Current Date

Search
Close this search box.
Search
Close this search box.

ഐഹിക പ്രേമവും കാപട്യവും

nifaq.jpg

ഐഹിക വിഭവങ്ങളും അവയുടെ ആധിക്യവും മുനാഫിഖുകളെ (കപടന്‍മാര്‍) വശീകരിക്കുന്നു. വലിയ വീടുകളും കൊട്ടാരങ്ങളും തോട്ടങ്ങളും ഫലങ്ങളും അവര്‍ ഉടമപ്പെടുത്തിയ സമ്പത്തും ബിസിനസും കമ്പനികളുമെല്ലാം അവരെ മോഹിപ്പിച്ചു കൊണ്ടേയിരിക്കും. ദൈവിക മാര്‍ഗത്തിലുള്ള സമരത്തിന് വിളിക്കപ്പെട്ടാല്‍ വിശ്വാസമുള്ള മനസ്സുകള്‍ റബ്ബിനെ കണ്ടുമുട്ടാനുള്ള രക്തസാക്ഷ്യത്തിന്റെ പ്രതിഫലം നേടാനുമുള്ള താല്‍പര്യത്താല്‍ ധൃതിപ്പെട്ട് അതിന്നായി പുറപ്പെടും. പ്രവാചകന്‍മാര്‍ക്കും സദ്‌വൃത്തരായ ആളുകള്‍ക്കും ഒപ്പമാണ് രക്തസാക്ഷികളുടെ സ്ഥാനമെന്ന് മനസ്സിലാക്കുന്ന അവര്‍ തങ്ങളുടെ സമ്പത്തും സന്താനങ്ങളുമെല്ലാം അല്ലാഹുവിന്റെ അധീനതയിലും സംരക്ഷണത്തിലുമാക്കി പുറപ്പെടുന്നവരായിരിക്കും.

എന്നാല്‍ നശിച്ചു പോകുന്ന നൈമിഷികമായ കാര്യങ്ങളാല്‍ ശാശ്വത നേട്ടങ്ങളെ കുറിച്ച് അശ്രദ്ധരായ ഒരു വിഭാഗമുണ്ട്. മിനുത്ത മെത്തകളിലും ഈ ലോകത്തിന്റെ ആനന്ദങ്ങളിലും സുഖങ്ങളിലുമാണ് അവര്‍ക്ക് താല്‍പര്യം. വിശ്വാസത്തിന്റെ ദൗര്‍ബല്യം താല്‍ക്കാലിക ആസ്വാദ്യതകള്‍ അവര്‍ക്ക് മനോഹരമാക്കി തോന്നിപ്പിക്കും. പിന്നോട്ടടിക്കാനും സ്ത്രീകള്‍ക്കൊപ്പം ഒതുങ്ങിക്കൂടാനും അതവരെ പ്രേരിപ്പിക്കും. ജീവിതത്തിന്റെ ഉന്നതമായ യാഥാര്‍ഥ്യം തിരിച്ചറിയുന്നതില്‍ അവരുടെ ബുദ്ധി പരാജയപ്പെട്ടിരിക്കുകയാണ്. യഥാര്‍ത്ഥ സന്തോഷത്തിന് പിന്നിലെ രഹസ്യം കണ്ടെത്തുന്നതില്‍ അവരുടെ മനസ്സും പരാജയപ്പെട്ടിരിക്കുന്നു.

