Current Date

Search
Close this search box.
Search
Close this search box.

ഏത് കച്ചവടമാണ് നിങ്ങള്‍ക്ക് പ്രിയം?

scale-wg.jpg

നമുക്കു ചുറ്റുമുള്ള കച്ചവടക്കാര്‍ തങ്ങളുടെ ലാഭവും വരുമാനവും ഇരട്ടിപ്പിക്കാന്‍ കാണിക്കുന്ന ജാഗ്രതയെ കുറിച്ച് ഞാനൊരിക്കല്‍ ആലോചിച്ചു. ഓരോ സീസണിലും ഏതൊക്കെ ഉല്‍പന്നങ്ങളാണ് ഉപഭോക്താക്കള്‍ക്ക് ആവശ്യമെന്നും അവരുടെ താല്‍പര്യങ്ങളില്‍ വരുന്ന മാറ്റങ്ങളും കച്ചവടക്കാരന്‍ സദാ നിരീക്ഷിക്കുന്നു. വിപണിയെ സംബന്ധിക്കുന്ന വാര്‍ത്തകള്‍ അവന്‍ അരിച്ചു പെറുക്കി അവന്‍ വായിക്കുന്നു. തന്റെ വരുമാനം വര്‍ധിപ്പിക്കാനുള്ള സുവര്‍ണാവസരങ്ങള്‍ നഷ്ടപ്പെട്ടു പോകാതിരിക്കാനുള്ള ജാഗ്രതയുടെ ഭാഗമാണിതെല്ലാം.

ഇസ്‌ലാം നിഷ്‌കര്‍ശിച്ചിട്ടുള്ള വ്യവസ്ഥകളും ഹലാല്‍-ഹറാം സംബന്ധിച്ച നിയമങ്ങളും പാലിച്ചു കൊണ്ടുള്ള കച്ചവടത്തെ ഇസ്‌ലാം വളരെയേറെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. ശാമിലേക്ക് കച്ചവടത്തിന് പോയ പ്രവാചകന്‍(സ)യുടെ മാതൃകയും നമ്മുടെ മുമ്പിലുണ്ട്. ഒരിക്കല്‍ ഒരാള്‍ പ്രവാചകനോട് ചോദിച്ചു: ഏറ്റവും ഉത്തമമായ സമ്പാദ്യമേതാണ്? നബി(സ) മറുപടി നല്‍കി: ”ഒരാള്‍ തന്റെ കരങ്ങള്‍ കൊണ്ട് പ്രവര്‍ത്തിക്കുന്നതും പുണ്യകരമായ എല്ലാ കച്ചവടവും.” അബൂബക്ര്‍, ഉഥ്മാന്‍, അബ്ദുറഹ്മാന്‍ ബിന്‍ ഔഫ് തുടങ്ങിയ പല പ്രമുഖ പ്രവാചകാനുചരന്‍മാരും കച്ചവടക്കാരായിരുന്നു എന്ന് കാണാം.

ഐഹികമായ കച്ചവടത്തില്‍ കാണിക്കുന്ന പ്രാധാന്യം എന്തുകൊണ്ട് മുസ്‌ലിംകള്‍ തങ്ങളുടെ പാരത്രിക കച്ചവടത്തില്‍ കാണിക്കുന്നില്ല എന്നതാണ് എന്റെ ചോദ്യം. ഇവിടത്തെ കച്ചവടത്തില്‍ പുലര്‍ത്തുന്ന ജാഗ്രതയുടെ ചെറിയൊരു ഭാഗമെങ്കിലും പാരത്രിക കാര്യത്തിലുണ്ടോ? ഇവിടെ വന്‍ ലാഭങ്ങള്‍ ഉണ്ടാക്കിത്തരുന്ന സുവര്‍ണാവസരങ്ങള്‍ക്ക് ലഭിക്കുന്ന സ്വീകാര്യതെ എന്തുകൊണ്ട് പരലോകത്ത് മഹാ നേട്ടങ്ങള്‍ സമ്മാനിക്കുന്ന അവസരങ്ങള്‍ക്ക് ലഭിക്കുന്നില്ല?

