Current Date

Search
Close this search box.
Search
Close this search box.

കരുണ തേടുന്നതിന് മുമ്പ്

കാരുണ്യം എന്ന മഹാ പ്രതിഭാസത്തെ എങ്ങനെ മനസ്സിലാക്കാനാണ്? അറിയുന്തോറും സ്വയം കാരുണ്യത്തിനു മുന്നില്‍ സമര്‍പ്പിക്കുക എന്നല്ലാതെ, ഒരു വിശദീകരണത്തിലെത്തിക്കാന്‍ തുനിഞ്ഞാല്‍, ഭാഷാതിര്‍ത്തികളിലൊന്നിലും അതിനൊരിരിപ്പിടം കിട്ടാതാവും, തീര്‍ച്ച. പക്ഷെ, അനിര്‍വചനീയമായ കാരുണ്യത്തിന്റെ അനര്‍ഘമായ പ്രവാഹത്തില്‍ മാത്രമാണ് മനുഷ്യന്റെ മുഴുനേര ജീവിതവും. ഇക്കാണുന്ന ജീവിതം മാത്രമല്ല, ജനനത്തിനു മുമ്പെന്നോ തുടങ്ങി ഇനിയൊരിക്കലും അവസാനിക്കാത്ത ജീവിതം കാരുണ്യത്തിന്റെ കനിവിലാണ് നിലകൊള്ളുന്നത്. മനുഷ്യനെ പോലെത്തന്നെയാണ് മറ്റു സൃഷ്ടികളുടെയും കാര്യം.

എന്നിട്ടും നിര്‍വചിക്കാനെന്തേ പ്രയാസം. കാരണം അത് അല്ലാഹുവിന്റെ ഗുണമാണ്. അല്ലാഹുവിന്റെ മാത്രം ഗുണമാണ്. അവന്റെ സത്താ ഗുണമാണ്. അവനില്‍ അവന്‍ നിര്‍ബന്ധമാക്കിയതായി അഭിമാനത്തോടെ അവന്‍ എടുത്തു പറഞ്ഞ ഗുണം. ‘നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കുന്നവര്‍ താങ്കളെ സമീപിക്കുമ്പോള്‍ പറയുക: നിങ്ങള്‍ക്കു സമാധാനം. കാരുണ്യത്തെ നിങ്ങളുടെ രക്ഷിതാവ് അവന്റെ സത്തയില്‍ എഴുതിവച്ചിരിക്കുന്നു. നിങ്ങളിലൊരുവന്‍ അവിവേകം കൊണ്ട് ഒരു തെറ്റുചെയ്തു. അനന്തരം അവനതില്‍ അനുതപിച്ചു, സ്വയം നന്നായി. തീര്‍ച്ചയായും നാഥന്‍ ഏറെ മാപ്പരുളുന്നവനും ദയാപരനുമാകുന്നു’ (സൂറഃ അല്‍ അന്‍ആം- 54). ‘കതബ’ എന്നാണ് ഇവിടെ അല്ലാഹു പ്രയോഗിച്ച വാക്ക്. നിര്‍ബന്ധമാക്കുക, ബാധ്യതയാക്കുക എന്നൊക്കെ അര്‍ഥങ്ങള്‍ കൂടിയുണ്ടിതിന്. വ്രതം നിര്‍ബന്ധമാക്കിയപ്പോള്‍ (സൂറഃ അല്‍ബഖറഃ-183) ഇതിന്റെ രൂപഭേദമായ ‘കുതിബ’ ആണല്ലോ പ്രയോഗിച്ചത്. ദൈവിക കാരുണ്യമെന്ന ഗുണത്തില്‍ ഒരു സന്ദേഹവും അവശേഷിക്കാത്തവിധം സമാധാനം നല്‍കുന്ന വാഗ്ദാനം. അതുകൊണ്ടു കൂടിയാണ് നാഥന്റെ കാരുണ്യത്തെ കുറിച്ച് നിരാശരാകരുതെന്നും, സ്വന്തത്തോട് തന്നെ അക്രമം ചെയ്തവര്‍ പോലും മടങ്ങിവന്നാല്‍ സ്വീകരിക്കാന്‍ മാത്രം കാരുണ്യവാനും പൊറുക്കുന്നവനുമാണവനെന്നും പ്രഖ്യാപിക്കാന്‍ ദൈവദൂതനോട് അല്ലാഹു പറയുന്നത്. ആദ്യകാല ഇസ്‌ലാമിക പ്രവര്‍ത്തകരായ സഹാബികളില്‍ അധികവും ദരിദ്രരും അബലരും ഖുറൈശികള്‍ക്ക് അസ്പര്‍ശരുമായിരുന്നു. അവരെ പ്രവാചകസദസ്സില്‍ നിന്ന് മാറ്റിനിര്‍ത്തിയാല്‍ ഞങ്ങള്‍ ഇസ്‌ലാമിക പ്രസ്ഥാനത്തെ അനുഭാവപൂര്‍വം പരിഗണിക്കാന്‍ ശ്രമിക്കാമെന്ന് ഖുറൈശികള്‍ അറിയിച്ചു. ഇതേ തുടര്‍ന്നുണ്ടായ ചര്‍ച്ചകള്‍ക്കിടയിലാണ് അല്ലാഹു ഈ വചനങ്ങള്‍ അവതരിപ്പിക്കുന്നത്. അവരുടെ വാഗ്ദാനം ചവറ്റുകൊട്ടയിലേക്കിട്ടു എന്നു മാത്രമല്ല, സമൂഹ ശ്രേണിയില്‍ താഴെതട്ടിലാണെന്ന് നിഷേധികള്‍ കരുതുന്ന വിശ്വാസി സമൂഹത്തിന് ദൈവത്തിന്റെ സമാധാനം വാഗ്ദാനം ചെയ്യുകയും ചെയ്തു. ആ ദൈവിക പ്രീതി അവന്റെ സത്താഗുണമായ കാരുണ്യത്തില്‍ നിന്ന് നിര്‍ഗളിക്കുന്നതാണ്. ആ വാഗ്ദാനത്തിനു മുന്നില്‍ നിഷേധികളുടെ മുഴുവന്‍ അര്‍ഥവും അധികാരവും നിഷ്പ്രഭമാകുന്നു. ആ വാഗ്ദാനത്തിനു വേണ്ടിയാവണം നമ്മുടെ തേട്ടം.

