Current Date

Search
Close this search box.
Search
Close this search box.

എന്താണ് മരണം?

dead-body.jpg

അല്ലാഹുവിന്റെ വിധികളില്‍ അവന്‍ വെല്ലുവിളിക്കാനുപയോഗിച്ചിട്ടുള്ള ഒരേ ഒരു നിയമം മരണം മാത്രമാണ്. അല്ലാഹു പറയുന്നു: ‘നിങ്ങള്‍ എവിടെയായിരുന്നാലും മരണം നിങ്ങളെ പിടികൂടും. നിങ്ങള്‍ ഭദ്രമായി കെട്ടിപ്പൊക്കിയ കോട്ടകള്‍ക്കകത്തായാലും.’ (അന്നിസാഅ്: 78) മറ്റൊരിടത്ത് പറയുന്നു: ‘പറയുക: ഏതൊരു മരണത്തില്‍ നിന്നാണോ നിങ്ങള്‍ ഓടിയകലാന്‍ ശ്രമിക്കുന്നത്; ഉറപ്പായും ആ മരണം നിങ്ങളെ പിടികൂടുക തന്നെ ചെയ്യും. പിന്നെ അകവും പുറവും നന്നായറിയുന്നവന്റെ മുന്നിലേക്ക് നിങ്ങള്‍ മടക്കപ്പെടും.’ (അല്‍ജുമുഅ: 8) എന്നാല്‍ അതേസമയം ഐഹിക ലോകം മനുഷ്യന് അവന്റെ ഉപയോഗത്തിനായി കീഴ്‌പെടുത്തി കൊടുത്തിരിക്കുകയും ചെയ്തിരിക്കുന്നു.

മരണം രുചിക്കാത്ത ആത്മാവില്ല
അല്ലാഹു തന്റെ അടിമകളുടെ കാര്യത്തില്‍ എടുത്തിട്ടുള്ള തീരുമാനമാണത്. ആധുനിക ശാസ്ത്രത്തോടും, പ്രകൃതിയെ നിയന്ത്രിക്കുന്നത് തങ്ങളാണെന്ന് വാദിക്കുന്നവരോടും പറയാനുള്ളത്, നിങ്ങള്‍ക്കുള്ള മുഴുവന്‍ സംവിധാനങ്ങളും സാങ്കേതികവിദ്യയും ഉപയോഗിച്ച് മരണത്തിന്റെ പിടിയില്‍ നിന്നും നിങ്ങള്‍ രക്ഷപ്പെടുവിന്‍, എന്നാല്‍ നിങ്ങള്‍ തന്നെയാണ് ഏറ്റവും ശക്തര്‍.
ദൈവികമായ ഈ വെല്ലുവിളി ഖുര്‍ആന്‍ ഒട്ടേറെ സ്ഥലങ്ങളില്‍ ആവര്‍ത്തിക്കുന്നുണ്ട്. ശാസ്ത്രത്തിന്റെ കണ്ടുപിടുത്തങ്ങളുടെ കപ്പലിനെ ഈ ലോകത്ത് നിയന്ത്രിച്ച് കൊണ്ടിരിക്കുന്ന മനുഷ്യന്‍ ഈ വെല്ലുവിളിക്ക് മുന്നില്‍ പരാജയപ്പെടുന്നതാണ് നാം കാണുന്നത്. വളരെ നിസ്സാരമായ ഒരു ഈച്ച ചാവുന്നത് പോലെ തന്നെയാണ് അവനും ഈ ലോകത്തോട് വിടപറയുന്നത്. ഇഹലോകവാസികള്‍ക്ക് മേല്‍ അല്ലാഹു നിശ്ചയിച്ചിട്ടുള്ള യാഥാര്‍ത്ഥ്യമാണത്. അത് ലോകാവസാനം വരെ അങ്ങനെ തന്നെ തുടരുകയും ചെയ്യും.

