Current Date

Search
Close this search box.
Search
Close this search box.

ഉപജീവന സ്രോതസ്സുകള്‍ ഹലാലായിരിക്കട്ടെ

Farmer.jpg

തൊഴിലും ഉപജീവനമാര്‍ഗങ്ങളും തെരെഞ്ഞെടുക്കുന്നതില്‍ മനുഷ്യന് സ്വാതന്ത്ര്യമുണ്ടെന്നതില്‍ സംശയമൊന്നുമില്ല. എന്നാല്‍ പ്രകൃതം, ബുദ്ധി, ആദര്‍ശം, നാഗരികത തുടങ്ങിയവയെല്ലാം ഉപജീവനം തേടുന്നതില്‍ പാലിക്കേണ്ട മൂല്യങ്ങളും അടിസ്ഥാനങ്ങളും മുന്നോട്ടുവെക്കുന്നു. സമ്പാദിക്കുന്നതില്‍ ഖുര്‍ആന്‍ മുന്നോട്ടു വെക്കുന്ന മൂല്യം അത് ‘ഹലാല്‍’ ഉം ‘ത്വയ്യിബ്’ഉം ആയിരിക്കണമെന്നുള്ളതാണ്. എന്താണ് ഹലാല്‍? എന്താണ് ത്വയ്യിബ്?

ശുദ്ധവും സുതാര്യവുമായ സ്രോതസ്സുകളില്‍ നിന്നുള്ളതാണ് ‘ഹലാല്‍’ ആയ പണം. അത് നേടാനായി നീ ചെയ്യുന്ന പ്രവര്‍ത്തനം ആളുകളില്‍ നിന്ന് മറച്ചുവെക്കുകയില്ല. അപ്രകാരം അത് ആളുകള്‍ കാണുമെന്ന പേടിയോ ഉണ്ടാവില്ല. സമ്പാദിക്കുന്നതിനുള്ള ശുദ്ധമായ സ്രോതസ്സുകളില്‍ പ്രധാനം മൂന്നെണ്ണമാണ്. മറ്റുള്ളവര്‍ക്ക് ദ്രോഹകരമല്ലാത്ത അധ്വാനം, ന്യായമായ അനന്തരസ്വത്ത്, അര്‍ഹമായ സമ്മാനം എന്നിവയാണവ.

സമ്പാദ്യത്തില്‍ ഏറ്റവും ഉത്തമമായത് അധ്വാനത്തിലൂടെയുള്ളതാണ്. അത് ശാരീരികാധ്വാനമാവാം ബുദ്ധിപരമായ വ്യവഹാരങ്ങളോ സാമ്പത്തിക വ്യവഹാരങ്ങളോ ആവാം. ജീവിത യാത്രയില്‍ മനുഷ്യന്‍ ശാരീരികാധ്വനാത്തില്‍ നിന്ന് ബുദ്ധിപരമായ പ്രവര്‍ത്തനങ്ങളിലേക്കും പണമിറക്കി കൊണ്ടുള്ള പരോക്ഷമായ അധ്വാനത്തിലേക്കും കടക്കും. ഓരോരുത്തരുടെയും കഴിവും സാഹചര്യവും അനുസരിച്ചായിരിക്കുമത്.

ഈ മൂന്ന് തരത്തിലുള്ള അധ്വാനത്തിലും ചില മുന്‍ഗണനാ ക്രമങ്ങള്‍ പാലിക്കേണ്ടത് അനിവാര്യമാണ്. ഏതൊരു സമൂഹത്തിനും മറ്റെന്തിനേക്കാളും മുമ്പ് പൂര്‍ത്തീകരിച്ചിരിക്കേണ്ട അടിസ്ഥാനവും പ്രാഥമികവുമായ ആവശ്യങ്ങളുണ്ടാവും. പ്രസ്തുത അടിസ്ഥാന ആവശ്യങ്ങളിലേക്ക് ഖുര്‍ആന്‍ സൂചന നല്‍കുന്നുണ്ട്: ” ഇവിടെ നിനക്ക് വിശപ്പറിയാതെയും നഗ്‌നനാവാതെയും കഴിഞ്ഞുകൂടാനുള്ള സൗകര്യമുണ്ട്. നിന്നെ ദാഹവും താപവും പീഡിപ്പിക്കയുമില്ല.” (ത്വാഹാ: 118, 119) ആഹാരം, വസ്ത്രം, വെള്ളം, പാര്‍പ്പിടം, ചികിത്സ എന്നീ അഞ്ച് കാര്യങ്ങള്‍ മറ്റെന്തിനേക്കാളും മുമ്പ് പൂര്‍ത്തീകരിക്കപ്പെടേണ്ടതാണ്. അഥവാ ആയുധത്തേക്കാള്‍ മുമ്പ് പൂര്‍ത്തീകരിക്കപ്പെടേണ്ടതാണ് അവയെന്ന് ചുരുക്കം. മേല്‍പറഞ്ഞ പ്രാഥമികാവശ്യങ്ങളുടെ കാര്യത്തിലുള്ള നിര്‍ഭയത്വം ഉണ്ടാക്കുന്നതിന് സുരക്ഷയേക്കാള്‍ മുന്‍ഗണന കല്‍പിക്കപ്പെടേണ്ടതാണ്. അതിലൂടെ വലിയൊരളവോളം സുസ്ഥിരത സമൂഹത്തിലുണ്ടാവുന്നു. നിര്‍മാണാത്മക പ്രവര്‍ത്തനങ്ങളില്‍ മുന്നേറുന്നതിനും കണ്ടെത്തലുകള്‍ക്കും തലമുറകളെ അത് സഹായിക്കുന്നു.

