Current Date

Search
Close this search box.
Search
Close this search box.

എന്തുകൊണ്ട് നാം പരാജയപ്പെട്ടു? എന്തുകൊണ്ട് വിജയിച്ചു?

chess.jpg

കഴിഞ്ഞകാലങ്ങളില്‍ വിജയം നമ്മുടെ പക്ഷത്തായിരുന്നു. അല്ലാഹുവല്ലാതെ മറ്റൊരു ആരാധ്യനുമില്ലെന്ന ഏകദൈവ വചനത്തെ നെഞ്ചേറ്റിയ കാലം, രണാങ്കണത്തിലേക്ക് കാലെടുത്തു വെക്കും മുമ്പ് അല്ലാഹുവിന്റെ മുമ്പില്‍ സാഷ്ടാംഗം പ്രണമിച്ച് യുദ്ധം ആരംഭിച്ച പടനായകന്‍മാരുടെ കാലം, ഭൂമിയില്‍ ദൈവത്തിന്റെ വചനം ഉറക്കെ പ്രഖ്യാപിക്കുമ്പോള്‍ ആകാശത്തു നിന്നും മാലാഖമാരുടെ അകമ്പടിയുണ്ടായിരുന്ന കാലം, പര്‍വ്വതങ്ങളെപ്പോലും പ്രകമ്പനം കൊള്ളിക്കാന്‍ പോന്ന ശക്തി നമുക്കുണ്ടായിരുന്ന കാലം, ശത്രുവിന്റെ മനസില്‍ ആധി സൃഷ്ടിച്ച് അനായാസം വിജയം നേടിയിരുന്ന സുന്ദരമായ കാലം.

ആര്‍ത്തലച്ചു വരുന്ന തിരമാല കണക്കെ മുന്നില്‍ അണിയായി നില്‍ക്കുന്ന റോമന്‍ സൈന്യത്തെ നേരിടുവാനായി ഇസ്‌ലാമിക സൈന്യത്തലവന്‍ ഖാലിദ് ബിന്‍ അല്‍ വലീദ് തന്റെ സംഘവുമായി മുന്നോട്ട് നീങ്ങുന്ന നേരത്ത്, പിന്നില്‍ നിന്നും ഒരു ഭീരു അദ്ദേഹത്തോടു പറഞ്ഞു. ‘നമുക്ക് സല്‍മാ മലഞ്ചരിവില്‍ അഭയം തേടലാവും ഉത്തമം’. ഇതു കേട്ട ഖാലിദ് തന്റെ വിരല്‍ ആകാശത്തേക്ക് ചൂണ്ടിക്കൊണ്ട് പറഞ്ഞു. ‘ഇല്ല, നമ്മള്‍ സല്‍മാ മലയിലല്ല അഭയം പ്രാപിക്കുന്നത്, മറച്ച് ലോകൈക നാഥനിലാണ് നാം അഭയം പ്രാപിക്കുന്നത്’. അന്ന് വിജയം ഇസ്‌ലാമിന്റെ പക്ഷത്തായിരുന്നു.

ഖുതൈബത്തുബ്‌നു മുസ്‌ലിം കാബൂള്‍ ഉപരോധിച്ച സമയത്ത് ഒരടിമ തന്റെ വിരലുയിര്‍ത്തി ‘എന്നെന്നും നിലനില്‍ക്കുന്നവനായ സര്‍വ്വശക്തനുമായ നാഥാ’ എന്നു പറഞ്ഞപ്പോള്‍  ഖുതൈബ പറഞ്ഞു. ‘ചോരത്തിളപ്പുള്ള ആയിരം യുവാക്കളെക്കാളും മൂര്‍ച്ചയേറിയ ആയിരം വാളുകളേക്കാളും ശക്തി നിന്റെ ഈ വിരലിനുണ്ട്’ എന്നായിരുന്നു.
 
ഒരിക്കല്‍ അബ്ദുല്‍ അസീസ് ബിന്‍ അബ്ദു റഹ്മാന്‍, തന്റെ കീഴിലുള്ള ഒരു ജോലിക്കാരനോടു പറഞ്ഞു. ‘അല്ലാഹു നിന്റെ കൂടെയുള്ളപ്പോള്‍ നീയെന്തിനു ഭയപ്പെടണം. അല്ലാഹു നിനക്കെതിരിലാണെങ്കില്‍ നീ ആരില്‍ പ്രതീക്ഷയര്‍പ്പിക്കും?’.

പട്ടിണിയുണ്ടായ സന്ദര്‍ഭത്തില്‍, ‘മുസ്‌ലിം കുട്ടികളുടെ വിശപ്പടങ്ങാതെ എനിക്ക് വയറു നിറയെ തിന്നാന്‍ കഴിയില്ലെന്ന്’  ഉമര്‍ പ്രഖ്യാപിച്ച കാലത്ത് വിജയം നമ്മോടൊപ്പമായിരുന്നു. ദരിദ്രരെ ആശ്വസിപ്പിച്ച, ആലംബഹീനരോട് കാരുണ്യം കാണിച്ച, അനാഥരെ സംരക്ഷിച്ച, ദുര്‍ബലര്‍ക്ക് കൈത്താങ്ങായ കാലത്തെല്ലാം വിജയം നമ്മുടെ പക്ഷത്തായിരുന്നു.