എന്താണ് മരണം?
മരണത്തിന്റെ യാഥാര്‍ത്ഥ്യം ഇന്നും ശാസ്ത്രത്തിന് അപ്രാപ്യമായ ഒന്നായി നിലകൊള്ളുകയാണ്. പാശ്ചാത്യ വീക്ഷണത്തില്‍ ശാസ്ത്രത്തിന് ഭൗതികമായ കാര്യങ്ങളിലല്ലാതെ സ്വാധീനമില്ല. ശാസ്ത്രത്തിന്റെ നിഘണ്ടുവില്‍ ആത്മാവിന് ഒരു നിര്‍വചനമോ സ്ഥാനമോ ഇല്ല. അവരുടെ ചര്‍ച്ചകളിലോ ഗവേഷണങ്ങളിലോ വരുന്ന ഒന്നല്ല ആത്മാവ്. മനുഷ്യശരീരത്തിലെ ഓരോ കോശങ്ങളിലും കലകളിലും നിലകൊള്ളുന്ന ആത്മാവ് ശരീരത്തെ വേര്‍പെടുന്ന പ്രക്രിയയാണ് മരണം. മരണമെന്ന പ്രതിഭാസത്തിന്റെ കാരണം അവ്യക്തം തന്നെയാണ്. ഇത് കേന്ദ്രീകരിച്ച് നടന്നിട്ടുള്ള പാശ്ചാത്യരുടെ പഠനങ്ങള്‍ അതിന്റെ ഭൗതികമായ വശങ്ങളെ മാത്രമാണ് കൈകാര്യം ചെയ്യുന്നത്. ഹൃദയം നിലക്കല്‍, ബോധം ഇല്ലാതാവല്‍, സ്പനന്ദനങ്ങള്‍ നിലക്കല്‍ പോലുള്ള കാര്യങ്ങളോയാണവ കൈകാര്യം ചെയ്യുന്നത്. എന്നാല്‍ ഇതെല്ലാം അതിന്റെ പ്രരകങ്ങളും ഘടകങ്ങളും മാത്രമാണ്.
മരണം ഒരാളുടെ ഉണ്മയെയാണ് ഇല്ലാതാക്കുന്നത്. ജീവനുള്ള അവസ്ഥയില്‍ നിന്നും ഇല്ലാത്ത അവസ്ഥയിലേക്കത് മാറുന്നു. വധശിക്ഷക്ക് അറബി ഭാഷയില്‍ ഇല്ലാതാക്കല്‍ എന്നര്‍ത്ഥമുള്ള ‘ഇഅ്ദാം’ എന്ന പദമാണ് സാധാരണയായി പ്രയോഗിക്കാറുള്ളതെന്ന് പ്രത്യേകം പ്രസ്താവ്യമാണ്. എന്നാല്‍ നമ്മുടെ വിശ്വാസ പ്രകാരം ഇല്ലാതാക്കലല്ല മരണം. മറിച്ച് ജീവനുള്ള ഒരു വസ്തുവിന്റെ ഇഹലോകത്ത് നിന്നും ഖബര്‍ ജീവിതത്തിലേക്കുള്ള മാറ്റമാണ് മരണം. അതിനെ ചെറുതായിട്ട് നമുക്ക് വിശദീകരിക്കാവുന്നതാണ്. മനുഷ്യന്‍ എല്ലായ്‌പ്പോഴും ആത്മാവിന്റെയും ശരീരത്തിന്റെയും രണ്ട് ഘടകങ്ങള്‍ ചേര്‍ന്നതാണ്. ആത്മാവ് ശരീരത്തോട് ചേര്‍ന്നു നില്‍ക്കുന്നതാണ്. എന്നാല്‍ ഇഹലോകത്ത് ആത്മാവ് ശരീരത്തിന്റെ ബന്ധനത്തിലും അതിനെ പിന്തുടരുന്നതുമായിരിക്കും. മനുഷ്യന്‍ മരിച്ച് കഴിഞ്ഞാല്‍ ആത്മാവ് വേര്‍പെട്ട് പോവുകയും ശരീരം അതിനെ പിന്തുടരുകയും ചെയ്യുകയായിരിക്കും.
സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിച്ച് അല്ലാഹുവിന്റെ പ്രീതി നേടി അവസാനിക്കുന്ന മനുഷ്യന്റെ ആത്മാവ് ശോഭിക്കുന്നതായിരിക്കും. ചക്രവാളങ്ങളില്‍ അതുദ്ദേശിക്കുന്ന പോലെ ചുറ്റിതിരിയുന്നു. എന്നാല്‍ മണ്ണില്‍ കിടക്കുന്ന ശരീരത്തോട് അത് ബന്ധം പുലര്‍ത്തുന്നുണ്ടാവും. സൂര്യന്റെ പ്രകാശത്തോട് അതിനെ ഉപമിക്കാവുന്നതാണ്. അത് വളരെ അകലെയാണെങ്കിലും അതിന്റെ പ്രകാശത്താല്‍ വസ്തുക്കളോടുള്ള ബന്ധം നിലനില്‍ത്തുന്നു. അപ്രകാരം ആത്മാവ് മൃതദേഹത്തില്‍ നിന്ന് വേര്‍പെട്ട് എവിടെ പോയാലും അതിന്റെ കിരണങ്ങള്‍ അതിലേക്ക് എത്തികൊണ്ടിരിക്കും. ശരീരം നുരുമ്പി മണ്ണോട് ചേര്‍ന്നിട്ടുണ്ടെങ്കിലും അല്ലെങ്കിലും അതിനത് അനുഭവപ്പെടുകയും ചെയ്യും.
ദുഷ്‌കര്‍മ്മങ്ങള്‍ പ്രവര്‍ത്തിച്ച് മരണപ്പെടുന്ന മനുഷ്യന്റെ ആത്മാവ് അല്ലാഹു അതിനെ പുല്‍കിയിരിക്കുന്ന തീരുമാനത്തെ പുല്‍കുന്നതിനായി ശരീരത്തെ വേര്‍പെടുന്നു. ഇടുക്കവും വേദനകളുമായിരിക്കും അതിന്. അതിനെ കുറിച്ച് സൂക്ഷ്മമായിട്ടറിയുന്നവന്‍ അല്ലാഹു മാത്രമാണ്. സൂര്യകിരണങ്ങള്‍ പോലെ അതും ശരീരവുമായുള്ള ബന്ധം പുലര്‍ത്തും.
മൃതദേഹത്തിന് അല്ലാഹു ഒരുക്കിയിരിക്കുന്നത് രക്ഷയാവട്ടെ, ശിക്ഷയാവട്ടെ ആത്മാവ് അതനുഭവിക്കുകയും അതിന്റെ അനുഭവം ശരീരത്തിലേക്ക് പകര്‍ന്ന് നല്‍കുകയും ചെയ്യും. അനുഗ്രഹങ്ങളാകുമ്പോള്‍ ശരീരം അത് ആസ്വദിക്കുകയും ശിക്ഷയാകുമ്പോള്‍ അതിന്റെ വേദന അനുഭവിക്കുകയും ചെയ്യും.