ചെറിയ ചെറിയ ശ്രമങ്ങളിലൂടെ വലിയ പ്രതിഫലം ലഭിക്കുന്ന സുവര്‍ണാവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ സോഷ്യല്‍ മീഡിയകളിലൂടെ പ്രേരണ നല്‍കുന്ന പ്രബോധകരുണ്ട്. പരലോകത്തെ ലാഭകരമായ കച്ചവടത്തെ കുറിച്ച് ഉണര്‍ത്തുന്ന അവക്കൊന്നും പൊതുവെ ജനങ്ങളില്‍ നിന്നും ഉത്തരം ലഭിക്കാറില്ല. എന്റെ മനസ്സില്‍ പല ചോദ്യങ്ങളും ഉയര്‍ത്തിയിട്ടുള്ള ഒരു കാര്യമാണിത്. അതേസമയം പാരത്രിക കച്ചവടവുമായും അതിന് ദൈവം നല്‍കുന്ന മഹത്തായ പ്രതിഫലവുമായി തട്ടിച്ചു നോക്കുമ്പോള്‍ വളരെ നിസ്സാരമായ ഐഹികകാര്യങ്ങള്‍ വമ്പിച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.

അബൂഹുറൈറ(റ)ല്‍ നിന്നും നിവേദനം ചെയ്യപ്പെട്ട ഒരു ഹദീസ് അതിന് മതിയായ ഉദാഹരണമാണ്. പ്രവാചകന്‍(സ) പറയുന്നു: ‘ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക ലഹു, ലഹുല്‍ മുല്‍കു വലഹുല്‍ ഹംദു വഹുവ അലാ കുല്ല ശൈഇന്‍ ഖദീര്‍’ (അല്ലാഹുവല്ലാതെ ഇലാഹില്ല, അവന്‍ ഏകന്‍, അവന് പങ്കാളിയുമില്ല. അവനാണ് അധികാരവും സര്‍വസ്തുതിയും. അവന്‍ എല്ലാറ്റിനും കഴിവുറ്റവനാണ്) എന്ന് ആരെങ്കിലും ദിവസത്തില്‍ നൂറുതവണ ചൊല്ലിയാല്‍ നൂറ് നന്മകള്‍ അവന്റെ പേരില്‍ രേഖപ്പെടുത്തപ്പെടും. അവന്റെ മേലുണ്ടായിരുന്ന നൂറ് തിന്മകള്‍ മായ്ച്ചുകളപ്പെടുകയും ആ ദിവസം വൈകുന്നേരമാകുന്നത് വരെ പിശാചില്‍ നിന്ന് അവന് സംരക്ഷണവും ലഭിക്കും.’

