Current Date

Search
Close this search box.
Search
Close this search box.

എന്തിനു നാം പുഞ്ചിരിക്കാതിരിക്കണം?

smile.jpg

ഇസ്‌ലാം ഒരു മതമെന്നതിനേക്കാള്‍ ഉപരി ഒരു ജീവിത പദ്ധതി കൂടിയാണ്. പ്രഭാതം മുതല്‍ പ്രദോഷം വരെയുള്ള നമ്മുടെ ജീവിതം എവ്വിധമായിരിക്കണമെന്ന് മാത്രമല്ല ഉറങ്ങുമ്പോള്‍ പോലും നാം എങ്ങനെയാണ് കിടക്കേണ്ടതെന്ന് ഇസ്‌ലാം നമ്മെ പഠിപ്പിക്കുന്നുണ്ട്. എന്നാല്‍ ഇരുപത്തിനാലു മണിക്കൂറും നമുക്ക് ആജ്ഞാനിര്‍ദ്ദേശങ്ങള്‍ നല്‍കി നമ്മെ അലോസരപ്പെടുത്തുന്നതല്ല ഇസ്‌ലാമിക ജീവിത ചര്യ. മറിച്ച് ജീവിതം ലളിതമാക്കുകയും ആസ്വാദ്യമാക്കുകയും ചെയ്യുന്നതാണത്. ഇഹപര ജീവിതത്തെ ആനന്ദകരമാക്കുന്ന കാര്യങ്ങളില്‍ ഏര്‍പ്പെടാനാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. അതുകൊണ്ടാണ് നമുക്ക് നിസാരമെന്ന് തോന്നാവുന്ന പുഞ്ചിരിയെ കുറിച്ച് പോലും ഇസ്‌ലാം വളരെ പ്രാധാന്യത്തോടെ പറഞ്ഞിരിക്കുന്നത്. നമുക്ക് ഏറെ ബുദ്ധിമുട്ടുകളൊന്നും കൂടാതെ നിര്‍വഹിക്കാനാവുന്നതാണ് പുഞ്ചിരി. നമ്മുടെ കണ്ണുകളിലും ചുണ്ടിലും ഒരു ചെറിയ മാറ്റം വരുത്തുന്നതിലൂടെ നമുക്ക് നിര്‍വഹിക്കാവുന്ന ഒരു ചെറിയ കര്‍മ്മം. എന്നാല്‍ നമുക്ക് ചുറ്റുമുള്ളവര്‍ക്ക് ഏറെ ആഹ്ലാദം നല്‍കുന്ന ഒരു കര്‍മ്മം കൂടിയാണത്. പുഞ്ചിരി മനസിന്റെ ഭാരം കുറക്കുകയും ആത്മാവിന് വിശാലത നല്‍കുകയും ചെയ്യുന്നു.
സ്ഥിരമായി പ്രസന്നവദനനായിരുന്ന പ്രവാചകന്റെ പുഞ്ചിരി വിശ്വാസികള്‍ക്ക് ആനന്ദദായകമായിരുന്നു. പ്രവാചകന്റെ വിനയപൂര്‍ണമായ സ്വഭാവത്തെ കുറിച്ചും വശ്യമായ പുഞ്ചിരിയെകുറിച്ചും പ്രവാചക അനുചരന്‍മാരുടെ നിരവധി ഉദ്ധരണികള്‍ നമുക്ക് കാണാം. അബ്ദുല്ല ഇബ്‌നു ഹാരിസ് പറയുന്നു : ‘പ്രവാചകന്‍ ചിരിക്കുന്നത് പോലെ പുഞ്ചിരിച്ചു കൊണ്ടല്ലാതെ ഞാനൊരാളെയും കടന്നു പോയിട്ടില്ല. സഹോദരനെ നോക്കി പുഞ്ചിരിക്കുന്നത് ദാനമാണെന്ന് പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്’ (തിര്‍മിദി). ജരീര്‍ ഇബ്‌നു അബ്ദുല്ല പറയുന്നു : ‘ഇസ്‌ലാം സ്വീകരിച്ചതിന് ശേഷം പ്രവാചകനെ കാണാന്‍ ആഗ്രഹിച്ചപ്പോഴെല്ലാം എനിക്ക്് അനുവാദം ലഭിച്ചിട്ടുണ്ട്. പുഞ്ചിരിക്കുന്ന മുഖത്തോടു കൂടിയല്ലാതെ പ്രവാചകന്‍ എന്നെ നോക്കിയിട്ടില്ല’ (മുസ്‌ലിം). പ്രവാചകന്റെ കൂടെ സഹവസിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഒരു പ്രവാചക അനുചരന്റെ മറുപടി ഇങ്ങനെയായിരുന്നു : ‘അതെ, ധാരാളം തവണ. പ്രവാചകന്‍ പ്രഭാത നമസ്‌കാരം കഴിഞ്ഞ ശേഷം സൂര്യന്‍ ഉദിക്കുന്നത് വരെ നമസ്‌കരിച്ചിടത്തുതന്നെ ഇരിക്കും. സൂര്യനുദിച്ചാല്‍ അദ്ദേഹം എഴുന്നേല്‍ക്കുകയും സ്വഹാബികളുമായി സംസാരിക്കുകയും ചെയ്യും. പ്രവാചകന്റെ സംസാരം കേട്ട് സ്വഹാബികള്‍ ചിരിക്കുമ്പോള്‍ പ്രവാചകന്‍ നൈര്‍മല്യത്തോടു കൂടി പുഞ്ചിരിക്കും’. (മുസ്‌ലിം).
സത്സ്വഭാവത്തിലും വിനയത്തിലും പ്രവാചകനെ കവച്ചു വെക്കാന്‍ ഒരാളുമില്ല. പ്രവാചക പത്‌നി ആയിശ (റ) പറഞ്ഞത് പ്രവാചകന്റെ ജീവിതം ഖുര്‍ആന്‍ ആയിരുന്നു എന്നാണല്ലോ. അഥവാ ഖുര്‍ആനിക അധ്യാപനങ്ങളെ മുറുകെ പിടിച്ച ജീവിതമായിരുന്നു പ്രവാചകന്റേത്. പ്രവാചകന്റെ ഈ ജീവിതവും വ്യക്തിത്വവുമാണ് നാം നമ്മുടെ ജീവിതത്തിന് മാതൃകയാക്കേണ്ടത്. പ്രവാചകന്റെ കൂടെ പത്ത് വര്‍ഷം ജീവിച്ച ഒരു അനുചരന്‍ പറയുന്നു : ‘പ്രവാചകന്റെ കൂടെയുള്ള എന്റെ ജീവിതകാലത്ത് ഒരിക്കല്‍ പോലും പരുഷമായ ഒരു വാക്കു പോലും എനിക്ക് കേള്‍ക്കേണ്ടി വന്നിട്ടില്ല. ഒരിക്കല്‍ പോലും പ്രവാചകന്‍ ദേഷ്യപ്പെട്ട് പെരുമാറുന്നതും ഞാന്‍ കണ്ടിട്ടില്ല. വളരെ സൗമ്യമായി മാത്രം സംസാരിക്കുന്ന പ്രവാചകന്‍ അങ്ങേയറ്റം വിനയാന്വിതനായിരുന്നു’. കാണുന്നവരെയെല്ലാം പുഞ്ചിരിയോടു കൂടി അഭിമുഖീകരിക്കുകയെന്നത് പ്രവാചകന്റെ ഒരു സഹജഗുണമായിരുന്നു.
നമ്മള്‍ നിസാരമെന്ന് കരുതുന്ന ചില ചെറിയ കാര്യങ്ങള്‍ക്ക് ജീവിതത്തില്‍ വലിയ സ്വാധീനങ്ങളുണ്ടാക്കാന്‍ സാധിക്കും. അത്തരത്തിലുള്ള ഒന്നാണ് പുഞ്ചിരി. പ്രവാചകന്‍ (സ) പുഞ്ചിരിയിലൂടെ തന്റെ അനുചരന്‍മാരെ മാത്രമല്ല അവിശ്വാസികളെ പോലും കൈയ്യിലെടുത്തുവെങ്കില്‍ പുഞ്ചിരിയിലൂടെ സഹപ്രവര്‍ത്തകരെ ആകര്‍ഷിക്കാന്‍ നമുക്കുമാവും. സന്തോഷം പരസ്പര പങ്കുവെക്കുന്നതിന്റെ സാമ്പ്രദായിക