Current Date

Search
Close this search box.
Search
Close this search box.

ഒഴുക്കിനൊപ്പം നീന്തുന്നവരും എതിരെ നീന്തുന്നവനും

hurdle.jpg

‘നിങ്ങളില്‍, വിജയത്തിനുശേഷം ചെലവഴിക്കുകയും യുദ്ധത്തില്‍ പങ്കെടുക്കുകയും ചെയ്യുന്നവര്‍ വിജയത്തിന് മുമ്പ് ചെലവഴിക്കുകയും യുദ്ധത്തില്‍ പങ്കെടുക്കുകയും ചെയ്തവരോട് ഒരിക്കലും തുല്യരാകുന്നില്ല. ജയിച്ച ശേഷം ചെലവഴിക്കുകയും യുദ്ധത്തിലേര്‍പ്പെടുകയും ചെയ്തവരുടേതിനേക്കാള്‍ എത്രയോ ഉന്നതമാണ് വിജയത്തിനു മുമ്പ് ചെലവഴിക്കുകയും യുദ്ധത്തിലേര്‍പ്പെടുകയും ചെയ്തവരുടെ സ്ഥാനം. ഇരുകൂട്ടര്‍ക്കും അല്ലാഹു നന്മ വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും’ വിശുദ്ധ ഖുര്‍ആനിലെ സൂറത്തുല്‍ ഹദീദിലെ പത്താമത്തെ ആയത്താണ് ഇവിടെ ഉദ്ധരിച്ചത്. വളരെയേറെ പ്രതിസന്ധികളില്‍ പെട്ട് ഉലയുകയും, കൂടുതല്‍ പ്രയാസകരമായ ഭാവിയെ പ്രതീക്ഷിക്കുകയും ചെയ്യുന്ന ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് പ്രചോദനവും പ്രോത്സാഹനവും ആയിത്തീരേണ്ട നിര്‍ദ്ദേശങ്ങളാണ്  ഇവയില്‍ ഉള്‍ക്കൊണ്ടിട്ടുള്ളത്.

മുസ്‌ലിമായി ജീവിക്കല്‍ വളരെ പ്രതിസന്ധി നിറഞ്ഞതായിരിക്കുന്ന സാഹചര്യങ്ങളിലും അല്ലാത്തപ്പോഴും ദീനിനുവേണ്ടി പരിശ്രമങ്ങളിലേര്‍പ്പെടുന്നവര്‍ക്കുള്ള പദവികള്‍ തമ്മില്‍ വലിയ അന്തരമുണ്ടെന്ന് വരച്ചു കാണിക്കുകയാണ് അല്ലാഹു ഈ സൂക്തത്തിലൂടെ. നബി(സ) ഇതിന്റെ പ്രാധാന്യത്തെക്കുറിച്ച് വ്യക്തമായി പറഞ്ഞിട്ടുണ്ട്.  
ഹ. അബൂസഈദില്‍ ഖുദ്രിയില്‍നിന്ന് ഒരു നിവേദനം ഉദ്ധരിക്കപ്പെട്ടിരിക്കുന്നു:   ഹുദൈബിയാസന്ധിയുടെ   കാലത്ത് നബി ഞങ്ങളോടരുള്‍ ചെയ്തു: ”അടുത്ത ഭാവിയില്‍ ചില ആളുകള്‍ വരുന്നുണ്ട്. അവരുടെ പ്രവര്‍ത്തനങ്ങള്‍ കണ്ടാല്‍ നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിങ്ങള്‍ക്കു നിസ്സാരമായി തോന്നും. പക്ഷേ, അവരിലൊരാള്‍ക്ക് ഒരു സ്വര്‍ണത്തിന്റെ മല തന്നെയുണ്ടായിരിക്കുകയും അതയാള്‍ ദൈവമാര്‍ഗത്തില്‍ ചെലവഴിക്കുകയും ചെയ്താല്‍ നിങ്ങളിലൊരാള്‍ രണ്ടു റാത്തല്‍ ചെലവഴിച്ചതിനോടു തുല്യത പ്രാപിക്കാനാവില്ല (ഇബ്‌നുജരീര്‍, ഇബ്‌നു അബീഹാതിം, ഇബ്‌നു മര്‍ദവൈഹി, അബൂനുഐമില്‍ ഇസ്ഫഹാനി)   അനസ്(റ)പറഞ്ഞു: ഒരിക്കല്‍ ഹ. ഖാലിദുബ്‌നുല്‍ വലീദും  ഹ. അബ്ദുര്‍റഹ്മാനുബ്‌നു ഔഫും തമ്മില്‍ തര്‍ക്കമായി. തര്‍ക്കത്തിനിടയില്‍ ഹ. ഖാലിദ് ഹ. അബ്ദുര്‍റഹ്മാനോട് (റ) പറഞ്ഞു: ‘നിങ്ങള്‍ നിങ്ങളുടെ മുന്‍കാല സേവനങ്ങളുടെ പേരില്‍ ഞങ്ങളെ കൊച്ചാക്കുകയാണ്. ഇതറിഞ്ഞപ്പോള്‍ നബി (സ) പ്രസ്താവിച്ചു: ‘എന്റെ ആത്മാവ് ആരുടെ കൈയിലാണോ ആ ദൈവമാണ, നിങ്ങള്‍ ഉഹ്ദ് മലയോളം അല്ലെങ്കില്‍ പര്‍വതങ്ങളോളം സ്വര്‍ണം ചെലവഴിച്ചാലും അവരുടെ കര്‍മങ്ങളോളമെത്താന്‍ സാധ്യമല്ല.’

