Current Date

Search
Close this search box.
Search
Close this search box.

എന്താണ് യാത്രക്കാരന്‍ പ്രാര്‍ഥിക്കുന്നത്?

travellor.jpg

പലപ്പോഴും നാം ആവര്‍ത്തിക്കാറുള്ള ഒന്നാണ് യാത്രയിലെ പ്രാര്‍ഥന*. എന്നാല്‍ മഹത്തായ ആ പ്രാര്‍ഥനയുടെ അര്‍ഥം നമ്മിലാരെങ്കിലും മനസ്സിലാക്കിയിട്ടുണ്ടോ? അതില്‍ ദൂരം ചുരുക്കി തരേണമേ, യാത്രയിലെ ക്ലേശങ്ങളില്‍ നിന്നും ദുഖകരമായ കാഴ്ച്ചകളില്‍ നിന്നും നിന്നില്‍ അഭയം തേടുന്നു എന്നെല്ലാം പറയുമ്പോള്‍ എന്താണ് അതുകൊണ്ടുദ്ദേശിക്കുന്നത്? യാത്രക്ക് ഒരുപാട് ഫലങ്ങളുണ്ട്. അതിലൂടെ നമ്മുടെ അറിവിന്റെയും കാഴ്ച്ചപ്പാടിന്റെയും ചക്രവാളം കൂടുതല്‍ വികസിക്കുകയും ജോലിയുടെയും ജീവിതത്തിലെ മറ്റ് സമ്മര്‍ദങ്ങളില്‍ നിന്നും ആശ്വാസം ലഭിക്കുകയും ചെയ്യുന്നു. ചുവരുകളുടെ ബന്ധനത്തില്‍ നിന്നും മോചിതനായ യാത്രക്കാരന്‍ പക്ഷിയെ പോലെ സ്വതന്ത്രനായി വിഹരിക്കുകയാണ്. പലവിധത്തിലുള്ള ആഹാരപദാര്‍ഥങ്ങളെയും വിവിധ ജനതകളുടെ സംസ്‌കാരങ്ങളെയും അവന്‍ മനസ്സിലാക്കുന്നു. വഴികളിലും അങ്ങാടികളിലും തനിക്ക് അപരിചിതമായിരുന്ന പലതും കാണുന്നു. അതില്‍ പലതും അവനെ ആകര്‍ഷിക്കുന്നു. മറ്റ് നാടുകളില്‍ ജനജീവിതം തിരിച്ചറിയാനത് സഹായിക്കുന്നു. സന്തോഷവും ആനന്ദവും പകരുന്ന സുന്ദരമായ പല ഓര്‍മകളും യാത്രയിലൂടെ ലഭ്യമാവാറുണ്ട്. അപ്രകാരം പുതിയ കൂട്ടുകാരെ കണ്ടെത്താനുള്ള അവസരം കൂടിയാണ് യാത്രകള്‍. ആളുകളുടെ യഥാര്‍ഥ സ്വഭാവം വെളിപ്പെടുത്തുന്ന സന്ദര്‍ഭമായതിനാലാവാം അറബിയില്‍ യാത്രക്ക് ‘സഫര്‍’ (വെളിപ്പെടുത്തുന്നത്) എന്ന പദം ഉപയോഗിക്കുന്നത്.

യാത്രികന്‍ ‘അല്ലാഹു അക്ബര്‍’ എന്ന് മൂന്ന് വട്ടം പറയുമ്പോള്‍ എല്ലാറ്റിനേക്കാളും തനിക്ക് വലുത് അല്ലാഹുവാണെന്ന വസ്തുത അരക്കിട്ടുറപ്പിക്കുകയാണ്. അവനെ ആകര്‍ഷിക്കുകയും ഭ്രമിപ്പിക്കുകയും ചെയ്യുന്ന പലതും യാത്രയിലുണ്ടാവും. അപ്പോള്‍ അതെല്ലാം അല്ലാഹുവിന്റെ കഴിവിനെയാണ് കുറിക്കുന്നതെന്നും അവനാണ് ആളുകള്‍ക്കും ജനതക്കും അനുഗ്രഹങ്ങള്‍ നല്‍കുന്നതെന്നും അവന്‍ സ്മരിക്കും. പിന്നീട് ‘ഈ വാഹനം ഞങ്ങള്‍ക്ക് കീഴ്‌പെടുത്തി തന്നവനായ അല്ലാഹു പരിശുദ്ധനാണ്. ഞങ്ങള്‍ അത് കീഴ്‌പെടുത്താന്‍ കഴിവുള്ളവരായിരുന്നില്ല. നിശ്ചയം ഞങ്ങള്‍ ഞങ്ങളുടെ നാഥനിലേക്ക് മടങ്ങുന്നവരാകുന്നു.’ എന്നു പറയുന്നതിലൂടെ വാഹനം ഒരുക്കിത്തന്നതിന്റെ പേരില്‍ അല്ലാഹുവിന് നന്ദി രേഖപ്പെടുത്തുകയാണ്. തുടര്‍ന്ന് അവന്‍ പറയുന്നത് ‘അല്ലാഹുവേ, ഞങ്ങളുടെ ഈ യാത്രയില്‍ പുണൃവും തഖ്‌വയും നീ തൃപ്തിപ്പെടുന്ന കര്‍മ്മവും നിന്നോട് ഞങ്ങള്‍ ചോദിക്കുന്നു’ എന്നാണ്. എല്ലാ യാത്രകളും സദുദ്ദേശ്യപരമല്ലെന്നതാണ് കാരണം. തെറ്റുകളില്‍ ഏര്‍പ്പെടുന്നതിനോ സമയംകൊല്ലുന്നതിനോ യാത്ര ചെയ്യുന്നവരുണ്ട്. അപ്രകാരം ആളുകളുടെ അവകാശങ്ങളില്‍ നിന്നും മതനിഷ്ഠയില്‍ നിന്നും സാമൂഹിക ചുറ്റുപാടുകളില്‍ നിന്നും രക്ഷപ്പെടുന്നതിന് യാത്ര പോവുന്നവരുമുണ്ട്.

