Current Date

Search
Close this search box.
Search
Close this search box.

എല്ലാ വാതിലുകളും അടയുമ്പോള്‍….

siderweb.jpg

ഇസ്‌ലാമിക ചരിത്രത്തിലെ ഒരു നാഴികക്കല്ലായ ഹിജ്‌റയില്‍ മുസ്‌ലിംകള്‍ക്ക് സുപ്രധാനമായ പല പാഠങ്ങളുണ്ട്. പ്രഥമ ഇസ്‌ലാമിക സ്റ്റേറ്റിന്റെ സംസ്ഥാപനം, ഇസ്‌ലാമിക മൂല്യങ്ങളായ നീതി, സമത്വം, സ്വാതന്ത്ര്യം, സമാധാനം എന്നിവയുടെ വ്യാപനം എന്നിവയില്‍ കേന്ദ്രസ്ഥാനീയമായതിനാല്‍, ഖലീഫ ഉമര്‍ (റ) ഇസ്‌ലാമിക കലണ്ടറിന്ന് തുടക്കം കുറിച്ചത്, ഈ സംഭവം മുതലാണ്. ഹിജ്‌റ വര്‍ഷം!

ആധുനിക മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം, തങ്ങളുടെ പ്രയാസങ്ങളെയും വിഷമതകളെയും വിജയപ്രദമായി അതിജയിക്കാനും മറികടക്കാനും, പ്രവാചകന്റെ ഹിജ്‌റയെ കുറിച്ച് പഠിക്കേണ്ടതുണ്ട്. പ്രയാസത്തിന്നു ശേഷം ആശ്വാസവും, കൊടുങ്കാറ്റിന്നു ശേഷം സൂര്യപ്രകാശവും വരുന്നുവെന്നതാണ്, ഹിജ്‌റയിലെ സുപ്രധാനമായൊരു പാഠം. ഖുര്‍ആന്‍ പറയുന്നു: ‘ആകയാല്‍ പ്രയാസത്തോടൊപ്പം എളുപ്പവുമുണ്ട്. അതെ തീര്‍ച്ചയായും പ്രയാസത്തോടൊപ്പമാണ് എളുപ്പം.’ (94: 5-6)

ദുഖിക്കരുത്, അല്ലാഹു കൂടെയുണ്ട്!
ഹിജ്‌റയിലെ ഏറ്റവും പ്രയാസകരമായ ഘട്ടങ്ങളിലൊന്നും തന്നെ, പ്രവാചകനോ, അബൂബക്കര്‍ സിദ്ദീഖോ, അല്ലാഹുവിന്റെ പിന്തുണയെയും സഹായത്തെയും കുറിച്ച് നിരാശരാവുകയോ നിസ്സഹായത അനുഭവപ്പെടുകയോ ചെയ്തിരുന്നില്ല. ഉദാഹരണമായി, അവിടുന്നും സിദ്ദീഖും, പലായന വേളയില്‍ ഗുഹയില്‍ അഭയം തേടിയപ്പോള്‍, അവരെയന്വോഷിച്ചിറങ്ങിയ മക്കയിലെ അവിശ്വാസികള്‍, അവിടെ വെച്ചു പിടികൂടേണ്ടതായിരുന്നു. അപ്പോള്‍ അവിടുന്ന് സുഹൃത്തിനോട് പറഞ്ഞത്, ‘ദുഖിക്കരുത്, തീര്‍ച്ചയായും അല്ലാഹു നമ്മോടൊപ്പമുണ്ടെ’ന്നായിരുന്നു.