അല്ലാഹു പറയുന്നു: ”ദൈവമാര്‍ഗത്തില്‍ നിങ്ങള്‍ വധിക്കപ്പെടുകയോ മരിച്ചുപോവുകയോ ചെയ്യുന്നുവെങ്കില്‍ അതുവഴി അല്ലാഹുവിങ്കല്‍നിന്നു ലഭിക്കാനിരിക്കുന്ന പാപമോചനവും അനുഗ്രഹവും, ഇക്കൂട്ടര്‍ സംഭരിച്ചുകൊണ്ടിരിക്കുന്നതിനെക്കാളെല്ലാം എത്രയോ ഉത്കൃഷ്ടമാകുന്നു. ” (ആലുഇംറാന്‍: 157) കപടന്‍മാരുടെ നേതാവ് ഇബ്‌നു സലൂലിന്റെയും കൂട്ടാളികളുടെയും കാര്യത്തില്‍ അവതരിപ്പിക്കപ്പെട്ട സൂക്തമാണിത്. പ്രവാചകനൊപ്പം യുദ്ധത്തിന് പോകുന്നതില്‍ നിന്ന് പിന്തിരിയുകയും വഞ്ചന കാണിക്കുകയും ചെയ്ത അവര്‍ യുദ്ധത്തില്‍ രക്തസാക്ഷികളായവരെ കുറിച്ച് പറഞ്ഞു: ”ഞങ്ങളെ അനുസരിച്ചിരുന്നെങ്കില്‍ അവര്‍ കൊല്ലപ്പെടുമായിരുന്നില്ല. ” (ആലുഇംറാന്‍: 168) അവരുടെ മൂഢമായ ഈ വിശ്വാസത്തിന് വായടപ്പന്‍ മറുപടി നല്‍കുകയാണ് ഖുര്‍ആന്‍. അല്ലാഹു പറയുന്നു:
”നിങ്ങളുടെ കൂട്ടത്തില്‍, (പടയൊരുക്കത്തിന്) പ്രതിബന്ധം സൃഷ്ടിക്കുന്ന ആളുകളെ അല്ലാഹു നന്നായറിയുന്നുണ്ട്: തങ്ങളുടെ സഹോദരന്മാരോട്, ‘ഞങ്ങളുടെ കൂടെ വരൂ’എന്നാവശ്യപ്പെടുന്നവരെ, യുദ്ധത്തില്‍ പങ്കെടുക്കുകയാണെങ്കില്‍ത്തന്നെ പേരിനു മാത്രം പങ്കെടുക്കുന്നവരാണവര്‍. ” (അല്‍അഹ്‌സാബ്: 18)
”നിങ്ങള്‍ യുദ്ധമുതലുകള്‍ കൈവശപ്പെടുത്താനാണ് പോകുന്നതെങ്കില്‍, ഈ പിന്‍മാറിപ്പോകുന്നവര്‍ തീര്‍ച്ചയായും പറയും: ‘ഞങ്ങളെക്കൂടി നിങ്ങളോടൊപ്പം വരാനനുവദിക്കൂ. ‘അവരാഗ്രഹിക്കുന്നത് അല്ലാഹുവിന്റെ ശാസനയെ മാറ്റിമറിക്കാനാണ്. അവരോട് തുറന്നു പറയുക: ‘നിങ്ങള്‍ക്കൊരിക്കലും ഞങ്ങളോടൊപ്പം വരാനാവില്ല. അല്ലാഹു നേരത്തേതന്നെ അത് അരുള്‍ചെയ്തിട്ടുണ്ട്. ‘അപ്പോഴവര്‍ പറയും: ‘അല്ല, നിങ്ങള്‍ ഞങ്ങളോട് അസൂയ കാട്ടുകയാണ്. ‘ (എന്നാലോ അതസൂയയുടെ പ്രശ്‌നമല്ല) പ്രത്യുത, ഈ ജനം യാഥാര്‍ഥ്യം വളരെക്കുറച്ചേ മനസ്സിലാക്കുന്നുള്ളൂ. ” (അല്‍ഫത്ഹ്: 15)