‘അല്ലാഹുവേ ഈ യാത്ര ഞങ്ങള്‍ക്ക് എളുപ്പമുള്ളതാക്കി തരികയും ദൂരം ചുരുക്കിതരികയും ചെയ്യേണമേ’ എന്നാണ് തുടര്‍ന്ന് പ്രാര്‍ഥിക്കുന്നത്. എന്തൊക്കെ ആസൂത്രണങ്ങളും മുന്നൊരുക്കങ്ങളും നടത്തിയാലും ക്ഷീണവും പ്രയാസവും ഭീതിയുമെല്ലാം നിറഞ്ഞതാണ് യാത്ര. അതുകൊണ്ട് യാത്ര എളുപ്പമാക്കി തരാനായി അല്ലാഹുവോട് പ്രാര്‍ഥിക്കുകയാണ്. യാത്രയില്‍ അല്ലാഹുവിന്റെ സാന്നിദ്ധ്യം തേടുകയാണ് പിന്നീട് ചെയ്യുന്നത്. യാത്രയിലുടനീളം അല്ലാഹുവിന്റെ സംരക്ഷണവും പരിചരണവും തേടുകയാണ്. അല്ലാഹു എപ്പോഴും കൂടെയുണ്ടെന്ന ബോധം അതവനില്‍ ഉണ്ടാക്കുകയും വലിയ ആശ്വാസം പകര്‍ന്നു നല്‍കുകയും ചെയ്യും. അതോടൊപ്പം തന്നെ തന്റെ അസാന്നിദ്ധ്യത്തില്‍ കുടുംബത്തിന്റെ കാര്യം അല്ലാഹുവില്‍ ഭരമേല്‍പിക്കുകയും ചെയ്യുന്നു. ‘അല്ലാഹുവേ യാത്രാ ക്ലേശത്തില്‍ നിന്നും അഭയം തേടുന്നു’ എന്നാണ് പിന്നീടവന്‍ പ്രാര്‍ഥിക്കുന്നത്. ഏത് ഫസ്റ്റ്ക്ലാസ് യാത്രയാണെങ്കിലും ഉന്നതതല പ്രതിനിധി സംഘം കൂടെയുണ്ടെങ്കിലും യാത്രക്ക് അതിന്റേതായ പ്രയാസങ്ങളുണ്ടെന്നതാണ് കാരണം. യാത്രയില്‍ അഭയം തേടുന്ന മറ്റൊന്നാണ് ദുഖകരമായ കാഴ്ച്ചകള്‍. യാത്രാവേളില്‍ കുടുംബത്തിലും ധനത്തിലും മോശമായ പരിണിതിയുണ്ടാകുന്നതില്‍ നിന്നും ഈ പ്രാര്‍ഥനയിലൂടെ അവന്‍ അഭയം തേടുന്നുണ്ട്. യാത്ര കഴിഞ്ഞ സന്തോഷകരമായ അവസ്ഥയില്‍ വീട്ടില്‍ മടങ്ങിയെത്താനായിട്ടാണ് അതിലൂടെ അല്ലാഹുവോട് തേടുന്നത്. യാത്ര അവസാനിപ്പിച്ച് മടങ്ങിയാല്‍ അവന്‍ പ്രാര്‍ഥിക്കുന്നു: ‘മടങ്ങുന്നവരും പശ്ചാത്തപിക്കുന്നവരും ആരാധിക്കുന്നവരും ഞങ്ങളുടെ നാഥനെ സ്തുതിക്കുന്നവരുമാണ് ഞങ്ങള്‍.’ അതായത് നന്മയുമായി ഞങ്ങള്‍ മടങ്ങിയിരിക്കുന്നു, പാപങ്ങളില്‍ നിന്നും തെറ്റുകളില്‍ നിന്നും പശ്ചാത്തപിക്കുന്നവരുമാണ് ഞങ്ങള്‍, യാത്ര സൗകര്യപ്രദമാക്കിയും കുടുംബത്തിനും ധനത്തിനും സംരക്ഷണം നല്‍കിയും അനുഗ്രഹിച്ച് അല്ലാഹുവിന് ആത്മാര്‍ഥമായി ഞങ്ങള്‍ നന്ദി രേഖപ്പെടുത്തുകയും ചെയ്യുന്നു.

