Current Date

Search
Close this search box.
Search
Close this search box.

എന്നെ അത്ഭുതപ്പെടുത്തിയ നമസ്‌കാരക്കാര്‍

namaz1.jpg

പ്രിയസുഹൃത്തുക്കളേ, എന്റെ ജീവിതത്തിനിടയില്‍ അനുഭവിക്കുകയും വിശ്വസ്തരായവരില്‍ നിന്ന് കേള്‍ക്കുകയും ചെയ്ത ചില കാര്യങ്ങളാണ് ഞാന്‍ നിങ്ങളുടെ മുമ്പില്‍ അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്. ഇത് വായിക്കുന്നവര്‍ക്ക് ഉപകാരപ്പെടുകയും അവര്‍ക്ക് ജീവിതത്തില്‍ ഇത്തരം നല്ല ഗുണങ്ങള്‍ പകര്‍ത്താന്‍ പ്രേരണയാകുമെന്നും  പ്രതീക്ഷിക്കുന്നു. അതിനപ്പുറത്ത് കഥകളില്‍ പറയുന്നവരെ കുറിച്ച് മുഖസ്തുതി പറയലോ അവരെ പുകഴ്ത്തലോ അല്ല എന്റെ ലക്ഷ്യം.

ശൈഖ് അബ്ദുല്‍ അസീസ് ബ്‌നു ബാസിന്റെ ഒരു ശിഷ്യന്‍ ഒരിക്കല്‍ എന്നോട് അദ്ദേഹത്തിന്റെ ഒരു അനുഭവം പങ്കുവെച്ചു. ഞങ്ങള്‍ക്ക് സുബ്ഹി നമസ്‌കാരത്തിന് ശേഷം സ്ഥിരമായി ശൈഖിന്റെ ഒരു പ്രത്യേക ക്ലാസില്‍ സന്നിഹിതരാവാറുണ്ടായിരുന്നു. ഒരിക്കല്‍ സുബ്ഹി നമസ്‌കാരം കഴിഞ്ഞ് ഞങ്ങള്‍ ക്ലാസ് നടക്കേണ്ട സ്ഥലത്ത് ഒത്തുകൂടി. പക്ഷെ ശൈഖ് അവിടെ ഉണ്ടായിരുന്നില്ല. ഞങ്ങള്‍ ആകെ പേടിച്ചുപോയി.  ഈ സമയത്തുള്ള ക്ലാസില്‍ ശൈഖ് ഞങ്ങള്‍ക്ക് മുമ്പ് തന്നെ അവിടെ എത്തിച്ചേര്‍ന്നതായിട്ടാണ് ഇതുവരെയുള്ള ഞങ്ങളുടെ അനുഭവം. ഇത് കൊല്ലങ്ങളായി തുടരുന്ന പതിവായിരുന്നു. എന്നാല്‍ ഇന്ന് ശൈഖിനെ കാണാനില്ല.

പരിഭ്രാന്തരായ ഞങ്ങള്‍ ശൈഖിന്റെ വീട്ടിലേക്ക് പുറപ്പെട്ടു. അദ്ദേഹത്തിന്റെ കാവല്‍കാരനോട് ഞങ്ങല്‍ ശൈഖിനെ അന്വേഷിച്ചു. അദ്ദേഹം ഞങ്ങളോട് കിടപ്പ് മുറിയിലേക്ക് പോയി നോക്കാന്‍ ആവശ്യപ്പെട്ടു. ഞങ്ങള്‍ അവിടെ എത്തി അദ്ദേഹത്തെ വിളിച്ചു. ഉറക്കില്‍ നിന്ന് ഉണര്‍ന്ന അദ്ദേഹം ഇപ്പോള്‍ സമയമെത്രമായെന്ന് ഞങ്ങളോട് ചോദിച്ചു. സമയം 5.30 ആയെന്ന് ഞങ്ങള്‍ പറഞ്ഞു. അപ്പോള്‍ അദ്ദേഹം ചോദിച്ചു: നിങ്ങള്‍ സുബ്ഹി നമസ്‌കരിച്ചോ? ഞങ്ങള്‍ പറഞ്ഞു: അതെ.