മെനഞ്ഞെടുത്ത വിചിത്രമായ ന്യായങ്ങളാണ് അവര്‍ ഉന്നയിക്കുന്നത്. കുടുംബവും സമ്പത്തും മുസ്‌ലിംകള്‍ക്കെല്ലാം ഉള്ളതല്ലേ? അതുകൊണ്ട് സമരവും സമര്‍പ്പണവുമൊന്നും വേണ്ടതില്ല എന്നാണോ? എത്ര ബുദ്ധിശൂന്യന്‍മാരാണ് ഇക്കൂട്ടര്‍! നിഷേധത്തിന്റെ ശക്തികള്‍ക്ക് അധര്‍മത്തിനും ബലപ്രയോഗത്തിലൂടെ ലോകത്ത് തങ്ങളുടെ മേധാവിത്വം അടിച്ചേല്‍പ്പിക്കാനും വേണ്ടി പോരാടുന്ന സൈന്യങ്ങളില്ലേ? ദൈവിക മാര്‍ഗത്തെ പ്രതിരോധിക്കുന്നതിന് കോടികള്‍ അവര്‍ ചെലവഴിക്കുന്നില്ലേ?

ഭൂമിയില്‍ ഇബ്‌ലീസും പിശാചുക്കളും ഇല്ലായിരുന്നെങ്കില്‍ മുനാഫിഖുകളാകുമായിരുന്നു അതിലെ പിശാചുക്കളും ഇബ്‌ലീസും എന്ന് മുമ്പ് ആരോ പറഞ്ഞത് വളരെ പ്രസക്തമാണ്.