സവിശേഷമായ ലാഭം നല്‍കുന്ന പാരത്രിക കച്ചവടത്തെ കുറിച്ചാണ് ഹദീസില്‍ പറഞ്ഞിട്ടുള്ളത്. കൂടുതല്‍ നന്മകള്‍ കരസ്ഥമാക്കാനും കുറ്റങ്ങള്‍ പൊറുക്കപ്പെടാനും പിശാചില്‍ നിന്ന് സംരക്ഷണം ലഭിക്കുന്നതിനുമുള്ള വേറിട്ട അവസരമാണത്. എന്നാല്‍ അധിക മുസ്‌ലിംകളും ഇക്കാര്യത്തില്‍ അശ്രദ്ധയാണ് കാണിക്കുന്നത്. ഇടവേളകള്‍ പോലും ചെറിയ ഐഹിക നേട്ടങ്ങള്‍ക്കായി നീക്കിവെക്കുന്ന മനുഷ്യന്‍ ഇക്കാര്യത്തില്‍ ഒരു താല്‍പര്യവും കാണിക്കുന്നില്ല. വലിയ പ്രതിഫലം നേടിത്തരുന്ന ചെറിയ കര്‍മങ്ങള്‍ ഹദീസുകള്‍ നമുക്ക് പരിചയപ്പെടുത്തി തരുന്നുണ്ട്. നമ്മുടെ ശരീരത്തിനും നാവുകള്‍ക്കും വളരെ ലഘുവാണ് അവയെങ്കിലും അല്ലാഹുവിന്റെ ത്രാസ്സില്‍ ഭാരം തൂങ്ങുന്നവയാണവ. ഔസ് ബിന്‍ ഔസ് അസ്സഖഫിയില്‍ നിന്നും ഉദ്ധരിക്കുന്നത് കാണുക: പ്രവാചകന്‍(സ) പറയുന്നതായി ഞാന്‍ കേട്ടു: ‘വെള്ളിയാഴ്ച്ച ദിവസം ഒരാള്‍ നന്നായി കുളിച്ച് വളരെ നേരത്തെ, നടന്ന് പള്ളിയിലെത്തി ഇമാമിനടുത്ത് സ്ഥാനം പിടിച്ച് അദ്ദേഹം പറയുന്നത് അശ്രദ്ധയൊന്നും കൂടാതെ ശ്രവിക്കുകയും ചെയ്താല്‍ അവന്റെ ഓരോ കാലടിക്കും ഒരു വര്‍ഷത്തെ നോമ്പിന്റെയും നമസ്‌കാരത്തിന്റെയും പ്രതിഫലമുണ്ട്.’ (തിര്‍മിദി) എന്നിട്ടും എന്താണ് ജനങ്ങള്‍ ഇക്കാര്യത്തില്‍ മത്സരിച്ച് മുന്നോട്ടു വരാത്തത്?

നിസ്സാരവും നശ്വരവുമായ ഐഹിക നേട്ടങ്ങള്‍ക്ക് അതിയായ പ്രാധാന്യം നല്‍കുന്ന മനുഷ്യന്‍ ശാശ്വതവും ധാരമുറിയാത്തതുമായ പാരത്രിക നേട്ടങ്ങളെ അവഗണിക്കുന്നതിന്റെ കാരണം എന്താണ്? വിശ്വാസത്തിലുള്ള ദൗര്‍ബല്യവും ഇമാനിന്റെ കുറവുമാണ് അതെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. പ്രവാചകാനുചരന്‍മാരുടെ ഗുണഗണങ്ങള്‍ ഒരുപക്ഷേ അതിന്റെ ഏറ്റവും നല്ല തെളിവായിരിക്കാം. അടിയുറച്ച ആദര്‍ശത്തിന്റെയും അചഞ്ചലമായ വിശ്വാസത്തിന്റെയും ഉടമകളായിരുന്നു അവര്‍. പരലോകമാണ് ശാശ്വതമെന്നും നശിച്ചു പോകുന്ന ഐഹികലോകത്തേക്കാള്‍ എത്രയോ ഉത്തമമാണതെന്നുമുള്ള ഉറച്ച ബോധ്യമായിരുന്നു അവരില്‍ നിലനിന്നിരുന്നത്. അതുകൊണ്ടു തന്നെ ഐഹിക വ്യാപാരങ്ങള്‍ പാരത്രിക നേട്ടങ്ങളുടെ കാര്യത്തില്‍ അവരെ ഒട്ടും അശ്രദ്ധരാക്കിയില്ല.