വൈജ്ഞാനികമായ തെളിവ്
അനുഭവിച്ചറിയാന്‍ കഴിയുന്ന ഭൗതികമായ കാര്യങ്ങള്‍ പരീക്ഷണത്തിലൂടെയും കാഴ്ചയിലൂടെയുമാണെന്ന് ഗവേഷണ ശാസ്ത്രം അംഗീകരിച്ചിട്ടുള്ള കാര്യമാണ്. എന്നാല്‍ അനുഭവങ്ങള്‍ക്ക് കീഴ്‌പെടാത്ത അറിയാത്ത ഭൂതകാലത്തെയും വരാനിരിക്കുന്ന കാലത്തെയോ കുറിച്ചുള്ള വിവരം പഞ്ചേന്ദ്രിയങ്ങള്‍ക്ക് അതീതമാണ്. ശരിയായ പരമ്പരയിലൂടെ സത്യസന്ധമായി നമ്മിലേക്ക് എത്തിയ അറിവാണ് അതിനുള്ള മാര്‍ഗം. മരണത്തിന്റെ സത്ത പഞ്ചേന്ദ്രിയങ്ങള്‍ക്ക് അപ്രാപ്യമായ ഒന്നാണെന്ന് നാം മനസിലാക്കി. അതിന്റെ ചില പ്രേരകങ്ങളും പ്രതിഭാസവുമാണ് അവക്ക് ലഭിക്കുന്നത്. അല്ലാഹുവിന്റെ വചനങ്ങളിലൂടെയാണ് മരണത്തിന്റെ യാഥാര്‍ത്ഥ്യം നമുക്ക് വെളിപ്പെടുന്നത്. മരണത്തിന്റെയും ജീവിതത്തിന്റെയും സൃഷ്ടാവായി നാം കണക്കാക്കുന്നത് അല്ലാഹുവിനെ തന്നെയാണ്.
അല്ലാഹു മരണത്തെ സംബന്ധിച്ച് വിവിധ സന്ദര്‍ഭങ്ങളില്‍ വിശദീകരിച്ചിട്ടുണ്ട്. മരണം പരിപൂര്‍ണ്ണമായി നശിക്കലല്ല, ഇഹലോക ജീവിതത്തില്‍ നിന്നും ഖബര്‍ ജീവിത്തിലേക്കുള്ള മാറ്റം മാത്രമാണ്. ഇഹലോകത്തെയും പരലോകത്തെയും വേര്‍തിരിക്കുന്ന ഒരു ഘട്ടമാണത്. ഫിര്‍ഔന്റെ അനുയായികളുടെയും അവസ്ഥയെ കുറിച്ച് ഖുര്‍ആന്‍ പറയുന്നു: ‘കത്തിയാളുന്ന നരകത്തീ! രാവിലെയും വൈകുന്നേരവും അവരെ അതിനുമുമ്പില്‍ ഹാജരാക്കും. അന്ത്യസമയം വന്നെത്തുന്ന നാളില്‍ ഇങ്ങനെ ഒരു ഉത്തരവുണ്ടാകും: ‘ഫറവോന്റെ ആളുകളെ കൊടിയ ശിക്ഷയിലേക്ക് തള്ളിവിടുക.’ (ഗാഫിര്‍: 46) പരലോകത്ത് അവര്‍ക്ക് ലഭിക്കാനിരിക്കുന്ന ശിക്ഷയെ കുറിച്ച് വേറെതന്നെ ഇതില്‍ പറയുന്നുണ്ട്. ഇഹലോകത്ത് അധര്‍മ്മത്തിലും അക്രമത്തിലും അഹങ്കാരത്തോടെ ദൈവധിക്കാരത്തിലും കഴിഞ്ഞവര്‍ക്ക് ലഭിക്കുന്ന ശിഷയെ പറ്റി പറയുന്നു: ‘ആ അക്രമികള്‍ മരണവെപ്രാളത്തിലകപ്പെടുമ്പോള്‍ മലക്കുകള്‍ കൈനീട്ടിക്കൊണ്ട് ഇങ്ങനെ പറയുന്നു: ‘നിങ്ങള്‍ നിങ്ങളുടെ ആത്മാക്കളെ പുറത്തേക്ക് തള്ളുക; നിങ്ങള്‍ അല്ലാഹുവിന്റെ പേരില്‍ സത്യവിരുദ്ധമായത് പ്രചരിപ്പിച്ചു. അവന്റെ പ്രമാണങ്ങളെ അഹങ്കാരത്തോടെ തള്ളിക്കളഞ്ഞു. അതിനാല്‍ നിങ്ങള്‍ക്കു നന്നെ നിന്ദ്യമായ ശിക്ഷയുണ്ട്.’ (അല്‍അന്‍ആം: 93) അല്ലാഹുവില്‍ അടിയുറച്ച് വിശ്വസിക്കുകയും അവന് കീഴ്‌പെടുകയും അവന്റെ മാര്‍ഗത്തില്‍ ജീവിക്കുകയും ചെയ്ത ഒരു വിഭാഗത്തിന്റെ ഉദാഹരണം ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ രക്തസാക്ഷികളായ അവരെ കുറിച്ച് ഖുര്‍ആന്‍ പറയുന്നു: ‘അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വധിക്കപ്പെട്ടവര്‍ മരിച്ചുപോയവരാണെന്ന് കരുതരുത്. സത്യത്തിലവര്‍ തങ്ങളുടെ നാഥന്റെ അടുക്കല്‍ ജീവിച്ചിരിക്കുന്നവരാണ്. അവര്‍ക്ക് ജീവിത വിഭവം നിര്‍ലോഭം ലഭിച്ചുകൊണ്ടിരിക്കും.’ (ആലുഇംറാന്‍: 169)
അല്ലാഹുവിനെ സ്രഷ്ടവായും ഖുര്‍ആനെ അവന്റെ വചനങ്ങളായും അടിയുറച്ച് വിശ്വസിക്കുന്ന ഒരാള്‍ക്ക് ഖുര്‍ആന്‍ വിവരിക്കുന്ന കാര്യങ്ങള്‍ വൈജ്ഞാനിക സത്യങ്ങള്‍ തന്നെയാണ്. ജീവിതത്തിന്റെയും മരണത്തിന്റെയും സ്രഷ്ടാവായി അല്ലാഹുവെയും അവന്റെ ഗ്രന്ഥമായ ഖുര്‍ആനിനെയും പറ്റി വിശ്വസിക്കുന്നവരാണ് നമ്മള്‍. ഓരോ വസ്തുവിന്റെയും സ്രഷ്ടാവിനാണ് അതിന് കുറിച്ച് ഏറ്റവും നന്നായിട്ടറിയുക.

വിവ: അഹ്മദ് നസീഫ് തിരുവമ്പാടി

Related Articles