Current Date

Search
Close this search box.
Search
Close this search box.

ഉല്‍കൃഷ്ട സ്വഭാവങ്ങളിലൂടെ നമ്മുടെ പ്രതാപം വീണ്ടെടുക്കുക

flower.jpg

ഇബാദത്തിനെ കുറിച്ച് ഇസ്‌ലാമിന് സമഗ്രമായ വീക്ഷണമാണുള്ളത്. നമസ്‌കാരം, നോമ്പ് തുടങ്ങിയ ആരാധന അനുഷ്ഠാനങ്ങളില്‍ പരിമിതമല്ല ഇബാദത്ത്. ദൈവപ്രീതി കാംക്ഷിച്ച് മനുഷ്യന്‍ ചെയ്യുന്ന എല്ലാ സല്‍പ്രവര്‍ത്തനങ്ങളും ഇബാദത്തിന്റെ അര്‍ഥതലത്തില്‍ ഉള്‍പ്പെടുന്നതാണ്. ഇതര മനുഷ്യരോട് നല്ലനിലയില്‍ വര്‍ത്തിക്കുക എന്ന ഇസ്‌ലാമികാധ്യാപനമനുസരിച്ചാണ് ഒരാള്‍ തന്റെ സഹോദരനോട് മാന്യമായ പെരുമാറ്റം സ്വീകരിക്കുന്നതെങ്കില്‍ ആ പ്രവര്‍ത്തനം ഇബാദത്താണ്. അതിനു അവന്‍ പ്രതിഫലാര്‍ഹനായിത്തീരുകയും ചെയ്യും. ‘സത്യവിശ്വാസി സല്‍സ്വഭാവം മൂലം നോമ്പുകാരന്റെയും നമസ്‌കരിക്കുന്നവന്റെയും പദവിയിലെത്തും ‘എന്ന പ്രവാചക വചനം ഈ ആശയത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. ‘ഉല്‍കൃഷ്ഠ സ്വഭാവങ്ങള്‍ കൈക്കൊള്ളുന്നവരാണ് വിശ്വാസികളില്‍ ഈമാന്‍ പൂര്‍ണമായവരെന്നും പ്രവാചകന്‍ പഠിപ്പിക്കുന്നു. (അബൂദാവൂദ്).

ഈ ഉല്‍കൃഷ്ട ഗുണങ്ങള്‍ക്ക് അനുഗുണമല്ലാത്തതൊന്നും സത്യവിശ്വാസികളില്‍ നിന്നുണ്ടാകാന്‍ പാടില്ല. ‘സത്യവിശ്വാസി കുത്തിനോവിക്കുന്നവനോ, ശപിക്കുന്നവനോ, മ്ലേഛനോ, ദുര്‍വൃത്തനോ ആയിരിക്കില്ല'(ബുഖാരി). ഉല്‍കൃഷ്ട സ്വഭാവങ്ങള്‍ കൈക്കൊള്ളുന്നതിന്റെ ശ്രേഷ്ടത, അവര്‍ക്കുള്ള മഹത്തയ പദവി എന്നിവ പ്രവാചകാധ്യാപനങ്ങളില്‍ നിന്നും നമുക്ക് സവിസ്തരം മനസ്സിലാക്കാം.

ജനങ്ങള്‍ നമ്മോട് ഏത് രീതിയില്‍ ഇടപഴകണമെന്നാണ് നാം ആഗ്രഹിക്കുന്നത് അതേ രീതിയില്‍ നാം അവരോട് ഇടപഴകണം. തന്നെ സ്‌നേഹിക്കുന്നതുപോലെ  അവരെയും സ്‌നേഹിക്കണം. ‘താന്‍ ഇഷ്ടപ്പെടുന്ന ഒന്ന് തന്റെ സഹോദരനും ലഭിക്കണം എന്നു ആഗ്രഹിക്കുന്നവരെ നിങ്ങളില്‍ ആരും വിശ്വാസി ആകുകയില്ല'(ബുഖാരി). അപ്രകാരം തന്നെ ജനങ്ങളോട് കരുണ കാണിക്കാത്തവരോട് അല്ലാഹുവും കരുണ കാണിക്കുകയില്ലെന്ന് പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്.

