Current Date

Search
Close this search box.
Search
Close this search box.

എന്നാണ് നാം അനുഗ്രഹങ്ങള്‍ക്ക് നന്ദിയുള്ളവരാവുക?

Poverty3c.jpg

ലോകത്ത് കോടിക്കണക്കിന് മുസ്‌ലിംകള്‍ കടുത്ത പട്ടിണിയിലും ദാരിദ്ര്യത്തിലും കഴിയുമ്പോഴും ലോകത്തെ ആഹാരത്തിന്റെ മൂന്നിലൊന്ന് ഓരോ ദിവസവും ചവറ്റുകുട്ടകളില്‍ എറിയപ്പെടുന്നു. ലോകത്തെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച കണക്കുകള്‍ പറയുന്ന ബാരില്ല സെന്റര്‍ ഫോര്‍ ഫുഡ് ആന്റ് ന്യൂട്രിഷ്യന്റെ റിപോര്‍ട്ട് സംബന്ധിച്ച വാര്‍ത്ത എന്നെ ശരിക്കും ഉലച്ചുകളഞ്ഞു. ലോകത്തെ ആകെ ഭക്ഷ്യവിഭവങ്ങളുടെ ഏകദേശം മൂന്നിലൊന്ന് 25 രാഷ്ട്രങ്ങള്‍ പാഴാക്കുന്നു എന്നാണ് ആ റിപോര്‍ട്ട് വ്യക്തമാക്കുന്നത്. ഭക്ഷണം പാഴാക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ മുന്‍നിരയില്‍ നിരവധി അറബ് രാജ്യങ്ങളുണ്ട്. അതില്‍ ഒന്നാം സ്ഥാനത്ത് സൗദി അറേബ്യയാണുള്ളത്.

ഈ വാര്‍ത്ത കടുത്ത ദാരിദ്ര്യത്തിലും പട്ടിണിയിലും കഴിയുന്ന ഒരു ദരിദ്രന്റെ അടുക്കല്‍ എത്തുന്നതിനെ കുറിച്ച് ഞാന്‍ ചിന്തിച്ചു നോക്കി. അവനും കുടുംബവും കടുത്ത വിശപ്പനുഭവിക്കുമ്പോള്‍ അവന് വേണ്ടി ചെലവഴിക്കുന്ന ഒരാളെയും ചുറ്റുവട്ടത്തവന്‍ കാണുന്നില്ല. പിന്നെ അവന്‍ കാണുന്നത് തന്റെ അതേ വിശ്വാസവും ആദര്‍ശവും സ്വീകരിച്ചിട്ടുള്ള സഹോദരങ്ങള്‍ ആഹാരം പാഴാക്കുന്നതും ചവറ്റുകൂനയില്‍ എറിയുന്നതുമാണ്. ഭര്‍ത്താവ് നഷ്ടപ്പെട്ട ഒരു വിധവ എങ്ങനെയായിരിക്കും ഈ വാര്‍ത്തയെ കാണുകയെന്നത് ഞാന്‍ സങ്കല്‍പിച്ചു നോക്കി. ചെറിയ പ്രായത്തിലുള്ള മക്കളെ പോറ്റാനായി വളരെ തുച്ഛമായ കൂലിക്കാണവര്‍ പണിയെടുക്കുന്നത്. മക്കളുടെ ഒഴിഞ്ഞ വയറിന്റെ കാളല്‍ മാറ്റാനും അവരെ പോറ്റാനും വളരെ പരിമിതമായ സാധനങ്ങള്‍ വാങ്ങാനുള്ളത് മാത്രമേ അതിലൂടെ അവര്‍ക്ക് ലഭിക്കുന്നുള്ളൂ.