ന്യായമായ കാരണമില്ലാതെ -ശാരീരിക ദൗര്‍ബല്യം, രോഗം, ചെലവിന് പോലും വകയില്ലാതിരിക്കുക – ദൈവിക മാര്‍ഗത്തിലെ സമരത്തില്‍ നിന്ന് പിന്തിരിയുന്നത് മുനാഫിഖുകളുടെ അടയാളമാണ്. അല്ലാഹു പറയുന്നു: ”ദുര്‍ബലരും രോഗികളും, ജിഹാദിനു പോകാന്‍വേണ്ട ചെലവിനു വഴി കണ്ടെത്താത്തവരും ഒഴിഞ്ഞുനില്‍ക്കുന്നുവെങ്കില്‍ അതില്‍ കുറ്റമൊന്നുമില്ലഅവര്‍ അല്ലാഹുവിനോടും അവന്റെ ദൂതനോടും നിഷ്‌കളങ്കമായ ഗുണകാംക്ഷയുള്ളവരാണെങ്കില്‍. ഇത്തരം സജ്ജനങ്ങളെ ആക്ഷേപിക്കാന്‍ ഒരു ന്യായവുമില്ല. അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനുമല്ലോ. നിന്നെ സമീപിച്ച്, ഞങ്ങള്‍ക്ക് വാഹനം കിട്ടുമാറാക്കണമെന്ന് അപേക്ഷിച്ചവരും ഇപ്രകാരം നിരപരാധികളാകുന്നു. നിങ്ങള്‍ക്ക് വാഹനം ഏര്‍പ്പെടുത്താന്‍ സാധിക്കുന്നില്ലല്ലോ എന്ന് നീ പറഞ്ഞപ്പോള്‍ അവര്‍ ഗത്യന്തരമില്ലാതെ തിരിച്ചുപോയതായിരുന്നു. അപ്പോള്‍ അവര്‍ കണ്ണീരൊഴുക്കുന്നുണ്ടായിരുന്നു. സ്വന്തം ചെലവില്‍ ജിഹാദിനു പോകാന്‍ കഴിവില്ലാത്തതില്‍ അതീവ ദുഃഖിതരായിരുന്നു അവര്‍. സമ്പന്നരായിരുന്നിട്ടും ജിഹാദില്‍ പങ്കെടുക്കുന്നതില്‍നിന്ന് വിടുതല്‍ നല്‍കാന്‍ നിന്നോട് അപേക്ഷിച്ചവരെക്കുറിച്ചു മാത്രമാകുന്നു ആക്ഷേപമുള്ളത്. വീട്ടില്‍ ഇരിക്കുന്നവരില്‍ ഉള്‍പ്പെടാനാണ് അവര്‍ ഇഷ്ടപ്പെട്ടത്. അല്ലാഹു അവരുടെ ഹൃദയങ്ങളിന്മേല്‍ മുദ്രവെച്ചു. അതുകൊണ്ട് (അവരുടെ ഈ നിലപാട് അല്ലാഹുവിന്റെ സന്നിധിയില്‍ എന്തു ഫലമാണുളവാക്കുകയെന്ന്) ഇപ്പോള്‍ അവര്‍ തീരെ അറിയുന്നില്ല. ” (അത്തൗബ: 91-93)
”പ്രവാചകാ, നേട്ടം എളുപ്പത്തില്‍ ലഭിക്കുന്നതും യാത്ര അനായാസവുമായിരുന്നുവെങ്കില്‍ തീര്‍ച്ചയായും അവര്‍ നിന്റെ പിമ്പെ പോരാന്‍ സന്നദ്ധരാകുമായിരുന്നു. പക്ഷേ, അവര്‍ക്ക് ഈ വഴിദൂരം ദുസ്സഹമായിരിക്കുന്നു. അവര്‍ അല്ലാഹുവില്‍ ആണയിട്ട് പറയും: ‘ഞങ്ങള്‍ക്കു സാധ്യമായിരുന്നെങ്കില്‍ നിശ്ചയമായും നിങ്ങളോടൊപ്പം വരുമായിരുന്നു. അവര്‍ അവരെത്തന്നെ ആപത്തിലെറിഞ്ഞുകൊണ്ടിരിക്കുകയാണ്. കള്ളംതന്നെയാണവര്‍ പറയുന്നതെന്ന് അല്ലാഹു നല്ലവണ്ണമറിയുന്നുണ്ട്.