ഇസ്‌ലാമിക വീക്ഷണത്തില്‍ ഉല്‍കൃഷ്ട സ്വഭാവവിശേഷണങ്ങള്‍ ആര്‍ജ്ജിക്കുന്നതിനുള്ള പ്രാധാന്യമാണ് ഇവിടെ ഉദ്ധരിച്ച പ്രവാചകവചനങ്ങളില്‍ നിന്ന് നമുക്ക് ദര്‍ശിക്കാന്‍ കഴിയുന്നത്. സല്‍സ്വഭാവത്തിലൂടെ സമൂഹത്തില്‍ സ്‌നേഹവും സാഹോദര്യവും പരസ്പര സഹകരണവും ഉണ്ടാകുന്നു. മാത്രമല്ല, പരലോകത്ത്  നന്മയുടെ ത്രാസ്സില്‍ ഏറ്റവും കനം തൂങ്ങുന്ന പ്രവര്‍ത്തനം സല്‍സ്വഭാവമായിരിക്കുന്നുവെന്ന് പ്രവാചകന്‍ പഠിപ്പിക്കുന്നുമുണ്ട്. ദൃര്‍വൃത്തനും  ദുസ്വഭാവം വെച്ചുപുലര്‍ത്തുന്നവനും അല്ലാഹുവിന്റെ കോപത്തിനിരയാകുമെന്നും പഠിപ്പിക്കുന്നു. ‘നിങ്ങളില്‍ അല്ലാഹുവിന്റെ ഇഷ്ടം സമ്പാദിച്ചവരും എന്റെ സാമീപ്യമരുളുന്നവരും ഉല്‍കൃഷ്ട ഗുണഗണങ്ങള്‍ ആര്‍ജ്ജിച്ചവരാണ്. ദുസ്വഭാവങ്ങള്‍ വെച്ചുപുലര്‍ത്തുന്നവരാണ് അല്ലാഹുവിന്റെ കോപത്തിനരയാകുന്നവരും ഞാന്‍ ഏറ്റവും അകലം പാലിക്കുന്നവരും’എന്ന് തിരുനബി വിവരിക്കുന്നു.

ജനങ്ങളോട് നൈര്‍മല്യത്തിലും വിട്ടുവീഴ്ചയിലും സഹിഷ്ണുതയിലും കഴിയുന്നവനാണ് ഉത്തമനായ വിശ്വാസി. വിധിപ്രസ്താവിക്കുന്നതിലും കൊള്ളക്കൊടുക്കലിലും സഹിഷ്ണുത കൈക്കുള്ളുന്നവര്‍ക്ക് അല്ലാഹുവിന്റെ കാരുണ്യം വര്‍ഷിക്കട്ടെ എന്ന് പ്രവാചകന്‍ പ്രാര്‍ഥിച്ചിട്ടുണ്ട്. ഈ ഗുണഗണങ്ങള്‍ തടയപ്പെട്ടവന് എല്ലാ നന്മയും തടയപ്പെടുമെന്നും പ്രവാചകന്‍ താക്കീത് ചെയ്യുന്നു. ആഇശ(റ) വിവരിക്കുന്നു. ഞാന്‍ ക്ഷീണിച്ച ഒരു ഒട്ടകപ്പുറത്ത് സഞ്ചരിക്കുകയായിരുന്നു. ഞാന്‍ അതിനെ അടിച്ചു. അപ്പോള്‍ പ്രവാചകന്‍  എന്നോട് പറഞ്ഞു. നീ കൃപകാണിക്കുക. ഏതൊരു കാര്യത്തിലും കൃപകൈക്കുള്ളുന്നത് പദവി ഉയരുന്നതിനും കൃപ കൈക്കൊള്ളാതിരിക്കുന്നത് നിന്ദിതനാകുന്നതിനും വഴിയൊരുക്കും. വിവേകവും അവധാനതയും ഉല്‍കൃഷ്ടമായ  സ്വഭാവ വൈശിഷ്ട്യങ്ങളാണ്. അശജ്ജ് അബ്ദുല്‍ ഖൈസിനെ വിളിച്ചു പ്രവാചകന്‍ പറഞ്ഞു. ‘അല്ലാഹു ഇഷ്ടപ്പെടുന്ന രണ്ട് ഗുണഗണങ്ങള്‍ താങ്കളിലുണ്ട്. വിവേകവും അവധാനതയുമാണത്.'(മുസ്‌ലിം)