പത്രത്തിന്റെ മറ്റൊരു ഭാഗത്ത് ഒരു സമ്പന്നന്‍ ഒരു ഫുട്‌ബോള്‍ താരത്തിന് സമ്മാനിച്ചിരിക്കുന്ന വാര്‍ത്ത ഞാന്‍ കണ്ടു. അതിന് ചെലവഴിച്ച തുകയുണ്ടായിരുന്നെങ്കില്‍ നൂറോളം ദരിദ്രകുടുംബങ്ങള്‍ക്ക് ഒരു വര്‍ഷത്തിലേറെ കഴിയാമായിരുന്നു. ഇങ്ങനെയൊരു വാര്‍ത്തക്ക് പിന്നിലെ അത്ഭുതമല്ല എന്നെ പിടിച്ചുലച്ചത്. ഇത്തരം വാര്‍ത്തകളുടെ ആധിക്യം കാരണം അതിലെ അത്ഭുതം നഷ്ടമായിരിക്കുന്നു. അത് സംബന്ധിച്ച ഉപദേശങ്ങള്‍ കൊണ്ട് തൊണ്ട വരണ്ടിരിക്കുന്നു. അതിനോടുള്ള സമൂഹത്തിന്റെ പ്രതികരണമാണ് എന്നെ പിടിച്ചുലക്കുന്നത്.

ഇത്തരം നടപടികള്‍ എത്രത്തോളം ദേഷ്യത്തിനും പകക്കും കാരണമായി തീരുമെന്ന് ഞാന്‍ ചിന്തിച്ചുപോവുകയാണ്. ഒരൊറ്റ മനസ്സോടെ ജീവിക്കാന്‍ അല്ലാഹു കല്‍പിച്ചിട്ടുള്ള ഈ സമുദായത്തിലെ അംഗങ്ങള്‍ക്കിയില്‍ ഛിദ്രതയും വിഭാഗീയതയും ഉണ്ടാക്കുന്നതില്‍ എത്ര വലിയ പങ്കാണത് വഹിക്കുന്നത്. അതുകൊണ്ട് എവിടെ നിന്നാണ് അസൂയയുണ്ടാകുന്നതെന്ന് ചോദിക്കരുത്. ജനങ്ങള്‍ക്കിടയില്‍ എവിടെ നിന്നാണ് വിദ്വേഷം ഉണ്ടാവുന്നതെന്നും ചോദിക്കരുത്.

ജനങ്ങള്‍ക്കിടയില്‍ കാരുണ്യമുണ്ടാക്കുന്നതല്ലേ ഇസ്‌ലാമിന്റെ സന്ദേശം? അനുഗ്രഹങ്ങള്‍ക്ക് നന്ദി കാണിക്കാന്‍ നബി തിരുമേനി(സ) കല്‍പിച്ചിട്ടില്ലേ? ധൂര്‍ത്ത് അരുതെന്നും മിതവ്യയം കാണിക്കണമെന്നും നമ്മോട് കല്‍പിച്ചിട്ടില്ലേ?

അനുഗ്രഹങ്ങളുടെ ആധിക്യമായിരിക്കാം ഒരു പക്ഷേ ചിലരെ അശ്രദ്ധരാക്കുന്നത്. അവരില്‍ നിന്നും അത് എടുത്തുമാറ്റപ്പെടുമ്പോഴല്ലാതെ അതവര്‍ മനസ്സിലാക്കുന്നില്ല. അല്ലാഹു നമുക്ക് നല്‍കിയ അനുഗ്രങ്ങള്‍ നാം തിരിച്ചറിയേണ്ടതുണ്ട്. അനുഗ്രങ്ങളെ കുറിച്ച് ബോധവാന്‍മാരായിരിക്കുക എന്നത് അതിനുള്ള അനുഗ്രഹത്തിന്റെ ഭാഗമാണ്. അനസ്(റ) പറയുന്നു: പ്രവാചകന്‍(സ) കിടക്കാനൊരുങ്ങിയാല്‍ ഇങ്ങനെ പറയുമായിരുന്നു: ”ഞങ്ങളെ ഭക്ഷിപ്പിക്കുകയും, കുടിപ്പിക്കുകയും, ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുകയും, അഭയം നല്‍കുകയും ചെയ്ത അല്ലാഹുവിന് സ്തുതി. അഭയം നല്‍കുവാനോ ആവശ്യം നിര്‍വ്വഹിക്കുവാനോ ആരുമില്ലാത്തവര്‍ എത്ര!” (മുസ്‌ലിം)