റഹ്മത്തിനു വേണ്ടി നാഥനോട് തേടിക്കൊണ്ടിരിക്കുന്ന കാലമാണല്ലോ റമദാന്‍. തേട്ടത്തിന്റെ പൊരുള്‍ മനസ്സിലാക്കാന്‍ കാരുണ്യത്തിന്റെ വിശാലതയും അടയാളങ്ങളും മനസ്സില്‍ ഉള്‍ക്കൊള്ളണം. കാരുണ്യം ദൈവിക ഗുണമാണെന്നതിനര്‍ഥം, ഇവിടെ തെളിഞ്ഞു കാണുന്ന കാരുണ്യമത്രയും റബ്ബിന്റെ കാരുണ്യത്തിന്റെ ഭാഗമെന്നാണ്. സര്‍വ കരുണാര്‍ദ്രതയുടെയും സ്രോതസ്സ് നാഥന്റെ പക്കലാണ്. അത് ഏത് സൃഷ്ടിജാലങ്ങളിലൂടെ പുറത്തേക്ക് വഴിഞ്ഞൊഴുകുന്നതായാലും ശരി. പ്രാപഞ്ചിക സംവിധാനങ്ങളഖിലവും ദൈവകാരുണ്യത്തിന്റെ സുന്ദര വ്യാഖ്യാനങ്ങളാണ്. അമ്മയുടെ മാറില്‍ മുഖമമര്‍ത്തി കുഞ്ഞ് നുകരുന്നത് റഹ്മത്തിന്റെ മാധുര്യമാണ്. വിശക്കുന്ന മാന്‍പേടയ്ക്ക് ഒരുക്കിവെക്കപ്പെട്ട പുല്‍മേട് കാരുണ്യത്തിന്റെ പച്ചപ്പാണ്. ഭക്ഷണം തേടുന്ന സിംഹത്തിനു മുന്നില്‍പെടുന്ന കൂട്ടംതെറ്റിയ മാന്‍പേട ദൈവകാരുണ്യത്തിന്റെ സന്തുലിതത്വത്തിന്റെ സമവാക്യമാണ്.