അങ്ങനെ, മക്കയിലെ അവിശ്വാസികളുടെ ദുഷ്ട പദ്ധതിയില്‍ നിന്നും പ്രവാചകനെയും കൂട്ടുകാരനെയും അല്ലാഹു രക്ഷിക്കുകയായിരുന്നു. സംഭവം ഖുര്‍ആന്‍ വിവരിക്കുന്നതിങ്ങനെ:
‘നിങ്ങള്‍ പ്രവാചകനെ സഹായിക്കുന്നില്ലെങ്കില്‍ സാരമില്ല, സത്യനിഷേധികള്‍ അദ്ദേഹത്തെ പുറത്താക്കിയ സന്ദര്‍ഭത്തില്‍ അല്ലാഹു അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്. അദ്ദേഹം രണ്ടിലൊരാള്‍ മാത്രമായിരുന്നപ്പോള്‍, അവര്‍ ഇരുവരും ആ ഗുഹയിലായിരുന്നപ്പോള്‍, അദ്ദേഹം തന്റെ സഖാവിനോടു, ‘വ്യസനിക്കാതിരിക്കുക; അല്ലാഹു നമ്മോടൊപ്പമുണ്ട്’ എന്നു പറഞ്ഞപ്പോള്‍. ആ സന്ദര്‍ഭത്തില്‍ അല്ലാഹു അവങ്കല്‍നിന്നുള്ള മനഃസമാധാനം അദ്ദേഹത്തിന് ഇറക്കിക്കൊടുത്തു. നിങ്ങള്‍ക്കു ദൃഷ്ടിഗോചരമല്ലാത്ത ഒരു സൈന്യത്താല്‍ അദ്ദേഹത്തെ സഹായിച്ചു. നിഷേധികളുടെ വചനത്തെ അവന്‍ താഴ്ത്തിക്കളഞ്ഞു. അല്ലാഹുവിന്റെ വചനം തെന്നയാണ് അത്യുന്നതം.’ (9: 40)

മക്കയില്‍ അവിശ്വാസികളാല്‍ ക്രൂരമര്‍ദ്ദനങ്ങള്‍ക്കും പീഡനങ്ങള്‍ക്കും വിധേയരായിരുന്ന മുസ്‌ലിംകള്‍, ഹിജ്‌റക്കു ശേഷം, സ്വതന്ത്രരായി മുസ്‌ലിംകളായി ജീവിക്കുകയായിരുന്നു. അതിനാല്‍ തന്നെ, നീതി, സ്വാതന്ത്ര്യം, സമത്വം, മാനവിക മഹത്വം എന്നീ മൂല്യങ്ങള്‍ തോകമൊട്ടുക്കും പ്രചരിപ്പിക്കാന്‍ അവര്‍ക്കു കഴിഞ്ഞു.

ദൈവിക സാന്നിദ്ധ്യം എപ്പോഴും നമുക്ക് അനുഭവപ്പെടണം. എന്നാല്‍ പ്രയാസകരമായ സന്ദര്‍ഭങ്ങളില്‍, നമുക്ക് മോചനം ലഭിക്കുക തന്നെ ചെയ്യും. സന്തോഷകരമായ സന്ദര്‍ഭങ്ങളില്‍, നിങ്ങളില്‍ ഔദാര്യങ്ങളും അനുഗ്രഹങ്ങളും ചൊരിഞ്ഞ അല്ലാഹുവെ സ്മരിക്കുകയും വേണം. ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം, നിരാശയും നിസ്സഹായതയും ഒരിക്കലും അയാളെ കീഴ്‌പെടുത്തിക്കൂടാ. അല്ലാഹു നിത്യനാണല്ലോ. അതിനാല്‍, അയാളുടെ സകല കാര്യങ്ങളും അവന്റെ നിയന്ത്രണത്തിന്‍ കീഴിലായിരിക്കും. അവന്‍ കരുണാവാരിധിയാണ്! ദയാലുവും!