അനുഗ്രഹങ്ങള്‍ തിരിച്ചറിയുന്ന വിശ്വാസി അവ നല്‍കിയ അനുഗ്രഹ ദാതാവിനെ തിരിച്ചറിയേണ്ടതുണ്ട്. അതിന് മനസ്സുകൊണ്ടും നാവും കൊണ്ടും മറ്റ് അവയവങ്ങള്‍ കൊണ്ടും നന്ദി പ്രകടിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. പിന്നീട് സല്‍കര്‍മങ്ങള്‍ കൊണ്ടവന്‍ നന്ദി കാണിക്കേണ്ടതുണ്ട്. അല്ലാഹുവിന്റെ അനുഗ്രഹമായി ലഭിച്ച പണവും വിജ്ഞാനവും വിഭവങ്ങളും ചെലവഴിച്ച് നന്ദി പ്രകടിപ്പിക്കേണ്ടതുണ്ട്. അല്ലാഹു പറയുന്നു: ”അവര്‍ അദ്ദേഹമുദ്ദേശിക്കുന്നതൊക്കെ ഉണ്ടാക്കിക്കൊടുത്തു. കൂറ്റന്‍ കെട്ടിടങ്ങള്‍, കൗതുകകരമായ പ്രതിമകള്‍, തടാകങ്ങള്‍ പോലുള്ള തളികകള്‍, വെച്ചിടത്തുനിന്നിളകാത്ത കനത്ത പാചകപ്പാത്രങ്ങള്‍; എല്ലാം. ദാവൂദ് കുടുംബമേ! നിങ്ങള്‍ നന്ദിപൂര്‍വം പ്രവര്‍ത്തിക്കുക.” (സബഅ്: 13)

അനസ്(റ)ല്‍ നിന്ന് നിവേദനം: നബി(സ) ആഹാരം കഴിച്ചാല്‍ തന്റെ വിരലുകള്‍ മൂന്ന് തവണ നക്കാറുണ്ടായിരുന്നു. ”ആഹാരത്തിന്റെ ഒരു പിടി നിങ്ങളില്‍ നിന്നും താഴെ വീണാല്‍ അതിലെ മാലിന്യം നീക്കം ചെയ്ത് ഭക്ഷിക്കട്ടെ, പിശാചിനത് വിട്ടുകൊടുക്കാതിരിക്കട്ടെ.” (മുസ്‌ലിം)

അല്‍മുനാവി പറയുന്നു: അല്ലാഹുവിന്റെ അനുഗ്രഹങ്ങളോടുള്ള ഏറ്റവും നല്ല സമീപനം അവയെ മഹത്വപ്പെടുത്തലാണ്. അവയെ മഹത്വപ്പെടുത്തല്‍ നന്ദിയുടെ ഭാഗമാണ്. അവയെ നിസ്സാരമാക്കി വലിച്ചെറിയുന്നത് നന്ദി കേടാണ്. നന്ദി കെട്ടവന്‍ വെറുക്കപ്പെട്ടവനാണ്. അവര്‍ പറയുന്നു: നന്ദി നിലവിലുള്ള അനുഗ്രഹങ്ങള്‍ നിലനിര്‍ത്താനും ലഭിക്കാത്തവയെ ലഭ്യമാക്കാനുമുള്ള മാര്‍ഗമാണ്. അവര്‍ പറയുന്നു: അനുഗ്രഹങ്ങളോടുള്ള നന്ദികേട് നാശമാണ്. അവയില്‍ ലഭ്യമല്ലാത്തവയെ നന്ദി കൊണ്ട് തേടുക, നല്ല സമീപനത്തിലൂടെ അതില്‍ നിന്ന് വഴുതിപോകുന്നതിനെ നിലനിര്‍ത്തണം.

അനുഗ്രഹങ്ങളുടെ നിലനില്‍ക്കുന്നതും ഇല്ലാതായി പോകുന്നതും അവയോടുള്ള നന്ദിയുമായി ബന്ധപ്പെട്ടതാണ്. അതിനെ മഹത്തപ്പെടുത്തുന്നവന്‍ അതിന് നന്ദി കാണിക്കുകയാണ്. അതിനെ നിസ്സാരമാക്കുന്നവന്‍ അതിനെ നിന്ദിക്കുകയും നീങ്ങിപോകുന്നതിന് കാരണക്കാരായി മാറുകയുമാണ്. അക്കാരണത്താലാണ് പൂര്‍വികര്‍ ഇങ്ങനെ പറഞ്ഞത്: നീ നന്ദി കാണിച്ചാല്‍ അനുഗ്രങ്ങള്‍ നീങ്ങിപ്പോവുകയില്ല, നീ നന്ദികേട് കാണിച്ചാല്‍ അവ നിലനില്‍ക്കുകയുമില്ല.

Related Articles