Current Date

Search
Close this search box.
Search
Close this search box.

ഉപദേശിക്കാം വഷളാക്കരുത്

advice3.jpg

ഒരു വിശ്വാസി തന്റെ സഹോദരനോട് കാണിക്കേണ്ട നിര്‍ബന്ധ ബാധ്യതയാണ് ഗുണകാംക്ഷ. ഒരു വിശ്വാസി തന്റെ സഹോദരന്റെ കണ്ണാടിയായിരിക്കണം. ഗുണകാംക്ഷ അതിന്റെ മര്യാദകളും നിബന്ധനകളും പാലിച്ചു കൊണ്ടവന്‍ നിര്‍വഹിക്കണം. അതില്‍ യാതൊരു മടിയും അവനെ ബാധിക്കേണ്ടതില്ല. പ്രവാചകന്‍(സ) പറഞ്ഞു: ഒരു മുസ്‌ലിമിന് മറ്റൊരു മുസ്‌ലിമിനോട് ആറ് കടമകളുണ്ട്? അപ്പോള്‍ സഹാബിമാര്‍ ചോദിച്ചു: ‘അവയെന്തൊക്കെയാണ് അല്ലാഹുവിന്റെ ദൂതരേ?’ നബി(സ) പറഞ്ഞു: ‘അവനെ കണ്ടു മുട്ടിയാല്‍ സലാം പറയുക, അവന്‍ നിന്നെ ക്ഷണിച്ചാല്‍ ഉത്തരം നല്‍കുക, ഗുണകാംക്ഷ തേടിയാല്‍ ഗുണകാംക്ഷിക്കുക, അവന്‍ തുമ്മുകയും അല്ലാഹുവിനെ സ്തുതിക്കുകയും ചെയ്താല്‍ അവന് വേണ്ടി പ്രാര്‍ഥിക്കുക, അവന്‍ രോഗിയായാല്‍ സന്ദര്‍ശിക്കുക, അവന്‍ മരിച്ചാല്‍ ജനാസയെ അനുഗമിക്കുക.’

ഗുണകാംക്ഷ തേടിയാല്‍ ഗുണകാംക്ഷിക്കുക എന്നത് ഇമാം സഅ്ദി വിശദീകരിക്കുന്നുണ്ട്. ഏതെങ്കിലും ജോലിയില്‍ നിങ്ങളോടൊപ്പം അവന്‍ പങ്കാളിയായാല്‍ എന്നതാണ് അതുകൊണ്ടുദ്ദേശിക്കുന്നത്. നിന്റെ മനസിന് എന്താണോ ഇഷ്ടപ്പെടുന്നത് അതുപോലെ അവനെ ഉപദേശിക്കുക. ചെയ്യുന്ന ജോലി എല്ലാ തരത്തിലും ഗുണകരമാണെങ്കില്‍ അതില്‍ അവനെ പ്രോത്സാഹിപ്പിക്കുക. ദോഷകരമാണെങ്കില്‍ അതിനെ കുറിച്ച് മുന്നറിയിപ്പും നല്‍കുക. പ്രയോജനത്തോടൊപ്പം ദോഷങ്ങള്‍ കൂടിയുള്ളതാണെങ്കില്‍ അവ രണ്ടും വിശദീകരിച്ചു കൊടുക്കുക. അതിന്റെ ഗുണദോഷങ്ങള്‍ താരതമ്യപ്പെടുത്തി വ്യക്തമാക്കുകയും ചെയ്യുക. ഒരു വ്യക്തിയോട് ഇടപഴകുന്നതിനെ കുറിച്ചോ അല്ലെങ്കില്‍ ഒരാളെ വിവാഹം ചെയ്യുന്നിനെ കുറിച്ചോ നിന്നോട് അന്വേഷിക്കുകയാണെങ്കില്‍ നിനക്കതിലുള്ള സത്യസന്ധമായ അഭിപ്രായം രേഖപ്പെടുത്തുക. നീ കാരണം അവന്‍ വഞ്ചിതനാകുന്നത് വളരെയധികം സൂക്ഷിക്കേണ്ടതുണ്ട്. ‘മുസ്‌ലിംകളെ വഞ്ചിക്കുന്നവന്‍ അവരില്‍ പെട്ടവനല്ല.’ കാരണം നിര്‍ബന്ധ ബാധ്യതായ ഗുണകാംക്ഷയിലാണ് നിങ്ങള്‍ വീഴ്ച്ച വരുത്തിയിരിക്കുന്നത്. എന്നാല്‍ ഗുണകാംക്ഷിക്കുന്നയാള്‍ നിര്‍ബന്ധമായും പാലിക്കേണ്ട നിബന്ധനകളും മര്യാദകളുമുണ്ട്. അവയില്‍ പ്രധാനപ്പെട്ടവയാണ് തുടര്‍ന്നു പറയുന്നത്.