പ്രവാചകാ, അല്ലാഹു നിനക്ക് മാപ്പുതന്നിരിക്കുന്നു. നീ അവര്‍ക്ക് ഇളവ് നല്‍കിയതെന്തിന്? (ഇളവ് നല്‍കരുതായിരുന്നു;) അങ്ങനെ സത്യവാന്മാരാരെന്ന് നിനക്കു വെളിപ്പെടുമായിരുന്നു; വ്യാജന്മാരെ തിരിച്ചറിയുകയും ചെയ്യുമായിരുന്നു. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവര്‍ ധനംകൊണ്ടും ദേഹംകൊണ്ടും സമരം ചെയ്യുന്നതില്‍നിന്ന് തങ്ങളെ ഒഴിവാക്കണമെന്ന് ഒരിക്കലും നിന്നോട് അപേക്ഷിക്കുകയില്ല. അല്ലാഹു ഭക്തന്മാരെ നന്നായറിയുന്നു. ഇത്തരം അപേക്ഷകള്‍ സമര്‍പ്പിക്കുക അല്ലാഹുവിലും അന്ത്യനാളിലും വിശ്വാസമില്ലാത്തവരും ഹൃദയങ്ങളില്‍ സന്ദേഹം പുലര്‍ത്തുന്നവരും സന്ദേഹത്തില്‍ ചാഞ്ചാടിക്കൊണ്ടിരിക്കുന്നവരും മാത്രമാകുന്നു. യഥാര്‍ഥത്തില്‍ നിങ്ങളോടൊപ്പം പുറപ്പെടാനുദ്ദേശ്യമുണ്ടായിരുന്നുവെങ്കില്‍ അവരതിനുവേണ്ടി ഒരുക്കങ്ങള്‍ ചെയ്യുമായിരുന്നു. എന്നാല്‍, അവര്‍ പുറപ്പെടുന്നത് അല്ലാഹുവിന് ഇഷ്ടമുണ്ടായിരുന്നില്ല. അതിനാല്‍, അവന്‍ അവരെ ആലസ്യത്തില്‍ തടഞ്ഞുെവച്ചു. കുത്തിയിരിക്കുന്നവരോടൊപ്പം ഇരുന്നുകൊള്ളുക എന്നു പറയപ്പെടുകയും ചെയ്തു. അവര്‍ നിങ്ങളുടെ കൂടെ പുറപ്പെട്ടിരുന്നുവെങ്കില്‍ നിങ്ങള്‍ക്കു നാശമല്ലാതെ ഒന്നും വര്‍ധിപ്പിക്കുമായിരുന്നില്ല. നിങ്ങള്‍ക്കിടയില്‍ കലാപമുണ്ടാക്കാന്‍തന്നെ അവര്‍ ഓടിനടക്കുമായിരുന്നു. നിങ്ങളുടെ കൂട്ടത്തിലാകട്ടെ അവര്‍ക്ക് ചെവികൊടുക്കുന്ന പലരും ഉണ്ടുതാനും. അല്ലാഹു ആ ധിക്കാരികളെ നന്നായി അറിയുന്നു. ഇതിനു മുമ്പും ഇക്കൂട്ടര്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. നിന്നെ പരാജയപ്പെടുത്തുന്നതിന് അവര്‍ സകലവിധ തന്ത്രങ്ങളും മാറിമാറി പയറ്റിക്കഴിഞ്ഞിട്ടുള്ളതുമാണ്അങ്ങനെ അവരുടെ അഭീഷ്ടത്തിനു വിരുദ്ധമായി സത്യം സമാഗതമാവുകയും അല്ലാഹുവിന്റെ വിധി പുലരുകയും ചെയ്തു. അവരില്‍ ഇപ്രകാരം പറയുന്ന ചിലരുണ്ട്: ‘എനിക്ക് ഇളവു തന്നാലും. എന്നെ കുഴപ്പത്തിലാക്കാതിരുന്നാലും’എന്നാല്‍ ഇതാ, കുഴപ്പത്തില്‍ത്തന്നെയാണ് അവര്‍ അകപ്പെട്ടിട്ടുള്ളത്. തീര്‍ച്ചയായും നരകം, ഈ നിഷേധികളെ വലയംചെയ്തിരിക്കുന്നു. ” (അത്തൗബ: 42-49)