വരണ്ടുണങ്ങി മരിച്ച ഭൂമിയെ ജീവനുള്ളതാക്കി മാറ്റുന്ന പ്രക്രിയ ദൈവകാരുണ്യത്തിന്റെ അനുഭവസത്യങ്ങളില്‍ ഏറെ വിസ്മയിപ്പിക്കുന്ന ഒന്നാണ്. മരണാനന്തര ജീവിതമെന്ന അദൃശ്യ യാഥാര്‍ഥ്യത്തെയും മൃതഭൂമിയെ ജീവസ്സുറ്റതാക്കുന്ന ദൃശ്യ യാഥാര്‍ഥ്യത്തെയും കാരുണ്യത്തിന്റെ ഒരൊറ്റ ചരടില്‍ കോര്‍ക്കുന്നുണ്ട് ഖുര്‍ആന്‍. ‘നോക്കൂ, ദിവ്യകാരുണ്യത്തിന്റെ വ്യക്തമായ അടയാളങ്ങള്‍. ഭൂമിയെ അതിന്റെ മൃതാവസ്ഥക്കു ശേഷം അവനെങ്ങനെയാണ് ജീവസ്സുറ്റതാക്കുന്നത്. സംശയമില്ല, അതുചെയ്യുന്നവന്‍ മരിച്ചവരെ ജീവിപ്പിക്കുക തന്നെ ചെയ്യും. അവന്‍ എല്ലാത്തിനും കഴിവുള്ളവന്‍ തന്നെ’ (സൂറഃ അര്‍റൂം 50).

ഭൗതിക ലോകത്ത് നാം ആസ്വദിക്കുന്നതല്ല, ദൈവിക കാരുണ്യത്തെിന്റെ മൂര്‍ത്തഭാവം. മറിച്ച് കാരുണ്യത്തിന്റെ തൊണ്ണൂറ്റൊമ്പത് നിലവറകള്‍ അവന്‍ തുറക്കാതെ കരുതിവെച്ചിട്ടുണ്ട്. അബൂഹുറൈറ (റ) പ്രവാചകനില്‍ നിന്ന് കേട്ടതായി പറയുന്നു: ‘അല്ലാഹു കാരുണ്യത്തെ നൂറ് ഭാഗങ്ങളാക്കി, തൊണ്ണൂറ്റൊമ്പത് ഭാഗങ്ങള്‍ കരുതിവെച്ചു, ഒരു ഭാഗം ഭൂമിയിലേക്കയച്ചു. അതില്‍ നിന്നാണ് സൃഷ്ടികള്‍ പരസ്പരം കരുണകാണിക്കുന്നത്. തന്റെ കുട്ടിയെ ചവിട്ടിപ്പോകാതിരിക്കാന്‍ കുതിര കാലുയര്‍ത്തിപ്പിടിക്കുന്നതുപോലും (ആ കാരുണ്യത്തില്‍) പെട്ടതത്രെ’.  ഈ കരുതിവെക്കപ്പെട്ട നിധിയെ മനസ്സിന്റെ ഉള്ളില്‍ താലോലിച്ചുവേണം നാം കാരുണ്യത്തിനായുള്ള പ്രാര്‍ഥനകളില്‍ മുഴുകാന്‍.