അനന്തരസ്വത്ത് എന്ന സ്രോതസ്സിനെ കുറിച്ച് നാം പറഞ്ഞു. മക്കള്‍ക്ക് വേണ്ടി സമ്പത്ത് വിട്ടേച്ചു പോകല്‍ മാതാപിതാക്കളുടെ നിര്‍ബന്ധ ബാധ്യതയൊന്നുമല്ല. മക്കള്‍ സ്വത്ത് വിട്ടേച്ചുപോകാത്തതിന്റെ പേരില്‍ പിതാവോ മാതാവോ ആക്ഷേപിക്കപ്പെടുകയുമില്ല. എന്നാല്‍ മാന്യവും അനുവദനീയവും ശുദ്ധവുമായ രീതിയില്‍ തൊഴില്‍ ചെയ്യാന്‍ പ്രാപ്തരല്ലാത്ത മക്കളെ വിട്ടേച്ചു പോയതിന്റെ പേരില്‍ മാത്രമായിരിക്കും മാതാപിതാക്കള്‍ ആക്ഷേപിക്കപ്പെടുക. ഓരോ തലമുറയെയും തൊഴിലെടുക്കാനും ഉല്‍പാദനക്ഷമമായ കാര്യങ്ങളിലേര്‍പ്പെടാനും നാം പഠിപ്പിക്കണം. അല്ലാത്തപക്ഷം മാതാപിതാക്കള്‍ വാര്‍ധക്യത്തിലെത്തിയാലും യുവാക്കളായ മക്കളെ തീറ്റിപ്പോറ്റേണ്ട അവസ്ഥയുണ്ടാവും.

സമ്പത്തിന്റെ സ്രോതസ്സുകളില്‍ അവസാനമായി എണ്ണിയതാണ് അര്‍ഹനായ ആള്‍ക്ക് സമ്മാനിക്കുന്ന വസ്തുവിന്റെ ഉടമസ്ഥാവകാശമുള്ള ആള്‍ നല്‍കുന്ന സമ്മാനം. ഒരു വ്യക്തി തന്റെ സ്വകാര്യസ്വത്തില്‍ നിന്ന് നല്‍കുന്ന സമ്മാനമാകുമ്പോള്‍ അതില്‍ പ്രത്യേകിച്ച് പ്രശ്‌നമൊന്നുമില്ല. എന്നാല്‍ അത് പൊതുമുതലില്‍ നിന്നാകുമ്പോള്‍ ചില പ്രശ്‌നങ്ങളുണ്ട് താനും. പൊതുമുതലിന്റെ ഉടമ ഭരണാധികാരിയാണെന്നും അത് ആര്‍ക്ക് വേണമെങ്കിലും നല്‍കാനുള്ള അവകാശം അദ്ദേഹത്തിനുണ്ടെന്നും വാദിക്കുന്നവരുണ്ടാവാം. അടിസ്ഥാനരഹിതവും അധാര്‍മികവുമായ വാദമാണത്. ഭരണാധികാരി ആരുതന്നെയാണെങ്കിലും കൃത്യമായ വ്യവസ്ഥകള്‍ പാലിച്ചു കൊണ്ടേ പൊതുമുതല്‍ ചെലവഴിക്കാന്‍ അദ്ദേഹത്തിന് അവകാശമുള്ളൂ. അധികാരികളുമായുള്ള ബന്ധത്തിന്റെ പേരില്‍ മാത്രം ഒരുവിഭാഗം ആളുകള്‍ പൊതുമുതല്‍ ഉപയോഗിക്കുന്നത് വലിയ തിന്മയാണ്. സമൂഹത്തെ അശാന്തിയിലേക്ക് നയിക്കുന്ന കാര്യമാണത്.

വിവ: നസീഫ്‌

Related Articles