അപ്പോള്‍ ശൈഖ് പറഞ്ഞു: ‘അല്ലാഹുവാണ് എല്ലാം പൊറുക്കുന്നവര്‍. എന്റെ ജീവിതത്തില്‍ ആദ്യമായാണ് സുബ്ഹി നമസ്‌കാരത്തിന്റെ ജമാഅത്ത് നഷ്ടമാകുന്നത്.’ ഞങ്ങള്‍ക്ക് അദ്ദേഹം പറഞ്ഞതില്‍ അത്ഭുതമില്ലായിരുന്നു. കാരണം ഞങ്ങള്‍ എല്ലായ്‌പോഴും സുബ്ഹി നമസ്‌കാരത്തിന് ആദ്യത്തെ വരിയില്‍ അദ്ദേഹത്തെ കാണാറുണ്ടായിരുന്നു. ഇമാമിന് നേരെ പിറകിലാണ് അദ്ദേഹമുണ്ടാകുക.

അല്ലാഹു മഹാന്‍! പ്രിയസുഹൃത്തുക്കളേ, ശൈഖിന് എത്ര പ്രായമുണ്ടായിരുന്നു! അദ്ദേഹത്തിന്റെ യുവത്വവും വാര്‍ദ്ധക്യവും അദ്ദേഹം കഴിച്ചുകൂട്ടിയില്ലേ! എന്നിട്ടും അദ്ദേഹത്തിന് ഒരു പ്രാവശ്യമാണ് സുബ്ഹി നമസ്‌കാരം നഷ്ടമായത്! നമ്മുടെ അവസ്ഥ എന്താണ് സഹോദരന്മാരെ? ആത്മാര്‍ഥമായി നാം നമ്മോട് ചോദിക്കുക. എത്ര നമസ്‌കാരങ്ങള്‍ ജമാഅത്ത് നഷ്ടപ്പെടാറുണ്ട്? ജമാഅത്ത് നമസ്‌കാരങ്ങളില്‍ എത്ര റക്അത്തുകള്‍ നഷ്ടപ്പെടാറുണ്ട്! സുബ്ഹി നമസ്‌കാരങ്ങള്‍ സമയം കഴിഞ്ഞ് നിര്‍വഹിക്കുന്നത് ഒരു പ്രശ്‌നമായി അനുഭവപ്പെടാറുണ്ടോ! ഇത്തരം കാര്യങ്ങളില്‍ വീഴ്ച വരുന്നത് ഒരു പ്രയാസമായി നമുക്ക് അനുഭവപ്പെടാറുണ്ടോ?

ശൈഖ് ഉമര്‍ ബ്‌നി സഊദില്‍ ഈദുമായി ഒരിക്കല്‍ ജിദ്ദയില്‍വെച്ച് കണ്ടുമുട്ടി. അദ്ദേഹം പറഞ്ഞു: 12 വര്‍ഷമായി തുടര്‍ച്ചയായി ഒരു ദിവസം പോലും ഇടവിടാതെ എന്നെ ഒരാള്‍ സുബാഹി നമസ്‌കാരത്തിന് ഫോണില്‍ വിളിച്ച് ഉണര്‍ത്തിക്കൊണ്ടിരിക്കുന്നു. ഇപ്പോഴും അദ്ദേഹം അത് തുടര്‍ന്നുകൊണ്ടിരിക്കുന്നു. അദ്ദേഹത്തിന് എന്നെ സുബ്ഹിക്ക് എഴുന്നേല്‍പിക്കുന്നതിനുള്ള പ്രതിഫലം കൂടി ലഭിക്കുമെന്ന് ഞാന്‍ കരുതുന്നു.

മറ്റൊരാള്‍ അനുഭവം പറഞ്ഞത് അയാളുടെ ഒരു അയല്‍വാസിയെ കുറിച്ചാണ്. അയല്‍വാസി അദ്ദേഹത്തെ എന്നും സുബ്ഹിക്ക് അരമണിക്കൂര്‍ മുമ്പ് വിളിച്ചുണര്‍ത്തും. തുടര്‍ന്ന് അദ്ദേഹം തഹജ്ജുദും സുബ്ഹിയും ജമാഅത്തായി നിര്‍വഹിക്കും. അയല്‍വാസിക്ക് 50 വയസ്സുണ്ട്. അദ്ദേഹം ഇപ്പോഴും ഈ പതിവ് തുടരുന്നുണ്ട്. അദ്ദേഹം എന്നോട് വിളിച്ച് പറയും: അഹ്മദ്, അല്ലാഹുവിന്റെ അനുഗ്രഹംകൊണ്ട് എഴുന്നേല്‍ക്കുക. നിന്റെ ഭാര്യയെയും വിളിക്കുക. അവളോട് നിന്റെ മക്കളെയും വിളിക്കാന്‍ പറയുക. അവരെല്ലാവരും നമസ്‌കരിക്കട്ടെ. അദ്ദേഹം എല്ലാ ദിവസവും സുബ്ഹിക്ക് ആദ്യവരിയില്‍ ഇമാമിന് പിറകിലായി നമസ്‌കരിക്കാനുണ്ടാവും. അല്ലാഹുവിനെ അനുസരിച്ച് കൂടുതല്‍ കാലം ജീവിക്കാന്‍ അദ്ദേഹത്തിന് ഉതവിയുണ്ടാവട്ടെ.