മൂസാ (അ)യുടെ പ്രാര്‍ഥനയും അതിന്റെ ഉത്തരവുമടങ്ങിയ വചനങ്ങളില്‍ ദൈവിക ശിക്ഷയെയും കാരുണ്യത്തെയും നാഥന്‍ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്: ‘ഞങ്ങള്‍ക്കു നീ ലോകത്തും പരലോകത്തും നന്മ വിധിക്കേണമേ, തീര്‍ച്ചയായും ഞങ്ങള്‍ നിന്നിലേക്ക് പശ്ചാത്തപിച്ചു മടങ്ങിയിരിക്കുന്നു. അല്ലാഹു അറിയിച്ചു: എന്റെ ശിക്ഷ ഞാനുദ്ദേശിക്കുന്നവരെ ബാധിക്കും. എന്നാല്‍ എന്റെ കാരുണ്യം എല്ലാ വസ്തുക്കളെയും ചൂഴ്ന്നു നില്‍ക്കുന്നു. സൂക്ഷ്മത പാലിക്കുകയും സകാത്ത് നല്‍കുകയും നമ്മുടെ പ്രമാണങ്ങളില്‍ വിശ്വസിക്കുകയും ചെയ്യുന്നവര്‍ക്ക് നാമത് എഴുതി വെച്ചിരിക്കുന്നു.’ നാഥന്‍ തന്റെ സിംഹാസനത്തിനു മുകളില്‍ ‘എന്റെ കാരുണ്യം എന്റെ കോപത്തെ മറികടന്നിരിക്കുന്നു’ എന്നെു രേഖപ്പെടുത്തിയതായി പ്രവാചക വചനങ്ങളില്‍ കാണാം. കോപം കൊണ്ട് കലിതുള്ളുന്ന മൂര്‍ത്തീ രൂപങ്ങള്‍ എന്ന ദൈവ സങ്കല്‍പങ്ങള്‍ക്ക് മുന്നില്‍ അല്ലാഹുവിലുള്ള വിശ്വാസം എത്ര ചേതോഹരമായി ഉയര്‍ന്നു നില്‍ക്കുന്നു. കരുണയുടെ ദൈവമാണ് അല്ലാഹു. അവന്‍ മാത്രമാണ് കരുണയുടെ ദൈവവും ഏകദൈവവും.

പ്രപഞ്ചത്തിന്റെ സര്‍വവും കയ്യിലൊതുക്കുന്ന ശക്തനും പ്രതാപിയുമായിരിക്കുമ്പോളും അവന്റെ കാരുണ്യത്തെ അവന്‍ തന്നെ സ്മരിക്കുന്നുണ്ട്. അതും സൂറഃ അന്‍ആമില്‍ തന്നെ, സൂക്തം 12. ‘ചോദിക്കുക: ആകാശഭൂമികളിലുള്ളതെല്ലാം ആരുടെതാണ്? പറയുക അല്ലാഹുവിന്റെത് മാത്രം. കാരുണ്യത്തെ അവന്‍ സ്വന്തം ബാധ്യതയായി നിശ്ചയിച്ചിരിക്കുന്നു. ഉയിര്‍ത്തെഴുനേല്‍പുനാളില്‍ അവന്‍ നിങ്ങളെയൊക്കെ ഒരുമിച്ചുകൂട്ടുകതന്നെ ചെയ്യും. അതിലൊട്ടും സംശയമില്ല. എന്നാല്‍ സ്വന്തത്തെ നഷ്ടത്തിലകപ്പെടുത്തിയവര്‍ വിശ്വസിക്കുകയില്ല’. അധികാരവും കാരുണ്യവും വിരുദ്ധ ധ്രുവങ്ങളല്ലെന്ന് മനുഷ്യനെ പഠിപ്പിക്കുന്നു, അല്ലാഹു. സര്‍വ ശക്തനായിരിക്കുന്ന ദൈവം തന്റെ കാരുണ്യത്തെ ഇങ്ങനെ ഉദ്‌ഘോഷിക്കുമ്പോഴും അതിലേക്ക് ക്ഷണിക്കുമ്പോഴും മനുഷ്യന്‍ അതിന്റെ പൊരുളില്‍ വിസ്മയിച്ച് കരഞ്ഞുപോകാതിരിക്കുന്നതെങ്ങനെ. ആ കാരുണ്യത്തിന്റെ ഉറവയില്‍ നിന്ന് ഇനിയുമിനിയും ദാഹമകറ്റണം എന്ന ആഗ്രഹമുള്ളവന്‍ പിന്നെങ്ങിനെ ആ കാരുണ്യവര്‍ഷത്തെ നിഷേധിക്കും. മാതാപിതാക്കള്‍ സംരക്ഷിച്ചു വളര്‍ത്തിയതിനുള്ള പ്രതിഫലമായി ഇഹത്തിലും പരത്തിലും മക്കള്‍ ആവശ്യപ്പെടേണ്ടത് അവരുടെ മേല്‍ ദൈവികകാരുണ്യമാണ്.  സര്‍വ പ്രതീക്ഷകള്‍ക്കും അര്‍ഥവും വ്യാഖ്യാനവുമായി അല്ലാഹു കരുതിവെച്ച റഹ്മത്ത് മാറുകയാണ്. സര്‍വ ബലികള്‍ക്കും ത്യാഗങ്ങള്‍ക്കും പ്രേരകമാവുകയാണ് ആ നിധി. ത്യാഗത്തിന്റെ അന്തിമ രൂപമായ രക്തസാക്ഷിത്വത്തിന്റെ വഴിയില്‍ പ്രകാശം വിതറുന്നത് ദൈവിക കാരുണ്യഗോപുരമാണ്.
 