രീതിയെന്നതിലപ്പുറം സൗഹൃദത്തിന്റെയും ഉന്നതമായ സംസ്‌കാരത്തിന്റെയും കൂടി ചിഹ്നമാണ് പുഞ്ചിരി. അത് ഹൃദയമിടിപ്പ് താഴ്ത്തുകയും രക്തസമ്മര്‍ദ്ധം കുറക്കുകയും ചെയ്യും. വേദനസംഹാരികളുടെ ഉപയോഗമില്ലാതെ തന്നെ ശാരീരിക അസ്വസ്ഥതകളില്‍ നിന്ന് മുക്തിനേടാന്‍ പുഞ്ചിരിയിലൂടെ സാധ്യമാകുന്നതോടൊപ്പം മനസിന് ശാന്തി ലഭിക്കാനും അതു കാരണമാകുന്നു. പുഞ്ചിരി ശാരീരികാരോഗ്യം നിലനിര്‍ത്തുന്നതില്‍ വലിയ പങ്ക് വഹിക്കുന്നതായി ശാസ്ത്രീയ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. പുഞ്ചിരി ശീലമാക്കിയവരുടെ ശരീരം സദാ സമയം ശാന്തമായിരിക്കുന്നത് കൊണ്ട് ശാരീരിക പ്രതിരോധ ശേഷി വര്‍ധിക്കുമെന്നും പഠനങ്ങള്‍ തെളിയിച്ചിരിക്കുന്നു. അതോടൊപ്പം മനുഷ്യന്റെ ഉല്‍പ്പാദന ശേഷി വര്‍ധിപ്പിക്കുന്നതിലും പുഞ്ചിരിക്ക് വലിയ പങ്ക് വഹിക്കാന്‍ കഴിയും. യൗവനം നിലനിര്‍ത്തുന്നതിനും ആയുര്‍ദൈഘ്യത്തിനും പുഞ്ചിരി കാരണമാകുന്നു. പുഞ്ചിരി മുഖമുദ്രയാക്കുന്നതിലൂടെ ഇപ്പറഞ്ഞ ഗുണങ്ങളെല്ലാം ആര്‍ജിക്കാന്‍ കഴിയുന്നതോടൊപ്പം അതിന്റെ ഗുണങ്ങള്‍ മറ്റുള്ളവരിലേക്കു കൂടി പ്രസരിപ്പിക്കാനും നമുക്ക് സാധിക്കും.
ആരെ കണ്ടുമുട്ടിയാലും പുഞ്ചിരിക്കുന്ന മുഖത്തോടെ സലാം പറയുന്നത് പ്രവാചകന്റെ ചര്യയായിരുന്നു. ഇന്ന് നമുക്കിടയില്‍ വ്യാപകമായപോലെ കളിതമാശകളില്‍ ഏര്‍പ്പെട്ടു കൊണ്ടുള്ള പൊട്ടിച്ചിരികളും അട്ടഹാസങ്ങളുമായിരുന്നില്ല പ്രവാചകന്റെ പുഞ്ചിരി. പ്രവാചകന്‍ കൂട്ടുകാരോടും കുടുംബത്തോടുമൊപ്പം കളിചിരികളിലും തമാശകളിലും ഏര്‍പ്പെടാറുണ്ടായിരുന്നു. എന്നാല്‍ അതു വെറും നര്‍മ്മം മാത്രമായിരുന്നില്ല. ചിന്തോദ്ദീപകവും ധാര്‍മ്മിക മര്യാദകള്‍ പാലിക്കുന്നതുമായ നര്‍മ്മങ്ങളായിരുന്നു പ്രവാചകന്റേത്. തെറ്റായ കാര്യങ്ങള്‍ വിവരിച്ചും മറ്റുള്ളവരുടെ അഭിമാനത്തിന് വ്രണപ്പെടുത്തുന്ന തരത്തിലുള്ള തമാശകള്‍ പറുന്നതും പ്രവാചകന്റെ സ്വഭാവമായിരുന്നില്ല. ‘ആളുകളെ ചിരിപ്പിക്കാന്‍ വേണ്ടി കള്ളങ്ങള്‍ പറയുന്നവന് നാശമെന്ന്്’ പ്രവാചകന്‍ പറയാറുണ്ടായിരുന്നു.

വിവ : ജലീസ് കോഡൂര്‍
 

Related Articles