എന്റെ ഒരു സുഹൃത്ത് എന്നോട് ഒരിക്കല്‍ വിവരിച്ചു: ഒമ്പത് വര്‍ഷമായി എനിക്ക് ഒരു പ്രഭാതനമസ്‌കാരം പോലും ജമാഅത്ത് നഷ്ട്‌പ്പെട്ടിട്ടില്ല. ആശ്ചര്യത്തോടെ ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു: ഉറക്കത്തെയും അലസതയെയും താങ്കള്‍ എങ്ങനെയാണ് മറികടക്കുക! അദ്ദേഹം പറഞ്ഞു: ഞാന്‍ ഉറങ്ങാന്‍ കിടക്കുന്ന നേരത്ത് അല്ലാഹുവോട് സഹായംതേടും, പിന്നെ അംഗശുദ്ധിവരുത്തും, ശേഷം മുഅവ്വിദതാനി പാരായണംചെയ്ത് വലതുവശം ചേര്‍ന്ന് കിടക്കും. എന്റെ സമയമാകുമ്പോള്‍ ഞാന്‍ എഴുന്നേല്‍ക്കും. സഹോദരന്മാരെ നാം നമ്മോട് ചോദിക്കുക: ചെവി തകര്‍ക്കുമാറ് ഉച്ചത്തില്‍ അലാറം മുഴങ്ങിയാല്‍ പോലും എനിക്ക് എഴുന്നേല്‍ക്കാന്‍ സാധിക്കാറുണ്ടോ!
 