ഇങ്ങനെ ആശയം ഉള്‍ക്കൊണ്ടു കൊണ്ട് പ്രാര്‍ഥിക്കുമ്പോള്‍ യാത്രക്കാരന് വലിയ ആശ്വാസവും സമാധാനവും ലഭിക്കുന്നു. കാരണം തന്റെ കാര്യങ്ങളെല്ലാം അവന്‍ അല്ലാഹുവിലാണ് ഭരമേല്‍പിച്ചിരിക്കുന്നത്. അതോടൊപ്പം മനുഷ്യന് സന്തോഷം പകരുന്ന കാര്യങ്ങളില്‍ ഒന്നുമാണ് യാത്ര.

അമേരിക്കയിലെ ഹാര്‍വാഡ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരെ സംബന്ധിച്ച് രസകരമായ ഒരു റിപോര്‍ട്ട് ഞാന്‍ വായിച്ചതോര്‍ക്കുന്നു. മനുഷ്യന് സന്തോഷമുണ്ടാകാന്‍ അനിവാര്യമായ ഒന്നാണ് യാത്ര – അത് ചെറിയ യാത്രയാണെങ്കിലും – എന്നാണ് അവര്‍ കണ്ടെത്തിയിരിക്കുന്നത്. ബ്രിട്ടനിലെ ക്യാന്‍സര്‍ റിസര്‍ച്ച് സെന്ററുമായി സഹകരിച്ച് ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ നടത്തിയ ഏഴ് വര്‍ഷം നീണ്ട പഠനം വ്യക്തമാക്കുന്നത് സന്തോഷം അനുഭവിക്കുന്നതിനുള്ള അടിസ്ഥാന ഉപാധിയായിട്ടാണ് യാത്ര എന്നാണ്. ഗവേഷകര്‍ പറയുന്നു: നിങ്ങള്‍ മുമ്പ് കണ്ടിട്ടുള്ള സ്ഥലമാണെങ്കിലും ആ പ്രദേശം പുതുതായി സന്ദര്‍ശിക്കുക എന്ന ഉദ്ദേശ്യത്തോടെ കുടുംബത്തോടൊപ്പമോ കൂട്ടുകാര്‍ക്കൊപ്പമോ അടുത്ത പട്ടണത്തിലേക്ക് ഒരു യാത്ര നടത്തിയാലും മതിയാവും. അതായത് സ്ഥലത്തിന്റെയും അതിന്റെ അവസ്ഥയിലും വന്നിട്ടുള്ള മാറ്റവും പുതിയ അറിവുകള്‍ നേടുന്നതും സന്തോഷം പകരുന്നു. യാത്രകള്‍ ഒരു പരിധിക്കപ്പുറം കടന്നാല്‍ അതിലുള്ള ആവേശം ഇല്ലാതാകുകയും ചെയ്യും. നമ്മുടെ യാത്രകളുടെ ഉദ്ദേശ്യം ദൈവാനുസരണവും മനസ്സിന് ആശ്വാസം നേടലുമായിരിക്കണം എന്നതാണ് പ്രധാനം.

വിവ: നസീഫ്

……………………………………..
* اللَّهُ أَكْبَرُ، اللَّهُ أَكْبَرُ، اللَّهُ أَكْبَرُ سُبْحَانَ الَّذِي سَخَّرَ لَنَا هَذَا وَمَا كُنَّا لَهُ مُقْرِنِينَ وَإِنَّا إِلَى رَبِّنَا لَمُنْقَلِبُونَ، اللَّهُمَّ إِنَّا نَسْأَلُكَ فِي سَفْرِنَا هَذَا الْبِرَّ وَالتَّقْوَى ، وَمِنَ الْعَمَلِ مَا تَرْضَى ، اللَّهُمَّ هَوِّنْ عَلَيْنَا سَفْرَنَا هَذَا وَاطْوِعَّنَّا بَعْدهُ ، اللَّهُمَّ أَنْتَ الصَّاحِبُ فِي السَّفَرِ، وَالْخَلِيفَةُ فِي الأَهْلِ، اللَّهُمَّ إِنِّي أَعُوْذُ بِكَ مِنْ وَعْثَاءِ السَّفَرِ، وَكآبَةِ الْمَنْظَرِ وَسُوءِ المُنْقَلَبِ فِي الْمَالِ وَالأَهْلِ

Related Articles