തബൂക് യുദ്ധത്തില്‍ നിന്ന് വിട്ടുനിന്ന മുനാഫിഖുകളെ കുറിച്ചാണ് മുകളിലെ സൂക്തങ്ങള്‍ വിവരിക്കുന്നത്. ചെറിയ യാത്രയും എളുപ്പത്തില്‍ നേട്ടം ലഭിക്കുമെന്നും പ്രതീക്ഷിച്ചിരുന്നെങ്കില്‍ അവര്‍ വിട്ടുനില്‍ക്കുമായിരുന്നില്ല. പ്രയാസകരമായ യാത്രയും ശത്രുക്കളുടെ കാഠിന്യവും കരുതിയാണ് അവര്‍ വിട്ടുനിന്നത്. എന്നാല്‍ ദൈവമാര്‍ഗത്തിലെ സമരത്തില്‍ നിന്ന് വിട്ടുനിന്ന ഇക്കൂട്ടര്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാത്തവരാണെന്ന് അല്ലാഹു വ്യക്തമാക്കുന്നു.

അല്ലാഹു പറയുന്നു: ”പടയില്‍നിന്ന് പിന്മാറിയവര്‍ ദൈവദൂതനെ അനുഗമിക്കാതെ വീട്ടിലിരുന്നതില്‍ സന്തുഷ്ടരായിരിക്കുന്നു. ദൈവികമാര്‍ഗത്തില്‍ ദേഹംകൊണ്ടും ധനംകൊണ്ടും സമരംചെയ്യുന്നത് അവര്‍ക്കസഹ്യമായി. അവര്‍ ജനത്തോടു പറഞ്ഞു: ‘ഈ കൊടും ചൂടില്‍ പുറപ്പെടരുത്. ‘ ഇക്കൂട്ടരോടു പറയുക: ‘നരകാഗ്‌നി അതിനെക്കാള്‍ ചൂടേറിയതാകുന്നു. ‘ കഷ്ടം, അവര്‍ക്ക് ആ ബോധം ഉണ്ടായിരുന്നുവെങ്കില്‍! ഇപ്പോള്‍ ഇക്കൂട്ടര്‍ ചിരിയൊന്നു കുറച്ചുകൊള്ളട്ടെ. ധാരാളം കരയട്ടെ. കാരണം, അവര്‍ നേടിവെച്ചിട്ടുള്ള തിന്മകളുടെ പ്രതിഫലം (അവരെ കരയിക്കുന്നതു) തന്നെയാകുന്നു. ” (അത്തൗബ: 81-82)

അവരുടെ വിചിത്രമായ കാരണത്തെ അല്ലാഹു ഖണ്ഡിക്കുകയാണ് ഈ സൂക്തത്തിലൂടെ. കഠിനമായ ഈ ചൂടില്‍ യുദ്ധത്തിന് പോകേണ്ട എന്നായിരുന്നു അവര്‍ പരസ്പരം മന്ത്രിച്ചത്. എന്നാല്‍ നരകത്തീ ഇതിലേറെ ചൂടുള്ളതാണെന്ന മറുപടിയാണ് അല്ലാഹു നല്‍കുന്നത്. തുടര്‍ന്ന് അവരുടെ വായടപ്പിച്ചു കൊണ്ട് ‘അതുകൊണ്ട് അല്‍പം മാത്രം ചിരിച്ചാല്‍ മതി, കൂടുതല്‍ കരയട്ടെ’ എന്ന് ശക്തമായ താക്കീതും നല്‍കുന്നു. അതായത് ഈ ലോകത്ത് അവര്‍ കുറച്ച് ചിരിക്കട്ടെ, എന്നാല്‍ പരലോകത്ത് അവരുടെ ദുര്‍വൃത്തികള്‍ കാരണം ദീര്‍ഘമായി അവര്‍ കരയേണ്ടി വരും.

ഐഹിക വിഭവങ്ങള്‍ ദൈവമാര്‍ഗത്തിലെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഒരാളെ അശ്രദ്ധനാക്കുന്നുവെങ്കില്‍ മഹാവിപത്താണത്. പരീക്ഷണങ്ങളും പ്രയാസങ്ങളും വരുമ്പോള്‍ സഹനം കൈക്കൊള്ളാന്‍ അവര്‍ക്ക് സാധിക്കുകയില്ല. അല്ലാഹു പറയുന്നു: ”ഓരത്തുനിന്ന് അല്ലാഹുവിന് ഇബാദത്ത് ചെയ്യുന്ന ചില ജനങ്ങളുമുണ്ട്. ഗുണം സിദ്ധിക്കുകയാണെങ്കില്‍ സംതൃപ്തരായി. വല്ല ദോഷവും ബാധിച്ചാലോ, അപ്പോള്‍ തിരിഞ്ഞുകളയുന്നു. അവന്ന് ഇഹവും പരവും നഷ്ടപ്പെട്ടിരിക്കുന്നു. അതത്രെ തെളിഞ്ഞ നഷ്ടം. ” (അല്‍ഹജ്ജ്: 11)
മറ്റൊരിടത്ത് അല്ലാഹു പറയുന്നു: ”ചില ആളുകളുണ്ട്; അവര്‍ പറയും: ‘ഞങ്ങള്‍ അല്ലാഹുവില്‍ വിശ്വസിച്ചിരിക്കുന്നു’എന്ന്. പക്ഷേ, അല്ലാഹുവിന്റെ കാര്യത്തില്‍ മര്‍ദിക്കപ്പെട്ടാലോ അപ്പോള്‍ ജനങ്ങളാലുള്ള ദ്രോഹത്തെ അവര്‍ അല്ലാഹുവിന്റെ ശിക്ഷപോലെ കരുതിക്കളയുന്നു. ഇനി നിന്റെ നാഥങ്കല്‍നിന്ന് സഹായവും വിജയവും സമാഗതമാവുകയാണെങ്കില്‍, ഇതേ ആളുകള്‍തന്നെ പറയും: ‘നിശ്ചയം, ഞങ്ങള്‍ നിങ്ങളോടൊപ്പമാണല്ലോ. ‘ലോകരുടെ മനോഗതങ്ങള്‍ നല്ലവണ്ണമറിയുന്നവനല്ലയോ അല്ലാഹു! നിശ്ചയം, സത്യവിശ്വാസികളാരെന്നും കപടന്മാരാരെന്നും അല്ലാഹുവിന് കണ്ടറിയുകതന്നെ ചെയ്യേണ്ടതുണ്ട്. ” (അല്‍അന്‍കബൂത്ത്: 10-11)