എനിക്ക് പ്രബോധകനായ ഒരു കൂട്ടുകാരനുണ്ടായിരുന്നു. അദ്ദേഹത്തോട് ഞാന്‍ പ്രഭാതനമസ്‌കാരത്തിന് ജമാഅത്ത് ലഭിക്കുന്നതുമായി ചര്‍ച്ചനടത്തി. അപ്പോള്‍ അദ്ദേഹം പറഞ്ഞു. ഞാന്‍ ഏകദേശം മൂന്നുവര്‍ഷമായി അയല്‍വാസികളായ 48 യുവാക്കളെകൂടി വിളിച്ചുണര്‍ത്തിയാണ് സുബ്ഹിക്ക് ജമാഅത്തിന് പോകാറുള്ളത്. സുബ്ഹിക്ക് കുറച്ച് മുമ്പ് ഞാന്‍ അവരെ വിളിച്ചുണര്‍ത്തും. അവരില്‍ ഈ രീതിക്ക് സ്വീകാര്യതകൂടിയുതും അവര്‍ക്ക് മറ്റുള്ളവരെ കൂടി ഉണര്‍ത്താന്‍ ആവേശം വര്‍ദ്ധിച്ചതായും ഞാന്‍ കണ്ടു. അപ്രകാരം ഞാന്‍ അവരെ രാവിലെ മൊബൈലില്‍ വിളിച്ചുണര്‍ത്തും. ഞാന്‍ മൊബൈലില്‍ അവരുടെ നമ്പറുകള്‍ സൂക്ഷിച്ചിരുന്നത് ‘പ്രഭാതനമസ്‌കാരക്കാര്‍’ (രിജാലുല്‍ ഫജ്ര്‍)എന്ന തലക്കെട്ടിലായിരുന്നു. അതുകൊണ്ടു തന്നെ നന്നായി പ്രാര്‍ഥിച്ച് ശ്രമിച്ചാല്‍ എല്ലാവര്‍ക്കും ഇതുപോലെ സാധിക്കുമെന്നാണ് തോന്നുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു പ്രദേശത്തെ പണ്ഡിതന്‍ എന്നോട് അത്ഭുതകരമായ ഒരു കഥ പറഞ്ഞു. അദ്ദേഹത്തിന്റെ അടുത്തേക്ക് ഒരിക്കല്‍ ഒരു സ്ത്രീ കരഞ്ഞുകൊണ്ട് കയറിവന്നു. അവളുടെ കുടുംബ പ്രശ്‌നമോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും പ്രശ്‌നങ്ങളോ ആയിരിക്കും അവള്‍ക്ക് പറയാനുണ്ടാവുകയെന്ന് ഞാന്‍ പ്രതീക്ഷിച്ചു. ഞാന്‍ പറഞ്ഞു: വരൂ സഹോദരീ, താങ്കളുടെ ചോദ്യമുന്നയിച്ചാലും. അപ്പോള്‍ അവള്‍ പറഞ്ഞ വാക്കുകള്‍ എന്നെ ആശ്ചര്യപ്പെടുത്തി. അവള്‍ പറഞ്ഞു: ‘അല്ലാഹുവാണ് സത്യം, അവന് സ്തുതി, എനിക്ക് കഴിഞ്ഞ ആറു വര്‍ഷമായി ഒരിക്കല്‍ പോലും സുബ്ഹി നമസ്‌കാരം അതിന്റെ സമയത്ത് ലഭിക്കാതിരുന്നിട്ടില്ല. അത് എനിക്ക് ജീവിതത്തില്‍ ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു. എന്നാല്‍ ഇന്ന് ഞാന്‍ രാവിലെ എഴുന്നേറ്റപ്പോള്‍ സൂര്യനുദിച്ചിരിക്കുന്നു.’ തേങ്ങിക്കരയുന്നതുകൊണ്ട് അവള്‍ക്ക് അവളുടെ വാക്കുകള്‍ പൂര്‍ത്തീകരിക്കാനായില്ല. അവള്‍ തുടര്‍ന്നു: ‘എനിക്ക് ഇതിന്റെ പ്രായശ്ചിത്തമെന്താണ്? ഞാന്‍ എപ്രകാരമാണ് അല്ലാഹുവോടുള്ള എന്റെ കടം വീട്ടേണ്ടത്? ഈ പ്രശ്‌നം എങ്ങനെയാണ് ഞാന്‍ കൈകാര്യം ചെയ്യേണ്ടത്?’ അവളുടെ ഭയഭക്തിക്ക് മുന്നില്‍ ഞാന്‍ ശിരസ്സ് കുനിച്ചുപോയി. പെട്ടെന്നൊരു മറുപടി പറയാന്‍ എനിക്ക് സാധിച്ചില്ല. അവളുടെ നമസ്‌കാരത്തിന്റെ കാര്യത്തിലുള്ള അഭിമാനരോഷം കണ്ട് ഞാന്‍ ആശ്ചര്യപ്പെട്ടു.

ഈ സംഭവങ്ങളെല്ലാം ഞാന്‍ വിവരിച്ചത് നമസ്‌കാരത്തെ കുറിച്ച് ചിലത് സൂചിപ്പിക്കാനാണ്. ഖുര്‍ആനിലും സുന്നത്തിലും അതിന് നല്‍കപ്പെട്ടിട്ടുള്ള പ്രാധാന്യം ഇനിയും പറയേണ്ടതില്ല. പക്ഷെ നമ്മുടെ ജീവിതത്തില്‍ അത് എത്രത്തോളമുണ്ടെന്ന് നാം വിലയിരുത്തുക. നമസ്‌കാരങ്ങളില്‍ ഏറ്റവും പ്രയാസമുണ്ടാവുക സുബ്ഹി നമസ്‌കാരമാണെന്ന് നമുക്കറിയാം. കപടവിശ്വാസികള്‍ക്ക് ഏറ്റവും പ്രയാസമുള്ള കാര്യമാണ് സുബ്ഹ് നമസ്‌കാരമെന്ന് പ്രവാചകനും പഠിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ നാം പരമാവധി ശ്രദ്ധയോടെ സുബ്ഹി നമസ്‌കാരം പുലര്‍ത്തണം. അതിനായി മറ്റുള്ളവരെ വിളിച്ചുണര്‍ത്തുകയും ചെയ്യണം. ആധുനിക സൗകര്യങ്ങള്‍ ധാരാളമുള്ള ഈ കാലത്ത് സുബ്ഹി നമസ്‌കാരം നഷ്ടപ്പെടുത്തുന്നതിന് ഇരട്ടി ശിക്ഷ ലഭിക്കുമെന്നാണ് എന്റെ അഭിപ്രായം.

വിവ: ജുമൈല്‍ കൊടിഞ്ഞി   
 

Related Articles