എന്നിട്ടും മനുഷ്യനെങ്ങനെ അതിനെ നിഷേധിക്കുന്നു. അവന്റെ മനോഭാവത്തെകുറിച്ച് അല്ലാഹു നന്നായി അറിയുന്നവനാണ്. കാരുണ്യം മനുഷ്യന്‍ വേണ്ടുവോളം ആസ്വദിക്കുന്നുണ്ട്, ഉടമസ്ഥന്‍ ആരെന്ന്  അറിയാമെങ്കിലും നന്ദികാണിക്കാറില്ല. ‘നാം മനുഷ്യനെ നമ്മില്‍ നിന്നുള്ള കാരുണ്യം ആസ്വദിപ്പിക്കുകയും പിന്നീടത് എടുത്തുകളയുകയും ചെയ്താല്‍ അവന്‍ വല്ലാതെ നിരാശനും നിഷേധിയുമായിത്തീരുന്നു’ (സൂറഃ ഹൂദ്-9). ആ ദൈവിക ഗുണത്തെ സ്മരിച്ചുകൊണ്ടാവണം വിശ്വാസിയുടെ സര്‍വ ചലനവുമെന്ന് ഇസ്‌ലാം വിശ്വാസിയെ പഠിപ്പിക്കുന്നത് അതുകൊണ്ടാവാം. സന്തോഷവാനായിരിക്കുമ്പോള്‍ ഇത് ചൂടുകാലമാണോ തണുപ്പോ എന്ന് മനുഷ്യര്‍ ശ്രദ്ധിക്കാറില്ലെന്ന് റഷ്യന്‍ ചെറുകഥാ കൃത്ത് ആന്റണ്‍ചെക്കോവ് എഴുതിയിട്ടുണ്ട്.
 