വിശുദ്ധ ഖുര്‍ആനെ നെഞ്ചേറ്റിയ, അന്തസ് ഉയര്‍ത്തിപ്പിടിച്ച സന്ദര്‍ഭത്തിലൊക്കെയും നാം വിജയ ശ്രീലാളിതരായിരുന്നു. അടിമച്ചങ്ങല പൊട്ടിച്ചെറിഞ്ഞ, അനീതിക്കെതിരെ ശബ്ദമുയര്‍ത്തിയ, വ്യക്തി സ്വാതന്ത്ര്യം വകവച്ചു കൊടുത്ത സമയത്തെല്ലാം വിജയം നമുക്ക് സുനിശ്ചിതമായിരുന്നു. വൈജ്ഞാനിക കോട്ടകള്‍ കെട്ടിപ്പടുത്ത, വിചാര വിപ്ലവം നയിച്ച കാലത്തും നമ്മള്‍ ജയിച്ചു.

ഉമറും സഅദും ഖാലിദും ത്വാരിഖും ഖുതൈബയുമെല്ലാം ദൈവിക ഗ്രന്ഥവും നബിചര്യയുമനുസരിച്ച് ഭരിച്ചപ്പോഴും വിജയം നമ്മെ കൈവിട്ടില്ല. എന്നാല്‍ കാലം നമുക്കായി കരുതി വച്ച പരാജയങ്ങളും കുറവല്ല. ഇസ്‌ലാമിനെ തിരിച്ചറിയാത്ത നേതാക്കന്‍മാര്‍ ഭരിച്ച, ദൈവത്തിന്റെ സ്ഥാനത്ത് സംഘങ്ങളും ആള്‍ദൈവങ്ങളും വിഗ്രഹങ്ങളും പ്രതിഷ്ഠിക്കപ്പെട്ട, ദൈവിത്തിനു പകരം പിശാചിനു സാഷ്ടാംഗം നമിച്ച സമയത്തൊക്കെയും പരാജയം നാം രുചിച്ചു.

പലിശ ഭക്ഷിച്ചു തുടങ്ങിയ, ജനങ്ങളുടെ മേല്‍ കള്ളത്തരം ആരോപിച്ച, ബുദ്ധിമാന്‍മാരുടെ രക്തം അവിവേകികളുടെ കരങ്ങളാല്‍ ചീന്തപ്പെട്ട, അളവിലും തൂക്കത്തിലും കൃത്രിമം കാണിച്ച, വിശുദ്ധ ഖുര്‍ആനെ കൈയൊഴിഞ്ഞ് വിനോദങ്ങളിലും ഐഹിക കാര്യങ്ങളിലും മുഴുകിയ, വിഭാഗീയതയും അനൈക്യവും മടിയും തലപൊക്കിയ ഘട്ടത്തിലൊക്കെ നാം പരാജയത്തിന്റെ കൈപ്പു നീര്‍ കുടിച്ചു.

ആവിഷ്‌കാര സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട, സത്യം പറയുന്ന നാവിനു വിലങ്ങിട്ട, ജനങ്ങളുടെ അവകാശങ്ങള്‍ ചവിട്ടി മെതിച്ച, നിരപരാധികള്‍ ജയിലിലടക്കപ്പെട്ട, അഭിപ്രായ സ്വാതന്ത്ര്യം തടയപ്പെട്ട കാലത്തൊക്കെ നാം പരാജിതരായി. ജനങ്ങളുടെ ധനം അന്യായമായി മോഷ്ടിക്കപ്പെട്ട, അന്യായമായി ജനങ്ങള്‍ ചാട്ടവാറുകള്‍ക്കിരയായ, പള്ളികള്‍ ആള്‍ക്കാരില്ലാതെ ഒഴിഞ്ഞ, ഖുര്‍ആന്‍ കേവലം ഗ്രന്ഥം മാത്രമായ സന്ദര്‍ഭത്തിലും നമുക്ക് നഷ്ടം മാത്രമായിരുന്നു.

കണ്ടുപിടുത്തങ്ങളോ പുതിയ കണ്ടെത്തെലുകളോ ഇല്ലാത്ത, മടി കീഴടക്കിയ, ഉറക്കം തപസ്യയാക്കി, അടിമത്വവും നിന്ദ്യതയും തൃപ്തിയോടെ ഏറ്റുവാങ്ങിയപ്പോഴും നമുക്ക് വിജയം അകലെയായിരുന്നു. സംഘങ്ങളായും സംഘടനകാളും ഭിന്നിച്ച് പിരിഞ്ഞ, ആദര്‍ശം ഓട്ടക്കലമായി മാറിയ, പ്രസ്ഥാനവും നേതാക്കളും ദൈവത്തിനും പ്രവാചകനും മുകളില്‍ പ്രതിഷ്ഠിക്കപ്പെട്ട, ജീവിത ദൗത്യം മറന്ന കാലങ്ങളിലും നാം പരാജിതരായി.

അതിനാല്‍ സഹോദരാ, വിജയ പരാജയങ്ങളുടെ നിദാനങ്ങള്‍ നിര്‍ദ്ധാരണം ചെയ്ത് വിജയത്തിലേക്കുള്ള വഴി വെട്ടുക. നാഥന്‍ അനുഗ്രഹിക്കും.

വിവ : ഇസ്മാഈല്‍ അഫാഫ്‌

Related Articles