പ്രമുഖ സഹാബി വര്യനായ ഇബ്‌നു അബ്ബാസ്(റ) നിവേദനം ചെയ്യുന്നു: ‘ഒരു ദിവസം തിരുമേനി(സ)യുടെ പിന്നില്‍ ഞാന്‍ സവാരി ചെയ്യുകയായിരുന്നു. അപ്പോള്‍ അവിടുന്ന് എന്നോട് പറഞ്ഞു: കുട്ടീ, നിനക്ക് ഞാന്‍ കുറച്ചു ഉപദേശങ്ങള്‍ തരാം. അല്ലാഹുവെ സ്മരിക്കുക, അവന്‍ നിന്നെ രക്ഷിക്കും! അല്ലാഹുവെ സ്മരിക്കുക, അവനെ നിന്റെ മുമ്പില്‍ കാണാം. നീ ചോദിക്കുകയാണെങ്കില്‍, അല്ലാഹുവോട് ചോദിക്കുക. നീ സഹായം തേടുകയാണെങ്കില്‍ അത് അല്ലാഹുവോട് തേടുക. മനസ്സിലാക്കുക! മനുഷ്യരെല്ലാം, നിനക്കൊരു ഗുണം ചെയ്യാനായി ഒരുമിക്കുകയാണെങ്കില്‍, അല്ലാഹു നിനക്ക് മുന്‍കൂട്ടി തീരുമാനിച്ചഗുണമേ അവര്‍ക്ക് ചെയ്യാനാവുകയുള്ളു. അവരെല്ലാം നിന്നെ ഉപദ്രവിക്കാന്‍ ഒരുമിക്കുകയാണെങ്കില്‍, അല്ലാഹു മുന്‍കൂട്ടി നിങ്ങള്‍ക്ക് തീരുമാനിച്ച ഉപദ്രവമേ അവര്‍ക്ക് ചെയ്യാനാവുകയുള്ളു. പേന ഉയര്‍ത്തപ്പെട്ടു കഴിഞ്ഞു. പേജുകള്‍ ഉണങ്ങുകയും ചെയ്തു.’ (തിര്‍മദി)

യഥാര്‍ത്ഥ ദൈവ വിശ്വാസം
ലക്ഷ്യ സാഫല്യത്തിന്നുള്ള യാതൊരു ശ്രമവും ഉപേക്ഷിക്കാതിരിക്കുകയാണ് യഥാര്‍ത്ഥ ദൈവിക വിശ്വാസം. എന്നാല്‍, എന്തു സംഭവിച്ചാലും അത് തനിക്ക് അനുഗുണമേ ആവുകയുള്ളുവെന്നറിഞ്ഞു ദൈവകല്‍പിതത്തില്‍ സംതൃപ്തിയടയണമെന്നു മാത്രം. കഴിവനുസരിച്ചു നന്മ ചെയ്യുക, ഫലപ്രാപ്തിയില്‍ അല്ലാഹുവില്‍ വിശ്വാസമര്‍പ്പിക്കുക. ഇതായിരിക്കണം വിശ്വാസിയുടെ നിലപാട്.

മദീനയിലേക്ക് ഹിജ്‌റ പുറപ്പെട്ട പ്രവാചകന്‍, തന്റെയും അനുയായിയുടെയും ജീവ സുരക്ഷക്കാവശ്യമായ ഒന്നും ചെയ്യാതിരുന്നിട്ടില്ല. ഇസ്‌ലാമിക സന്ദേശ പ്രചാരണവും, പ്രഥമ ഇസ്‌ലാമിക സ്റ്റേറ്റിന്റെ സംസ്ഥാപനവുമായിരുന്നുവല്ലോ അവിടുത്തെ ലക്ഷ്യം. മക്കാ അവിശ്വാസികള്‍ തങ്ങള്‍ അഭയം തേടിയ ഗുഹാ മുഖത്തെത്തിയപ്പോള്‍, അല്ലാഹു തന്നെ ഏകാകിയായി വിടുകയില്ലെന്ന അചഞ്ചല വിശ്വാസം അദ്ദേഹത്തിന്നുണ്ടായിരുന്നു. ഇഹത്തിലെയും പരത്തിലെയും ഫലപ്രാപ്തി അല്ലാഹുവിന്ന് വിട്ടു കൊണ്ട്, സാമൂഹ്യ സേവനത്തിന്നാവശ്യമായ പരമാവധി കഴിവ് വിനിയോഗിച്ചു യഥാര്‍ഥ ദൈവ വിശ്വാസം നിലനിറുത്താന്‍, ഇന്ന് മുസ്‌ലിംകള്‍ ബാധ്യസ്ഥരാണ്.  സത്യസന്ധമായി, അല്ലാഹുവിനെ ആശ്രയിക്കുക മാത്രമേ നാം ചെയ്യേണ്ടതുള്ളു. ശൈഖ് അഹ്മദ് ബിന്‍ അത്വാഉല്ലാഹ് സിക്കന്തരി, പ്രശസ്തമായ തന്റെ അല്‍ ഹികം എന്ന കൃതിയിലെഴുതുന്നു:

‘അസ്വസ്ഥതകളില്‍ നിന്ന് സ്വയം മുക്തരാവുക! നിങ്ങള്‍ക്കു വേണ്ടി നിങ്ങളുടെ കാര്യങ്ങള്‍, ആദ്യമേ തന്നെ ഒരാള്‍ – അല്ലാഹു – ശ്രദ്ധിച്ചു വ്യവസ്ഥപ്പെടുത്തുന്നുണ്ട്.’

ഈ ഗ്രന്ഥത്തിന്റെ വ്യാഖ്യാനത്തില്‍, ഡോ. ജാസര്‍ ഔദ എഴുതി: ‘ഒരു കര്‍മത്തിന്റെ അനന്തരഫലത്തെ വിചാരിക്കുക’ എന്നാണ്, മൂലവാക്യത്തിലെ ‘തദ്ബീര്‍’ എന്ന അറബി പദത്തിന്റെ വിവക്ഷ. അപ്പോള്‍, അനന്തരഫലവുമായാണ് തദ്ബീര്‍ ബന്ധപ്പെടുന്നത്. ഫലപ്രാപ്തിയില്‍, അനന്തരഫലങ്ങള്‍, ദൈവികാശ്രയം എന്ന സങ്കല്‍പത്തോട് ബന്ധപ്പെട്ടിരിക്കുന്നു. അല്ലാഹു പറയുന്നു: ‘….അവര്‍ മറുപടി പറഞ്ഞു: ‘ഞങ്ങള്‍ക്ക് അല്ലാഹു മതി. കാര്യങ്ങള്‍ ഏല്‍പിക്കാന്‍ ഏറ്റവും പറ്റിയവന്‍ അവന്‍തെന്നയാകുന്നു.'(3: 173)

‘എന്നിട്ട’് തീരുമാനമെടുത്തുകഴിഞ്ഞാല്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കുക. അല്ലാഹുവോ അവനെ ഭരമേല്‍പിച്ചു പ്രവര്‍ത്തിക്കുന്നവരെ ഇഷ്ടപ്പെടുന്നു.'(3: 159)

‘അതിനാല്‍  സത്യവിശ്വാസികളൊക്കെയും അല്ലാഹുവില്‍ മാത്രം ഭരമേല്‍പിച്ചുകൊള്ളട്ടെ.’ (3: 160)

ചുരുക്കത്തില്‍, പ്രത്യാശ, മനസമാധാനം, ശാന്തി, യഥാര്‍ത്ഥ ദൈവവിശ്വാസം എന്നീ ഗുണങ്ങളാണ് ഹിജ്‌റ സംഭവം നമ്മുടെ ഹൃദയങ്ങളില്‍ നട്ടു പിടിപ്പിക്കുന്നത്. നേരാം വിധം, അല്ലാഹുവില്‍ ആശ്രയിക്കുന്ന വിശ്വാസി ഒരിക്കലും നിരാശനോ, നിസ്സഹായനോ ആവുകയില്ല. കരുണാ നിധിയും ദയാലുവുമായ അല്ലാഹു, എപ്പോഴും നമ്മുടെ കാര്യങ്ങള്‍, ശ്രദ്ധിച്ചു വ്യവസ്ഥപ്പടുത്തുന്നുണ്ട്.

അല്ലാഹുവിന്ന് സ്തുതി! നാം അവന്റേതാണ്! മടക്കവും അവങ്കലേക്കു തന്നെ!

വിവ : കെ.എ. ഖാദര്‍ ഫൈസി

Related Articles