ഇന്ത്യയില്‍ മോദി യുഗം ആരംഭിക്കുകയും ഫാസിസവും മറ്റു ഇസ്‌ലാം വിരുദ്ധവിഭാഗങ്ങളും ശക്തി പ്രാപിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. രാജ്യത്തിന്റെ മതേതര-ജനാധിപത്യ മൂല്യങ്ങള്‍ ചോദ്യം ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നു. ഹിന്ദുത്വവല്‍ക്കരണ ശ്രമങ്ങളും, മതപരാവര്‍ത്തന മേളകളും തകൃതിയായി നടക്കുന്നു. മുസ്‌ലിംകളുടെ സ്വത്വം ചോദ്യം ചെയ്യുകയും അവരെ ദേശദ്രോഹികളായി മുദ്ര കുത്തുകയും ചെയ്യുന്നു. നീതിന്യായ വ്യവസ്ഥയെപ്പോലും ഫാസിസ്‌ററുകള്‍ കൈയിലൊതുക്കുന്നു. മുസ്‌ലിം യുവാക്കളും ദീനിനുവേണ്ടി പ്രവര്‍ത്തിക്കുന്നവരും നിരന്തരമായി ജയിലടക്കപ്പെടുന്നു. ഇത്തരം പ്രതിസന്ധിഘട്ടങ്ങളില്‍ ദീനിനു വേണ്ടി നിലകൊള്ളുന്നവര്‍ ധീരരും ആത്മാര്‍ത്ഥതയുള്ളവരുമായ വിശ്വാസികളായിരിക്കും. അത്തരം വിശ്വാസികളുടെ മഹത്വത്തെക്കുറിച്ചാണ് അല്ലാഹു ശ്രേഷ്ഠ വ്യക്തിത്വങ്ങളെന്ന് പരാമര്‍ശിച്ചത്. ഇതിന്റെ മഹത്വം മനസ്സിലാക്കി ദീനീ മാര്‍ഗത്തില്‍ അചഞ്ചലരായി നില കൊള്ളാനും ഉത്തരാവാദിത്തങ്ങള്‍ ഏറ്റെടുത്ത് സധൈര്യം മുന്നോട്ടു പോകാനും മുസ്‌ലിംകള്‍ തയ്യാറാകേണ്ടതുണ്ട്.

Related Articles