സന്തോഷകരമായ കാര്യങ്ങള്‍ സംഭവിക്കുകയോ അനുഗ്രഹങ്ങള്‍ ലഭിക്കുകയോ ചെയ്താല്‍ അതില്‍ സന്തോഷിക്കുന്നത് കാപട്യത്തിന്റെ വ്യക്തമായ അടയാളമാണ്. വല്ല ദുരിതവുമാണ് അവര്‍ക്ക് സംഭവിക്കുന്നതെങ്കില്‍ അതില്‍ രോഷം കൊള്ളുകയും തകര്‍ന്നു പോവുകയും ചെയ്യും. അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള പ്രയാസങ്ങള്‍ സഹിക്കാനുള്ള ശേഷി അവര്‍ക്കുണ്ടായിരിക്കുകയില്ല. പരീക്ഷണങ്ങളും പ്രയാസങ്ങളും വിശ്വാസിക്ക് ഗുണകരമാണ്. എന്നാല്‍ അതില്‍ സഹനം കൈക്കൊള്ളാന്‍ സാധിക്കാത്ത മുനാഫിഖിന് അത് ഗുണകരമായിരിക്കില്ല. വിശ്വാസിക്ക് അതിലൂടെ അല്ലാഹുവിന്റെ സാമീപ്യവും സ്‌നേഹവും ലഭിക്കുകയും അവന്റെ പാപങ്ങള്‍ പൊറുത്തുകൊടുക്കപ്പെടുകയും ചെയ്യും. പ്രാര്‍ഥനയും അതിലെ ആത്മാര്‍ഥതയും അവര്‍ മനസ്സിലാക്കുകയും അല്ലാഹുവിന്റെ സഹായത്തില്‍ സന്തോഷിക്കുകയും ചെയ്യും. അവന്‍ അല്ലാഹുവിന്റെ വിധിയില്‍ സഹനം കൈക്കൊള്ളുകയും തൃപ്തിപ്പെടുകയും നന്ദി കാണിക്കുകയും ചെയ്യും. ഈ ദുരിതത്തിന്റെ നാളുകള്‍ നീങ്ങി സന്തോഷത്തിന്റെ നാളുകള്‍ വരുമെന്ന ഉറച്ച വിശ്വാസം അവന്റെ ഉള്ളിലുണ്ട്. അതേസമയം ഐഹികമായ വല്ല നേട്ടവുണ്ടായാല്‍ അതില്‍ സന്തോഷിക്കുന്ന കപടന്‍മാര്‍ അത് തടയപ്പെട്ടാല്‍ രോഷം കൊള്ളുകയും ദുഖിക്കുകയും ചെയ്യും.

വിവ: നസീഫ്‌

Related Articles