അബൂഹുറൈറ(റ) പറയുന്നു: പാവപ്പെട്ട ആളുകള്‍ നബി(സ)യുടെ അടുക്കലെത്തി പറഞ്ഞു: ‘സമ്പന്നരായ ആളുകള്‍ അവരുടെ സമ്പത്തു കൊണ്ട് ഉയര്‍ന്ന സ്ഥാനങ്ങളും അനുഗ്രഹങ്ങളും കരസ്ഥമാക്കിയിരിക്കുന്നു. ഞങ്ങള്‍ നമസ്‌കരിക്കുന്ന പോലെ അവരും നമസ്‌കരിക്കുന്നു, ഞങ്ങള്‍ നോമ്പെടുക്കും പോലെ അവരും നോമ്പെടുക്കുന്നു, അവശേഷിക്കുന്ന സമ്പത്ത് കൊണ്ടവര്‍ ഹജ്ജും ഉംറയും ജിഹാദും ദാനധര്‍മങ്ങളും നിര്‍വഹിക്കുന്നു. നബി(സ) പറഞ്ഞു: ഒരു കാര്യം നിങ്ങള്‍ക്ക് അറിയിച്ചു തരട്ടെയോ, നിങ്ങളത് സ്വീകരിക്കുകയാണെങ്കില്‍ നിങ്ങള്‍ ചെയ്തത് പോലെ ചെയ്താലല്ലാതെ നിങ്ങള്‍ക്ക് മുമ്പ് കഴിഞ്ഞു പോയവര്‍ക്കോ ഇനി വരാനിരിക്കുന്നവര്‍ക്കോ നിങ്ങളുടെ സ്ഥാനത്ത് എത്താനാവില്ല. ഓരോ നമസ്‌കാരത്തിനും ശേഷം മുപ്പത്തിമൂന്ന് തവണ തസ്ബീഹും തഹ്മീദും തക്ബീറും ചൊല്ലലാണത്.” (ബുഖാരി)

ഐഹികമായ വ്യാപാരങ്ങള്‍ പ്രവാചകാനുചരന്‍മാരെ പാരത്രിക കാര്യങ്ങളില്‍ നിന്നും തെറ്റിച്ചില്ലെന്ന് വ്യക്തമാക്കുന്നതാണ് പ്രസ്തുത ഹദീസ്. പണക്കാരായ ആളുകള്‍ അവരുടെ പണം ദൈവിക മാര്‍ഗത്തില്‍ ചെലവഴിച്ച് പ്രതിഫലം നേടുമ്പോള്‍ ആ സ്ഥാനം നേടാനുള്ള വഴി തേടിയാണ് അവര്‍ പ്രവാചക സന്നിദ്ധിയില്‍ എത്തിയത്. അല്ലാഹുവിലും പരലോകത്തിലുമുള്ള അടിയുറച്ച വിശ്വാസമാണ് അതിനവരെ പ്രേരിപ്പിച്ചിട്ടുള്ളത്.

മക്കയില്‍ നിന്നും മദീനയിലേക്ക് ഹിജ്‌റ പുറപ്പെടുന്ന സന്ദര്‍ഭത്തില്‍ മക്കാ നിവാസികള്‍ സുഹൈബ് റൂമിയെ തടഞ്ഞു വെച്ച് മുഴുവന്‍ സമ്പത്തും അവിടെ ഉപേക്ഷിക്കാതെ വിട്ടയക്കില്ലെന്ന് പറഞ്ഞപ്പോള്‍ അതിന് തയ്യാറാവുകയാണ് അദ്ദേഹം ചെയ്തത്. ‘ലാഭകരമായ കച്ചവടം’ എന്നാണ് അതിനെ നബി തിരുമേനി വിശേഷിപ്പിച്ചത്. അല്ലാഹുവിന്റെ മുമ്പില്‍ വിചാരണ ചെയ്യപ്പെടുമെന്നും അന്ന് നന്മകളല്ലാതെ മറ്റൊന്നും ഉപകാരപ്പെടില്ലെന്നുമുള്ള ഉറച്ച ബോധ്യം വിശ്വാസികളില്‍ ഉണ്ടാക്കിയെടുക്കുകയാണ് പാരത്രിക കച്ചവടത്തോട് താല്‍പര്യമുണ്ടാക്കാനുള്ള മാര്‍ഗം.

Related Articles