Current Date

Search
Close this search box.
Search
Close this search box.

ഉമ്മത്തിന്റെ ഐക്യമാണ് നമ്മുടെ കരുത്ത്

togother.jpg

നാം ഇന്ന് വലിയ വെല്ലുവിളികളെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയാണ്. നമ്മുടെ രാജ്യത്തിന്റെയും നമ്മുടെ തലമുറകളുടെയും സഞ്ചാരഗതി ഇതിനെ ആശ്രയിച്ചിരിക്കുന്നു. നമ്മുടെ സഞ്ചാരഗതി ഏറ്റവും ശരിയായ ദിശയിലാകുവാനും ജനത്തിന്റെ അഭിലാഷത്തിനനുസൃതമായ വിജയം കരഗതമാക്കാനും നിരന്തരമായ ആത്മവിചാരണ നടത്തിക്കൊണ്ടിരിക്കേണ്ടതുണ്ട്. ഇതില്‍ ഏറ്റവും പ്രധാനമായത് വര്‍ഷങ്ങളോളം ജനങ്ങളുടെ സമ്പത്ത് കൊള്ളയടിച്ചും നിരപരാധികളെ അടിച്ചമര്‍ത്തിയും കഴിഞ്ഞുകൂടിയ സേഛ്വാധിപത്യ ഭരണകൂടത്തിന്റെ പുതിയ അവതാരങ്ങളുടെയാണ്. സേഛ്വാധിപതികളായ ഭരണകൂടത്തെ കടപുഴക്കാന്‍ നിരപരാധികളായ നിരവധിപേരുടെ രക്തം നാം നല്‍കുകയുണ്ടായി. അത് പാഴാക്കിക്കളയാനോ അതിനോട് അനീതി പ്രവര്‍ത്തിക്കാനോ നമുക്ക് അവകാശമില്ല.

ഏതെങ്കിലും വിഭാഗത്തിന്റെയോ സംഘടനയുടെയോ തെരഞ്ഞെടുപ്പിലെ വിജയത്തിന്റെയോ പ്രശ്‌നമല്ല നമ്മുടെ മുമ്പിലുള്ളത്. മറിച്ച്, നമ്മുടെ രാജ്യത്തിന്റെയും ഉമ്മത്തിന്റെ ഭാവിയുടെയും വിപ്ലവ പ്രതീക്ഷകളുടെയും വിഷയമാണ്. നിരന്തരമായ പോരാട്ടങ്ങളിലൂടെ വിപ്ലവത്തില്‍ നമുക്ക് വിജയം കൈവരിക്കാന്‍ സാധിച്ചിട്ടുള്ളത് നമ്മുടെ ഐക്യവും ദൃഢബന്ധവും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഭിന്നിക്കാതെ അവന്റെ പാശമുയര്‍ത്തിപ്പിടിച്ചതിന്റെയും കാരണത്താലാണ്. നിലവിലെ ഘട്ടം എന്നത് നമ്മുടെ ഉമ്മത്തിനെ ഊര്‍ജ്ജസ്വലമാക്കാനുള്ളതാണ്. ചിന്താപരമായ വ്യായാമമോ, കഴിഞ്ഞ കാലത്ത് വ്യത്യസ്ത വിഭാഗങ്ങളുടെ സമീപനങ്ങളും വീഴ്ചകളും ഉയര്‍ത്തിക്കാട്ടലോ, വ്യക്തിപരമായ വിജയമോ അല്ല നമ്മെ നയിക്കേണ്ടത്. കഴിഞ്ഞ കാലഘട്ടങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളുകയും ഐക്യത്തിന്റെതായ പാതയിലൂടെ ലക്ഷ്യത്തിലേക്ക് മുന്നേറുകയും ചെയ്യേണ്ട അനിവാര്യഘട്ടമാണിത്. എല്ലാ വിഭാങ്ങള്‍ക്കിടയിലും രാഷ്ട്രീയ ചിന്താധാരകള്‍ക്കിടയിലും യോജിപ്പുണ്ടാക്കുക എന്നത് സാഹസികമായ ജോലിയാണ്. നമ്മുടെ വിപ്ലവം മോഷ്ടിക്കപ്പെടാതിരിക്കാനും നമ്മുടെ തലമുറകളുടെ ഭാവി അവതാളത്തിലാക്കാതിരിക്കാനും ചരിത്രപരമായ ഈ ഘട്ടത്തില്‍ ഐക്യപ്പെടാന്‍ നമുക്ക് സാധിച്ചില്ലെങ്കില്‍ പിന്നീട് എപ്പോഴാണ് നാം ഐക്യപ്പെടുക!
ഭിന്നത പരാജയത്തിന്റെ ഉറ്റ തോഴനാണ്. ഭിന്നത പരാജയം സൃഷ്ടിക്കും, വിപ്ലവത്തെയും അതിന്റെ കരുത്തിനെയും ചോര്‍ത്തിക്കളയുകയും ചെയ്യും. ഉമ്മത്തിന്റെ നവോത്ഥാനത്തിന്റെ വാഹകര്‍ പരസ്പര സഹകരണത്തിന്റെയും യോജിപ്പിന്റെയും കൂടിയാലോചനകളുടെയും പരസ്പര ധാരണയുടെയും പുതിയ മിനാരങ്ങള്‍ കെട്ടിപ്പെടുക്കേണ്ട സന്ദര്‍ഭമാണിത്.

വിവ: അബ്ദുല്‍ ബാരി കടിയങ്ങാട്

Related Articles