കാരുണ്യമായി അല്ലാഹു അവതരിപ്പിച്ചതിനെയൊക്കെ അങ്ങനെ കാണാനും പ്രസരിപ്പിക്കാനും പ്രതീക്ഷിക്കാനും നമുക്ക് കഴിയുമ്പോഴാണ് പ്രാര്‍ഥനയ്ക്ക് ആത്മാര്‍ഥത കൈവരുന്നത്. ദൈവിക വചനങ്ങളാകുന്ന വിശുദ്ധ ഖുര്‍ആന്‍ നമ്മുടെ കൈകളിലുണ്ട്. കാരുണ്യത്തിന്റെ ജീവസ്സുറ്റ ആവിഷ്‌കാരമാണത്, സ്വയം തന്നെ. അതിനോടുള്ള സ്‌നേഹവും അതിന്റെ വാക്കുകളെ കരുണാമയന്റെ വാക്കുകളെന്നറിഞ്ഞ് പ്രണയപൂര്‍വം ശ്രവിക്കലും, ജീവിതത്തിന്റെ വഴിത്താരകളഖിലവും ആ വാക്കുകളില്‍ അര്‍പ്പിക്കലുമാണ് കാരുണ്യം തേടുന്നവന്റെ ആദ്യ ബാധ്യത. ദൈവകാരുണ്യത്തിന്റെ പ്രകാശനമാണ് പ്രവാചകന്‍ മുഹമ്മദ് (സ). ആ മഹോന്നതന്‍ കൊളുത്തിവെച്ച തിരിനാളം കെടാതെ സ്വന്തം ആദര്‍ശത്തിലും സമുഹ മധ്യത്തിലും കൊളുത്തിവെക്കുവാനാണ് നാം കരുണ തേടേണ്ടത്. ജീവിതത്തില്‍ നാം പാലിക്കുന്ന സദാചാര നിഷ്ഠകളൊന്നും നമ്മുടെ കഴിവുകൊണ്ട് നിലനിന്നുപോകുന്നതല്ല. സാഹചര്യങ്ങളുടെ ചെറിയൊരു കാറ്റ് മതി, കുമിളകള്‍ കണക്കെ അത് പൊട്ടിത്തകരുവാന്‍. ദൈവിക കാരുണ്യമൊന്നു മാത്രമാണ് അതിനെ നിലനിര്‍ത്തുന്നത്. പ്രവാചകന്‍ യൂസുഫ് (അ) കുറ്റവിമുക്തനാണെന്ന് തെളിഞ്ഞപ്പോള്‍ തന്റെ സദാചാര നിഷ്ഠയെകുറിച്ച് ഊറ്റം കൊണ്ടില്ല. പകരം ഇങ്ങനെ പറഞ്ഞു: ‘ ഞാനെന്റെ മനസ്സ് കുറ്റമറ്റതാണെന്നവകാശപ്പെടുന്നില്ല. തീര്‍ച്ചയായും മനുഷ്യമനസ്സ് തിന്മക്ക് പ്രേരിപ്പിക്കുന്നത് തന്നെ. എന്റെ നാഥന്‍ കരുണയേകിയവരുടേതൊഴികെ. എന്റെ നാഥന്‍ പൊറുക്കുന്നവനും പരമദയാലുവുമാണ്, തീര്‍ച്ച’ (സൂറഃ യൂസുഫ്-53). ഉള്ളം കയ്യില്‍ പിശാചിരുന്ന് മാടിവിളിക്കുന്ന വര്‍ത്തമാന പരിതസ്ഥിതിയില്‍ കാരുണ്യത്തിനു വേണ്ടി നാഥനോട് തേടുമ്പോള്‍ ഇക്കാര്യം കൂടി മനസ്സില്‍ വെക്കുക. നമ്മുടെ കുടുംബത്തിന്റെ കണ്ണികള്‍ ഭംഗിയായി, സ്വരച്ചേര്‍ച്ചയോടെ പൊട്ടാതെ നിലനില്‍ക്കുന്നത് കാര്യങ്ങളൊക്കെയും തീരുമാനിക്കാനും തിരിച്ചറിയാനുമുള്ള കഴിവ് പൂര്‍ണമായി നാം നേടിയെടുത്തത് കൊണ്ടല്ല. നാഥന്‍ ഇണകള്‍ക്കിടയില്‍ നിക്ഷേപിക്കുന്ന കാരുണ്യം കൊണ്ട് മാത്രമാണ്. കരുണ തേടുമ്പോള്‍ ആ ബോധം നമ്മിലുണരണം.

എല്ലാറ്റിലുമപരി, നമ്മില്‍ ദൈവം ഇട്ടുതന്ന അവന്റെ കാരുണ്യം നാം നിഷേധിക്കരുത്, സ്വീകരിക്കണം. അതിനെ മറ്റുള്ളവരിലേക്ക് നാം പകരുമ്പോള്‍ മാത്രമാണ് നാമതിനെ സ്വീകരിച്ചവരാകുന്നത്. അങ്ങനെ പകരാതിരിക്കുമ്പോഴാണ് നിഷേധമാകുന്നത്. അങ്ങനെ പകര്‍ന്നു നല്‍കാത്തവനിലേക്ക് പിന്നെ അതെത്തുകയില്ല. പിന്നെ അവനതിന് പ്രാര്‍ഥിച്ചിട്ടും കാര്യമില്ല. ദൈവിക കരുണയുടെ പൊരുളറിയുന്നവന്‍ ആ കരുണയുടെ ഭൂമിയിലെ പ്രതിനിധിയായി മാറും. അവന്റെ കരങ്ങള്‍ കരുണയുടെതാകും, നാവുകള്‍ കരുണാ വാചകങ്ങള്‍ ഉരുവിടും, ശരീരവും ആരോഗ്യവും കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുഴുകും, ഹൃദയാം കരുണാര്‍ദ്രമായി പ്രാര്‍ഥിച്ചുകൊണ്ടിരിക്കും ‘ കരുണ കാണിക്കുന്നവരില്‍ ഏറ്റവും കാരുണ്യത്തിനുടയവനെ, അല്ലാഹുവേ, ഞങ്ങളില്‍ കാരുണ്യം ചൊരിഞ്ഞീടണേ!’.

Related Articles