തെറ്റായ സ്വഭാവശീലങ്ങളില്‍ നിന്നും പെരുമാറ്റങ്ങളില്‍ നിന്നും സത്യവിശ്വാസി വിട്ടുനില്‍ക്കുകയും അതിനെ കുറിച്ച് ജാഗ്രത കൈക്കൊള്ളുകയും ചെയ്യേണ്ടതുണ്ട്. അല്ലെങ്കില്‍ പ്രവാചകന്‍ മുന്നറിയിപ്പ് നല്‍കിയ പരമദരിദ്രരുടെയും പാപ്പരായവരുടെയും കൂട്ടത്തില്‍ നാം ഉള്‍പ്പെടും. അബൂഹുറൈറ(റ) ല്‍ നിന്ന് നിവേദനം. പ്രവാചകന്‍ ചോദിച്ചു. പാപ്പരായവര്‍ ആരാണെന്ന് നിങ്ങള്‍ക്കറിയാമോ? സഹാബികള്‍  പറഞ്ഞു. ജീവിത വിഭവങ്ങളും ദിര്‍ഹമുമൊന്നും തീരെ ഇല്ലാത്തവരാണ് ഞങ്ങളിലെ പാപ്പരര്‍!. എന്നാല്‍ എന്റെ സമുദായത്തിലെ യഥാര്‍ഥ പാപ്പരായവര്‍ എന്നു പറയുന്നത് ഒരു വിഭാഗം ആളുകളാണ്. അന്ത്യനാളില്‍ നമസ്‌കാരം, നോമ്പ്, സകാത്ത് തുടങ്ങിയ സല്‍കര്‍മങ്ങളുമായി അവര്‍ വരും. അപ്പോള്‍ എന്നെ ആക്ഷേപിച്ചു, ചീത്ത പറഞ്ഞു, എന്റെ സമ്പത്ത് അപഹരിച്ചു, രക്തം ചിന്തി, മര്‍ദ്ധിച്ചു എന്ന പരാതിയുമായി ഓരോരുത്തര്‍ അവന്റെ മുമ്പില്‍ പ്രത്യക്ഷപ്പെടും. അവന്റെ നന്മയില്‍ നിന്നും ഓരോന്നായി അവര്‍ക്ക് വീതം വെക്കുകയും അവ തീര്‍ന്നാല്‍ അവരുടെ തിന്മകള്‍ അവനിലേക്ക് എഴുതപ്പെടുകയും അപ്രകാരം അവന്‍ നരകത്തിലെറിയപ്പെടുകയും ചെയ്യും. (മുസ്‌ലിം)

അല്ലാഹുവിന്റെ അവകാശങ്ങളില്‍ വീഴ്ചവരുത്താതിരിക്കാന്‍ നാം ശ്രമിക്കുന്നതുപോലെ ജനങ്ങള്‍ക്കുള്ള അവകാശങ്ങളിലും അവരോടുള്ള ബാധ്യതകളിലും ഒരു വീഴ്ചയും വരുത്താതിരിക്കാന്‍ നാം പ്രതിജ്ഞാബദ്ധരാകണം. മഹത്തായ സ്വഭാവവിശേഷണങ്ങളുടെ ഉടമയായി പ്രവാചകനെ ഖുര്‍ആന്‍ വിശേഷിപ്പിച്ചത് അതിനാലാണ്. അപ്രകാരം തന്നെ ജനങ്ങള്‍ വെറുക്കുകയും അവരില്‍ നിന്ന് തന്നെ അകറ്റുന്ന പാരുഷ്യം, മോശമായ പെരുമാറ്റങ്ങള്‍, സ്വഭാവദൂഷ്യങ്ങള്‍ തുടങ്ങിയവയില്‍ നിന്നെല്ലാം പ്രവാചകന്‍ ജാഗ്രത പാലിക്കുകയും ചെയ്തിരുന്നു. താങ്കള്‍ പരുഷ പ്രകൃതക്കാരനായിരുന്നുവെങ്കില്‍ അവര്‍ താങ്കളില്‍ നിന്ന് പിന്തിരിഞ്ഞു പോകുമായിരുന്നു എന്നും ഖുര്‍ആന്‍ പ്രവാചകനെ ഉണര്‍ത്തുന്നുണ്ട്. എന്നാല്‍ ആധുനിക മുസ്‌ലിം സമൂഹം അനാവശ്യമായ തര്‍ക്കങ്ങളിലും വാദപ്രതിവാദങ്ങളിലുമേര്‍പ്പെട്ടു പരസ്പരം ആക്ഷേപിക്കുകയും ചെളിവാരിയെറിയുകയും ചീത്തപറയുകയും പരസ്പരം വിദ്വേഷത്തില്‍ കഴിയുകയും ചെയ്യുന്ന ദാരുണമായ കാഴ്ചയാണ് നമുക്ക് കാണാന്‍ കഴിയുന്നത്. എന്നാല്‍ അല്ലാഹുവിന്റെ ദൂതരില്‍ നിന്ന് ഉല്‍കൃഷ്ടമായ മാതൃകകള്‍ സ്വീകരിച്ചുകൊണ്ട് മഹിതമായ സ്വഭാവവിശേഷണങ്ങള്‍ ആര്‍ജ്ജിച്ചെടുക്കുന്നതിലൂടെ മാത്രമേ സമുദായത്തിന് നഷ്ടപ്പെട്ടുപോയ പ്രതാപവും അന്തസ്സും തിരിച്ചുപിടിക്കാന്‍ സാധിക്കുകയുള്ളൂ എന്ന് നാം തിരിച്ചറിയണം.

മൊഴിമാറ്റം: അബ്ദുല്‍ബാരി കടിയങ്ങാട്‌

Related Articles