖ്യാതാക്കള്‍ പറയുന്നത് ഈ സൂക്തത്തിലെ ഹിക്മ എന്ന പദത്തിനര്‍ത്ഥം സുന്നത്ത് ആണെന്നാണ്. പ്രവാചകന്‍ പറഞ്ഞതും ചെയ്തതുമെല്ലാം ഹിക്മയായിരുന്നു. ഇവിടെ പ്രവാചകചര്യയാണ് ഹിക്മ. വിവേകത്തോടെയുളള പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ പ്രവാചകചര്യ നമ്മെ പഠിപ്പിക്കുന്നുണ്ട്. പ്രവാചകന്‍(സ) ജീവിച്ചതും ഇസ്‌ലാം പ്രചരിപ്പിച്ചതുമെല്ലാം വിവേകത്തോടെയായിരുന്നു. നല്ലതും സന്തുലിതവും അനുയോജ്യവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം എപ്പോഴും ഊന്നല്‍ നല്‍കാറുണ്ടായിരുന്നു. അല്ലാഹു പറയുന്നു: ‘ഇവ്വിധം നാം നിങ്ങളെ ഒരു മിത സമുദായമാക്കിയിരിക്കുന്നു. നിങ്ങള്‍ ലോകജനതക്ക് സാക്ഷികളാകാന്‍. ദൈവദൂതന്‍ നിങ്ങള്‍ക്ക് സാക്ഷിയാകാനും.’ (അല്‍ബഖറ: 143)

വിവ: സഅദ് സല്‍മി

Related Articles