1) ഉപദേശിക്കുന്ന കാര്യത്തെ കുറിച്ച് അറിവുണ്ടായിരിക്കുക. ഉപദേശിക്കുന്ന ആള്‍ക്ക് വിഷയത്തെ കുറിച്ച് ശരിയായ ധാരണയും വിശുദ്ധ ഖുര്‍ആനില്‍ നിന്നും തിരുസുന്നത്തില്‍ നിന്നുമുള്ള തെളിവുകളുമുണ്ടായിരിക്കണം. തനിക്ക് അറിവില്ലാത്ത ഒരു കാര്യത്തെ കുറിച്ച് ഉപദേശിക്കരുത്. അല്ലാഹു പറയുന്നു: ‘നിനക്ക് അറിഞ്ഞുകൂടാത്ത സംഗതികളുടെ പിന്നാലെ കൂടാതിരിക്കുക.’ (അല്‍-ഇസ്‌റാഅ് : 36)
2) സദുദ്ദേശ്യത്തോടെയായിരിക്കണം ഗുണകാംക്ഷ. ഗുണകാംക്ഷിക്കുന്ന ഒരാള്‍ അല്ലാഹുവിന്റെ പ്രീതി നേടുന്നതിനായിരിക്കണം അത് ചെയ്യുന്നത്. ലോകമാന്യം, പ്രശ്‌സ്തി പോലുള്ള ഐഹിക നേട്ടങ്ങള്‍ ലക്ഷ്യം വെച്ചായിരിക്കരുത് ഉപദേശിക്കുന്നത്. കാരണം ഓരോ പ്രവര്‍ത്തനവും വിലയിരുത്തപ്പെടുക അതിന്റെ ഉദ്ദേശ്യമനുസരിച്ചാണ്.
3) യുക്തിയോടെയും അനുകമ്പയോടെയും നല്ല ശൈലിയിലുമായിരിക്കണം ഗുണകാംക്ഷ. വെറുപ്പുളവാക്കുന്ന വാക്കുകള്‍ ഉപേക്ഷിച്ച് നല്ല വാക്കുകള്‍ തെരെഞ്ഞുടുത്തായിരിക്കണം അതിന് ഉപയോഗിക്കേണ്ടത്. അല്ലാഹു പറയുന്നു: ‘ പ്രവാചകാ, യുക്തിപൂര്‍വമായും സുന്ദരമായ സദുപദേശത്തോടുകൂടിയും നിന്റെ നാഥന്റെ മാര്‍ഗത്തിലേക്ക് പ്രബോധനം ചെയ്യുക. നല്ല രീതിയില്‍ ജനങ്ങളോടു സംവദിക്കുക.’ (അന്നഹ്ല്‍: 125) മറ്റൊരിടത്ത് ഖുര്‍ആന്‍ പറയുന്നു: ‘  പ്രവാചകന്‍, എന്റെ (വിശ്വാസികളായ) ദാസന്മാരോടു പറയുക. എന്തെന്നാല്‍, അവര്‍ ഏറ്റം ഉല്‍കൃഷ്ടമായത് സംസാരിക്കട്ടെ. തീര്‍ച്ചയായും ചെകുത്താന്‍ മനുഷ്യര്‍ക്കിടയില്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ട്.’ (അല്‍-ഇസ്‌റാഅ് : 53)
4) ഒരാളെ ഉപദേശിക്കുമ്പോള്‍ അത് ഉറക്കെയാവരുത്. വളരെ രഹസ്യമായി ആ വ്യക്തിയെ അവഹേളിക്കാത്ത തരത്തിലായിരിക്കണമത്. ഉപദേശിക്കുന്നത് ആള്‍ക്കൂട്ടത്തില്‍ വെച്ച് പരസ്യമാവാതിരിക്കല്‍ യുക്തിയുടെയും അനുകമ്പയുടെയും ഭാഗമാണ്. എന്നാല്‍ ഉപദേശിക്കപ്പെടുന്നവര്‍ അത് ശ്രദ്ധിച്ചു കേള്‍ക്കുകയും അഹന്തയെല്ലാം മാറ്റിവെച്ച് അത് സ്വീകരിച്ച് സല്‍പ്രവര്‍ത്തനത്തിലേര്‍പ്പെടുകയും ചെയ്യല്‍ നിര്‍ബന്ധമാണ്. ഒരു മുസ്‌ലിം താന്‍ ഉപദേശിക്കുന്ന വ്യക്തിയെ അവഹേളിക്കുകയോ അവന്റെ വികാരങ്ങളെ വ്രണപ്പെടുത്തുകയോ ചെയ്യില്ല. ഇമാം ശാഫിഈ(റ) പറയുന്നു:  ‘രഹസ്യമായി തന്റെ സഹോദരനെ ഉപദേശിച്ചവന്‍ അവനെ ഗുണകാംക്ഷിക്കുകയും അലങ്കരിക്കുയും ചെയ്തിരിക്കുന്നു. പരസ്യമായി ഉപദേശിക്കുന്നവന്‍ വഷളാക്കുകയും വികൃതമാക്കുകയും ചെയ്തിരിക്കുന്നു.’
സുലൈമാന്‍ ബിന്‍ അല്‍-ഖവാസ് പറയുന്നു: ‘ഒരാള്‍ തന്റെ സഹോദരനെ ഉപദേശിക്കുന്നത് അവര്‍ രണ്ടു പേര്‍ക്കുമിടയിലാണെങ്കില്‍ അത് ഗുണകാംക്ഷയാണ്. ജനങ്ങള്‍ക്കിടയിലുള്ള ഉപദേശം അവനെ വഷളാക്കലാണ്.’
5) സ്വീകരിക്കണമെന്ന നിബന്ധന വെച്ചു കൊണ്ടാവരുത് ഗുണകാംക്ഷ. ഇത് ലംഘിച്ചാല്‍ നിങ്ങള്‍ ഗുണകാംക്ഷകനല്ല, മറിച്ച് അക്രമിയാണ്. സൗഹൃദത്തിന് നിരക്കുന്നതല്ല ഈ ശൈലി. ഒരു രാജാവ് പ്രജകളോടും യജമാനന്‍ അടിമകളോടും സ്വീകരിക്കുന്ന രീതിയാണത്.
വിവ : അഹ്മദ് നസീഫ്‌

Related Articles